Top

ഒരു മഹാവിപത്തിനെ നേരിടേണ്ടത് ട്രോളുകൾ കൊണ്ടല്ല

ഒരു മഹാവിപത്തിനെ നേരിടേണ്ടത് ട്രോളുകൾ കൊണ്ടല്ല
ഇന്ന് സോഷ്യൽ മീഡിയ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഒരു ദുരന്തം പോലും തമാശകൾക്കും ട്രോളുകൾക്കും പാത്രമാകുന്നു എന്നുള്ളതാണ്. വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളിൽ പോലും കാമ്പുള്ള ചർച്ചകൾക്ക് പകരം ട്രോളുകൾ ആണ് മേൽക്കൈ നേടുന്നത്. ട്രോളുകൾ, അതിനു രാഷ്ട്രീയ മൂല്യത്തേക്കാൾ ((political value ) വിനോദമൂല്യമാണ് (Entertainment Value) കൂടുതൽ എന്ന് തിരിച്ചറിയേണ്ടത് പരമപ്രധാനമാണ്. നിപ്പ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കൊണ്ട് ഇന്ന് ഏറ്റവുമധികം സാമൂഹികമായി ഒറ്റപ്പെടുന്നതോടൊപ്പം പലരുടെയും ക്രൂര തമാശയ്ക്കു വിധേയരാവുകയാണ് പേരാമ്പ്ര എന്ന പ്രദേശം.


നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണെന്ന് ബെന്യാമിൻ ആടുജീവിതത്തിൽ എഴുതിയത് ശരിയാണ്. കാര്യങ്ങൾ അവിടെനിന്ന് മുന്നോട്ടുപോകാത്തത് കഷ്ടമാണ്. നമ്മളെ നേരിട്ട് ബാധിക്കാത്ത പ്രശ്നങ്ങളുടെ സീരിയസ്നെസ്സ് മനസ്സിലാക്കാൻ കഴിയണം. അതുമൂലം ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ നൊമ്പരങ്ങൾ തിരിച്ചറിയണം. അപ്പോഴേ നമ്മൾ മനുഷ്യരാകുന്നുള്ളൂ.

ഇന്നത്തെ ഫേസ്ബുക്ക് ഡയറി

''രാവിലെ ട്രെയിനിൽ കയറിയപ്പോൾ ഭയങ്കര തിരക്കായിരുന്നു. നിൽക്കാൻ പോലും സ്ഥലമില്ല. അവസാനം ഒരു നമ്പറങ്ങു കാച്ചി. ഞാൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നു വരികയാണെന്നു പറഞ്ഞപ്പോൾ കമ്പാർട്ട്മെന്റ് കാലി! സുഖമായി യാത്ര ചെയ്തു..!! ''

ഇപ്പോൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന 'തമാശ'യാണിത്. ഇത്തരത്തിലുള്ള അനവധി ഫലിത മെസേജുകളും ട്രോളുകളും നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. വിഷയത്തിലേക്ക് വരുന്നതിനു മുമ്പ് എൻ്റെയൊരു അനുഭവം പങ്കുവെയ്ക്കാം.

ഞാൻ ജോലി ചെയ്യുന്നത് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലാണ്. നിപ ബാധ സംശയിക്കുന്ന ഒരു രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ആ രോഗിയുടെ വരവോടെ ആസ്പത്രിയുടെ അന്തരീക്ഷത്തിന് സംഭവിച്ച മാറ്റം അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടത് !

ആസ്പത്രിയിൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് വരുന്നവർ എത്രയും വേഗം കാര്യം തീർത്ത് മടങ്ങിപ്പോകാൻ വെപ്രാളപ്പെടുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരെ കാണുമ്പോൾ സംശയത്തോടെ നോക്കുന്നു. പരിചയമില്ലാത്ത ഒരാളിൻ്റെ സ്പർശനം ആളുകളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. മാസ്കുകൾ കോമ്പൗണ്ടിൽ ചിതറിക്കിടക്കുന്നു.

