TopTop
Begin typing your search above and press return to search.

ട്രാക്ക് തെറ്റിക്കുന്ന ഉത്തേജകത്തിന്റെ ഇരുണ്ട ലോകങ്ങള്‍

ട്രാക്ക് തെറ്റിക്കുന്ന ഉത്തേജകത്തിന്റെ ഇരുണ്ട ലോകങ്ങള്‍

വില്‍ ഹോബ്‌സന്‍, ജയിംസ് വാഗ്‌നര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ആ കായിക പരിശീലകനും ഫാര്‍മസിസ്റ്റും ഒരു വിരുന്നിനിടയില്‍ ആയിരുന്നു കണ്ടുമുട്ടിയത്, അവരുടെ സുഹൃത്തായ കായികതാരമായിരുന്നു വിരുന്നൊരുക്കിയത്. ഇരുവര്‍ക്കും തുടക്കത്തില്‍ സംസാരിക്കാന്‍ വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ പെട്ടന്നു തന്നെ തങ്ങള്‍ക്കിടയിലെ പൊതുവായ കാര്യങ്ങള്‍ അവരുടെ കണ്ണില്‍പ്പെട്ടു; മിഡ്‌വെസ്‌റ്റേണ്‍ വേരുകള്‍, കൃസ്ത്യന്‍ വിശ്വാസം, പോഷകസംബന്ധിയായ കാര്യങ്ങളിലുള്ള അതിയായ താത്പര്യം.

താമസിയാതെ ഇരുവരും ചേര്‍ന്ന് ഒരു വ്യാപാര സംരംഭവും ആരംഭിച്ചു. അത് വിജയിക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. എന്നാല്‍ ആ ബന്ധം കഴിഞ്ഞ മാസത്തോടെ അവസാനിച്ചു; ഫാര്‍മസിസ്റ്റിനെ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകളുടെ ഇടപാടുകാരനായി ഒരു ഡോക്യുമെന്ററി തുറന്നു കാണിച്ചതോടെ.

കായിക പരിശീലകര്‍ ഈ നഗരത്തിലും പരിസരത്തുമായി ജീവിക്കുന്ന ധാരാളം പ്രഫഷണല്‍ അത്‌ലെറ്റുകളുടെ കൂടെയാണ് ജോലിയെടുക്കുന്നത്. അവരുടെ സമൂഹം മല്‍സരം നിറഞ്ഞതും എന്നാല്‍ പുറംലോകത്തിന് കടന്നുകൂടാന്‍ ആവാത്തതുമാണ്. അവിടെ, കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വരെ ജെയ്‌സണ്‍ റൈലിയുടെ പേര് വിമര്‍ശനങ്ങള്‍ക്കതീതമായിരുന്നു. റൈലിയുടെ മുന്‍ ക്ലയന്റുകളുടെ ലിസ്റ്റില്‍ പ്രധാനി ന്യൂയോര്‍ക് യാങ്കീസിന്റെ (New York Yankese, ന്യൂയോര്‍ക് നഗരത്തിലെ ബ്രോണ്‍ക്‌സ് ആസ്ഥാനമായുള്ള പ്രഫഷണല്‍ ബേസ്‌ബോള്‍ ടീമാണ്. ഇവര്‍ പ്രധാന ബേസ്‌ബോള്‍ ലീഗുകളില്‍ കളിക്കുന്നു) വിരമിച്ച 'ഷോര്‍ട്ട്‌സ്‌റ്റോപ്പ്' ആയ (ബേസ് ബോള്‍/ സോഫ്റ്റ് ബോളിലെ പ്രധാനപ്പെട്ട പ്രതിരോധ ഫീല്‍ഡിങ് സ്ഥാനം) ആയ ഡെറെക് ജെറ്റര്‍ ആണ്. ജെറ്ററുടെ കായികജീവിതത്തിലെ വൈകിയുണ്ടായ ഉയര്‍ച്ച റൈലിയുടെ കീഴിലെ പരിശീലനം തുടങ്ങിയ ശേഷമായിരുന്നു. എന്നാല്‍ 41കാരനായ നെബ്രാസ്‌ക സ്വദേശി റൈലി കരുതുന്നത് ചാള്‍സ് സ്ലൈയുമായുള്ള ബന്ധം മൂലം അനാവശ്യമായി തന്റെ പേരും മോശമാക്കപ്പെടുകയാണ് എന്നാണ്. സഞ്ചാരിയായ ഫാര്‍മസിസ്റ്റ് സ്ലൈ (31) അല്‍ ജസീറ സംപ്രേക്ഷണം ചെയ്ത 'ദി ഡാര്‍ക് സൈഡ്: ദി സീക്രട്ട് വേള്‍ഡ് ഓഫ് സ്‌പോര്‍ട്ട്‌സ് ഡോപിങ്' (The Dark Side: The Secret World of Sports Doping) എന്ന ഡോക്യുമെന്ററിയിലെ കേന്ദ്ര കഥാപാത്രമായിരുന്നു.റൈലിയുടെ പേര് ഡോക്യുമെന്ററിയിലെങ്ങും പരാമര്‍ശിച്ചിട്ടില്ല. ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞത് നിരോധിത മരുന്നുകള്‍ വില്‍ക്കുന്ന സ്ലൈയുടെ സൈഡ് ബിസിനസിനെ പറ്റി തനിക്കറിയില്ലായിരുന്നു എന്നാണ്. റൈലിയുടെ സപ്ലിമെന്റ് കമ്പനിയായ 'Elemetnz Nturition' നു വേണ്ടി സ്ലൈ ജോലി ചെയ്തിട്ടുണ്ടെങ്കിലും റൈലി അവകാശപ്പെടുന്നത് സ്ലൈ അപൂര്‍വമായി മാത്രമേ ജോലി ചെയ്തിരുന്നുള്ളൂ എന്നും വേതനം പോലും കൊടുത്തിട്ടില്ല എന്നുമാണ്.

