Top

ഇന്ദ്രന്‍സിന് ഗ്ലാമര്‍ പോരാത്തതുകൊണ്ടാണോ മോഹന്‍ലാലിനെ ആനയിക്കുന്നത്? സാംസ്കാരിക മന്ത്രി സൂപ്പര്‍താര ഫാനാകരുത്

ഇന്ദ്രന്‍സിന് ഗ്ലാമര്‍ പോരാത്തതുകൊണ്ടാണോ മോഹന്‍ലാലിനെ ആനയിക്കുന്നത്? സാംസ്കാരിക മന്ത്രി സൂപ്പര്‍താര ഫാനാകരുത്
സിനിമ രംഗത്തെ ക്രിയാത്മകതയ്ക്കു ഒരു സംസ്ഥാനം നൽകുന്ന ആദരം സ്വീകരിക്കുന്ന ചടങ്ങിലേക്ക് അങ്ങേയറ്റം സെൻസിറ്റിവ് ആയ ഒരു വിഷയത്തിൽ പ്രതിലോമകരമായ നിലപാടുകൾ കൈക്കൊണ്ടതിന്റെ പശ്ചാത്തലത്തിൽ കേരളം സമൂഹത്തിലെ നല്ലൊരു വിഭാഗത്തിന്റെ പ്രതിഷേധം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സൂപ്പർ സ്റ്റാറിനെ ആനയിച്ചു കൊണ്ട് വരാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിന് എതിരെ സംവിധായകനും പുരസ്‌കാര ജേതാവ് കൂടിയായ ബിജുകുമാർ ദാമോദരൻ.

ഡോക്ടർ ബിജുവിന്റെ ഫെയ്സ്ബൂക് കുറിപ്പ് വായിക്കാം :

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനായുള്ള വമ്പൻ സംഘാടക സമിതി ഇന്നലെ കൂടിയതായി അറിഞ്ഞു. പൊതു വികാരം മാനിച്ചു മുൻവർഷങ്ങളിൽ നടത്തി വന്ന മെഗാ ഷോ ഇത്തവണ നടത്തേണ്ട എന്ന ധാരണ ഉണ്ടായതായി അറിയുന്നു. വളരെ നല്ല തീരുമാനം. പക്ഷെ അവാർഡ് ദാന ചടങ്ങിന് "ഗ്ലാമർ" കൂട്ടാൻ സൂപ്പർ താരം ഉണ്ടായേ പറ്റൂ എന്നാണത്രെ സാംസ്കാരിക മന്ത്രിയുടെ നിലപാട്. അതുകൊണ്ട് ഒരു സൂപ്പർതാരം മുഖ്യ അതിഥിയായി പങ്കെടുക്കാം എന്ന് അനുഭാവ പൂർവം മന്ത്രിയോട് സമ്മതിച്ചു അത്രേ. മലയാള ചലച്ചിത്ര ലോകത്തെ സമകാലികമായ സംഭവ വികാസങ്ങൾ ഒന്നും തന്നെ അറിഞ്ഞിട്ടില്ലാത്ത വേറൊരു ലോകത്താണ് മന്ത്രി ജീവിക്കുന്നത് എന്നാണ് ഈ ആലോചനയിൽ നിന്നും മനസ്സിലാകുന്നത്.

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധമായ രീതികൾക്കെതിരെയും അക്രമങ്ങൾക്ക് എതിരെയും സൂപ്പർ താര സങ്കൽപ്പങ്ങൾക്ക് എതിരെ തന്നെയും ശക്തമായ ഒരു പൊതു വികാരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വേളയിൽ ഈ വിഷയങ്ങളിൽ ഏറ്റവും പ്രതിലോമകരമായ ഒരു നിലപാട് സ്വീകരിച്ചത് അഭിനേതാക്കളുടെ സംഘടന ആയ എ എം എം എ ആണ്. ഇരയ്ക്കൊപ്പം അല്ല കുറ്റാരോപിതന് ഒപ്പം ആണ് തങ്ങൾ എന്ന് അവർ ആവർത്തിച്ചു വ്യക്തമാക്കി. ഒരു സൂപ്പർതാരം ആ സംഘടനയുടെ പ്രസിഡന്റ്റ് ആയി സ്ഥാനം ഏറ്റതിന് പിന്നാലെ കുറ്റാരോപിതനായ ആ നടനെ സംഘടന തിരികെ എടുക്കാൻ തീരുമാനിച്ചു. അതിൽ പ്രതിഷേധിച്ചു നാലു സ്ത്രീകൾ ആ സംഘടനയിൽ നിന്നും രാജി വെച്ചു പുറത്തു പോവുകയും പൊതു സമൂഹം അതിനെ ഏറെ സ്വാഗതം ചെയ്യുകയും ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു. തുടർന്ന് സംഘടനയുടെ പ്രസിഡന്റ്റ് കൂടിയായ നടൻ പത്രസമ്മേളനം നടത്തുകയും താനും സംഘടനയും കുറ്റാരോപിതന് ഒപ്പമാണ് എന്ന് ആവർത്തിക്കുകയും ചെയ്തു. തുടർന്ന് എ എം എം എ എന്ന സംഘടനയ്ക്കെതിരെയും ഈ സൂപ്പർതാരത്തിന്റെ നിലപാടുകൾക്ക് എതിരെയും ശക്തമായ പ്രതികരണം ആണ് കേരള ജനത നടത്തിയത്. അതിന് ശേഷം ഈ താരം സാംസ്കാരിക മന്ത്രിയെ കാണുകയും മന്ത്രി അദ്ദേഹത്തെ ഷാൾ അണിയിച്ചു സ്വീകരിക്കുകയും താര സംഘടനയെ പിളർത്താൻ ആരെയും അനുവദിക്കില്ല എന്ന പ്രസ്താവന നടത്തുകയും ചെയ്തു. ഇതാ ഇപ്പോൾ സിനിമാ രംഗത്തെ ക്രിയാത്മക സംഭാവനകൾക്ക് ഒരു സംസ്ഥാനം നൽകുന്ന ഉന്നതമായ പുരസ്കാരം വിതരണം ചെയ്യുന്ന സാംസ്കാരിക വേദിയിൽ മുഖ്യ അതിഥിയായി ആ സംഘടനയുടെ പ്രസിഡന്റ്റ് കൂടിയായ സൂപ്പർ താരത്തെ ക്ഷണിക്കുവാൻ പോകുന്നു. താരത്തോടുള്ള ആരാധന ഒരു വ്യക്തി എന്ന നിലയിൽ കുഴപ്പമില്ല. പക്ഷെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ ഈ തീരുമാനം എടുക്കുമ്പോൾ അങ്ങയുടെ മുൻപാകെ ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിച്ചു കൊള്ളട്ടെ.


https://www.azhimukham.com/offbeat-mohanlal-says-black-humour-stage-show/

1. സംസ്ഥാന പുരസ്കാരം വിതരണം ചെയ്യുന്ന വേദിയിലെ മുഖ്യ അതിഥികൾ ആ പുരസ്കാരം ലഭിച്ച ആളുകൾ ആണ് . ഒപ്പം ആ പുരസ്കാരം നൽകുന്ന മുഖ്യമന്ത്രിയും. അവരെയും മറികടന്ന് ഒരു മുഖ്യ അതിഥിയായി വേറൊരു താരത്തെ ക്ഷണിക്കുന്നത് എന്തിനാവും. മികച്ച നടനുള്ള അവാർഡ് കിട്ടിയ ഇന്ദ്രൻസ് ഉൾപ്പെടെയുള്ളവർക്ക് ഗ്ലാമർ പോരാ എന്നാണോ സാംസ്കാരിക വകുപ്പ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ഒരു സൂപ്പർ താരത്തെ വേദിയിൽ ആനയിച്ചു ഇവർക്ക് മുകളിൽ ഇരുത്താം എന്നതാണോ?


2. ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്യുന്ന മാതൃകയിൽ (ഈ വർഷത്തേത് ഒഴിച്ച്) പുരസ്‌കാര ജേതാക്കൾ മുഖ്യ അതിഥികൾ ആയി മുഖ്യമന്ത്രി പുരസ്കാരം നൽകുന്ന പ്രൗഡമായ ഒരു ചടങ്ങല്ലേ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കേണ്ടത്. അല്ലാതെ പുരസ്‌കാര വിതരണ ചടങ്ങിൽ ഈ വർഷത്തെ അവാർഡുകളുമായി യാതൊരു പുല ബന്ധവും ഇല്ലാത്ത ഒരു സൂപ്പർ താരത്തെ മുഖ്യ അതിഥി ആക്കുന്നതിലെ അനൗചിത്യം സാംസ്കാരിക വകുപ്പിന് ഇനിയും എന്താണ് മനസ്സിലാകാത്തത്.അവാർഡ് വാങ്ങാൻ എത്തുന്ന കലാകാരന്മാരെ പരിഹസിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്.


