TopTop
Begin typing your search above and press return to search.

ചൈനീസ് അധോലോകം, സിനിമ, ജീവിതം- സംവിധായകന്‍ ഷാങ് വീ സംസാരിക്കുന്നു

ചൈനീസ് അധോലോകം, സിനിമ, ജീവിതം- സംവിധായകന്‍ ഷാങ് വീ സംസാരിക്കുന്നു

വി ക്സി
(ഗ്ലോബല്‍ ടൈംസ്)

മാനവികസിനിമകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമാസംവിധായകന്‍ എങ്ങനെയിരിക്കണം എന്ന എന്റെ പ്രതീക്ഷകള്‍ക്ക് ചേരുന്നതായിരുന്നില്ല ഷാങ് വീയുടെ രൂപം. ഒരു പോളോഷര്‍ട്ടും ഒരു വള്ളിചെരിപ്പുമാണ് വേഷം. നാല്‍പ്പത്തൊമ്പതുകാരനായ ഈ സംവിധായകന്‍ മൂര്‍ച്ചയുള്ള അഭിപ്രായങ്ങളുമായെത്തുന്ന അക്കാദമിക സിനിമാക്കാരെപ്പോലെയോ അഭിമുഖങ്ങള്‍ക്ക് മികച്ച സൂട്ടണിഞ്ഞുവരുന്ന ബിസിനസുകാരെപ്പോലെയോ ആയിരുന്നില്ല.

മുപ്പത്തിയെട്ടാമത് മോണ്‍ട്രിയല്‍ ലോക ചലച്ചിത്രോത്സവത്തില്‍ ഷാങ്ങിന്റെ'ഫാക്ടറി ബോസ്' എന്ന സിനിമയിലെ വേഷത്തിന് നായക കഥാപാത്രമായ യാവോ അന്‍ലിയാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. മത്സര വിഭാഗത്തിലെത്തിയ ഏക ചൈനീസ് സിനിമയായിരുന്നു ഇത്. ഒരു ദശാബ്ദത്തിനു ശേഷമാണ് ഒരു ചൈനീസ് അഭിനേതാവിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. ചൈനീസ് നിര്‍മ്മാണ വ്യവസായം, ഫാക്ടറി ജോലിക്കാരും മുതലാളിമാരുമായുള്ള സംഘര്‍ഷം, അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാര്‍, വെസ്റ്റേണ്‍ മുതലാളിത്ത ബിസിനസുകളും മൂന്നാം ലോക നിര്‍മ്മാതാക്കളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവയാണ് പ്രതിപാദ്യ വിഷയങ്ങള്‍.

ഇതില്‍ ഏതെങ്കിലുമൊക്കെ വിഷയങ്ങള്‍ തന്നെ ഒറ്റയ്ക്ക് ചര്‍ച്ചക്കെടുക്കാവുന്നതാണെങ്കിലും ഷാങ് 'ഫാക്ടറി ബോസ്' എന്ന സിനിമയില്‍ ഇവയെല്ലാം ഉള്‍പ്പെടുത്തുന്നു.കഥയ്ക്ക് പിന്നിലെ കഥ
വീടുവിട്ടു അധികമൊന്നും യാത്ര ചെയ്യാത്ത ഷാങ്ങിന് സിനിമയ്ക്കുള്ള പ്രചോദനങ്ങള്‍ ലഭിക്കുന്നത് വായനയിലൂടെയാണ്. “ഞാന്‍ വാര്‍ത്തകള്‍ക്കു പ്രാധാന്യം കൊടുക്കുന്നു. എനിക്ക് എഡിറ്റോറിയലുകളും വിമര്‍ശനങ്ങളും വായിക്കാനിഷ്ടമാണ്.”ഷാങ് പറയുന്നു. ഇക്കണോമിക്ക്-പൊളിറ്റിക്കല്‍ പത്രമാസികകളാണ് ഷാംഗിന് ഏറെ ഇഷ്ടം. “എന്റെ ഹൃദയത്തെ തൊടുന്ന കഥകള്‍ ഞാന്‍ എഴുതിവയ്ക്കും. എന്റെ മനസിന്‍റെ തോന്നലുകള്‍ക്ക് അനുസരിച്ച് ഞാന്‍ അവ സിനിമയാക്കി മാറ്റും.”