തന്നെയും സ്ലൈയിനെയും ചേര്‍ത്തുള്ള വിവാദങ്ങള്‍ മൂലം ഉപഭോക്താകളെ നഷ്ടപ്പെടുമെന്നു വേവലാതിപ്പെടുന്ന റൈലി പറയുന്നത് ഉത്തേജക മരുന്നുകള്‍ താന്‍ ഒരിക്കലും ഒരു താരത്തിനും കൊടുത്തിട്ടില്ലെന്നും അവ ഉപയോഗിക്കുന്നവരുടെ കൂടെ അറിഞ്ഞുകൊണ്ട് ജോലി ചെയ്തിട്ടില്ലെന്നുമാണ്. ഡോക്യുമെന്ററിയില്‍ സ്ലൈ നിരോധിത മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി പേരെടുത്തു പറഞ്ഞിരിക്കുന്ന പല കായിക താരങ്ങളും തന്റെ പുതിയതും പഴയതുമായ ഇടപാടുകാരാണ് എന്നതിന് റൈലിക്ക് വിശദീകരണമൊന്നുമില്ല. ഉദാഹരണത്തിന് ബേസ് ബോള്‍ കളിക്കാരായ റയന്‍ ഹോവാര്‍ഡ്, റയന്‍ സിമ്മര്‍മാന്‍ തുടങ്ങിയവര്‍.

(തന്റെ പ്രസ്താവനകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്നറിയാതെയാണ് ഡോക്യുമെന്ററിയില്‍ സ്ലൈ സംസാരിക്കുന്നത്. സംഗതി പരസ്യമായതോടെ സ്ലൈ തന്റെ വാക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. സ്ലൈ പേരു പറഞ്ഞിട്ടുള്ള ധാരാളം കായിക താരങ്ങള്‍ അത് നിഷേധിച്ചു. ഹോവാര്‍ഡും സിമ്മര്‍മാനും അല്‍ ജസീറയ്ക്കും ഇതില്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുത്തിരിക്കുകയാണ്).

