TopTop
Begin typing your search above and press return to search.

എഡിസണ്‍ ഫാക്ടറി: കണ്ടുപിടുത്തങ്ങളുടെ ചരിത്രശേഷിപ്പുകളിലൂടെ

എഡിസണ്‍ ഫാക്ടറി: കണ്ടുപിടുത്തങ്ങളുടെ ചരിത്രശേഷിപ്പുകളിലൂടെ

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്പലതരം ഫാക്ടറികളെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും; എന്നാല്‍ കണ്ടുപിടുത്തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, ന്യൂ ജെര്‍സിയിലുള്ള തോമസ് ആല്‍വാ എഡിസന്റെ 'കണ്ടുപിടുത്തങ്ങളുടെ ഫാക്ടറി'യെ (factory of inventions) കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്റെ ജീവിതത്തെക്കുറിച്ചും കണ്ടുപിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും സ്ഥലം മതിയാകില്ല. 1847-ല്‍ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസണ്‍ കുട്ടിയായിരുന്നപ്പോള്‍ പഠിക്കാന്‍ അത്ര മിടുക്കനല്ലാത്തതിനാല്‍ അമ്മ വീട്ടില്‍ ഇരുത്തി പഠിപ്പിച്ച കഥകള്‍ എല്ലാവരും കേട്ടിരിക്കും. വീട്ടിലെ ബേസ്മെന്റില്‍ ആയിരുന്നു എഡിസന്റെ ആദ്യത്തെ ലാബ്. പരീക്ഷണങ്ങള്‍ക്ക് പൈസ കണ്ടുപിടിക്കാനാണ് ഗ്രാന്‍ഡ് ട്രങ്ക് റെയില്‍വെയില്‍ പത്രവിതരണം നടത്തിയത്. ട്രെയിന്റെ ഒഴിഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ നടത്തിയ ഒരു പരീക്ഷണം പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ ആ ജോലി പോയി. അതിനു ശേഷം കുറെ കാലം ടെലിഗ്രാഫ് ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തു.

കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന ഒരു സമയമായിരുന്നു 19-ആം നൂറ്റാണ്ടിന്റെ അവസാനം. ശാസ്ത്രവിഷയങ്ങളിലും കണ്ടുപിടുത്തങ്ങളിലും അതീവതാല്പര്യമുള്ള എഡിസണ്‍ പക്ഷെ, മൌലികമായ കണ്ടുപിടുത്തങ്ങളെക്കാള്‍ അവ മനുഷ്യര്‍ക്ക് ഉപയോഗപ്രദമാക്കുന്നത് എങ്ങനെ എന്നായിരുന്നു പ്രധാനമായും ചിന്തിച്ചത്. അതുകൊണ്ട് തന്നെ എഡിസന്റെ പേരില് അറിയപ്പെടുന്ന പല കണ്ടുപിടുത്തങ്ങളും, ആ രൂപത്തിലാക്കി എടുത്തത് അദ്ദേഹം ആണെങ്കിലും മിക്ക കണ്ടുപിടുത്തങ്ങളും മൌലികമായിരുന്നില്ല.അത്തരത്തില്‍ ആദ്യമുള്ളത് ഇലക്ട്രിക് വോട്ടിംഗ് റെക്കോര്‍ഡ് ചെയ്യുന്ന മെഷീന്‍ ആണ്; എഡിസണ്‍ ഇത് നിര്‍മ്മിച്ചത് 1869-ലും. 1876ലാണ് ന്യൂ ജെര്‍സിയിലെ മെന്‍ലോ പാര്‍ക്ക് എന്ന സ്ഥലത്ത് ലാബ് അദ്ദേഹം സ്ഥാപിക്കുന്നത്. ലോകത്തെ മാറ്റിമറിച്ച കണ്ടു പിടുത്തങ്ങളാണ് പിന്നീട് ഇവിടെ നിന്ന് പുറത്തിറങ്ങിയത്.

