Top

ജാതിമലയാളത്തിന്റെ തീട്ടക്കുഴി മറച്ചുകെട്ടിയിട്ടു കാര്യമില്ല, ഇടിച്ചുമൂടണം

ജാതിമലയാളത്തിന്റെ തീട്ടക്കുഴി മറച്ചുകെട്ടിയിട്ടു കാര്യമില്ല, ഇടിച്ചുമൂടണം
'പൂക്രികള്‍' എന്നാണ് സവര്‍ണ ക്രിസ്ത്യാനികള്‍ ദളിത് ക്രൈസ്തവരെ പരിഹസിയ്ക്കാറ്. പുതുക്രിസ്ത്യാനികളെന്ന ജാതിപ്രയോഗത്തെ കുറേക്കൂടി വെറിചാലിച്ച് പൂക്രികളാക്കിയതാണ്.'ചേരമാക്രികള്‍'എന്നും വിളിയ്ക്കും, ചേരമര്‍ ക്രിസ്ത്യാനിയാണ് ചേരമാക്രി.ലത്തീന്‍ കത്തോലിയ്ക്കര്‍ക്കും മര്‍ത്തോമക്കാര്‍ക്കുപോലും റോമാക്കാരുടെയിടയില്‍ രക്ഷയില്ല. പിന്നെയാണ് പരിവര്‍ത്തിതക്രിസ്ത്യാനിയുടെ കാര്യം. കുഴിവെട്ടാനും തൊഴുത്തു കഴുകാനും ആളെ വേണ്ടതുകൊണ്ട് കുറെയെണ്ണത്തിന് കുര്‍ബാന കൊടുക്കുന്നുണ്ട്, അത്രതന്നെ. മെത്രാന്‍റേം ബാവാടേം പേരില്‍ ശവമെറിഞ്ഞുകളിയ്ക്കുന്നവര്‍ക്കും അപ്പനപ്പൂപ്പന്‍മാര് നമ്പൂരിമാരാരുന്നെന്ന കാര്യത്തില്‍ സംശല്യ.
(നമ്മളൊക്കെ ഓര്‍ത്തഡോക്സല്ലേ ചേട്ടാ...?!സന്തോഷം.)

കാനത്തൊമ്മന്‍റെ പരമ്പരയില്‍പ്പിന്നെ ജാതിവെറിയന്‍മാരില്ല, ജാതിഭ്രാന്തന്‍മാരേ ഉള്ളൂ.
ജാതിയ്ക്ക് മതമില്ല, ജാതിയാണ് മതം.
ജാതിവെറിയില്‍ സവര്‍ണഹിന്ദുവിനെ തോല്‍പ്പിയ്ക്കും സവര്‍ണക്രിസ്ത്യാനി.
ദളിത് ക്രിസ്ത്യാനിയോട് മാത്രമല്ല ഹിന്ദുക്കള്‍ക്കൊപ്പം 'പെട്ട' ഈഴവനോടും കൊല്ലനോടും തട്ടാനോടും ആശാരിയോടും കണിയാനോടും പുലയനോടും പറയനോടും ആദിവാസിയോടും തരവും തൂക്കവുമൊപ്പിച്ച് ജാതികളിയ്ക്കും.
'കൊട്ടികള്‍' എന്നാണ് മുമ്പ് മധ്യകേരളത്തിലെ സവര്‍ണര്‍ ഈഴവരെ വിളിച്ചിരുന്നത്. സവര്‍ണരെന്നു പറയുമ്പോള്‍ നസ്രാണിയും നായരും നമ്പൂരിയും തന്നെ. പക്ഷേ ഇപ്പോള്‍ കൊട്ടി പ്രയോഗം സവര്‍ണക്രിസ്ത്യാനികളിലെ ജാതിവെറിയന്‍മാര്‍ക്കിടയിലേ കേള്‍ക്കാറുള്ളൂ. ബാക്കിയുള്ളവര്‍ ഉറക്കെപ്പറയാറില്ല, അവരിപ്പോ ചോവനിലൊതുക്കി.

ദളിതനായ എസ് ഐയെ പൂച്ചപ്പോലീസെന്നും ഈഴവസ്ത്രീയെ വിവാഹം ചെയ്ത മുസ്ലീമിനെ 'കാക്കാമൂത്യോന്‍'എന്നും വിളിച്ച് ഹരം കൊള്ളുന്നവരില്‍ സവര്‍ണ ക്രിസ്ത്യാനിയ്ക്കൊപ്പം സവര്‍ണ മുസ്ലീമിനേയും കണ്ടിട്ടുണ്ട്.
സവര്‍ണ മുസ്ലീമോ.. ?!!!!ഹേയ്...!!!
എന്താ വിശ്വാസം പോരേ..?