'എന്റെ പരിശീലക ജീവിതത്തിലുടനീളം ഞാന്‍ ഉത്തേജക മരുന്നുകള്‍ക്ക് എതിരായിരുന്നു. എനിക്കറിയാം എന്നു ഞാന്‍ കരുതിയിരുന്ന ഒരു മനുഷ്യന്‍ കാമറയ്ക്ക് മുന്‍പില്‍ അങ്ങനെയൊക്കെ സംസാരിക്കുന്നതു കണ്ടപ്പോള്‍... എനിക്കു പരിചയമുള്ള ആളാണിത് എന്നുപോലും തോന്നിയില്ല'; റൈലി പറഞ്ഞു.

വേണ്ടത്ര വകതിരിവ് കാണിക്കാതെ, ഒരു മനുഷ്യനെ പൂര്‍ണമായി വിശ്വസിച്ച്, തന്റെ സഹപ്രവര്‍ത്തകര്‍ക്ക് 'സമര്‍ത്ഥന്‍' എന്നു പറഞ്ഞു പരിചയപ്പെടുത്തിയതില്‍ റൈലിക്കു കുറ്റബോധമുണ്ട്, അവര്‍ക്ക് നല്ല നിലവാരമുള്ള പോഷക സപ്ലിമെന്റുകള്‍ ഉപദേശിക്കാന്‍ കഴിയുന്ന ഒരു കണ്‍സല്‍ട്ടന്റ് എന്നാണ് താന്‍ കരുതിയത് എന്നു റൈലി പറയുന്നു.

'എല്ലാവരും ജന്മനാ നല്ലവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രകാശം പരത്തണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്'; റൈലി പറഞ്ഞു.2011ല്‍ നെവാദയിലെ ഒരു പാര്‍ട്ടിയില്‍ തന്നെയും സ്ലൈനെയും പരിചയപ്പെടുത്തിയ സുഹൃത്ത് ആരാണെന്ന് പറയാന്‍ റൈലി തയ്യാറായില്ല; എന്നാല്‍ ഈ അത്‌ലെറ്റ് മാത്രമാണു സ്ലൈയിനോട് സൗഹൃദം പുലര്‍ത്തിയിരുന്നതെന്ന് റൈലി പറയുന്നു. ഇല്ലിനോയിക്കാരനായ സ്ലൈ ഇന്ത്യാനയില്‍ ആണ് വളര്‍ന്നത്. ന്യൂയോര്‍ക് ജെറ്റ്‌സിന്റെയും മയാമി ഡോള്‍ഫിന്‍സിന്റെയും (അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമുകള്‍) 'ടൈറ്റ് എന്‍ഡ്' (അമേരിക്കന്‍ ഫുട്‌ബോളിലെ ഒരു പൊസിഷന്‍) ആയിരുന്ന ഡസ്റ്റിന്‍ കെല്ലറിനോടൊപ്പമായിരുന്നു ഹൈസ്‌കൂള്‍ പഠനം. അവര്‍ ഒരുമിച്ച് ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുമായിരുന്നു. പിന്നീട് ന്യൂയോര്‍ക് ജെറ്റ്‌സ് കെല്ലറിനെ ടീമില്‍ കരാറാക്കിയപ്പോള്‍ ഒരു ലഫൈയെറ്റ് ഇന്ത്യാന ന്യൂസ് പേപ്പര്‍ സ്ലൈയെ വിശേഷിപ്പിച്ചത് കെല്ലറുടെ ഏറ്റവുമടുത്ത ഹൈസ്‌കൂള്‍ കൂട്ടുകാരിലൊരാള്‍ എന്നാണ്.

കെല്ലറിനെ ഹൈസ്‌കൂളിലും കോളേജിലും സ്റ്റിറോയിഡുകള്‍ എടുക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്ന് സ്ലൈ അല്‍ ജസീറ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. 2013ല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നു NFLA (National Football League) കളി നിര്‍ത്തിയ കെല്ലര്‍ ഏജന്റ് വഴി പല തവണ അഭ്യര്‍ഥിച്ചിട്ടും ഇതിനോട് പ്രതികരിച്ചിട്ടില്ല.

