TopTop
Begin typing your search above and press return to search.

ഫഹദ് ഫാസില്‍ , സിനിമ തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ര ബുദ്ധിയൊന്നുമില്ല

ഫഹദ് ഫാസില്‍ , സിനിമ തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ര ബുദ്ധിയൊന്നുമില്ല

അഭിനേതാക്കളെ പലഗണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ചിലരെ നമ്മള്‍ ബോണ്‍ ആക്ടര്‍ എന്നു പറയുന്നു (ഉദാ: മോഹന്‍ ലാല്‍), മറ്റു ചിലരെ മെയ്ഡ് ആക്ടര്‍ എന്നും (ഉദാ: മമ്മൂട്ടി) ഇനിയൊരു കൂട്ടരെ സെല്‍ഫ് ഇംപ്രൂവ്ഡ് അക്ടേഴ്‌സെന്നും (ദിലീപിനെ പോലുള്ളവര്‍). ഇനി ഒരു കൂട്ടരുണ്ട് (വളരെ ചെറുതും ചെയ്ഞ്ച് ചെയ്യപ്പെടുന്നവരും), അവരെ നമ്മള്‍ ബുദ്ധിയുള്ള അഭിനേതാക്കള്‍ എന്നു പറയും. കഴിവ് മാത്രമല്ല ഒരാളെ ഫീല്‍ഡില്‍ നിലനിര്‍ത്തുന്നത്, അയാളുടെ നീക്കങ്ങളുമാണ്. മമ്മൂട്ടിയും മോഹന്‍ ലാലുമൊക്കെ ഇത്രകാലമായി ഫീല്‍ഡില്‍ നിലനില്‍ക്കുന്നതിന് കാരണവും അവര്‍ നടത്തുന്ന ചില ബുദ്ധിപൂര്‍വമായ നിലപാടുകളാണ്. സൗഹൃദവും ബന്ധങ്ങളൊന്നും സിനിമയില്‍ (ഏതു ബിസിനസിലുമെന്നപോലെ) ഒരു സെന്റിമെന്റല്‍ ഘടകമല്ല, അത്തരം സെന്റിമെന്റ്‌സ് കൊണ്ടുനടക്കുന്നവര്‍ക്ക് പലപ്പോഴും അവസാനകാലത്ത് നഷ്ടങ്ങളുടെ കഥയെ പറയാന്‍ ഉണ്ടാവൂ (ബഹദൂര്‍, രതീഷ് എന്നിവരൊക്കെ ബന്ധങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ സ്ഥാനം കൊടുക്കുകയും അതിന്റെ പേരില്‍ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നവരുമാണ്). അതുകൊണ്ടാണ് പറയുന്നത്, സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിവുമാത്രം പോര, കുറച്ച് ബുദ്ധിയും വേണമെന്ന് (ചിലര്‍ ഈ 'ബുദ്ധി'യെ ഭാഗ്യമെന്നൊക്കെ വിളിക്കും).

സിനിമയില്‍ ഗുരു, തലതൊട്ടപ്പന്‍, ആപത്ബാന്ധവന്‍- എന്നിങ്ങനെ ചില കക്ഷികളുണ്ട്. ഒരു നടനെ സിനിമയിലേക്ക് കൊണ്ടുവന്നയാള്‍, അയാള്‍ക്ക് ആദ്യത്തെ ഹിറ്റ് കൊടുത്തയാള്‍, പരാജയങ്ങള്‍ക്കിടയില്‍ ഒരു ബ്രേക്ക് കൊടുത്തവന്‍ എന്നിവരൊക്കെയാണ് (നിര്‍മാതാവാകാം, സംവിധായകനാകാം) മേല്‍പ്പറഞ്ഞ വിശേഷണത്തിനര്‍ഹര്‍. പക്ഷെ ഇവര്‍ക്കും ഒരു കാലക്കേട് ഉണ്ടാകും. ചെയ്യുന്ന സിനിമകള്‍ നിരന്തരം പൊട്ടും. ആ സമയത്ത് തങ്ങള്‍ രക്ഷപ്പെടുത്തിയ നായകന്മാരെ വിളിച്ച് ഒരു ഡേറ്റ് തരണമെന്നു പറഞ്ഞാല്‍, അയ്യോ..സാര്‍ എപ്പോള്‍ ചോദിച്ചാലും ഡേറ്റ് തരാന്‍ ഞാന്‍ തയ്യാറല്ലേ, പക്ഷെ ഇപ്പോള്‍ കുറച്ച് തിരക്കാണല്ലോ എന്നു പറഞ്ഞു ഒഴിഞ്ഞുമാറും, ചിലര്‍ ഫോണ്‍ എടുക്കില്ല, ചിലര്‍ കാണാതെ മുങ്ങിക്കളയും. അതൊന്നും നന്ദികേടുകൊണ്ടല്ല, ബുദ്ധിയുള്ളതുകൊണ്ടാണ്. ഒരു യുവതാരം പറഞ്ഞതുപോലെ, അങ്ങേരുടെ സ്റ്റഫെല്ലാം എന്നേ തീര്‍ന്നൂ. പി ജി വിശ്വംഭരനും കെ ജി ജോര്‍ജുമെല്ലാം ഇങ്ങനെ ചില സങ്കടങ്ങള്‍ അനുഭവിച്ചവരാണ്. തമ്പി കണ്ണന്താനത്തിനും ഉണ്ട് താന്‍ ഹിറ്റുകള്‍ കൊടുത്തു വളര്‍ത്തിയ നായകനെ ഒന്നു നേരില്‍ കാണാന്‍ പോലും കഴിയാതെ വന്നതിന്റെ ദുരനുഭവം (വില്ലനില്‍ നിന്ന് നായകനാക്കിയ, അതും സൂപ്പര്‍ താരമാക്കിയ ഒരു താരത്തോട് കഥ പറയാന്‍ ശ്രമിച്ച തമ്പിയോട് താരം പറഞ്ഞത് തന്റെ വലംകയ്യോട് പറഞ്ഞാല്‍ മതിയെന്നാണ്. താനൊരു സംവിധായകനാണെന്നും ഒരു ഡ്രൈവറോട് കഥ പറയേണ്ട ഗതികേട് ഇല്ലെന്നും പറഞ്ഞ് തമ്പി കണ്ണന്താനം യാത്ര പറഞ്ഞുപോയി). ഇതേ പോലെ ജോര്‍ജിനും വിശ്വംഭരനുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ട നടനില്‍ നിന്ന് മനസ് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിനയന്റെ കാര്യവും അങ്ങനെ തന്നെയാണ്. അദ്ദേഹം സിനിമയില്‍ കൊണ്ടുവന്ന യുവതാരങ്ങള്‍ പിന്നീട് വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ലെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊന്നും നന്ദികേടല്ല, അതാണ് ബുദ്ധി. കാരണം അവരെല്ലാം നോക്കുന്നത് സ്വന്തം നിലനില്‍പ്പാണ്...

