UPDATES

ട്രെന്‍ഡിങ്ങ്

‘പറയ്‌, പെല കളറിനെന്താ കുഴപ്പം?’ തൊമ്മിക്കുഞ്ഞ് രമ്യ എഴുതുന്നു

സാമുദായികസംവരണത്തെ എതിർക്കുന്നവരേ, നിങ്ങളെ സംബന്ധിച്ചോളം ജോലി നേടാനുള്ള മാർഗ്ഗം മാത്രമായി അത് മാറുന്നത് സാമൂഹിക അനീതി ഒരു തരിമ്പും അനുഭവിക്കാത്തതുകൊണ്ടാണ്

അന്നെനിക്ക് 13 വയസ്. ഒരു ചെരുപ്പു വാങ്ങാൻ കടയിൽ പോയപ്പോൾ വിലക്കുറഞ്ഞ ചെരുപ്പ് താഴെ എന്ന് ഞങ്ങളെ നോക്കി പറഞ്ഞതിന്റെ മന:ശാസ്ത്രം ജാതിയാണെന്ന് പിടികിട്ടിയതുകൊണ്ട് എപ്പിച്ചേച്ചിയും രേഖ ചേച്ചിയും രേണുവേട്ടനും അയാളോട് ചൂടായെങ്കിലും ആ ദിവസം ഇല്ലാതാക്കിയത് ഞങ്ങളുടെ സന്തോഷം മാത്രമായിരുന്നു. അടിമത്വത്തേക്കാൾ നല്ലത് വിവേചനങ്ങൾക്കെതിരെ ചിന്തിക്കുമ്പോൾ ഇല്ലാതാകുന്ന സമാധാനമാണ് എന്ന് തിരിച്ചറിയുമ്പോഴും ആകെ മൊത്തം ഒരു നഷ്ടം എന്ന തോന്നൽ.

പിന്നിട് പ്ലസ് വൺ കാലത്ത് ഹോസ്റ്റലിൽ വാർഡനോട് ചേർന്നുള്ള ആദ്യ റൂമിൽ ഞങ്ങൾ അഞ്ചെങ്കിലും അപ്പുറത്തെ റൂമിലുള്ളവരും ചേർത്ത് മിനിമം ഒരു പന്ത്രണ്ട് പേരുണ്ടാകും എപ്പോഴും. അതുകൊണ്ട് ഞങ്ങളുടെ വാർഡനു വഴക്ക് പറയാൻ ഓടി നടക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ഒരു ദിവസം ഞങ്ങൾ എല്ലാവരും ഇരിക്കുമ്പോഴാണ് പാറു ഒരു പുതിയ ഡ്രസ്സ് ഇട്ടോണ്ട് വന്നത്, അയ്യേ… ഇതെവിടുന്ന് കിട്ടി ഈ പെല കളർ എന്ന ചോദ്യം റൂമെറ്റിന്റെ വക, എന്റെ തലയിൽ മരവിപ്പുണ്ടാക്കിയത് ആ ചോദ്യത്തിന് ആ മുറിയിൽ കിട്ടിയ സ്വീകാര്യത കണ്ടായിരുന്നു. ഇന്നത്തേതിന്റെ ഇരട്ടി അഹങ്കാരമുള്ള ഞാൻ, പെല കളറിനെന്താ കുഴപ്പം എന്ന് ചോദിച്ചു, നിശബ്ദതയായിരുന്നു ഉത്തരം. “പറയ് പെല കളറിനെന്താ കുഴപ്പം, ഞാൻ ഒരു പെലയത്തിയാ, അതാ ചോദിച്ചത്?” “ഇതൊക്കെ തമാശ ആയി ഇടുത്തുക്കൂടെ രമ്യാ”, എന്ന ക്രിസ്ത്യാനി കൊച്ചിന്റെ ചോദ്യം എന്റെ ടെമ്പറ് തെറ്റിച്ചു. ആഹാ അത് കൊള്ളാലോ, ഞങ്ങളുടെ നാട്ടിലെ യേശുവിനെയും മഗ്ദലമറിയത്തെയും വെച്ചുള്ള മറ്റൊരു രണ്ട് വരി തമാശ ഞാനും പറഞ്ഞു (പൊളിറ്റിക്കലി ശരിയായിരിക്കില്ല, പക്ഷേ അത് ഇരുപ്പതായിരുന്നു, തമാശയും ആക്ഷേപിക്കലും തമ്മിലുള്ള വ്യത്യാസം രണ്ട് മിനിട്ടു കൊണ്ട് അവർക്ക് പിടികിട്ടിയെന്നല്ല, പക്ഷേ എന്റെ മുന്നിൽ പിന്നെ അവർ ഇതു പോലെ സംസാരിച്ചിട്ടില്ല, മാപ്പ് പറയിപ്പിക്കുക അല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ?). അല്ലെങ്കിലും അത് സ്ഥിരം ഏർപ്പാടാണ്. ജാതീയതയെ ചൂണ്ടിക്കാട്ടിയാൽ പെട്ടന്ന് ജാതിയില്ലാ കേരളത്തിലെ ജനങ്ങളെല്ലാം ചേർന്ന് അതിനെ തമാശയാക്കുന്നത്. അവർ കണ്ടു വളർന്ന കാഴ്ചകളെല്ലാം അവരെ പഠിപ്പിക്കുന്നതും അതൊക്കെ തന്നെയാണല്ലോ?

സംവരണം: നീല്‍ സലാമിനെ റദ്ദാക്കുന്ന ലാല്‍ സലാം

പിന്നെ മറ്റൊരു കാര്യം, എന്നെക്കണ്ടാൽ ഒരു ബാങ്ക് മാനേജറുടെ മകളാണെന്ന് തോന്നില്ലാ എന്നതായിരുന്നു അടുത്ത കമന്റുകൾ. അതും തമാശയാണ്ട്ടോ. ഞാൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റായപ്പോൾ ഡാഡിയുടെ ജോലി ഞങ്ങളോട് ചോദിക്കാതെ കൂലിപ്പണിയെന്ന് എഴുതിയതിനെ തിരുത്തി എഴുതിപ്പിച്ചത് കുഞ്ഞുകൊച്ചച്ചനായിരുന്നു. ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ കയറി ഇന്ന ഡ്രസ്സ് എടുത്തു കാണിക്കാൻ പറയുമ്പോൾ സെയിൽസിൽ നിക്കുന്നവരുടെ മടി, അല്ലെങ്കിൽ അത് വിലക്കൂടിയതാണെന്നുള്ള മറ്റാർക്കും കൊടുക്കാത്ത മുന്നറിയിപ്പ് തരും ഇതൊക്കെ ജീവിതത്തിൽ നമ്മൾ സ്ഥിരം അനുഭവിക്കുന്നതാണ്, ചോദ്യം ചെയ്ത് മടുത്തതുമാണ്, ട്രെയിനിലെ എ.സി കമ്പാർട്ട്മെന്റിൽ കയറുമ്പോഴേ എങ്ങോട്ടാ എന്ന ചോദ്യം കേൾക്കുന്നതിന്റെ പിന്നിൽ എ.സിയിൽ കയറാൻ അതിന്റെ ടിക്കറ്റല്ലാത്ത മറ്റൊരു യോഗ്യത ഇന്ത്യയിൽ നിലനിൽക്കുന്നതിനാലാണല്ലോ? എന്റെ വലിയ കൊച്ചച്ചന് എറണാകുളത്ത് സ്ഥലം വാങ്ങാൻ കഴിയാതിരുന്നത് പൈസ ഇല്ലാത്തതുകൊണ്ടായിരുന്നില്ല, മറിച്ച് ദളിതനായതുകൊണ്ടായിരുന്നു (പുള്ളി ഒരു പബ്ളിക് സെക്ടറിലെ G.M-ഉം ആന്റി DD-യുമാണെന്ന് ഓർക്കണം).

ജാതിയോ, ഇവിടെയോ? നിങ്ങളെത്ര കസവ് നേര്യതിട്ട് മറച്ചാലും അത് വെളിപ്പെടുന്നുണ്ട്

അല്ല, ദേവാസുരം സിനിമയിൽ സ്ഥലം വാങ്ങാൻ വന്ന മുസ്ലീമിനെ തല്ലി ഓടിച്ച് നിനക്കൊനും എന്റെ മുറ്റത്ത് വന്ന് നിക്കാൻ യോഗ്യതയില്ലെന്ന ഡയലോഗിന് കൈയ്യടിക്കുകയും പിന്നിട് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ അയാളുടെ അടുത്ത് തന്നെ സ്ഥലം വിക്കേണ്ടി വന്ന നായകന്റെ സങ്കടത്തെ നെഞ്ചേറ്റിയ മലയാളികൾക്ക് ഇതേ ചെയ്യാൻ പറ്റൂ, അല്ലെങ്കിൽ ഇങ്ങനെ ചെയ്യുന്ന മലയാളികൾക്കേ ആ സിനിമയെ ഒരു സുപ്പർ ഹിറ്റാക്കാൻ പറ്റൂ. ഗ്രാമങ്ങളിലാണ് ജാതി, നഗരങ്ങളിലതില്ലാ എന്ന് പറയുന്നവരോട്, പിന്നീട് ജാതിമറച്ച് വെച്ചേ കേരളത്തിന്റെ എറ്റവും വലിയ നഗരമായ എറണാകുളത്ത് അവർക്ക് സ്ഥലം വാങ്ങാൻ കഴിഞ്ഞുള്ളു. വീട്ടിൽ ഹെൽപ്പേഴ്സ് വരില്ല, കാരണം ഇതു തന്നെ, മറച്ച് വെച്ച് ആരെയെങ്കിലും വരുത്തിയാൽ തന്നെ ജാതി തിരിച്ചറിയുമ്പോൾ അവർ സ്ഥലം വിടും. സ്ക്കൂളിലെ പ്രിൻസിപ്പിൾമാര് ആന്റിയെ കാണാൻ വരുമ്പോൾ ക്യാബിന്റെ വെളിയിൽ നിന്ന് ആന്റിയെ മൊബൈയിലിൽ വിളിച്ചു നോക്കും, ആന്റി തന്നെയാണോ DD എന്ന് ഉറപ്പിക്കാൻ, അങ്ങനെ ഒരു പാട് തവണ insulted ആയ കഥ ഞങ്ങൾ ആന്റിയുടെ അടുത്തു നിന്ന് കേട്ടിട്ടുണ്ട്. കറുത്ത ഒരു സ്ത്രിയെ DD ആയി സങ്കല്പ്പിക്കാൻ ബോധം സമ്മതിക്കില്ല, ബോധംകെട്ട് പോകും. പിന്നെ അവരെ മേഡം എന്ന് വിളിക്കേണ്ടി വരുന്നത് മുൻജന്മപാപം! അല്ലാതെന്ത് പറയാൻ?

സംവരണം; പിണറായി മോഹന്‍ ഭാഗവതിന്റെ കാര്യക്കാരനാകുമ്പോള്‍

പിന്നീട് ഒരു ദിവസം ഞാനും എപ്പിച്ചേച്ചിയും നാഗമ്പടത്ത് എക്സിബിഷൻ കാണാൻ പോയി, കുറച്ച് കഴിഞ്ഞപ്പോ ബഹളം കേൾക്കുന്നിടത്തേക്ക് ചെന്നപ്പോൾ എപ്പിച്ചേച്ചി അവരോട് ചൂടായിക്കൊണ്ടിരിക്കുന്നു, ഞാൻ കാര്യം തിരക്കിയപ്പോൾ അവൾ ഏറെക്കുറെ കരയാറായാണ് കാര്യം പറയുന്നത്, അവിടെ ഏതോ ഒരു ചേട്ടനെ തടഞ്ഞു നിർത്തി എന്തോ മോഷ്ടിച്ചെന്ന് ആരോപിച്ച് അപമാനിക്കുന്നു. കണ്ടാൽ നമ്മുടെ ചേട്ടനായതു കൊണ്ടല്ലേ, ആ പുള്ളിനെ തന്നെ ഇവർ തടഞ്ഞു നിർത്തിയത്, അവിടെ അത്രയും പേരുണ്ടായിട്ടും, എന്നവൾ പറഞ്ഞു കൊണ്ടിരിക്കെ ഞാൻ ആ ചേട്ടനെ നോക്കി. ആ പുള്ളിയാണെങ്കിൽ അങ്ങേയറ്റം അപമാനിക്കപ്പെട്ട് നിക്കണ നിപ്പുണ്ടല്ലോ, എനിക്ക് ശരിക്കും എന്റെ അപ്പച്ചനയാണ് ഓർമ്മ വന്നത്. അയാൾ എന്നോട് കാര്യം പറഞ്ഞു, മോളെ ഞാൻ കൂലിപ്പണിയിടുത്ത് ജീവിക്കുന്ന ഒരാളാ, പിള്ളേർക്ക് സാധനം വാങ്ങാൻ വന്നതാ. ഞാനൊന്നും എടുത്തിട്ടില്ല, ഇവര് വേണമെങ്കിൽ പരിശോധിച്ചോട്ടെ, പക്ഷേ ഇല്ലാത്തത് പറയരുതെന്ന് പറ മോളേ ഇവരോട്, എന്റെ കണ്ണ് അപ്പോഴേക്കും നിറഞ്ഞിരുന്നു. ഞാൻ അവരോട് മാനേജറെ വിളിക്കാൻ പറഞ്ഞു, അവിടെ അവർ സർ എന്ന് വിളിക്കുന്ന ഏതൊ ഒരാൾ വന്നു, ഹിന്ദിക്കാരനാണ്, അയാളോട് ഞാനും എപ്പിച്ചേച്ചിയും ചൂടായി, പോലീസിനെ വിളിക്കാൻ പറഞ്ഞു. അപ്പോൾ ചെക്ക് ചെയ്തപ്പോഴാണ് ഒന്നും നഷ്ടമായില്ല, അവർ എണ്ണിയതിന്റെ മിസ്റ്റേക്ക് ആണെന്നറിഞ്ഞത്, അപ്പോഴേക്കും ഞങ്ങളുടെ ടെമ്പറ് പൂർണ്ണമായും നഷ്ടമായി. എല്ലാവരേയും കോടതിക്കേറ്റും എന്ന് പറഞ്ഞ് ആകെ ഞങ്ങൾ ബഹളമാക്കി, ഒപ്പം കരച്ചിലും. അയാളുടെ കാല് പിടിപ്പിച്ചതിന് ശേഷമാ ഞങ്ങൾ പോന്നത്. എങ്കിലും മാസങ്ങളോളം ആ മുഖം മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു.

കലയ്ക്ക് ജാതി ഇല്ലെന്നോ? ആര്‍എല്‍വി കോളേജിലെ ജാതി പീഡനം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍

അങ്ങനെ അങ്ങനെ എത്ര എത്ര അനുഭവങ്ങൾ, ജാതിക്കുമേൽ പണവും പദവിയും പറക്കില്ലാത്തതിനുള്ള ഉദാഹരണങ്ങൾ. സംവരണത്തെ എതിർക്കുന്നവരേ, എല്ലാവരും ജോലിക്കാരായ ഒരു മിഡിൽ ക്ലാസ് ഫാമിലിയിലാണ് ഞാനും ജനിച്ചത്, എന്നിട്ടും അനുഭവിച്ച ജാതീയതയിൽ വലിയ ഡിസ്കൌണ്ട് ഒന്നും ലഭിച്ചിട്ടില്ല, പിന്നെ പൈസ എറിഞ്ഞ് കുറെ പേരോട് തിരിച്ച് ചോദ്യം ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അത്ര മാത്രം. ഇതിന്റെ ആയിരം മടങ്ങ് അനുഭവങ്ങൾ പറയാനുണ്ടാകും എന്റെ ഓരോ കൂടപ്പിറപ്പുകൾക്കും.

സാമുദായികസംവരണത്തെ എതിർക്കുന്നവരേ, നിങ്ങളെ സംബന്ധിച്ചോളം ജോലി നേടാനുള്ള മാർഗ്ഗം മാത്രമായി അത് മാറുന്നത് സാമൂഹിക അനീതി ഒരു തരിമ്പും അനുഭവിക്കാത്തതുകൊണ്ടാണ്. അത് നിങ്ങൾ അനുഭവിച്ച സാമൂഹിക അധിക അനുകൂല്യങ്ങൾക്ക് തുല്യമാണെന്ന് മനസ്സിലാക്കുക. എന്നാലും നമ്മളിതൊന്നും കാര്യമാക്കണ്ട കേട്ടോ… ആ ഗ്രാമത്തിലെ ദളിത് കോപ്ര സഹോദരൻമാരുടെ കഥ മുറുക്കേ പിടിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കാം നമ്മുക്ക്?

ജാതി കേരളം; പന്തളം ബാലനെ മലയാള സിനിമ പുറത്താക്കിയത് ഇങ്ങനെ

(തൊമ്മിക്കുഞ്ഞ് രമ്യ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

തൊമ്മിക്കുഞ്ഞ് രമ്യ

തൊമ്മിക്കുഞ്ഞ് രമ്യ

റെയില്‍വേയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