Top

2019ല്‍ മോദി ബിജെപിക്ക് ഭാരമാകും

2019ല്‍ മോദി ബിജെപിക്ക് ഭാരമാകും
കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകള്‍ കുറവുള്ള ബി ജെ പി സര്‍ക്കാരുണ്ടാക്കാനും ഭൂരിപക്ഷം തെളിയിക്കുമെന്നുമുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിലെയും ജെ ഡി എസിലെയും എം എല്‍ എമാരെ വിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനിര്‍ത്തുന്നതിന് എന്തു വൃത്തികേടും തങ്ങള്‍ ചെയ്യുമെന്ന പരസ്യ പ്രഖ്യാപനമാണ്. രണ്ടു രാഷ്ട്രീയ കക്ഷികള്‍ സഖ്യമുണ്ടാക്കുന്നതും മറ്റ് കക്ഷികളിലെ എം എല്‍ എ മാരെ ചാക്കിട്ട് പിടിക്കുന്നതും ഒരേ പോലെയുള്ള ചാണക്യ തന്ത്രങ്ങളാണെന്ന് ചന്ദ്രഗുപ്തന്‍ പോലും പറയില്ല.

മേഘാലയയില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷത്തെ മുഴുവന്‍ വിലയ്ക്ക് വാങ്ങിയ മോദി-ഷാ ധ്വന്ഥ്വത്തെ ചാണക്യ സഹോദരന്മാര്‍ rocks എന്നു പറഞ്ഞു കയ്യടിക്കാന്‍ ഏതാണ്ടെല്ലാ മുഖ്യധാര മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു. ഇപ്പോള്‍ മറ്റ് കക്ഷികളിലെ എത്ര എം എല്‍ എമാരെ വലവീശിപ്പിടിക്കുന്നതിലാണ് മോദി-ഷാ കുറ്റവാളി കൂട്ടുകെട്ടിന്റെ വിജയം എന്നുനോക്കി വീര്‍പ്പടക്കി സീല്‍ക്കാര സജ്ജരായി ഇരിക്കുകയാണവര്‍.

ജനാധിപത്യ വിരുദ്ധമായി കോടതിയടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി സംഘപരിവാറിന്റെ കൂലിക്കാരാക്കുന്ന രാഷ്ട്രീയ അജണ്ട രാജ്യത്തു നടപ്പാക്കുന്ന നരേന്ദ്ര മോദിയെന്ന നുണയന്‍ പ്രധാനമന്ത്രി, ഇന്നലെ വിലപിച്ചത് ഫെഡറലിസവും ഭരണഘടന മൂല്യങ്ങളും കര്‍ണാടകത്തില്‍ അധികാരത്തിനുവേണ്ടി ഇതാ രാഷ്ട്രീയ എതിരാളികള്‍ കുരുതികൊടുക്കുന്നു എന്നാണ്. ആഹഹ ! എന്ന പേച്ച്, എന്ന കൂത്ത്!

തങ്ങള്‍ക്കെതിരെ വിധി പറഞ്ഞ ഹൈക്കോടതി ജസ്റ്റിസിനെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് വാശിപിടിക്കുന്ന മോദി സര്‍ക്കാരാണ് ഭരണഘടന മൂല്യങ്ങളെക്കുറിച്ച് പാട്ടുപാടുന്നത്. മുസ്ലീമായതിന്റെ പേരില്‍ ആയിരക്കണക്കിനാളുകളെ കൊന്നുതള്ളിയ ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്കിയ മോദി-ഷാ, സംഘ പരിവാര്‍ കുറ്റവാളികളാണ് മതേതത്വത്തില്‍ പിടിച്ച് ആണയിടുന്ന ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. സംസ്ഥാന നിയമസഭകളിലേക്കും കേന്ദ്രത്തിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തി ഭാഷാടിസ്ഥാനത്തില്‍ രൂപം കൊടുത്ത സംസ്ഥാനങ്ങളുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ അസ്തിത്വത്തെ തന്നെ ഇല്ലാതാക്കാന്‍ പദ്ധതിയിടുന്ന സംഘ പരിവാറാണ് ഫെഡറലിസത്തിന്റെ ഗതികേടില്‍ ചാവുപാട്ട് പാടുന്നത്.