അവിടെ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ കണ്ടുപിടുത്തം സൌണ്ട് റെക്കോര്‍ഡിംഗ് ആയിരുന്നു. 1877-ല്‍ ഈ ലാബില്‍ വച്ചാണ് ഫോണോഗ്രാഫ് കണ്ടു പിടിക്കുന്നത്. ശബ്ദത്തെ സ്പന്ദനമാക്കി മാറ്റുകയും അത് ഏതെങ്കിലും സ്ഥലത്ത് റെക്കോര്‍ഡ് ചെയ്തുവയ്ക്കുകയും, പിന്നീട് ആവശ്യം വരുമ്പോള്‍ തിരിച്ചു ശബ്ദമാക്കി മാറ്റുകയും ചെയ്യുന്ന ഒരു മെഷീനാണ് ഫോണോഗ്രാഫ്. ലോഹം, മെഴുക് എന്നിവയാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ലാബില്‍ ഇപ്പോഴും നമുക്ക് നിര്‍മിക്കാവുന്ന ചില മോഡലുകള്‍ കാണാം. കോളാമ്പിയുടെ അകത്തു തുണി തിരുകിക്കയറ്റി വച്ചായിരുന്നു ഒച്ച കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നത്. ഈ കണ്ടുപിടുത്തങ്ങള്‍ക്കൊണ്ട് മെന്‍ലോ പാര്‍ക്ക് പ്രശസ്തമാവുകയും, എഡിസണ്‍ മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്ന് അറിയപ്പെടുകയും ചെയ്തു. ആദ്യകാലത്ത് റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ ഇപ്പൊഴും ഇവിടെനിന്നു കേള്‍ക്കാന്‍ കഴിയും.

ഇലക്ട്രിക് ബള്‍ബായിരുന്നു മറ്റൊന്ന്. എന്നാല്‍ ഇതൊരു മൗലിക കണ്ടുപിടുത്തമായിരുന്നില്ല. പക്ഷെ അന്ന് ഉണ്ടായിരുന്ന മിക്ക ലൈറ്റ് ബള്‍ബുകളും പ്രായോഗികമായി ഉപയോഗിക്കാന്‍ പറ്റിയവ ആയിരുന്നില്ല. എഡിസണ്‍ കണ്ടുപിടിച്ച ലൈറ്റ് ബള്‍ബ് കൂടുതല്‍ നാള്‍ നില്‍ക്കുന്നതായിരുന്നു. അതിനുവേണ്ട വൈദുതി ഉത്പാദിപ്പിക്കാന്‍ ഉള്ള ജെനറേറ്ററും ഇവിടെ ഉത്പാദിപ്പിച്ചു.

ലാബും വലിയ ലൈറ്റ് ബള്‍ക്ക് ടവറും ഇപ്പോഴും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ബള്‍ബ് ഈ ടവെറിന്റെ മുകളിലാണ്. ലാബ് ഒരു ചെറിയ മുറിയാണെങ്കിലും, ലൈറ്റ് ബള്‍ബ് കണ്ടുപിടിക്കാന്‍ അദേഹം നടത്തിയ കഷ്ടപ്പാടുകളുടെ അടയാളങ്ങള്‍ അവിടെ അവശേഷിക്കുന്നുണ്ട്. 3000-ല്‍ കൂടുതല്‍ മുള കൊണ്ടുള്ള തണ്ടുകള്‍ കരിച്ചാണ് ബള്‍ബിന് ഏറ്റവും അനുയോജ്യമായ ഫിലമെന്റ് കണ്ടുപിടിക്കാന്‍ ശ്രമം നടത്തിയത്. (1904-ലാണ് ടംഗ്സ്റ്റണ്‍ ഉപയോഗിച്ച് തുടങ്ങിയത്, അതുവരെ മുളയുടെ കരിച്ച കഷ്ണം ആയിരുന്നു ഫിലമെന്റ്). അത്തരം അനേകം ബള്‍ബ് മാതൃകകള്‍ ലാബില്‍ കാണാം.

ലാബ് സ്ഥിതി ചെയ്യുന്നത് ക്രിസ്റ്റീ സ്ട്രീറ്റിലാണ്. എഡിസണ്‍ കണ്ടു പിടിച്ച ലൈറ്റ് ബള്‍ബ് ഉപയോഗിച്ച് വെളിച്ചം നല്കിയ റോഡ് ഇതാണ്. 1954-ല്‍ ഈ ടൌണ്‍ എഡിസന്റെ ബഹുമാനാര്‍ഥം എഡിസണ്‍ എന്ന് നാമകരണം ചെയ്യപെട്ടു. (കഴിഞ്ഞ 15 വര്‍ഷം ആയി ഞങ്ങള്‍ ഈ ടൌണിലാണ് താമസിക്കുന്നത്. അതും ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് നടന്നു പോകാവുന്ന ദൂരത്തില്‍, പക്ഷേ ഇപ്പോഴാണ് ലാബ് കാണുന്നതെന്ന് മാത്രം).

