TopTop
Begin typing your search above and press return to search.

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി... മറന്നു പോകരുത് ഈ പേരുകള്‍

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി... മറന്നു പോകരുത് ഈ പേരുകള്‍
ഈ പേരുകള്‍ മറന്നുപോകരുത്...

രമേശ് ചെന്നിത്തല, പി.എസ് ശ്രീധരന്‍പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, തുടങ്ങി കൊല്ലം തുളസി വരെയുള്ള പേരുകള്‍ എഴുതി വയ്ക്കേണ്ടതുണ്ട്. ചരിത്രത്തില്‍ പലയിടത്തായി രേഖപ്പെടുത്തേണ്ടിവരും.

ദിവാന്‍ വെങ്കിട്ടറാവു, പേഷ്കാർ ശങ്കുണ്ണിമേനോൻ , മാടന്‍പിള്ള, റവന്യൂ ഇൻസ്പെക്ടർ ശങ്കുപ്പിള്ള, നാഗര്‍കോവിലിലെ വൈദ്യലിംഗം പിള്ള, ചെമ്പന്‍വിളയില്‍ താണുപിള്ള... എന്നിങ്ങനെ ഇവരും ചരിത്രത്തില്‍ അകപ്പെട്ടു കിടക്കണം...

1822 മുതല്‍ 1860 വരെയുള്ള തെക്കന്‍ തിരുവിതാകൂറിന്റെ ചരിത്രത്തില്‍ നിന്നാണ് ഈ പേരുകള്‍ കണ്ടെത്താനാവുക. ചാന്നാര്‍ ലഹള, മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നിങ്ങനെ ചരിത്രം പലപേരുകളില്‍ വ്യവഹരിച്ച ജാതിവിരുദ്ധ സമരത്തിലെ ഒറ്റുകാരായും വേട്ടക്കാരായും ഈ പേരുകള്‍ പതിഞ്ഞുകിടക്കുന്നുണ്ട്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തിയെ തീവ്രവാദത്തോളമെത്തിച്ച് വിജ്രൃംഭിപ്പിച്ച് ആനന്ദംകൊള്ളുന്ന എല്ലാ പേരുകളും ഓര്‍ത്തുവയ്ക്കണം.

1822-ൽ കല്‍ക്കുളം ചന്തയില്‍ വന്ന മാറിടം മറച്ച നാടാര്‍ സ്ത്രീകളുടെ റൗക്ക ചില സവർണ പുരുഷന്‍മാര്‍ വലിച്ചുകീറി. അതേവര്‍ഷം മാറു മറച്ചു നടന്ന നാടാര്‍ സ്ത്രീകളെ പത്മനാഭപുരത്തുവച്ച് നായര്‍ പുരുഷന്‍മാര്‍ തല്ലിച്ചതച്ചു. ലഹള വ്യാപകമായി. അന്നത്തെ ദിവാൻ വെങ്കിട്ടറാവു സവര്‍ണ്ണര്‍ക്ക് അനുകൂലമായി നിലപാടെടുത്തു. അങ്ങനെ മാറ് മറയ്ക്കുന്നത് കുറ്റകൃത്യമായി. 1828-ൽ റവന്യൂ ഇൻസ്പെക്ടർ ശങ്കുപ്പിള്ള സവർണർക്കു നേതൃത്വം നല്കി. നാടാർ കുട്ടികളെ സ്കൂളിൽ നിന്നും തുരത്തുകയും നാടാർ സ്ത്രീകളുടെ റൗക്ക വലിച്ചുകീറുകയും ചെയ്തു.

(കല്‍ക്കുളം ചന്തയില്‍ നിന്ന് പമ്പയിലേയ്ക്ക് ഒന്നൊന്നര നൂറ്റാണ്ടുകൊണ്ട് നടന്നെത്താവുന്ന ദൂരമേയുള്ളു)

ലോകത്തെല്ലായിടത്തും സ്ത്രീകള്‍ പുറത്തുപോവുകയും തൊഴിലെടുക്കുകയും സ്വന്തം ഇടം നിര്‍മ്മിക്കുകയും ചെയ്യുന്നു. ബ്രാഹ്മണ മൂല്യങ്ങള്‍ ആധിപത്യം നേടിയതോടെ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന ചിന്ത ശക്തിപ്പെട്ടു. സ്ത്രീ ശരീരം ജന്‍മനാ പാപമാണെന്നും അത് മൂടിപ്പൊതിഞ്ഞ് വെയ്ക്കണമെന്നുമുള്ള വിക്ടോറിയന്‍ സദാചാരബോധവും സ്ത്രീയ്ക്ക് പുറംലോകവും സ്വതന്ത്ര ജീവിതവും നിഷിദ്ധമായിക്കണ്ട ബ്രാഹ്മണ മൂല്യവും ചേര്‍ന്നാണ് ഇന്ത്യന്‍ സ്ത്രീ ജീവിതം ക്രമപ്പെടുത്തിയത്. ഈ ക്രമത്തോടുള്ള കലാപമായിരുന്നു ചാന്നാര്‍ സമരം.

മാറ് മറയ്ക്കാനുള്ള അവകാശ സമരത്തില്‍ ബ്രിട്ടീഷ് പാതിരിമാരുടെ ഈ സദാചാരമൂല്യം കലര്‍ന്നിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ചാന്നാര്‍ സ്ത്രീകള്‍ മാറ് മറയ്ക്കലിനെ കണ്ടത് ജാതിക്കെതിരായ സമരമായാണ്. ‍മാറിടം മറയ്ക്കുക മാത്രമായിരുന്നില്ല. അതിനുമുകളില്‍ മേല്‍മുണ്ട് ധരിക്കുകകൂടി ചെയ്തു, അവര്‍.

അതെ, മേല്‍മുണ്ട്... മേല്‍മുണ്ടാണ് അവരെ വിറളി പിടിപ്പിച്ചത്...

മതം മാറിയ സ്ത്രീകള്‍ക്ക് റൗക്ക ധരിക്കാന്‍ അന്നത്തെ ഭരണകൂടം അനുവാദം നല്‍കുന്നുണ്ട്. പക്ഷെ മേല്‍മുണ്ട് ഉപയോഗിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മേല്‍മുണ്ട് തന്നെയായിരുന്നു പ്രശ്നം. മേല്‍മുണ്ട് ഉയര്‍ന്ന ജാതിക്കാരുടെ അടയാള വസ്ത്രമാണ്. ചാന്നാര്‍ സ്ത്രീകള്‍ മാറിടം മറയ്ക്കുക മാത്രമല്ല, അതിനുമുകളില്‍ മേല്‍മുണ്ട് ധരിച്ച് ജാതി അടയാളങ്ങളെയും അധികാര ചിഹ്നങ്ങളെയും വെല്ലുവിളിക്കുകയായിരുന്നു. അത് ജാതിക്കെതിരായ സമരമാകുന്നത് അങ്ങനെയാണ്.

സമരത്തിന്റെ ഒരു ഘട്ടത്തില്‍ എല്‍ എം എസ് പാതിരിമാര്‍ ചോദിക്കുന്നുണ്ട്, “എന്തിനാണ് നിങ്ങള്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. റൗക്ക ഇട്ടാല്‍ പോരേ..." എന്ന്. അവര്‍ക്ക് അതുമാത്രം പോരായിരുന്നു. പാതിരിമാരുടെ വിക്ടോറിയന്‍ സദാചാര മൂല്യങ്ങളുടെ പ്രയോഗ മാധ്യമമായിരുന്നില്ല ചാന്നാര്‍ സ്ത്രീയ്ക്ക് ശരീരം. അത് ജാതിക്കെതിരായ സമരസന്ദര്‍ഭമായിരുന്നു.

(വിക്ടോറിയന്‍ ബ്രാഹ്മണിക്കല്‍ സദാചാരയുക്തിയില്‍ നിന്നുള്ള പഴയ ചോദ്യത്തിന്റെ പുതിയ വേര്‍ഷനാണ്, “അമ്പത് കഴിഞ്ഞ് പോയാല്‍ പോരേ? എന്നത്. “അല്ല നിര്‍ബന്ധമാണേല്‍ പത്തിന് മുമ്പ് പൊയ്ക്കോ” എന്നൊരു സൗജന്യവും. ഈ രണ്ട് സന്ദര്‍ഭങ്ങളിലും വാര്‍ദ്ധക്യത്തിലും ബാല്യത്തിലും വടക്കന്‍പാട്ട് സിനിമേലെ പാട്ട് ചേര്‍ക്കാവുന്നതാണ്...."ആണായിരം തുണ പോകേണം...ആളായിരം തുണ പോകേണം...’’ തുണയില്ലാതെ പോകുന്ന, പോയേക്കാവുന്ന പെണ്ണിനെ സമൂഹത്തിന് ഭയമാണ്... ഈ ഭയത്തിന്റെ ആത്മവിഷ്കാരമാണ് ആചാര സംരക്ഷണ മഹാമഹം)

പറഞ്ഞുവന്നത് മേല്‍മുണ്ടിനെക്കുറിച്ചാണ്. അതെ, മേല്‍മുണ്ട്... മേല്‍മുണ്ടാണ് അവരെ വിറളി പിടിപ്പിച്ചത്...

മേല്‍മുണ്ട് ധരിച്ച സാറ എന്ന നാടാർ സ്ത്രീയ്ക്കെതിരെ പേഷ്കാര്‍ ശങ്കുണ്ണിമേനോൻ ശിക്ഷാനടപടിയെടുത്തു. 1859 ജനുവരി 4-ന് വൈദ്യലിംഗംപിള്ള എന്ന സവർണന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ അക്രമം നടന്നു. 1859 ജനുവരി 7-ന് കുമാരപുരത്ത് നാടാർ സ്ത്രീകളെ നഗ്നരാക്കി വഴി നടത്തി. ചെമ്പൻവിളയിൽ താണുമുത്തുപിള്ള നേതൃത്വം നല്‍കി.

ഒന്നര നൂറ്റാണ്ടു കഴിട്ടും സദാചാരബോധ്യങ്ങള്‍ മാറുന്നില്ല. മേല്‍മുണ്ടിന് പകരം പ്രായം കടന്നുവരുന്നു. ശരീരത്തിന് മേല്‍ ശുദ്ധിയും‍ അശുദ്ധിയും ആരോപിക്കപ്പെടുന്നു എന്നുമാത്രം.

സ്ത്രീകള്‍ മലകയറുമ്പോള്‍ ആചാരമായും അനുഷ്ഠാനമായും കൊണ്ടുനടക്കുന്ന ബ്രാഹ്മണ സദാചാരയുക്തികള്‍ പൊളിഞ്ഞുവീഴും. ജാതി വാഴ്ചയുടെ അധികാര- സുഖവാസ കേന്ദ്രങ്ങളെ സംരക്ഷിച്ചുനിര്‍ത്താനുള്ള ബ്രാഹ്മണിസത്തിന്റെ ജീവന്‍മരണ പോരാട്ടമാണിത്... അതിനോടൊട്ടിനില്‍ക്കുന്നവരെ ഓര്‍ത്തുവയ്ക്കണം.

പേരുകള്‍ ചരിത്രത്തില്‍ പ്രധാനമാണ്....

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി...

'ചരിത്രം, അതല്ലേ എല്ലാം...’

(ജയകുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/opinion-how-bjp-president-ps-sreedharan-pillai-ignites-communal-issues-on-sabarimala-women-entry-written-by-arun/

https://www.azhimukham.com/trending-entry-of-media-person-activist-in-sabarimala-today-analysis-kjjacob-writes/

https://www.azhimukham.com/opinion-what-history-taught-us-and-sabarimala-women-entry-writes-aisibi/

https://www.azhimukham.com/offbeat-i-entered-sabarimala-many-times-reveals-lakshmyrajeev/

https://www.azhimukham.com/trending-pinarayi-speech-in-ldf-public-meeting/

Next Story

Related Stories