3. ഒരു നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ കുറ്റാരോപിതൻ ആയ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ്റ് ആണ് ഈ താരം. അദ്ദേഹം തന്നെ പരസ്യമായി ഈ വിഷയത്തിൽ കുറ്റാരോപിതന് അനുകൂലമായ പ്രസ്താവന നടത്തിയിട്ടുണ്ട്. അങ്ങിനെ ഒരാളെയാണ് മുഖ്യ അതിഥിയായി സർക്കാരിന്റെ പുരസ്‌കാര വിതരണ സാംസ്കാരിക ചടങ്ങിൽ ക്ഷണിക്കപ്പെടാൻ പോകുന്നത്. സാംസ്കാരിക വകുപ്പിന് ഈ കാര്യത്തിലെ അനൗചിത്യവും ആസാംസ്കാരികതയും രാഷ്ട്രീയ മാനവും സാമൂഹിക വശവും ഇതുവരെ ബോധ്യമായിട്ടില്ല. ഇങ്ങനെ ഒരു സദസ്സിൽ പങ്കെടുക്കാതിരിക്കുക എന്നതാണ് രാഷ്ട്രീയ ബോധമുള്ള സാംസ്കാരിക മൂല്യബോധമുള്ള കലാകാരന്മാർ ചെയ്യേണ്ടത്. അസാനിധ്യവും ഒരു ശക്തമായ രാഷ്ട്രീയ നിലപാട് ആണ്. ഇങ്ങനെ ഒരാൾ സംസ്ഥാന പുരസ്കാരം നേടിയ ആളുകളെയും മറികടന്ന് മുഖ്യ അതിഥി ആകുന്ന ഒരു ചടങ്ങാണ് ഇത്തവണ നടക്കുന്നതെങ്കിൽ ഈ വർഷത്തെ സംസ്ഥാന പുരസ്കാരങ്ങൾ നിർണയിച്ച ജൂറി അംഗങ്ങളിൽ ഒരാൾ എന്ന നിലയിൽ ആ ചടങ്ങിൽ പങ്കെടുക്കാതിരിക്കുക എന്നത് ആണ് എന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നിലപാട്. അത് ഇവിടെ പരസ്യമായി പ്രഖ്യാപിച്ചു കൊള്ളട്ടെ. (രേഖാമൂലമുള്ള കത്ത് പ്രോഗ്രാം നോട്ടീസ് കണ്ട് ഈ കാര്യം സ്ഥിരീകരിക്കുമ്പോൾ നൽകുന്നതാണ്), ഡബ്ലി യു സി സി അംഗങ്ങൾ ഉൾപ്പെടെ പുരസ്കാരം ലഭിച്ചവരിൽ പലരും ഇതേ നിലപാട് സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗണ്സിലിൽ ഉള്ള രാഷ്ട്രീയ ബോധമുള്ള സാംസ്കാരിക നിലപാടുള്ള അംഗങ്ങൾ, ഈ വിഷയത്തിൽ സാമൂഹികമായി ചിന്തിക്കുന്ന സിനിമാ പ്രവർത്തകർ ഒക്കെ ഈ പുരസ്‌കാര വിതരണ ചടങ്ങിൽ നിന്നും വിട്ടു നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു.


4.സിനിമാ രംഗത്തെ ക്രിയാത്മകതയ്ക്ക് ഒരു സംസ്ഥാനം നൽകുന്ന പുരസ്‌കാരം വിതരണം ചെയുന്നിടത്തേക്ക് അവാർഡ് കിട്ടിയവരെയും വിതരണം ചെയ്യുന്ന ആളെയും മറികടന്ന് താര ആരാധന മൂത്ത് ഒരു താരത്തെ മുഖ്യ അതിഥി ആക്കുന്ന ഈ അസംബന്ധ നാടകം സാംസ്കാരിക വകുപ്പ് പുനരാലോചിക്കും എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. പുരസ്കാരം ലഭിച്ചവരെയും മുഖ്യമന്ത്രിയെയും മുഖ്യ അതിഥികൾ ആക്കാൻ അനുവദിക്കൂ. ഈ ചടങ്ങിന്റെ സാംസ്കാരിക സൗന്ദര്യം അതാണ്.. അത് മാത്രമാണ്. ഒരു ഇടത് പക്ഷ സർക്കാരിന് പോലും അങ്ങനെ ചിന്തിക്കാൻ സാധിക്കുന്നില്ല എങ്കിൽ..അത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല എങ്കിൽ കൂടുതൽ എന്ത് പറയാനാണ്. ചടങ്ങിൽ നിന്നു വിട്ടു നിന്ന് പ്രതിഷേധിക്കുക എന്നത് മാത്രമേ മാർഗ്ഗമുള്ളൂ..

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/mohan-lal-blog-demonetization-celebrity-common-man-deference-haritha-thampi-azhimukham/

https://www.azhimukham.com/mohanlal-must-publicly-reject-the-fans-words-says-dr-biju/

Next Story

Related Stories