കുറ്റിച്ചിറയിലെ കുലമഹിമയുള്ളവരോട് ചോദിയ്ക്ക്, അവരാരെയാണ് 'നമ്പര്‍ ടൂ' എന്ന് വിളിയ്ക്കുന്നതെന്ന്. അത് മതത്തിനുള്ളിലെ ജാതിക്കളിയാണ്. അതുപോട്ടെ, ഈഴവരുടെ കരുമാടിക്കൂട്ടത്തില്‍ തൊലിവെളുപ്പുള്ള ഒരുത്തനെക്കണ്ടാല്‍ 'ഈമാനുള്ള തീയനെന്ന്' തരം തിരിയ്ക്കുന്ന മുസ്ലീം സവര്‍ണനല്ലേ..?!

സവര്‍ണ ഇന്ത്യയില്‍ ജന്‍മംകൊണ്ടുതന്നെ മുസ്ലീം അനുഭവിയ്ക്കുന്ന ദളിതത്വം കാണാതെയല്ല. പക്ഷേ ഇതിന്ത്യയല്ല, കേരളമാണ്.
കേരള മുസ്ലീമിനോട് സവര്‍ണസമൂഹത്തിനുള്ള വിദ്വേഷം ജാതിവെറിയുടെ ചരിത്രബാക്കികൂടിയാണ് എന്നത് തല്‍ക്കാലം മറക്കാനാണ് അവര്‍ക്ക് താല്‍പര്യം. പിന്നോക്കക്കാരാണ് മുസ്ലീങ്ങളായവരില്‍ ഭൂരിപക്ഷമെന്നു പറയാന്‍ സമ്പന്ന മുസ്ലീമിന് മടിയാണ്. നമ്പൂരിയും നായരും സുന്നത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ച കഥകളും കപ്പലിറങ്ങിയ 'നമ്പര്‍ വണ്‍' പോരിശയും അറബിച്ചോരയ്ക്ക് അടയാളമായ തൊലിവെളുപ്പിന്‍റെ മാഹാത്മ്യവുമേ അവരില്‍ പലര്‍ക്കും ഇപ്പോള്‍ ഓര്‍മയുള്ളൂ.

നായര്‍ പ്രമാണിമാരുടെ കാര്യം പറയണ്ട. മനുഷ്യനും മനുഷ്യനും തമ്മിലല്ല, ജാതിയും ജാതിയും തമ്മിലാണ് ഇടപാട്. അന്യന്‍റെ ജാതിയറിയാനായി എന്ത് ത്യാഗവും ചെയ്തുകളയും. അപ്പന്‍റെയോ അപ്പൂപ്പന്‍റെയോ പേര് ചോദിച്ചിട്ടും വാല് തെളിയുന്നില്ലെങ്കില്‍ ആകപ്പാടെ പരവേശമാണ്. പിന്നെ ഉളുപ്പില്ലാതെ ജാതി ചോദിച്ചുകളയും. ഈഴവനായിരുന്നു മുമ്പ് മുഖ്യ ശത്രു. എങ്കിലും 'ചോവോനാണെങ്കിലും അവന്‍ നല്ലവനാ' എന്ന മട്ടിലുള്ള ഉദാരത ഈയിടെയായി നായര്‍ക്കുണ്ട് കേട്ടോ.

ജാത്യഭിമാനംകൊണ്ട് കണ്ണുകെട്ടി പൊട്ടക്കിണറ്റിലേയ്ക്ക് നടക്കുന്ന ഈഴവരാണ് കേരളത്തിലെ മറ്റൊരു പെരുങ്കൂട്ടം.അവരെ ജാത്യഭിമാനികളാക്കി പരുവപ്പെടുത്താന്‍ അവരുടെ സമുദായനേതാവ് ചില്ലറയല്ല യാഗവും ഹോമവും നടത്തുന്നത്.
ഗതികേടില്‍ ആരാണു മുമ്പേ എന്ന് മത്സരിച്ചിരുന്ന രണ്ട് സമുദായങ്ങള്‍ ഗുരുവിനെയും അയ്യങ്കാളിയെയും പങ്കിട്ടെടുത്ത് പടമാക്കി. പക്ഷേ ഇന്നിപ്പോ ഈഴവന് പുലയന്‍ പെലയനാണ്.

ജാതിവെറിയുടെ കള്ളപ്പയറ്റില്‍ മൂക്കുംകുത്തി വീഴാനുള്ള യോഗം പതിവായി ദളിതനുള്ളതാണ്.പക്ഷേ ദളിതര്‍ക്കിടയിലെ ജാതീയതയോ..?! ദളിതജാതികള്‍ക്കിടയിലും പരസ്പരവിദ്വേഷത്തിന് കുറവൊന്നുമില്ല.

പറഞ്ഞുവന്നത് കെവിന്‍റെ കൊലപാതകത്തെക്കുറിച്ച് തന്നെയാണ്.

മലയാളിയുടെ ബഹുതലസ്പര്‍ശിയായ ജാതിവെറിയുടെ പെര്‍ഫെക്ട് സാംപിളാണ് ആ തട്ടിക്കൊണ്ടുപോകലും കൊലപാതകവും.
മരയൂളകളായ ജാതിപ്പോലീസിന്‍റെ ഇടപെടലും അന്വേഷണവും ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാകുമെന്നാണ്. സര്‍ക്കാരിന്‍റെ പ്രതികരണത്തിലും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിലും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലും ഒളിച്ചോട്ടമോ അനൗചിത്യമോ ആവര്‍ത്തിയ്ക്കാന്‍ ഒരു കാരണം ജാതിപ്പകപ്പാണ്.

മാധ്യമങ്ങളുടെ ഇടപെടലിലോ..?!!! ജാതിപ്പകപ്പോ...? ഹേയ്..!!
എന്താ വിശ്വാസമില്ലേ ..? ഇല്ലെങ്കില്‍ വേണ്ട..

(പിന്നോക്കജാതിക്കാരന് ക്ഷേത്രത്തില്‍ പൂജ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധി വന്നപ്പോള്‍ അറപ്പുകൊണ്ട് അസ്വസ്ഥനായ മാധ്യമധുരന്ധരന്‍റെ മീശയും കെവിന്‍റെ കൊലപാതകത്തില്‍ രോഷംകൊണ്ട് വിറയ്ക്കുന്നത് കണ്ടു.)
മുതുവാന്‍റെ വീട്ടില്‍ ഉളുമ്പുനാറുമെന്ന് പറയുന്ന പുലയനും ..പെലയന്‍റെ വീട്ടില്‍ ഉളുമ്പ് നാറുമെന്ന് പറയുന്ന ഈഴവനും ..
ചോവന്‍റെ വീടിന് ഉളുമ്പുമണമാണെന്ന് പറയുന്ന നായര്‍ക്കും ...നായരുടെ വീടിന് ഉളുമ്പുനാറ്റമാണെന്നുപറയുന്ന നമ്പൂരിയ്ക്കും സ്വന്തമാണ് കേരളമെന്ന കോണകവാല്.

ജാതിക്കുശുമ്പും ജാത്യഭിമാനവും ജാതിവെറിയും മൂത്തുമൂത്ത് മലയാളി പിന്നെയും കൊലയാളിയായിരിയ്ക്കുന്നു.
ജാതിമലയാളത്തിന്‍റെ തീട്ടക്കുഴി മറച്ചുകെട്ടിയിട്ടുകാര്യമില്ല, ഇടിച്ചുമൂടണം. കെവിന്‍റെയും നീനുവിന്‍റെയും പേരെഴുതിയ പട്ടികയില്‍നിന്ന് കേരളത്തിന്‍റെ ശിഷ്ടകൗമാരത്തെ രക്ഷിയ്ക്കണം.
അതുപക്ഷേ വല്യ പാടാ...
അതിലുമെളുപ്പം ഇപ്പക്കാണുന്ന ഈ.. ഇടപാടാ..
........................................
ഇപ്പപ്പറഞ്ഞതൊക്കെ തൊലിപ്പുറത്തെ കളി മാത്രമാണ്, തുരന്നുപോയാല്‍ ഇതിനേക്കാള്‍ പുഴുത്തുനാറിയതാണ് ജാതി. ജാതിയോട് കുതറുന്ന ന്യൂനപക്ഷമലയാളിയെ മറക്കുന്നില്ല. പക്ഷേ കേരളം ഒരു സവര്‍ണഭൂരിപക്ഷ സംസ്ഥാനമാണ്. നായരും നസ്രാണിയും നമ്പൂരിയും മതി, ബാക്കി സമ്പന്ന മുസ്ലീമും സമ്പന്ന ഈഴവനും ചേര്‍ന്ന് തികച്ചോളും. വിമോചനസമരത്തിന്‍റെ റെസിപ്പിയില്‍ ദമ്മിടാനറിയാവുന്ന കൊള്ളാവുന്ന ഒരു പണ്ടാരി കയ്യിലില്ലാത്തതുകൊണ്ടുമാത്രമാണ് സംഘപരിവാറിന് കേരളം ഭരിയ്ക്കാന്‍ കഴിയാത്തത്. മതഭേദമില്ലാത്ത ഈ ജാതിവെറി നമ്മളെ മനുസ്മൃതിയിലേയ്ക്ക് എത്തിച്ചോളും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories