Top

ഞാനൊരു വിശ്വാസിയാണ്; പക്ഷേ രാഹുല്‍ ഈശ്വരന്മാരെപ്പോലെ രാജഭരണ ഹാങ്ങോവര്‍ മാറാത്ത മരയൂളകളുടെ പിന്തുണ വേണ്ട

ഞാനൊരു വിശ്വാസിയാണ്; പക്ഷേ രാഹുല്‍ ഈശ്വരന്മാരെപ്പോലെ രാജഭരണ ഹാങ്ങോവര്‍ മാറാത്ത മരയൂളകളുടെ പിന്തുണ വേണ്ട
ഞാൻ ഒരു ദൈവവിശ്വാസിയാണ്, മാസത്തിൽ ഒരിക്കലെങ്കിലും അമ്പലത്തിൽ പോകാൻ ശ്രമിക്കുന്ന, പ്രാര്‍ത്ഥിക്കാറുള്ള വിശ്വാസി. ദൈവത്തിന്റെ സ്നേഹത്തേക്കാൾ ദൈവകോപ കഥകൾ കേട്ട് തന്നെയാണ് വളർന്നത്. മാസമുറ ദിനങ്ങളിൽ അമ്പലത്തിൽ പോകരുത് പോലുള്ള 'അരുത്'കളായിരുന്നു അതിൽ കൂടുതലും.

ശബരിമലയിൽ എല്ലാ വർഷവും പൊയ്‌ക്കൊണ്ടിരിക്കുന്ന അച്ഛന്റെയും മാമന്റെയും കൂടെ ഏട്ടന്മാർ പലപ്പോഴായി മല കയറിയിട്ടുണ്ട്. എന്തുകൊണ്ട് എന്നെ മാത്രം കൊണ്ടുപോണില്ല എന്ന ചോദ്യം 7 വയസു മുതൽ അമ്മയോട് ചോദിച്ചിട്ടുണ്ട്.

സ്ത്രീകളെ അയ്യപ്പന് കാണാൻ പാടില്ലെന്ന് പറയുകയും അതേസമയം മിക്കവാറും എല്ലാ ശനിയാഴ്ചകളിലും 'മലബാറിന്റെ ശബരിമല' എന്ന് അറിയപ്പെടുന്ന എരമം മുതുകാട്ടുകാവ് ധർമ ശാസ്താ ക്ഷേത്രത്തിൽ എന്നെ കൊണ്ട് പോവുകയും ചെയ്തിരുന്നു. അയ്യപ്പന് സ്ത്രീകളോടുള്ള വിരക്തിയെ സാധൂകരിക്കുന്ന ഒന്നും എനിക്ക് പിടി കിട്ടിയതും ഇല്ല. സംശയങ്ങൾ തുടർന്നപ്പോൾ ശബരിമല വ്രതം നോറ്റ ഭർത്താവിന് മാസമുറ സമയത്ത് ഭക്ഷണം ഉണ്ടാക്കി കൊടുത്ത ഭാര്യയെ പൂച്ച കടിച്ചു കൊന്ന ഏതോ കഥ പറഞ്ഞു തന്ന് അമ്മ എന്നെ ഒതുക്കി. വളരും തോറും ദൈവം എന്ന സങ്കല്പവും വിശ്വാസവും പ്രാർത്ഥനകളും എല്ലാം എന്റെ rational thinking-ന്റെ ഭാഗമായിട്ടുണ്ട്. ആളുകളെ അപകടത്തിൽ നിന്ന് രക്ഷിക്കുന്ന, ചോദിച്ചതെല്ലാം ചെയ്തു കൊടുക്കുന്ന ഒരാളാണ് ദൈവം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നന്നായി ആശ്രയിക്കാവുന്ന ഒരു ഇടമാണത്. എന്റെ മനസിന്‌ സമാധാനം നൽകുന്ന ഒന്ന്. അത് പലർക്കും പല തരത്തിലാകും. വിശ്വാസമുള്ള ഒരു സുഹൃത്തോ ഒഴിഞ്ഞ ഒരു മുറിയോ എന്തും. അതിനെ God എന്നോ Dog എന്നോ നിങ്ങൾക്ക് വിളിക്കാം. അതുകൊണ്ട് തന്നെ എല്ലാവരും വിശ്വാസികളാണെന്ന് ഞാൻ കരുതുന്നു.

ബിംബങ്ങളു (signs)മായുള്ള നിരന്തരമായ ഇടപെടലുകളിൽ അങ്ങനെ അല്ലാതെ മാറി നിൽക്കാൻ നമുക്ക് സാധിക്കില്ല. ജീവനില്ലാത്ത ഒരു വസ്തു, പ്രിയപ്പെട്ട ആരെങ്കിലും വാങ്ങിച്ചു തന്ന ചോക്ലേറ്റിന്റെ കവർ പോലും ആകാം അത്. അത് സൂക്ഷിച്ചു വയ്ക്കുന്നത് വരെ വിശ്വാസത്തിന്റെ ഭാഗമായാണ്. എന്നാൽ അതിനെ വരെ നിരാകരിക്കാൻ കഴിയുന്നവരും ഉണ്ട്.

Also Read: ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

പിന്നെ മാസമുറയും അമ്പലദർശനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മാസമുറ സമയത്ത് അമ്പലത്തിൽ പോയിട്ടുള്ള ആളെന്ന നിലയിൽ തന്നെയാണ് പറയുന്നത്. ഏറെക്കാലം ഇക്കാര്യത്തിൽ റാഷണൽ ആയ ഒരു നിലപാട് എടുക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാൽ പിന്നീട് വളരെ സ്വാഭാവികമായി തന്നെ മാസമുറ സമയത്ത് അമ്പലത്തിൽ കയറിയിട്ടുണ്ട്. (മാസമുറ കാരണം പാർവതിയെ കൈലാസത്തിൽ നിന്ന് തച്ചിറക്കിയ ശിവനെയോ അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം ബഹിഷ്കരിച്ച ഗണപതിയെയോ എനിക്ക് പരിചയമില്ല).

വിഷയം എന്താണെന്ന് വെച്ചാൽ വിശ്വാസങ്ങളും ആചാരങ്ങളും മതഗ്രന്ഥങ്ങളും എല്ലാം ഡീകൺസ്ട്രക്ട് ചെയ്യപ്പെടേണ്ടതാണ്. ആരോ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുമ്പോഴാണ്, ചരിത്രപരമായ തെളിവുകൾ നിരത്തുമ്പോഴും ശബരിമല സ്ത്രീ പ്രവേശനത്തെ കണ്ണും പൂട്ടി എതിർക്കുന്നത്. തീർത്തും അപഹാസ്യമായ ഒരു അസമത്വത്തെ പിന്താങ്ങുന്നത് വളരെ കഷ്ടമാണ്. രാഹുൽ ഈശ്വരൻമാരെ പോലുള്ള രാജഭരണത്തിന്റെ ഹാങ്ങോവർ വിട്ടുമാറാത്ത മരയൂളകളുടെ വാക്കുകൾ എന്റർടൈൻമെന്റിനു വേണ്ടി മാത്രം ഉപയോഗിക്കുക. അതിനകത്തെ കൃത്യമായ വർഗീയ അജണ്ടകളെ തിരിച്ചറിയാനെങ്കിലും ശ്രമിക്കുക.

രൂപ ശ്രീ ഫേസ്ബുക്കില്‍ എഴുതിയത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/fbpost-sabarimala-supreme-court-verdict-progressive-society-needs-to-fight-pramod-writes/

https://www.azhimukham.com/offbeat-amma-maharani-sethu-parvathi-bayi-sabarimala-controversy/

https://www.azhimukham.com/trending-manorama-old-news-temple-entry-goes-viral/

https://www.azhimukham.com/offbeat-chennithalas-one-day-fast-on-sabarimala-issue-and-its-intention/

Next Story

Related Stories