'എന്റെ പേര് ഇതില്‍ നിന്ന് ഒഴിവാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്; ഇതിലേയ്ക്ക് പേരുകള്‍ വലിച്ചിഴയ്ക്കാനല്ല' കെല്ലറിന്റെയും പരിശീലകനായിരുന്നിട്ടുള്ള റൈലി പറഞ്ഞു. 'ഡസ്റ്റിന്‍ അങ്ങേയറ്റം പരിശ്രമശാലിയായിരുന്നു. എനിക്കു വളരെ ബഹുമാനം ഉള്ള ഒരാള്‍'.

2011ലെ ആ രാത്രിയില്‍ എതിരെയുള്ള സീറ്റുകളിരുന്നിരുന്ന സ്ലൈയും റൈലിയും തങ്ങളുടെ ഒരേപോലെയുള്ള പശ്ചാത്തലവും താല്പര്യങ്ങളും കാരണമാണ് സംസാരമാരംഭിച്ചത്.

ഓമഹ സ്വദേശിയായ റൈലി നെബ്രാസ്‌ക സര്‍വകലാശാലയിലാണ് പഠിച്ചത്. അവിടെ കിനീസിയോളജിയിലും (മനുഷ്യ ചലനങ്ങളെ പറ്റിയുള്ള ശാസ്ത്രീയ പഠനം) എക്‌സര്‍സൈസ് സയന്‍സിലും ബിരുദമെടുക്കേ മൂന്നു നാഷണല്‍ ചാംപ്യന്‍ഷിപ് ഫുട്‌ബോള്‍ ടീമുകളെ സഹായിച്ചു. 2000ല്‍ ഗ്ലോബല്‍ സ്‌പോര്‍ട്ട്‌സ് ടാലെന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സ്വകാര്യ അത്‌ലെറ്റിക് പരിശീലന സ്ഥാപനമായ IMG അക്കാദമിയില്‍ ജോലിക്കായി ബ്രെയ്‌ഡെന്റന്‍/ സാരസോട്ട പ്രദേശത്തേയ്ക്ക് മാറി. ടാംപയിലെ രണ്ട് പ്രധാന പ്രഫെഷണല്‍ സ്‌പോര്‍ട്ട്‌സ് ടീമുകള്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മറ്റൊന്ന്, വസന്തകാലത്ത് പരിശീലനത്തിനെത്തുന്ന (Springt raining) ആറ് ബേസ്‌ബോള്‍ ടീമുകള്‍ ഇവയെല്ലാം ആയതോടെ ഈ പ്രദേശം ഒരു 'സ്‌പോര്‍ട്ട്‌സ് ഹബ്' ആയി മാറി. കായിക താരങ്ങളെ കൂടുതല്‍ ശക്തരും, വേഗതയേറിയവരും വലിയവരുമാക്കാന്‍ സഹായിക്കുന്ന ബിസിനസ്സിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഇടം. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ റൈലിയുടെ ഉപഭോക്തൃപട്ടികയില്‍ വിവിധ കായിക ഇനങ്ങളില്‍ നിന്നുള്ള വമ്പന്‍ പേരുകള്‍ സ്ഥാനം പിടിച്ചു; ബേസ്‌ബോള്‍ കളിക്കാരായ ജെറ്റര്‍, ഹോവാര്‍ഡ്, ടൈലര്‍ ക്ലിപ്പര്‍ഡ് തുടങ്ങി ഫുട്‌ബോള്‍ കളിക്കാരായ സാമി വാറ്റ്കിന്‍സ്, മൈക്ക് നീല്‍, ടെന്നിസ് താരങ്ങളായ മരിയ ഷറപ്പോവ, ടോമി ഹാസ്, ജോണ്‍ ഇസ്‌നേര്‍ വരെയുള്ളവര്‍.

2008ല്‍ പഴയ ഉപഭോക്താവും പിന്നെ നിക്ഷേപകനുമായ ജാനിസ് ക്രംസിന്റെ സാമ്പത്തിക സഹായത്തോടെ റൈലി 'Elemetnz Nturition' സ്ഥാപിച്ചു. കടുത്ത ക്രിസ്തുമത വിശ്വാസിയായ റൈലി തന്റെ കമ്പനിയുടെ ദൗത്യമായി ഒരു ബൈബിള്‍ വചനമാണ് തെരഞ്ഞെടുത്തത്: 'കായിക അഭ്യാസിയായി മല്‍സരിക്കുന്ന ഒരുവന് നിയമങ്ങള്‍ അനുസരിച്ചു കൊണ്ട് മല്‍സരിക്കുമ്പോള്‍ മാത്രമേ വിജയ കിരീടം ലഭിക്കുകയുള്ളൂ' (തിമോത്തി 2ല്‍ നിന്ന്).

സ്ലൈയ്ക്ക് ഈ ബൈബിള്‍ വചനം അറിയാമായിരുന്നു; തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നിരോധിച്ചതും നിയമാനുസൃതമല്ലാത്തതും ആയ മരുന്നുകളോടുള്ള വൈമുഖ്യമായി ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്തു. ലാസ് വേഗസ് പ്രാന്തപ്രദേശമായ നെവാദ ഹാന്‍ഡേഴ്‌സണിലെ റോസ്സ്മാന്‍ ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ 'ഡോക്ടര്‍ ഓഫ് ഫാര്‍മസി' ഡിഗ്രിക്കും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദത്തിനും പഠിക്കുകയായിരുന്നു സ്ലൈ(പിന്നീട് ഇത് രണ്ടും പൂര്‍ത്തിയാക്കിയതായി രേഖകള്‍ പറയുന്നു).

'വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കാര്യത്തില്‍ ഞങ്ങളുടെ വിശ്വാസങ്ങള്‍ തമ്മില്‍ പൊരുത്തമുണ്ടെന്ന് ഞാന്‍ കരുതി. സ്ലൈ വളരെ ബുദ്ധിമാനാണെന്നും അസാധാരണ രീതിയില്‍ ചിന്തിക്കുന്നയാളാണെന്നും എനിക്കു തോന്നി' റൈലി പറഞ്ഞു.

അവര്‍ ഇ-മെയില്‍ വിലാസങ്ങള്‍ കൈമാറി; താമസിയാതെ ഒരുമിച്ച് ജോലിയെടുക്കാനും തുടങ്ങി. സ്ലൈ 'Elemetnz Nturition' ഉപദേശകനായി. സപ്ലിമെന്റുകളില്‍ എന്തൊക്കെ ഉപയോഗിക്കണം എന്നു റൈലിയെ ഉപദേശിക്കാന്‍ തുടങ്ങി. 2011 അവസാനം, അവര്‍ കണ്ടുമുട്ടി മാസങ്ങള്‍ക്കകം, കെല്ലര്‍ താന്‍ സീസണല്ലാത്തപ്പോള്‍ 'Elemetnz Nturition'നിലെ ജെയ്‌സണ്‍ റൈലിയുടെയും ചാര്‍ലി സ്ലൈയുടെയും കൂടെ പോഷകങ്ങള്‍, സപ്ലിമെന്റുകള്‍, പരിശീലനം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നതായി 'മെന്‍സ് ജേര്‍ണല്‍' മാഗസിനോട് പറഞ്ഞു.

സ്ലൈ ദുരൂഹതകള്‍ നിറഞ്ഞ, വിശ്വസനീയനല്ലാത്ത ആളായിരുന്നുവെന്ന് റൈലി പറയുന്നു. ചിലപ്പോള്‍ ഒരു ഇ-മെയിലിന് മറുപടി അയയ്ക്കാന്‍ മാസങ്ങള്‍ എടുക്കുമായിരുന്നു. സ്ലൈ നെവാദയില്‍ നിന്നും ബ്രൌണ്‍സ്ബര്‍ഗിലേയ്ക്കും, ഓസ്റ്റിനിലേയ്ക്കുമൊക്കെ മാറി, ടാംപ പ്രദേശത്തേയ്ക്ക് ഏതാനും തവണയെ പിന്നെ വന്നുള്ളൂ. 'Elemetnz' സാമ്പത്തിക മെച്ചത്തിലായിരുന്നില്ല; അതു കൊണ്ട് സ്ലൈയ്ക്കു ഓഹരി നല്‍കുന്നതിനെ പറ്റി സംസാരിച്ചുവെങ്കിലും അത് രേഖാമൂലമാക്കിയില്ല എന്നു റൈലി പറയുന്നു. 'ചാര്‍ലിയെ നേരില്‍ കണ്ട അവസരങ്ങള്‍ എനിക്കു വിരലില്‍ എണ്ണാവുന്നത്രയെ ഉള്ളൂ'.

2012ല്‍ ഫ്‌ളോറിഡയില്‍ ഫാര്‍മസിസ്റ്റ് ഇന്റേണ്‍ ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ സ്ലൈ റൈലിയുടെ ലേയ്ക്‌വുഡ് റാഞ്ചിലെ വീടാണ് തന്റെ താമസസ്ഥലമായി വച്ചത്. ബ്രെയ്‌ഡെന്റന്‍ സാരസോട്ടയില്‍ നിന്ന് 30 മിനിറ്റ് ദൂരത്തുള്ള നഗരപ്രാന്ത പ്രദേശമാണ് അത്. ഇക്കഴിഞ്ഞ മാസം വരെ താന്‍ ഇതറിഞ്ഞിരുന്നില്ലെന്ന് റൈലി പറയുന്നു.

2014ല്‍ റൈലി സ്‌റ്റേറ്റ് കോര്‍പ്പറേറ്റ് രേഖകളിലെ 'Elemetnz Nturition' അഡ്രസ്സ് സാരസോട്ടയിലേത് മാറ്റി മുന്‍ NFL കളിക്കാരായ ലെവെലിന്‍ 'യോ' മര്‍ഫിയുടെയും ആന്തണി 'ബൂഗര്‍' മാക്ഫര്‍ലാണ്ടിന്റെയും കൂടെ ടാംപയില്‍ താന്‍ തുടങ്ങിയ ജിമ്മായ 'പെര്‍ഫോമന്‍സ് കോമ്പൗണ്ടി'ന്റെതാക്കി മാറ്റി.

ഈ ബിസിനസ് ബന്ധം കഴിഞ്ഞ വര്‍ഷത്തോടെ വഷളായി. റൈലി ഇടപാടുകാരെ തട്ടിയെടുക്കുന്നുവെന്നും ജിമ്മിന്റെ മാര്‍ക്കറ്റിങ് തകര്‍ക്കുന്നുവെന്നും കാണിച്ചു മര്‍ഫിയും മാക്ഫര്‍ലണ്ടും കേസ് ഫയല്‍ ചെയ്തു. ആരോപണങ്ങള്‍ റൈലി നിഷേധിച്ചു. കേസ് പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

'അതൊരു ബിസിനസ് തര്‍ക്കം മാത്രമായിരുന്നു; ഞങ്ങള്‍ അത് പരിഹരിക്കുകയും ചെയ്തു' റൈലിയുടെ വക്കീലായ ആന്തണി ഫാന്റൗസി പറഞ്ഞു.

'Elemetnz Nturition' ഹെഡ്ക്വാര്‍ട്ടേഴ്‌സായി പെര്‍ഫോമന്‍സ് കോമ്പൗണ്ടിനെ മാറ്റിയ വര്‍ഷം റൈലി ജിമ്മില്‍ കാലുകുത്തിയിട്ടില്ലെന്ന് മര്‍ഫി പറയുന്നു. തങ്ങളുടെ ഇടപാടുകാര്‍ ആരും തന്റെ അറിവില്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ഞങ്ങള്‍ ഈ വിവാദത്തില്‍ പെട്ടു പോകുന്നതില്‍ അമര്‍ഷമുണ്ട്' മര്‍ഫി പറഞ്ഞു.

ടാംപയിലെ ഒരു നിക്ഷേപകനും ജിമ്മിന്റെ ഉടമസ്ഥരില്‍ ഒരാളുമായ സ്‌കോട് ലീയും മര്‍ഫിയും 'Elemetnz Nturition'നും 'പെര്‍ഫോമന്‍സ് കോമ്പൗണ്ടു'മായുള്ള ബന്ധം പരമാവധി വെട്ടിക്കുറച്ചു; തങ്ങളുടെ ജിമ്മുമായി 2015 മുതല്‍ റൈലിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

'പട്ടിയുടെ കൂടെ കിടന്ന് എഴുന്നേറ്റ് വരുമ്പോള്‍ ദേഹത്ത് പൂട പറ്റുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഞങ്ങള്‍ അങ്ങനെയല്ല. ഈ സ്ഥാപനത്തിലെ ഒരാളും ഇത്ര നാള്‍ പാടുപെട്ടു കെട്ടിപ്പടുത്തതിനെ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യില്ല. ഞങ്ങളുടെ അറിവില്‍ ഇവിടത്തെ എല്ലാ അത്‌ലെറ്റുകളും കഠിനാധ്വാനികളും സത്യസന്ധരും സ്വഭാവശുദ്ധി ഉള്ളവരുമാണ്' ലീ പറഞ്ഞു.

റൈലി സ്ലൈയുമായി അവസാനം ബന്ധപ്പെട്ടത് കഴിഞ്ഞ 2015 ജൂലൈയില്‍ ഇ-മെയില്‍ വഴിയാണ്; ഭാരം കുറയ്ക്കാനുള്ള ഒരു വിറ്റാമിന്‍ പാക്കേജിനെ കുറിച്ച് അഭിപ്രായം ചോദിച്ചു കൊണ്ട്. ഡിസംബറില്‍ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യപ്പെട്ടു.

ഉത്തേജക മരുന്നുകളുടെ ഉപയോഗത്തെ പറ്റി അന്വേഷിക്കാന്‍ അല്‍ ജസീറ ബ്രിട്ടനില്‍ നിന്നുള്ള ഒരു പഴയ ട്രാക്ക് താരമായ ലിയം കോളിന്‍സിന്റെ സഹായം തേടി. തന്റെ അത്‌ലെറ്റിക് കരിയര്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിനായി നിരോധിക്കപ്പെട്ടതും നിയമാനുസൃതമല്ലാത്തതുമായ മരുന്നുകള്‍ കഴിക്കാന്‍ തയ്യാറാണെന്നും ഉള്ള കഥ കോളിന്‍സ് മെനഞ്ഞുണ്ടാക്കി. താന്‍ കണ്ടുമുട്ടിയവരെയെല്ലാം വീഡിയോ റെകോര്‍ഡും ചെയ്തു.

ഒരുകൂട്ടം ബേസ്‌ബോള്‍, ഫുട്‌ബോള്‍ കളിക്കാര്‍ക്ക് താന്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട് എന്നു കോളിന്‍സിനോട് വീമ്പടിച്ച്, വിവരക്കേടിലൂടെ സ്ലൈ ഡോക്യുമെന്ററിയിലെ താരമായി.