മോദി തരംഗം എന്നത് 2014-നു ശേഷം കെട്ടിപ്പോക്കിയ ഒരു brand പിടിച്ചുനില്‍ക്കന്‍ ശ്രമിക്കുന്ന കാഴ്ച്ച മാത്രമാണു എന്നതാണു വസ്തുത. അങ്ങനെയൊരു തരംഗം രാജ്യത്തില്ല. എന്നാല്‍ കടുത്ത രീതിയില്‍ അടിസ്ഥാനതലത്തില്‍ തന്നെ ‘ഹിന്ദു’ വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുന്നുണ്ട്. അപ്പോഴും ഇത് മതേതര ഭൂരിപക്ഷത്തെ മറികടക്കാന്‍ പ്രാപ്തമല്ല എന്നതാണു വസ്തുത. 31 % ത്തോളം വോട്ട് മാത്രമാണ് മോദി തരംഗം ആഞ്ഞടിച്ചു എന്നവകാശപ്പെട്ട 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കിട്ടിയതു. കോണ്‍ഗ്രസ് സംഘടനാപരമായി അതീവ ദുര്‍ബലമാവുകയും കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുകയും ചെയ്ത കാലത്താണിത്. തുടര്‍ന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും സാമാന്യമായ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളെ മറികടക്കും വിധത്തില്‍ മോദി പ്രകടനം ഉണ്ടായിട്ടില്ല. എന്നാല്‍ ഹിന്ദു വോട്ടുകള്‍ ധ്രുവീകരിക്കുന്നുണ്ട്. അത് മോദി തരംഗമല്ല. അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടവ്യാപ്തിയും ആഴവും നമ്മള്‍ കാണാതെ പോകും. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയിട്ടും ചില സാമ്പത്തിക താത്പര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അവര്‍ ഹിന്ദുക്കളായാണ് വിശാലാര്‍ത്ഥത്തില്‍ സ്വയം പ്രകടിപ്പിക്കുന്നത് എന്നാണ് കര്‍ണാടകത്തിലെ ലിംഗായത് മേഖലകളില്‍ ബി ജെ പ്പിക്കുണ്ടായ നേട്ടം കാണിക്കുന്നത്. അതായത് ഹിന്ദു എന്നത് ഒരു രാഷ്ട്രീയ അസ്തിത്വം എന്ന നിലയിലേക്ക് മാറ്റാന്‍ ഇപ്പോള്‍ സംഘപരിവാറിന് ചെറിയ അളവില്‍ കഴിയുന്നുണ്ട്. അത് മോദി തരംഗമല്ല. അത് ഏറെ നീണ്ടുനില്‍ക്കുന്ന ഒരു രാഷ്ട്രീയ വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് ഏറെ ദുര്‍ബലമായ സംഘടനയായി മാറിയ ഗുജറാത്തില്‍ പോലും മോദിയുടെ പരമാധികാര രാജ്യത്തു കഷ്‌ടിച്ചാണ് ബി ജെ പി അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷം ഒന്നിച്ച ബിഹാറില്‍ മോദി വെറും ഹരികഥാക്ഷേപം മാത്രമായി ചുരുങ്ങിപ്പോയത് ഓര്‍ക്കണം. യു പിയില്‍ എസ് പി-ബി എസ് പി അനൌദ്യോഗിക സഖ്യമായി മത്സരിച്ച ആദ്യ ഉപതെരഞ്ഞെടുപ്പുകളില്‍ തന്നെ തട്ടകങ്ങളില്‍ അടിതെറ്റി വീണു ബി ജെ പി. കര്‍ണാടകത്തില്‍ പോലും എല്ലാ അനുകൂല ഘടകങ്ങളും ഉണ്ടായിട്ടും 2008-ലെ പ്രകടനത്തിന് ഒപ്പമെത്താന്‍ അവര്‍ക്കായില്ല. അന്ന് മോദിയില്ല, ഇത്ര ഭീകരമായി കര്‍ണാടകത്തില്‍ ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യാപനം നടന്നിട്ടുമില്ല.