2007ലെ ഫോക്സ്കോണ്‍ സംഭവങ്ങളില്‍ നിന്നാണ് 'ഫാക്ടറി ബോസി'ന് പ്രചോദനം ലഭിച്ചത്. ഷെന്‍സെനിലുള്ള ഈ സ്വകാര്യ സ്ഥാപനത്തില്‍ അടിമവേല നടക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന്‍ കമ്പനിക്ക് അമേരിക്കയിലെ ആപ്പിള്‍ കമ്പനിയില്‍ നിന്ന് ലഭിച്ച ഓഡറുകള്‍ നഷ്ടപ്പെട്ടു. ചൈനീസ് മാധ്യമങ്ങള്‍ക്കെതിരെയുള്ള കേസ് പിന്നീട് കമ്പനി വിജയിച്ചുവെങ്കിലും ഫോക്സ്കോണ്‍ ജോലിക്കാരുടെ തുടരെയുള്ള ആത്മഹത്യകള്‍ കമ്പനിയെ പൊതു ശ്രദ്ധയില്‍ പിടിച്ചുനിറുത്തി.

ഈ കഥയെ 2010 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയെഴുതിയാണ് 'ഫാക്ടറി ബോസ്' ഉണ്ടാക്കിയത്. പാവ നിര്‍മ്മാണശാലയുടെ ഉടമസ്ഥനായ ലിന്‍ ദാലിന്‍ നിര്‍മ്മാണച്ചെലവു വര്‍ദ്ധിക്കുമ്പോള്‍ (യാവോ അഭിനയിച്ച ഭാഗം) അനുഭവിക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഉള്ളടക്കം.

ലിന്‍ അവതരിപ്പിക്കുന്ന ബോസിന്റെ കഥാപാത്രം ഒരാളുടെ മാതൃകയിലുള്ളതല്ല, പല സംരംഭകരുടെ കഥകള്‍ ചേര്‍ത്തുള്ളതാണ് എന്ന് ഷാങ് പറയുന്നു.

മോണ്‍ട്രിയലിലെ ചൈനീസ് സമൂഹം ഫിലിം ഫെസ്റ്റിവലില്‍ കണ്ട ഈ കഥാപാത്രത്തോട് വലിയ സ്നേഹമറിയിച്ചു. “പലരും സംരംഭകരായിരുന്നു. അവര്‍ അഭിനേതാവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇത് തങ്ങളുടെ തന്നെ ജീവിതമാണെന്ന് കരഞ്ഞു.”, സന്തുഷ്ടനായ ഷാങ് പറയുന്നു. ഇത്ര നല്ല പ്രതികരണങ്ങള്‍ ഉണ്ടായിട്ടും പ്രാദേശിക മാധ്യമങ്ങള്‍ സിനിമയെ വിവാദമായാണ് കാണുന്നത്.

ചൈനയുടെ വ്യവസായം തകരുന്നതിന് വിദേശത്തേക്ക് കുറ്റമാരോപിക്കാനുള്ള ഒരു ശ്രമമാണ് എന്ന് ചിലര്‍ പറയുന്നു. സംവിധായകന് എന്തെങ്കിലും സാമ്പത്തികരാഷ്ട്രീയ അജണ്ടയുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

“ഞാന്‍ ഒരു സംവിധായകന്‍ മാത്രമാണ്. ഒരു രാഷ്ട്രീയക്കാരനോ സാമ്പത്തിക ശാസ്ത്രജ്ഞനോ അല്ല. ഇത്തരമൊരു സിനിമയുടെ വിഷയത്തെ ഉയര്‍ന്ന നിലകളിലേക്ക് ഉയര്‍ത്താന്‍ എനിക്കറിയില്ല”, ഷാങ് വിശദീകരിച്ചു.

ഡോക്യുമെന്‍ററി നിര്‍മ്മാണരീതി ഇഷ്ടപ്പെടുന്ന ഷാങ് 'ഫാക്ടറിബോസി'ല്‍ യാഥാര്‍ഥ്യത്തോട് ഏറ്റവും നന്നായി അടുത്തുനില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഗുവന്‍റോംഗ് പ്രവിശ്യയിലെ പ്രശ്നങ്ങളിലും കനേഡിയന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവിടെ ഇപ്പോഴും പ്രശ്നങ്ങളുണ്ടെങ്കിലും പലതും പരിഹരിച്ചുവരുന്നുവെന്നും ഷാങ് വിശദീകരിച്ചു.

അനുഭവത്തില്‍ നിന്ന് സംവിധാനം ചെയ്യുമ്പോള്‍
ഷാങ്ങും ഒരിക്കല്‍ ഒരു വ്യാവസായിക സംരംഭകനായിരുന്നതുകൊണ്ട് ഇത് സ്വന്തം കഥയാണോ എന്ന് ഞാന്‍ ചോദിച്ചു. ഉത്തരവും വേഗം വന്നു, “പല റിപ്പോര്‍ട്ടര്‍മാരും ഇതേ ചോദ്യം ചോദിക്കാറുണ്ട്. എന്നാല്‍ എനിക്ക് ജീവിതവും സിനിമയും വ്യത്യസ്തമാണ്.”

ഇരുപതുവര്‍ഷമായി ഷെന്‍സെനിലാണ് ഷാങ് താമസിക്കുന്നത്. തീരദേശ നഗരമായ ഇവിടെ എണ്‍പതുകളില്‍ ചൈനീസ് ഗവണ്‍മെന്‍റ് ഒരു സ്പെഷ്യല്‍ ഇക്കണോമിക് സോണായി പ്രഖ്യാപിച്ച ശേഷം സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു. ലോക്കല്‍ ഫാക്ടറികളില്‍ നടക്കുന്നതിനെപ്പറ്റി ബോധ്യമുള്ള ഷാങ് സ്വന്തം അനുഭവങ്ങളില്‍ ചിലതും സിനിമയില്‍ ഉപയോഗിച്ചുവെന്ന് പറയുന്നു.

അറുപതുകളുടെ മധ്യത്തില്‍ ജനിച്ച ഷാങ് ചൈനീസ് സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായിരുന്ന സാംസ്കാരികവിപ്ലവവും (1966-76) പിന്നീട് പരിഷ്കരണവും ഒക്കെ കടന്നുപോയി. ഈ മാറ്റങ്ങള്‍ ഷാങ്ങിന് വിജയകരമായ ഒരു തൊഴില്‍ നല്‍കിയെങ്കിലും സ്വപ്നങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്തു.

“കുട്ടിയായിരുന്നപ്പോള്‍ ചിത്രകാരനാകണമെന്നും മുതിര്‍ന്നപ്പോള്‍ എഴുത്തുകാരനാകണമെന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു. എണ്‍പതുകളില്‍ ഒരു സമയത്ത് എന്റെ എകാന്തതയ്ക്കും ആശയകുഴപ്പങ്ങള്‍ക്കുമിടയില്‍ ആശയപ്രകടനത്തിനു ഒരു മാര്‍ഗം ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു.” ഒടുവില്‍ ജീവിക്കാനായി സ്വപ്‌നങ്ങള്‍ മാറ്റിവയ്ക്കേണ്ടിവന്നുവെന്നാണ് ഷാങ് പറയുന്നത്.

സാമ്പത്തിക സുരക്ഷയിലെത്തിയപ്പോള്‍ സിനിമകളില്‍ പണം മുടക്കാന്‍ ഷാങ് ആരംഭിച്ചു. എന്നാല്‍ പണം മുടക്കുന്നതിലും രസകരം സ്വന്തം സിനിമകളെടുക്കുന്നതാണെന്ന് ഷാങ് തിരിച്ചറിഞ്ഞു.

“മറ്റൊരാള്‍ക്ക് ചൂതുകളിക്കാന്‍ പണം കൊടുക്കുന്നതുപോലെയായിരുന്നു അത്. നിങ്ങള്‍ ജയിച്ചാലും തോറ്റാലും കളിക്കുന്നതിന്റെ രസം വേറൊരാള്‍ക്കാണ് കിട്ടുന്നത്. സ്വന്തമായി സിനിമയെടുത്താല്‍ എന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ എളുപ്പമാണെന്നും എനിക്ക് മനസിലായി.”

'ഫാക്ടറി ബോസ്'ഷാങ്ങിന്റെ മൂന്നാമത്തെ സിനിമയാണ്. ആദ്യ സിനിമയായ 'ബീജിംഗ് ഗ്രാസ് ലാന്‍ഡ്' (2010) ബീജിങ്ങില്‍ വിജയം സ്വപ്നം കണ്ട ഒരു യുവആഫ്രിക്കന്റെ കഥയാണ്. രണ്ടാമത്തെ സിനിമയായ 'ഷാഡോ' ഒരു നിഴല്‍ക്കൂത്തുകാരന്റെ കഥയും.ടിബറ്റിനെപ്പറ്റിയുള്ള സിനിമയും ഓട്ടിസ്റ്റിക്കായ കുട്ടിയെ വളര്‍ത്തുന്ന അമ്മയുടെ കഥയുമാണ് ആലോചനയിലുള്ളത്.

സിനിമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഴുത്ത് ഒരു ഏകാന്തമായ ജോലിയാണെന്ന് കരുതുന്നെങ്കിലും പ്രായമാകുമ്പോള്‍ എഴുത്തിലേക്ക് തിരികെപ്പോകാനാണ് ഷാങ് ആലോചിക്കുന്നത്. “ആശയപ്രകടനത്തിന്റെ കാര്യത്തില്‍ സിനിമയ്ക്ക് പരിമിതികളുണ്ട്. സാഹിത്യത്തിന് ഒരുപാട് സ്വാതന്ത്ര്യങ്ങളുണ്ട്‌.”


Next Story

Related Stories