സ്ലൈയുടെ മിക്ക അവകാശവാദങ്ങള്‍ക്കും തെളിവുകള്‍ ഒന്നുമില്ല. ഏറ്റവും പ്രധാനമായി NFL താരം പെയ്ടന്‍ മാനിങ് താന്‍ വളര്‍ച്ചാ ഹോര്‍മോണുകള്‍ കഴിച്ചിട്ടുണ്ടെന്ന സ്ലൈയുടെ വാദം നിഷേധിച്ചിട്ടുണ്ട്. എങ്കിലും സ്ലൈ നിരോധിത മരുന്നുകളുടെ ഇടപാടുകള്‍ നടത്തി എന്നത് വ്യക്തമാണ്. ഒരു രംഗത്തില്‍ സ്ലൈയുടെ അപാര്‍ട്ട്‌മെന്റില്‍ വന്ന ബേസ്‌ബോള്‍ കളിക്കാരന്‍ ടൈലര്‍ ടീഗാര്‍ഡെന്‍ സ്ലൈ തനിക്ക് ഡെല്‍റ്റ 2 (സ്‌പോര്‍ട്ട്‌സ് ലീഗുകളില്‍ നിരോധിച്ചിട്ടുള്ള സ്റ്റീറോയിഡ്) തന്നതായി സമ്മതിക്കുന്നുണ്ട്. (ഈ ലേഖനത്തിനു വേണ്ടി ടീഗാര്‍ഡെന്റെ പ്രതികരണം ചോദിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല).ക്രിസ്തുമസിന് ശേഷം ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തപ്പോള്‍ റൈലി കണ്ടു.

'ഞാന്‍ തകര്‍ന്നു പോയി... ഞാന്‍ അയാളെ വിശ്വസിച്ചു. ഇതായിരുന്നു അയാളുടെ പരിപാടിയെങ്കില്‍ എന്നോടു തുറന്നു പറയാമായിരുന്നു; ഞാന്‍ എതിര്‍ദിശയിലേയ്ക്ക് ഓടി രക്ഷപ്പെട്ടേനെ' റൈലി പറഞ്ഞു.

'കഠിനമായ രണ്ടുമൂന്ന് ആഴ്ചകളാണ് കടന്നു പോയത്. കാര്യങ്ങളിലൂടെ കടന്നു പോകാനും ഇതെങ്ങനെ സംഭവിച്ചു എന്നു മനസിലാക്കാനും ശ്രമിച്ച ആഴ്ചകള്‍ ആയിരുന്നു. പക്ഷേ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കു വ്യക്തമായി അറിയാം. ഇതെന്നെ കൂടുതല്‍ ശക്തി നേടാനെ സഹായിക്കൂ' റൈലി പറഞ്ഞു.

സ്ലൈയുടെ മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഈ ലീഗുകളില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് റൈലി പറഞ്ഞു.

Elemetnz Nturition' ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇപ്പോള്‍ റൈലിയുടെ വീടാണ്. വെബ് സൈറ്റില്‍ അവര്‍ നാല് ഉല്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്; രണ്ടും വല്യ (തൈര് ഉണ്ടായ ശേഷമുള്ള പാലിലെ വെള്ളമുള്ള ഭാഗം) പ്രോട്ടീന്‍ മിക്‌സുകളും രണ്ടു മിനറല്‍ കോംപ്ലെക്‌സുകളും. സ്ലൈയുമായുള്ള കോണ്‍സല്‍റ്റന്റ് ബന്ധം തുടരാന്‍ റൈലിക്ക് യാതൊരു ഉദ്ദേശവുമില്ല.

തന്റെ ബിസിനസ്സ് ഇടപാടുകളില്‍, നിരോധിത മരുന്നുകളുമായുള്ള സ്ലൈയുടെ ഇടപാടിന്റെ എന്തെങ്കിലും സൂചനകള്‍ ലഭിച്ചിരുന്നോ എന്നു റൈലി ഓര്‍മകളില്‍ തിരഞ്ഞു; ഒന്നും ഓര്‍ത്തെടുക്കാനായില്ല.

'അയാള്‍ തെറ്റ് ചെയ്യുകയാണ് എന്നു ചിന്തിക്കാനുള്ള ഒരു കാരണവും എനിക്കുണ്ടായിരുന്നില്ല. എനിക്കു തോന്നുന്നത് ചാര്‍ലി ആള്‍ക്കാരെ അവരുടെ കഴിവുകള്‍ പുറത്തു കൊണ്ടു വരാന്‍ സഹായിക്കുകയായിരുന്നു എന്നാണ്' റൈലി പറഞ്ഞു.

Next Story

Related Stories