ഇലക്ട്രിക് ബള്‍ബ്, ഫോണോഗ്രാഫ് എന്നിവ കണ്ടുപിടിക്കുക മാത്രമല്ല, നന്നായി മാര്‍ക്കറ്റ് ചെയ്യാനും അറിയാവുന്ന ആളായിരുന്നു എഡിസണ്‍ (സമകാലീനനായ ടെസ്ലയ്ക്ക് ഇല്ലാതെ പോയ ഗുണം). ഇതില്‍ നിന്നെല്ലാം കിട്ടിയ പണം വച്ചാണ്, വെസ്റ്റ് ഓറഞ്ച് എന്ന സ്ഥലത്ത് ഒരു വലിയ ഫാക്ടറി തുടങ്ങിയത്. കണ്ടുപിടുത്തങ്ങള്‍ കണ്ടുപിടിക്കുന്ന ഒരു ഫാക്ടറി ആയിരുന്നു അത്. 1893ല്‍ ഇവിടെ ബ്ലാക്ക് മരിയ എന്ന ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുകയുണ്ടായി. സ്റ്റുഡിയോ ഇന്നുമുണ്ട്. സൂര്യപ്രകാശം കിട്ടാനായി 360 ഡിഗ്രി തിരിക്കാവുന്ന പ്ലാറ്റ്‌ഫോമില്‍ ആണ് സ്റ്റുഡിയോ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

സിമന്റ് മുതല്‍ കൃത്രിമ റബ്ബര്‍ വരെ ഈ ഫാക്ടറിയില്‍ നിര്‍മിക്കപ്പെടുകയോ പരീക്ഷണങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്തു. 1931-ല്‍ മരിക്കുന്നതിന്റെ തലേന്ന് കൃത്രിമ റബര്‍ ഉണ്ടാക്കാന്‍ വേണ്ടി മേശപ്പുറത്ത് വച്ച ഇറക്കുമതി ചെയ്ത ഏതോ ചെടി ഇപ്പോഴും ആ മേശപ്പുറത്തു കാണാം. എഡിസണ്‍ മരിച്ചതിനു ശേഷവും വെസ്റ്റ് ഓറഞ്ച് ലാബ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. വളരെ വലിയ ഒരു ലാബാണിത്. കെമിസ്ട്രി ലാബില്‍ ഇപ്പോഴും രാസവസ്തുക്കളുടെ മണം നിലനില്‍ക്കുന്നു. അനേകം ലെയ്ത് മെഷീനുകള്‍, എഡിസനു മാത്രം പോകാനുള്ള ലിഫ്റ്റ് എല്ലാം ഇവിടെ ഉണ്ട്. ലാബ് ഇപ്പോള്‍ ദേശീയ സ്മാരകമാണ്. ഇതിന്റെ മുന്‍പില്‍, എഡിസണ്‍ കണ്ടുപിടിച്ച വൈദ്യുതി കൊണ്ട് ഓടിക്കാവുന്ന ട്രെയിന്‍ ഇപ്പോഴും കാണാം. മരിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഹൊബൊക്കനില്‍ നിന്ന് തുടങ്ങുന്ന ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് എഡിസനും ഉറ്റ സുഹൃത്ത് ഹെന്റി ഫോര്‍ഡും (ford motors) തുടങ്ങിയത്.

എഡിസണ്‍ താമസിച്ചിരുന്ന വീട് ഇതിനടുത്താണ്. വീടും ഗാരേജും അതെ പോലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. എഡിസനു സ്വന്തമായി വൈദ്യുതി നിലയം പോലുമുണ്ടായിരുന്നു . പറഞ്ഞാല്‍ തീരാത്തത്ര കണ്ടുപിടുത്തങ്ങള്‍ എഡിസന്റെ പേരില്‍ ഉണ്ടെങ്കില്‍ (2332 പേറ്റന്റ്), അദ്ദേഹം കണ്ടുപിടിക്കാതെ പോയ കാര്യങ്ങളുടെ കൂമ്പാരം ഇവിടെ കാണാം. എഡിസണ്‍ പറഞ്ഞ പോലെ പ്രതിഭ ഒരു ശതമാനം പ്രചോദനവും 99 ശതമാനം വിയര്‍പ്പൊഴുക്കലുമാണ്. ഈ ലാബുകള്‍ അതിന്റെ സാക്ഷ്യപത്രങ്ങളാണ്. ഒരു ലൈറ്റ് ബള്‍ബ് ഓണ്‍ ചെയ്യുമ്പോഴും ഒരു സിനിമ കാണുമ്പോഴും പാട്ട് കേള്‍ക്കുമ്പോഴും എല്ലാം നാം ഓര്‍ക്കേണ്ട ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു.(ന്യൂജഴ്സിയില്‍ സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories