TopTop
Begin typing your search above and press return to search.

ചാണ്ടിയുടേയും അൻവറിന്റെയും രാജേന്ദ്രന്റെയും പ്രസംഗം കേട്ട് ഞങ്ങളുടെ ഇടതുപക്ഷം ഇങ്ങനെയല്ല എന്നും പറഞ്ഞ് മാറത്തടിച്ച് നിലവിളിക്കുന്നവരോട്

ചാണ്ടിയുടേയും അൻവറിന്റെയും രാജേന്ദ്രന്റെയും പ്രസംഗം കേട്ട് ഞങ്ങളുടെ ഇടതുപക്ഷം ഇങ്ങനെയല്ല എന്നും പറഞ്ഞ് മാറത്തടിച്ച് നിലവിളിക്കുന്നവരോട്
ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പ്രളയ ചുഴിയിൽ നിന്നും കേരളം കര കയറി തുടങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു പുനർ കേരള നിർമാണം ആയി പരിണമിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഏകദേശം പത്തോളം ജില്ലകളേയും ഈ മഹാപ്രളയം ബാധിച്ചിട്ടുണ്ട്. ആകെ നഷ്ടത്തിന്റെ ഔദ്യോഗിക കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല. 'എത്ര കിട്ടിയാലും തികയാത്ത ഒരവസ്ഥയാണ്' മുഖ്യമന്ത്രിയും, പ്രതിപക്ഷവും ഒരു പോലെ സമ്മതിക്കുന്നു. ഈ അവസരത്തിലാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള മലയാളികളോടും ഒരു മാസത്തെ വരുമാനം മാറ്റി വെക്കുന്ന ഒരു ആശയവുമായി മുഖ്യമന്ത്രി നേരിട്ട് രംഗ പ്രവേശനം ചെയ്യുന്നത്. ഏതു സമൂഹത്തിലും ചില പിന്തിരിപ്പൻ ശക്തികൾ ഉണ്ടാവുമല്ലോ അക്കൂട്ടർ ഇപ്പോഴും ഇത്തരം ആശയങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുക മാത്രമല്ല മറ്റുള്ളവരെ പിന്തിരിപ്പിക്കുകയുമാണ്.


പ്രളയം ഏറ്റവും അധികം ബാധിച്ച ഒരു പ്രദേശം ആണ് വയനാട്. വയനാടിൽ പ്രളയം നേരിട്ട് ബാധിച്ചിട്ടും തളരാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, സന്നദ്ധ സേവനങ്ങളിലും മുഴുകിയിരിക്കുന്ന യൂസഫ് ചെമ്പൻ എഴുതിയ കുറിപ്പ്.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് മനസ്സ് കൊണ്ട് നേരത്തേ ഏറ്റെടുത്തതാണ്. വലതു കൈ നൽക്കുന്നത് ഇടതു കൈ അറിയരുത് എന്ന പ്രവാചക വചനം പോലെ ഉറക്കെ പറയണ്ട എന്നും വിചാരിച്ചതാണ്.

ചില വാട്സ് ആപ്പ് ഗ്രൂപ്പുകിൽ ചില സ്വയം പ്രഖ്യാപിത ഇടതുപക്ഷ സുഹൃത്തുക്കൾ തോമസ് ചാണ്ടിയുടേയും അൻവറിന്റെയും മറ്റും നിയമ സഭ പ്രസംഗങ്ങൾ കാണിച്ച് ഞങ്ങളുടെ ഇടതുപക്ഷം ഇങ്ങനെയല്ല എന്നും പറഞ്ഞ് മാറത്തടിച്ച് നിലവിളിച്ച് കരഞ്ഞ് ഞങ്ങൾ സാലറി ചലഞ്ചിൽ നിന്ന് പിൻമാറുന്നു എന്ന പ്രസ്താവന കണ്ടതിനാലാണ് ഈ കുറിപ്പ്.

50 ൽ അധികം ഉരുൾ പൊട്ടലുകളാണ് പൊഴുതനയിൽ മാത്രം ഉണ്ടായത്. ഒരു ജീവിതകാലം മുഴുവൻ എസ്റ്റേറ്റിൽ ചോര നീരാക്കി ഉറുമ്പ് അരി മണി കൂട്ടുന്നതു പോലെ കൂട്ടി വെച്ച് കിട്ടാവുന്നതിന്റെ പരമാവധി കടം വാങ്ങി ഒരു വീടൊരുക്കി ഓണത്തിന് വീട് കൂടലും നിശ്ചയിച്ച്,വീട്ട് കൂടൽ ക്ഷണിക്കാൻ നാട്ടിൽ പോയി തിരിച്ചു വന്നപ്പോൾ വീടിരിക്കുന്ന സ്ഥാനത്ത് ഒരു മൺകൂന മാത്രം കണ്ട് തളർന്നു പോയ ശിവേട്ടനെ പോലെ, സെൽവ രത്നത്തിനെ പോലെ, 14 കൊല്ലത്തെ പ്രവാസ ജീവിതം കൊണ്ട് തട്ടി കൂട്ടിയ, മുഴുവൻ പണി പോലും പൂർത്തിയാക്കാത്ത വീട് തകർന്ന് കിടക്കുന്നത് കണ്ട് തളർന്ന അസീസിനെ പോലെ. 83സെന്റ് സ്ഥലവും വീടും കൺമുന്നിൽ ഒലിച്ചു പോയ ശ്രീജിത്തിനെ പോലെ, തന്റെ ഉപജീവന മാർഗ്ഗമായ 9 പശുക്കളും വീടും സ്ഥലവും മണ്ണിൽ മറഞ PP മൊയ്തുവിനെ പോലെ, ഏതു നിമിഷവും നിലം പൊത്തുന്ന വീട്ടിൽ പോകാൻ കഴിയാതെ പൊഴുതന പകൽ വീട്ടിൽ താമസിക്കും ഹസ്സന്റെ, ബാലന്റെ, ജോസിന്റെ കുടുംബങ്ങൾ, പോകാൻ ബന്ധുകളില്ലാത്തതിന്റെ പേരിൽ അനാഥരായി CDS ചെയർ പേഴ്സൺ പ്രമീളേച്ചിയുടെ വീട്ടിൽ താമസിക്കേണ്ടി വന്ന ജാനുവമ്മ ,സൈനാത്ത അങ്ങിനെ നീളുകയാണ് ഈ പട്ടിക.

വീടും സ്ഥലവും നഷ്ടപ്പെട്ട 48 കുടുംബങ്ങൾ, വീട് പൂർണ്ണമായും നഷ്ടപ്പെട 148 കുടുംബങ്ങൾ, ഭാഗികമായി തകർന്നതോ വീട്ടുപകരണങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ട 402 കുടുംബങ്ങൾ, ഉപജീവനം തന്നെ നഷ്ടപ്പെട്ട 63 കുടുംബങ്ങൾ,65 KM ദൈർഘ്യത്തിൽ തകർന്ന റോഡുകൾ,ജില്ലയിലെ തന്നെ മികച്ചതായിരുന്നു PHC(ഏകദേശം ഒന്നര കോടി രൂപയാണ് ഹെൽത്ത് സെന്ററിലെ മാത്രം നഷ്ടം), ഇത്തവണ മാത്രം 3 തവണ വെള്ളം കയറി സർവ്വരും നശിച്ച ഹോമിയോ, കൃഷി ഭവൻ, മൃഗാശപത്രി, അംഗൻവാഡി ,പൂർണ്ണമായും നശിച്ച കുറിച്ചർ മല സ്കൂൾ', ഒരു നില പൂർണ്ണമായും വെള്ളത്തിലായ GHടട അച്ചൂർ അങ്ങനെ പൊഴുതനക്ക് മാത്രം ഉണ്ടായ നഷ്ടങ്ങളുടെ മാത്രം ഏകദേശ മൂല്യം 108 കോടിയാണ്.(ഔദ്യോഗിക കണക്കെടുപ്പ് പൂർത്തിയാവുന്നതേയുള്ളു)ഒരു പഞ്ചായത്തിന്റെ മാത്രം സ്ഥിതിയാണിത്. അങ്ങിനെ എത്രയെത്ര പഞ്ചായത്തുകളാണ് പ്രളയം വിഴുങ്ങിയത്. ഇവരൊയൊക്കെ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി നമ്മുടെ ഒരു മാസത്തെ ശമ്പളം ചോദിച്ചത്

തോട്ടം തൊഴിലാളികളുടെ മകനായി എസ്റ്റേറ്റ് പാടിയിലാണ് ജനിച്ചതും വളർന്നതും.പത്താം ക്ലാസ് കഴിഞ്ഞ അവധിക്ക് ജ്യേഷ്ട സഹോദരൻ അക്ബറിന്റെ കൂടെ പുഴയിൽ നിന്ന് മണൽ വാരാനും വീട് പണിക്ക് കല്ല് ചുമക്കാനും കന്നു കാലി കച്ചവടത്തിന്നും പോയി തുടങ്ങിയതാണ്. +2 ,Degree പഠനം പൂർത്തിയാക്കിയത് സഹോദരനൊപ്പം പൊഴുതന ടൗണിൽ നടത്തിയ കുമ്മട്ടി ക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ്. കോഴിക്കോട് സർവ്വകലാശാല ക്യാമ്പസിൽ PG പഠനം പൂർത്തിയാക്കാൻ മെൻസ് ഹോസ്റ്റൽ മെസ്സിലെ മാസത്തിൽ മൂന്നോ നാലോ തവണ തല്ല് കൂടി വാങ്ങുന്ന മെസ് ഹെൽപറുടെ പണിയാന്ന് (2 നേരം ഇരുന്നോ റോളം അന്തേ വാസികളുടെ പാത്രം കഴുകുക, 2 നേരം ചോറ് വെക്കുക,3 നേരം ടേബിൾ തുടക്കുക , പപ്പടം കാച്ചുക. 110 രൂപ കൂലി) സഹായിച്ചത്.PG പഠനത്തിനു ശേഷം 2009ൽ തിരുവനന്തപുരത്ത് C Dit ൽ ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ റിസേർച്ചു അസിസ്റ്റന്റായി ജോലി. മാസ ശമ്പളം 600 . താമസും ഭക്ഷണവും കഴിഞാൽ നാട്ടിൽ വരാൻ വണ്ടിക്കൂലി പോലും കടം വാങ്ങണം. 2010 ൽ കപ്പറ്റ ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലിയിൽ പ്രവേശിച്ചു. (മാസ ശമ്പളം 8000- 10000 ). 2016 വരേ കല്പറ്റ ഗവ:കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലി യിൽ തുടർന്നു. നിലവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വയനാട് കോച്ചിംഗ് സെന്റ്റിൽ പ്രിൻസിപ്പാളായി ജോലി ചെയ്യുന്നു.

താരതമ്യേനെ മെച്ചപ്പെട്ട സാലറിയുണ്ടെങ്കിലും പ്രാരാബ്ധങ്ങൾ ഇപ്പഴുമുണ്ട്. ശമ്പളം കിട്ടി ഒരാഴ്ച കഴിയുമ്പേഴേക്കും കടം വാങ്ങൽ ഒരു പതിവ് മാത്രമാണ്. പ്രാരാബ്ധങ്ങൾ ഇനിയും ഏറെയുണ്ട്. എന്നാലും ഞാനെന്റെ ഒരു മാസത്തേ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക തന്നെ ചെയ്യും.

പക്ഷേ, പക്ഷേ എന്ന് പറഞ്ഞ് നിബന്ധനവെക്കുന്ന നിങ്ങളല്ല തങ്ങളുടെ സ്വപ്നമായ സൈക്കിൾ വാങ്ങിക്കാൻ കൂട്ടി വെച്ച പണക്കുടുക്ക സംഭാവന ചെയ്ത കൂലിപ്പണിക്കാരുടെ മക്കളായ ഞങ്ങളുടെ പൊന്നോമനകൾ അബിജിത്തും സിനാനും പോലെയുളളവരാണ് ഞങ്ങളുടെ ഹീറോസ്. നിങ്ങളില്ലെങ്കിലും കേരളം അതിജീവിക്കുക തന്നെ ചെയ്യും.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-wayanad-is-ecologically-fragile-reports-shijith/

Next Story

Related Stories