ട്രെന്‍ഡിങ്ങ്

പ്രേമിക്കുന്ന പെൺകുട്ടികളെ ആര് വിശ്വസിക്കാനാണ്? ദീപ നിശാന്തിന്റെ ഹൃദയഹാരിയായ കുറിപ്പ്

കെവിനെപ്പറ്റിയും നീനുവിനെപ്പറ്റിയും എഴുതാനിരിക്കുമ്പോൾ ഉള്ളിലൊരു വിറപടരും; പ്രേമം പിടിക്കപ്പെട്ടപ്പോൾ മുതൽ വീട്ടിലനുഭവിച്ച ഒറ്റപ്പെടൽ ഓർമ്മ വരും..

ഒരേ സമയം എഴുത്തിലൂടെയും, നിലപാടിലൂടെയും ധീരതയും, ലാളിത്യവും സമന്വയിപ്പിച്ച അപൂർവം സമകാലീക പ്രതിഭകളിൽ ഒരാളാണ് ദീപ നിശാന്ത്. കെവിനും നീനുവും ഇപ്പോൾ മലയാള മണ്ണിന്റെ തീരാ വേദനയാണ്. പ്രണയത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ, അതിനെ മറികടക്കാനുള്ള അവരുടെ ശ്രമങ്ങൾ, എല്ലാം കേരളീയർക്ക് ഇന്നും അപരിചിതം ആണ്. മുഴുവൻ പെൺകുട്ടികളുടെയും അനുഭവത്തിന്റെ നേര്‍ക്കാഴ്ച എന്നോണം തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രണയാനുഭവം വിവരിച്ചു കൊണ്ട് കെവിനിലേക്കും നീനുവിലേക്കും നടന്നടുക്കുന്ന ദീപ നിശാന്തിന്റെ ഹൃദയഹാരിയായ കുറിപ്പ് ഇവിടെ വായിക്കാം.

കെവിനെപ്പറ്റിയും നീനുവിനെപ്പറ്റിയും എഴുതാനിരിക്കുമ്പോൾ ഉള്ളിലൊരു വിറപടരും..
പ്രേമം പിടിക്കപ്പെട്ടപ്പോൾ മുതൽ വീട്ടിലനുഭവിച്ച ഒറ്റപ്പെടൽ ഓർമ്മ വരും..
“ചത്താപ്പോലും ഈ കല്യാണം നടത്തിക്കൊടുക്കില്ലാ”ന്ന അച്ഛൻ്റെ വാക്കുകൾ ഓർമ്മ വരും…
വീട്ടിലുള്ളവരെല്ലാം മിണ്ടാതെ നടന്ന കുറേ നാളുകൾ ഓർമ്മ വരും…
ചുറ്റിലും മൗനം കനത്തു പെയ്യുമ്പോൾ ശ്വാസം മുട്ടിപ്പിടഞ്ഞ പെൺകുട്ടിയെ ഓർമ്മ വരും …
അവൾക്ക് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കാനാവില്ല…
അവൾ പറയുന്ന തമാശ കേട്ട് ഒരാളും ചിരിക്കില്ല…
അല്ലെങ്കിൽത്തന്നെ പ്രേമം പിടിക്കപ്പെട്ട പെൺകുട്ടികളുടെ വീട്ടിൽ എവിടാണ് തമാശ?
ചുറ്റിലുമുള്ള ബന്ധുമിത്രാദികളുടെ ജാഗ്രതക്കണ്ണുകൾക്ക് കീഴിലാണവൾ … കോളേജിൽ പോയ പെൺകുട്ടി വരാനൽപ്പമൊന്ന് താമസിച്ചാൽ അവരിൽ ചിലർ അവളുടെ വീടിനെ ചുറ്റിപ്പറ്റി നടക്കും…
അമ്മയോട് സംസാരിക്കുന്നതിനിടയിൽ “കോളേജീന്ന് ഇത്ര നേരായിട്ടും വന്നില്ലേ?” എന്ന് പറഞ്ഞ് അവർ ക്ലോക്കിലേക്ക് നോക്കും..
പിന്നെ സെക്കൻ്റ് സൂചിക്കൊപ്പം മിടിക്കുന്നത് അമ്മയുടെ നെഞ്ചായിരിക്കും..
അമ്മ വഴിയിലേക്ക് കണ്ണുംനട്ട് താടിക്ക് കൈയും കൊടുത്ത് ഉമ്മറപ്പടിയിലിരിക്കും..
അവളെ ദൂരെ നിന്ന് കാണുമ്പോൾ എഴുന്നേറ്റ് അകത്തേക്ക് നടക്കും..
അവളമ്മയെ ദൂരെ നിന്നേ കണ്ടിട്ടുണ്ടായിരിക്കും…
പടി കടന്ന് അവളകത്തേക്കു വരുമ്പോൾ ഒരാളും കാത്തിരിക്കാനുണ്ടാവില്ല!
അവൾ പതുക്കെ അകത്തേക്ക് നടക്കും..
നീളമുള്ള ആ ഉമ്മറത്തെ സോഫയ്ക്കടിയിലേക്ക് ചെരുപ്പ് അധികം ശബ്ദമില്ലാതെ ഊരിയിടും.
അടുക്കളയിൽ ചെന്ന് തണുത്തചായ മൂടി തുറന്ന് അവൾ കുടിക്കും…
“വൈകീത്, മഴ കാരണാ” ന്നോ, “ആർ ജി മാഷ് വ്യാകരണം ക്ലാസ്സ് നീട്ടി എടുത്തതു കൊണ്ടാ”ന്നോ അവൾക്ക് പറയണമെന്നുണ്ട്.
പിന്നെ തോന്നും പറയേണ്ടെന്ന്!
ആരും വിശ്വസിക്കില്ലെന്ന്!
പ്രേമിക്കുന്ന പെൺകുട്ടികളെ ആര് വിശ്വസിക്കാനാണ്?
മൗനങ്ങൾക്കും അവഗണനകൾക്കുമാണ് ചെകിട്ടത്തടികളേക്കാൾ പ്രഹരശേഷിയെന്ന് ഓർത്ത് അവൾ മുറിയിലേക്ക് നടക്കും..
ലൈബ്രറീന്നെടുത്ത ഏതെങ്കിലും പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കും!
ചിലപ്പോൾ കണ്ണിൽ നിന്നും നീർത്തുള്ളികൾ ഇറ്റുവീണ് പുസ്തകത്തിൽ ഭൂപടങ്ങൾ വരയ്ക്കും..
ആരും കാണാതെ വേണം കരയാൻ!
ചോദ്യം വരും, ‘ആർക്കു വേണ്ടിയാണ് കരയുന്നതെന്ന്’
പോസ്റ്റുമാൻ്റെ സൈക്കിൾ ബെല്ലുകൾ കേൾക്കുമ്പോഴേക്കും അവൾക്ക് തളർച്ച വരും…
പ്രണയഭാരം കൊണ്ടല്ല!ഭയം കൊണ്ട്!
പ്രിയപ്പെട്ടവൻ്റെ പേരിട്ട് ആരോ അയക്കുന്ന നിറയെ അക്ഷരത്തെറ്റുകളുള്ള ആ കത്തുകൾ അന്നത്തെ അത്താഴം മുടക്കും!
“ഉമ്മകളോടെ” എന്ന അവസാനത്തെ വാചകം വായിക്കുമ്പോഴേക്കും അവളുടെ തല അപമാനഭാരംകൊണ്ട് കുനിയും…
“ഇതെൻ്റെ പ്രേമല്ലാ… എൻ്റെ പ്രേമം ഇങ്ങനല്ലാ” ന്ന വാചകം ഉള്ളിൽ കിടന്ന് വീർപ്പുമുട്ടിച്ചാകും!
മറ്റു ചിലപ്പോൾ ഊമക്കത്തുകളാകും!
അവളറിയാത്ത, അവൾ പേരു പോലും കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ അവൾ സഞ്ചരിച്ചതായി കത്തിൽ സാക്ഷ്യപ്പെടുത്തും!
വാദിച്ചും കരഞ്ഞും അവളൊടുവിൽ ദയനീയമാം വിധം പരാജയപ്പെടും!
ഒരാളോടും സങ്കടം പറയാനാവില്ല…
മൊബൈലില്ല..
വീട്ടിലെ ലാൻഡ് ഫോൺ ചെന്നെടുക്കാനുള്ള അധികാരമില്ല..
പല ബന്ധുക്കളും അച്ഛനെ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്, “പഠിപ്പങ്ങ് നിർത്തീട്ട് പിടിച്ചുകെട്ടിച്ചാ മതി.. പ്രശ്നം തീരും!” എന്ന്.
ഇന്നത്തെ ധൈര്യത്തിൻ്റെ നൂറിലൊരംശം അന്നില്ല.
എൻ്റെ സമ്മതമില്ലാതെ എൻ്റെ വിവാഹം നടക്കില്ല എന്ന ഉറപ്പുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ഒരാന്തൽ വരും!
പഠിപ്പെങ്ങാനും നിർത്തുമോ?
പിന്നെന്ത് ചെയ്യും?
വീട്ടിൽ പൂട്ടിയിട്ടാലോ?
ആരോടു പറയും?
ആരറിയും?

കെവിന്റെ വീട്; സ്നേഹത്താല്‍ മുറിവേറ്റ മനുഷ്യര്‍

ഒരു ദിവസം പഠിപ്പു നിർത്താനുപദേശിച്ച ഒരു ബന്ധുവിനോട് അച്ഛൻ പറഞ്ഞ വാക്കുകളാണ് നെഞ്ചിലേക്ക് ഒരു മഴ പെയ്യിച്ചത്!
“പഠിപ്പ് നിർത്തില്ല. അവൾടെ സമ്മതമില്ലാതെ വേറെ കല്യാണോം നടത്തില്ല. ഞാനൊരു പോലീസുകാരനാണ്. പ്രായപൂർത്തിയായവരാണ്. നിയമം അവരുടെ കൂടെയാണ്.. പഠിപ്പിക്കും. എവിടേങ്കിലും പോയി ജീവിച്ചോട്ടെ.. കൊണ്ടു പോവണോൻ ഉപേക്ഷിച്ചാലും ഒറ്റയ്ക്ക് ജീവിച്ചോട്ടെ…”

അതിലപ്പുറം ഞാനും പ്രതീക്ഷിച്ചിരുന്നില്ല.. അതു പോലും പ്രതീക്ഷിക്കത്തക്ക ജനാധിപത്യാന്തരീക്ഷം എൻ്റെ കുടുംബത്തിലില്ലായിരുന്നു.. കുടുംബത്തിൻ്റെ സൽപ്പേര്, മറ്റ് പെൺകുട്ടികളുടെ ഭാവി… എല്ലാം ഡമോക്ലസിൻ്റെ വാൾപോലെ മുകളിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു..

എം എ ക്ക് ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. മൂന്ന് മണിക്കൂർ നേരത്തെ ഓർമ്മപരീക്ഷയിൽ ഒന്നാമതായി വിജയിക്കുന്നതിലല്ല വിദ്യാഭ്യാസത്തിൻ്റെ നിലവാരമളക്കുന്നതെന്ന ധാരണ അന്നുമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് ആ റാങ്ക് എനിക്കൊരാവശ്യമായിരുന്നു. ‘പഠിക്കാനല്ല, പ്രേമിക്കാനാ കോളേജീപ്പോണതെന്ന്’ പിറുപിറുക്കുന്ന ബന്ധുക്കൾക്കുള്ള മറുപടിയായിരുന്നു അത്. എന്നിട്ടും ഒന്നഭിനന്ദിക്കാൻ… ഒന്ന് കെട്ടിപ്പിടിക്കാൻ… ഉമ്മ വെക്കാൻ… ഒരു സമ്മാനം തരാൻ… ഒരാളുമുണ്ടായിരുന്നില്ല. ഞാനൊരു കടുത്ത തെറ്റു ചെയ്തവളാണ്.. പ്രണയിച്ചവളാണ്. അതും അന്യജാതിക്കാരനെ!എൻ്റെ റാങ്ക് കൊണ്ടൊന്നുംഅപമാനം മറികടക്കാനാവില്ല. എന്നോടുള്ള ചിരികളൊക്കെ മങ്ങിപ്പോയിരുന്നു..

എനിക്കു താഴെയുള്ള പെൺകുട്ടികളൊക്കെ വിവാഹിതരായി കുട്ടിയേയുമെടുത്ത് വീട്ടിലേക്കു വരുമ്പോഴൊക്കെ എൻ്റെ അമ്മ നെടുവീർപ്പിടുമായിരുന്നു. വിവാഹങ്ങൾ, മറ്റ് ചടങ്ങുകൾ ബന്ധുവീടുകളിലേക്കുള്ള സന്ദർശനങ്ങൾ ഒക്കെ പതുക്കെപ്പതുക്കെ ഇല്ലാതായിക്കൊണ്ടിരുന്നു.” കല്യാണം നോക്കുന്നില്ലേ? വയസ്സ് പത്തിരുപത്തിനാലായില്ലേ?” എന്ന ബന്ധുക്കളുടെ ചോദ്യങ്ങൾ ചുറ്റും മുഴങ്ങുമ്പോൾ എൻ്റമ്മ നിസ്സഹായയായി തലകുനിക്കുമായിരുന്നു.” അവള് പഠിക്ക്യാണ്. ജോലിയായിട്ടേ കല്യാണം നോക്കുന്നുള്ളൂ” എന്ന് പറയാനുള്ള ആർജവം പോലും എൻ്റമ്മയ്ക്കുണ്ടായിരുന്നില്ല.

ഒരു മധ്യവർഗ്ഗ മലയാളി കുടുംബത്തിൻ്റെ സദാചാരമൂല്യങ്ങളിൽ ‘പ്രണയം’ എന്ന വാക്ക് പടിക്കു പുറത്തായിരുന്നു.” ഇപ്പോഴും ആ ചെക്കനെ കാണാറുണ്ടല്ലേ?”, ” കത്ത് കോളേജിക്ക് വരാറുണ്ടല്ലേ?” തുടങ്ങിയ ചോദ്യങ്ങളാൽ ബന്ധുക്കൾ അമ്മയെ തളർത്തിക്കൊണ്ടേയിരുന്നു..

പിന്നെപ്പിന്നെ എതിർപ്പ് നേർത്തുനേർത്ത് തീരെ ദുർബലമായി…
എന്നാലും എൻ്റെ വിവാഹ ഫോട്ടോകളിലൊന്നിൽപ്പോലും അച്ഛനും അമ്മയും ചിരിച്ച മുഖമില്ല..
നിറയെ ആശങ്ക നിറഞ്ഞ രണ്ടു മുഖങ്ങൾ..
പിന്നെപ്പിന്നെ ചിരികൾ വീട്ടിൽ തിരിച്ചു വന്നു…
“തറവാട്ടിന് ചീത്തപ്പേരാക്കിയ” പെൺകുട്ടിയെ കുടുംബത്തിലെ ചെറിയ ചടങ്ങുകളിൽപ്പോലും പങ്കെടുപ്പിക്കാൻ ബന്ധുക്കൾ ഉത്സാഹം കാട്ടി.
ആൾക്കൂട്ടത്തിനിടയിൽ നിന്നും വിളിച്ചു വരുത്തി പുതിയ ബന്ധുക്കൾക്ക് പരിചയപ്പെടുത്തി..
അച്ഛനുമമ്മയും അതു നോക്കി നിന്നു..
ജാതിയുടേയും പാരമ്പര്യത്തിൻ്റേയും മിഥ്യാഭിമാനങ്ങളിൽ നിന്നും പുറത്തു കടക്കാൻ ഇപ്പോളവർക്ക് കഴിഞ്ഞിട്ടുണ്ട്..

അതുകൊണ്ടാണ് ടി വി യിൽ കെവിനെ കാണുമ്പോൾ അവർ വേദനയോടെ അവനെ നോക്കുന്നത്. ആ പെൺകുട്ടിയുടെ അലറിക്കരച്ചിൽ കേൾക്കുമ്പോൾ, “അവറ്റേനെ ജീവിക്കാൻ വിടായിരുന്നില്ലേ ” എന്ന് പിറുപിറുക്കുന്നത്… “ഇത് ചെയ്യിച്ചോനെയൊന്നും വെറുതെ വിടരുത് ” എന്ന് അമർഷത്തോടെ പറയുന്നത്…

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെവിന്റെ വീട്ടില്‍ മരം നടാനെത്തിയ വനിതാ ലീഗുകാരേ, ആഗോള താപനമല്ല കെവിനെ കൊന്നത്

ദീപ നിശാന്ത്

ദീപ നിശാന്ത്

അധ്യാപിക, എഴുത്തുകാരി, കോളമിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