അതുകൊണ്ട് രാജ്യത്ത് മോദി തരംഗം ഉണ്ടെന്നുള്ളത് തെറ്റായ രാഷ്ട്രീയ വായനയാണ്. എന്നാല്‍ രാജ്യത്ത് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണ സാധ്യതകളുണ്ട്. ജനങ്ങളുടെ പൊതുവായ അസംതൃപ്തിയുണ്ട്. നിലവിലെ സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധമുണ്ട്. ഇതിനെ വലതുപക്ഷ ശക്തികള്‍ മുതലെടുക്കുന്നുണ്ട്. ഇതിന് വലതുപക്ഷം ഉപയോഗിയ്ക്കുന്ന ഉച്ചഭാഷിണി മോദിയാണ്. എന്നാല്‍ അവര്‍ക്കുള്ള വോട്ടുകള്‍ അയാള്‍ക്കുള്ള വോട്ടല്ല. അത് ഒരു നിശ്ചിതവിഭാഗം ഹിന്ദുത്വ രാഷ്ട്രീയ വോട്ടുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ അസംതൃപ്തിയുടെ വോട്ടുകളാണ്. ഇതിനെ മറ്റേതെങ്കിലും ബദലിലൂടെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ ബി ജെ പിയില്‍ കടിച്ചുതൂങ്ങില്ല എന്നതിനാണ് ഈ തെരഞ്ഞെടുപ്പുകള്‍ തെളിവ് നല്‍കുന്നത്. എന്നാല്‍ ഇത് ഒരു തെരഞ്ഞെടുപ്പോടെ നടക്കും എന്നൊന്നും ഞാന്‍ കരുതുന്നില്ല.

എന്നാല്‍ 2019-ലെ തെരഞ്ഞെടുപ്പിലേക്ക് പ്രാദേശിക കക്ഷികളുമായുള്ള സഹ്യമല്ലാതെ മറ്റൊരു വഴിയുമില്ല എന്നു കോണ്‍ഗ്രസിന് ഏതാണ്ട് ബോധ്യമായിട്ടുണ്ട്. ആന്ധ്രയിലെ ജഗന്‍മോഹന്‍ റെഡ്ഡിയും തെലങ്കാനയിലെ ടി ആര്‍ എസും തമിഴ്നാട്ടിലെ AIADMK യും മാത്രമാണ് 2019-ല്‍ എന്തെങ്കിലും തരത്തിലുള്ള അവസരവാദ സാധ്യതകള്‍ ബി ജെ പിക്കായി തുറന്നിടുന്നത്. എന്നാല്‍ അതൊക്കെ വളരെ നിസാരമായ എണ്ണപ്പെരുക്കങ്ങളെ ബി ജെ പിക്ക് നല്‍കുകയുള്ളൂ.

അതുകൊണ്ട് മോദി 2019-ല്‍ ബി ജെ പിക്ക് വാസ്തവത്തില്‍ പ്രതിരോധിക്കേണ്ട ഭാരമാകും. കാരണം അയാള്‍ പ്രതിനിധീകരിക്കുന്നത് ആ തെരഞ്ഞെടുപ്പില്‍ ഭരണത്തെയാണ്, സര്‍ക്കാരിനെയാണ്. ഇതുവരെ നടന്ന മിക്ക സംസ്ഥാന തെരഞ്ഞെടുപ്പുകളിലും അയാള്‍ നിന്നത് പ്രതിപക്ഷമായിട്ടാണ്. 2019-ലെ തെരഞ്ഞെടുപ്പില്‍ അയാളില്‍ ജനം കാണുന്നത് പൊള്ളയായ വാചകമടിയുടെ അഞ്ചു വര്‍ഷങ്ങളാകും. ഹിന്ദു വോട്ടുകള്‍ക്കൊണ്ട് ഇതിനെ പ്രതിരോധിക്കാനുള്ള സംഘപരിവാര്‍ നീക്കം എത്രത്തോളം വിജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവരുടെ സാധ്യതകള്‍.

ഓരോ സംസ്ഥാനത്തും ശക്തരായ പ്രാദേശിക കക്ഷികളടങ്ങുന്ന സഖ്യങ്ങളോട് ഏറ്റുമുട്ടേണ്ടിവരുന്ന മോദി ദുര്‍ബലനാണ്. ഏത് വലതുപക്ഷ ഹിന്ദുത്വ തരംഗവൂം അവരെ 40% എന്ന ശരാശരിക്കപ്പുറം ഒരു സംസ്ഥാനത്തും കടത്തില്ല. ബാക്കി 60% ത്തിനായി ഉണ്ടാകുന്ന രാഷ്ട്രീയ സാധ്യതകളാണ് 2019-നേ നിശ്ചയിക്കാന്‍ പോകുന്നത്.


Next Story

Related Stories