രോഗി കിടക്കുന്ന വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കാണുമ്പോൾ ആളുകൾ പേടിച്ചുവിറയ്ക്കുന്നു. അവരുമായി എപ്പോഴും അകലം സൂക്ഷിക്കാൻ ശ്രമിക്കുന്നു. ആ വാർഡിലെ ജോലിക്കാർ എല്ലാ വിധ മുൻകരുതലുകളും എടുക്കുന്നുണ്ടെങ്കിലും ആളുകളെ അതൊന്നും സമാധാനിപ്പിക്കുന്നില്ല. മനുഷ്യർ പരസ്പരം ചിരിക്കാനും ആശ്ലേഷിക്കാനും മറന്നുതുടങ്ങിയതുപോലെ. മൊത്തത്തിൽ ഒരു ഭീതി ഇവിടെ തളംകെട്ടി നിൽക്കുകയാണ്! കുറ്റപ്പെടുത്താനാവില്ല. അത്രയും ഭീകരമായ ഒരു രോഗമല്ലേ നാടിനെ ഗ്രസിച്ചിരിക്കുന്നത്!

മറക്കരുത്. ഈ വരികൾ എഴുതുന്ന നിമിഷം വരെയും നിപ സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു രോഗിയുടെ സാന്നിദ്ധ്യമാണ് ആളുകളെ ഇത്രയും പേടിപ്പിക്കുന്നത്. തൃശ്ശൂരിലെ സ്ഥിതി ഇതാണെങ്കിൽ നിപ മരണങ്ങളുടെ കേന്ദ്രങ്ങളായ പേരാമ്പ്ര താലൂക്ക് ആസ്പത്രിയുടെയും കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെയുമെല്ലാം അവസ്ഥ എന്താവും!? സങ്കൽപ്പിക്കാൻ പോലും ധൈര്യം തോന്നുന്നില്ല.

കുറച്ച് സാധുമനുഷ്യർക്ക് ഈ മഹാരോഗം മൂലം ജീവൻ നഷ്ടമായല്ലോ. അവരുടെ വീടുകളിലേക്ക് അടുത്ത ബന്ധുക്കൾ പോലും പോകുന്നില്ല. നിപയുടെ ആദ്യ ഇരയായ മുഹമ്മദ് സാബിത്തിൻ്റെ വീട്ടുകാരെ പ്രതികാരബുദ്ധിയോടെയാണ് പലരും നോക്കുന്നത്. രോഗികളുടെ സമീപവാസികൾ വീടൊഴിഞ്ഞുപോകുന്നു. നഴ്സ് ലിനിയെ നാം വാഴ്ത്തുമൊഴികൾ കൊണ്ടുമൂടുന്നു. എന്നാൽ ലിനിയുടെ വീട്ടിലേക്കൊന്ന് കടന്നുചെല്ലാനും ആ കുഞ്ഞുമക്കളെ നെഞ്ചോടു ചേർക്കാനും നമ്മളിലെത്ര പേർക്ക് ധൈര്യമുണ്ട്? നിപ ബാധിച്ച ഒരാളെ പരിചരിക്കാൻ ആരും ഒന്ന് മടിക്കും. മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന് നമ്മൾ കരുതും. പക്ഷേ ഇല്ല! മരിച്ചവരെ മറവുചെയ്യുന്ന ശ്മശാനത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ബന്ധുക്കൾ നിറകണ്ണുകളോടെ പറയുന്നുണ്ട്.

കേരളീയജനതയുടെ ഒരു വിഭാഗം വലിയ ഒറ്റപ്പെടുത്തലുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഈ വിഷയത്തെക്കുറിച്ച് തമാശകൾ പടച്ചുവിടുന്നത്. ഇത് ക്രൂരമാണ്; മനുഷ്യത്വമില്ലായ്മയാണ്.

ട്രോളും തമാശയും പ്രചരിപ്പിക്കുന്ന എല്ലാവരുടെയും മനസ്സിൽ വിഷമാണെന്ന അഭിപ്രായം എനിക്കില്ല. ഒരുപക്ഷേ അതിൻ്റെ ഗൗരവം അവർക്ക് മനസ്സിലായിട്ടുണ്ടാവില്ല. ഈ തമാശകൾ എഴുതിവിടുന്നവർ നിപയുടെ യാതൊരുവിധ തിക്തഫലങ്ങളും അനുഭവിച്ചിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. അനുഭവസ്ഥർക്ക് അങ്ങനെ തമാശ പറയാൻ കഴിയില്ല.

ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ വീട്ടുപടിക്കൽ എത്താവുന്നതേയുള്ളൂ നിപ എന്ന വിപത്ത്. അകലെയാണെന്ന് കരുതി ആശ്വസിക്കുകയോ അഹങ്കരിക്കുകയോ വേണ്ട!

ഇനി നിങ്ങൾക്ക് നിപയെക്കുറിച്ച് തമാശ പറഞ്ഞേ തീരൂ എന്നാണെങ്കിൽ ദയവുചെയ്ത് അത്തരം സംസാരങ്ങൾ നിങ്ങളുടെ സ്വകാര്യതയിൽ മാത്രം പരിമിതപ്പെടുത്തുക. വാ­ട്സ് ആപ്പിലൂടെ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരി­ക്കുക. മരണവീട്ടിൽ ആരും തമാശ പറയാറില്ലല്ലോ. മരിച്ചയാൾ നമ്മുടെ ആരുമല്ലെങ്കിലും അതാണ് പതിവ്. ആ സാമാന്യ മര്യാദയെങ്കിലും ഇക്കാര്യത്തിൽ പാലിക്കുക.

ഇന്നാട്ടിലെ മനുഷ്യത്വമുള്ള ജനതയോട് ഈയുള്ളവന് വിനയപൂർവ്വം ചില കാര്യങ്ങൾ പറയാനുണ്ട്.

1) ധാരാളം ദുഷ്പ്രചരണങ്ങൾ നിപയുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉണ്ടാവുന്നുണ്ട്. കിട്ടുന്നതെല്ലാം അതേപടി ഷെയർ ചെയ്യരുത്. ആധികാരികമാണെന്ന് ഉറപ്പുള്ള വിവരങ്ങൾ മാത്രം ഫോർവേഡ് ചെയ്യുക. അല്ലെങ്കിൽത്തന്നെ ജനം പരിഭ്രാന്തിയിലാണ്. അത് വർദ്ധിപ്പിക്കരുത്.

2) വെടക്കൻമാരുടെ ജല്പനങ്ങളും അല്പജ്ഞാനികളുടെ 'മോഹന'വാഗ്ദാനങ്ങളും അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചുതള്ളുക. വ്യാജവൈദ്യൻമാരെ പിന്തുണയ്ക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.

3) രോഗം വരാതിരിക്കാനുള്ള എല്ലാ വിധ മുൻകരുതലുകളും സ്വീകരിക്കുക. നമ്മുടെ പ്രദേശത്ത് നിപ ഇല്ലെന്ന് കരുതി സമാധാനിക്കരുത്. ധീരത പ്രദർശിപ്പിക്കാൻ വേണ്ടി മാസ്കുകൾ നിഷേധിക്കരുത്. വിഡ്ഢിത്തമല്ല ധീരത. നമ്മുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല ഇതൊന്നും. നാം മൂലം മറ്റൊരാൾക്ക് ഈ അസുഖം വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതും നമ്മുടെ കടമയാണ്.

ഈ മഹാവിപത്തിനെതിരെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. തമാശകൾ അവസാനിക്കട്ടെ. ബോധവത്കരണവും സഹാനുഭൂതിയും വ്യാപിക്കട്ടെ...

(സന്ദീപ്‌ ദാസ് ഫേസ്ബുക്കില്‍ എഴുതിയത്)

Next Story

Related Stories