ഇത്രയൊക്കെ കാടുകയറിയത് ഒരു നടനെ കുറിച്ച് പറയാനാണ്, ഫഹദ് ഫാസിലിനെ കുറിച്ച്. പറയാന്‍. കാരണം ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായ 'അയാള്‍ ഞാനല്ല' എന്ന സിനിമയെ നിരൂപിക്കാന്‍ ശ്രമിക്കുന്നില്ല. അംബുജാക്ഷന്‍ അംഹിസാവാദിയാണ്. ചാനലുകാര്‍ അല്ലാതെ ആരും ആ സിനിമയെ ബ്ലോക്ബസ്റ്റര്‍ എന്നൊന്നും പറയാന്‍ പോകുന്നില്ല. ശരാശരിയെന്നു പറയാന്‍ പോലും ഒന്നു വിക്കിപ്പോകും. ചോദ്യമിതാണ്, തന്റെ കഴിഞ്ഞകാല പരാജയങ്ങളെ കുറിച്ച് പറഞ്ഞ ഘട്ടങ്ങളിലെല്ലാം സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്നാണ് ഫഹദ് ആത്മവിമര്‍ശനം നടത്തിയത്. സ്വന്തം തെറ്റില്‍ നിന്ന് പക്ഷേ ഈ നടന്‍ പുതിയപാഠങ്ങള്‍ എത്രകണ്ട് പഠിച്ചു എന്നതില്‍ സംശയം തോന്നിപ്പിക്കുകയാണ് ആയാള്‍ ഞാനല്ല. ഫഹദ് ഈ ചിത്രത്തില്‍ നിങ്ങള്‍ അഭിനയിച്ചില്ലായിരുന്നെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നു.ഫഹദ് ഫാസില്‍ എന്ന നടന്റെ ചരിത്രം നോക്കൂക. ഫാസില്‍ എന്ന മലയാളത്തിന്റെ കാല്‍പ്പനിക സംവിധായകന്‍ എടുത്ത ഏറ്റവും മോശപ്പെട്ടൊരു പ്രണയചിത്രത്തിലൂടെയാണ് ഫഹദ് സിനിമയില്‍ അരങ്ങേറുന്നത്. അന്നു ഫഹദിന് മുടിയും കട്ടിമീശയുമുണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടെങ്കിലും അതിലെ നായകനടനോട് പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നിയിരുന്നു. ഘനമുള്ള ശബ്ദം, മികച്ച ഡയലോഗ് പ്രസന്റേഷന്‍, മുഖത്ത് വരുന്ന ഭാവമാറ്റങ്ങള്‍; ഒരു നടന്റെ ഗുണങ്ങളെല്ലാമുണ്ട്. ആകപ്പാടെ ഒരു കുറ്റം കണ്ടു പിടിച്ചത് ആ ഡാന്‍സ് കളിയായിരുന്നു. അതിപ്പോള്‍ മമ്മൂട്ടിക്കും ഡാന്‍സ് അറിയില്ലല്ലോ! ആളുകള്‍ നല്ലതെന്ന് പറഞ്ഞിട്ടും ഫാസിലിന്റെ മോനായിരുന്നിട്ടും ആദ്യചിത്രത്തിന്റെ പരാജയം ഫഹദിനെ ഇരുത്തി ചിന്തിപ്പിച്ചു. തുടര്‍ന്നും അവസരങ്ങള്‍ കിട്ടുമെന്നിരിക്കെ തന്നെ ഫഹദ് സിനിമ വിട്ട് അമേരിക്കയ്ക്ക് പോയി. പതിയെ ആ നടനെ നമ്മള്‍ മറന്നു. പക്ഷെ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അയാള്‍ വീണ്ടും വന്നു. പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍. കേരള കഫെ എന്ന ആന്തോളജി ഫിലിമില്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യുഞ്ജയം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജേര്‍ണലിസ്റ്റിനെ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 2009 ല്‍ തന്നെ പ്രമാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോളാണ് ഫാസിലിന്റെ മകന്‍ വീണ്ടും സിനിമയില്‍ എത്തിയതെന്ന് പലരും പറയാന്‍ തുടങ്ങിയത്. പിന്നെ കോക്ടെയ്ല്‍, ടൂര്‍ണമെന്റ് എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍. അപ്പോഴേക്കും അയാളെ കൂടുതല്‍ പേര്‍ക്ക് അറിയാന്‍ ഇടവരികയും അറിഞ്ഞവരൊക്കെ പഴയ ഫഹദിനെയും പുതിയ ഫഹദിനെയും താരതമ്യം ചെയ്ത് സംസാരിക്കാനും തുടങ്ങി. 2010ല്‍ ചാപ്പ കുരിശ് എന്ന ചിത്രമിറങ്ങിയതോടെ ഫഹദ് ഫാസില്‍ എന്ന നടന്‍ എസ്റ്റാബ്ലിഷ്ഡ് ആയി. 2002 ല്‍ ഇറങ്ങിയ കൈയെത്തും ദൂരത്തിലെ സച്ചിനില്‍ നിന്ന് 2010 ല്‍ ചാപ്പാ കുരിശിലെ അര്‍ജുനിലേക്ക് എത്തിയപ്പോള്‍ ഫഹദ് ഫാസില്‍ എന്ന രൂപവും അയാളിലെ നടനും ഏറെ മാറി. മലയാളത്തില്‍ ന്യൂജനറേഷന്‍ എന്ന സംജ്ഞ മുളച്ചുപൊട്ടുകയും ഫഹദ് അതിന്റെ പതാകവാഹകനുമായി. അയാളുടെ ഇഷ്ടവേഷമായ ബോക്സര്‍ ന്യൂജന്‍ സിനിമകളുടെ ഔദ്യോഗിക കോസ്റ്റ്യൂം ആയി. അയാളുടെ കഷണ്ടി ഒരു ഫാഷനായി. ഇന്ദുലേഖ, ഗള്‍ഫ് ഗേറ്റ് തുടങ്ങിയ കമ്പനിക്കാരൊഴികെ ആ കഷണ്ടിയെ ഇഷ്ടപ്പെട്ടു. കഷണ്ടിയില്ലാത്ത ചെറുപ്പക്കാര്‍ കഷണ്ടിയുള്ളവരെ നോക്കി നെടുവീര്‍പ്പിട്ടു. പിന്നീട് അങ്ങോട്ട് പല ന്യൂജന്‍ താരങ്ങളും ഉടലെടുത്തെങ്കിലും ഫഹദ് തനിമനിതനായി സിനിമയില്‍ സ്വന്തം സ്ഥാനം നിലനിര്‍ത്തി.

ട്രെയിലര്‍ അംബുജാക്ഷന്‍റെ മറ്റ് ലേഖനങ്ങള്‍
മി.കമല്‍, അങ്ങ് ഏത് ഉട്ടോപ്യയിലെ രാജാവാണ്?
എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്


അങ്ങനെ ഫഹദ് സിനിമയിലെ രണ്ടു കാറ്റഗറിയില്‍ അംഗത്വമുള്ള നടനായി മാറി, ഒന്ന് കഴിവിന്റെത് മറ്റൊന്ന് ബുദ്ധിയുടേത്. തനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന, വ്യത്യസ്തതയുള്ള സിനിമകളെ അയാള്‍ തെരഞ്ഞെടുത്തു. പുതിയ സംവിധായകരുടെ സിനിമകളിലെ പുതുമ അയാള്‍ തിരിച്ചറിയുകയും അവര്‍ക്ക് ഡേറ്റ് കൊടുക്കുകയും ചെയ്തു. പഴക്കമുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കി. തങ്ങളുടെ സമകാലീനനായ ഫാസിലിനോട് ആ സംവിധായകര്‍ മകന്‍ തങ്ങളെ ഒഴിവാക്കുന്നതിന്റെ പരാതി പറഞ്ഞു. അവരോടൊക്കെ ഫാസിലിനു പറയാനുണ്ടായിരുന്ന മറുപടി, അവന്‍ എന്റെ ഫോണ്‍ പോലും എടുക്കാറില്ലെന്നായിരുന്നു! ഈ 'ഒഴിവാക്കല്‍ പിന്നീട് മറ്റു ന്യൂജന്‍ താരങ്ങളും തുടങ്ങിയതോടെ ആക്കാര്യത്തില്‍ ഫഹദിന്റെ ഒറ്റപ്പെടല്‍ മാറികിട്ടി (അല്ലെങ്കിലും താരങ്ങളെ അങ്ങനെയെളുപ്പമൊന്നും ആര്‍ക്കും കാണാനോ സംസാരിക്കാനോ പറ്റില്ലെന്നത് സിനിമാലോകത്തെ ഒരു നാട്ടുനടപ്പാണ്). അരാജകവാദിയെന്നും അഹങ്കാരിയെന്നുമൊക്കെ പലരും ഫഹദിനെ വിമര്‍ശിച്ചപ്പോഴും പ്രേക്ഷകര്‍ അയാളെ കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നു.

ഫഹദ് എന്ന നടന്റെ കരിയര്‍ ഒരുഘട്ടം വരെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, നായകാധിപത്യമുള്ള സിനിമകളില്‍ മാത്രമെ അഭിനയിക്കൂ എന്ന വാശിയൊന്നും ആ നടന്‍ വച്ചുപുലര്‍ത്തിയിരുന്നില്ല. 22 ഫീമെയില്‍ കോട്ടയവും ആര്‍ട്ടിസ്റ്റുമൊക്കെ അതിനുദാഹരണങ്ങളാണ്. സല്‍സ്വഭാവും വീരത്വവും നിറഞ്ഞ കഥാപാത്രങ്ങളെ മാത്രവുമല്ല അയാള്‍ സ്വീകരിച്ചത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളും അഭിനയിപ്പിച്ചു ഫലിപ്പിച്ചു ( 22 ഫീമെയില്‍, ഇമ്മാനുവല്‍). ഇതൊക്കെ ഒരു നല്ല നടന്റെ ഗുണങ്ങളായിരുന്നു. പഴയ തലമുറ സംവിധായകരെ തഴയുന്നു എന്ന വിമര്‍ശനം ഫഹദ് പ്രതിരോധിച്ചത്, താന്‍ ചെയ്യുന്നത് പുതുമയുള്ള വേഷങ്ങളാണെന്നും അത്തരത്തില്‍ വെല്ലുവിളി തരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആരു വിളിച്ചാലും പോകുമെന്നും പറഞ്ഞായിരുന്നു.

കാര്യങ്ങളെ ഫഹദിന്റെ വഴിക്കുപോകുന്നതിനിടയിലാണ് ചെറുതായി അയാള്‍ക്കും കാലിടറാന്‍ ഇടയായത്. വിജയനായകന്‍ എന്ന ഇമേജില്‍ നിന്ന ഫഹദിന്റെ ചില ചിത്രങ്ങള്‍ തിയെറ്ററില്‍ വന്‍ദുരന്തമായി. അപ്പോള്‍ അയാളിലെ ബുദ്ധിമാനായ നടന്‍ ഉണര്‍ന്നു. ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ അത് തന്റെ പരാജയമാണെന്നു തുറന്നു സമ്മതിച്ചു. സിനിമ തിരഞ്ഞെടുക്കുന്നതില്‍ തനിക്കു വീഴ്ച്ച പറ്റിയെന്നു പരസ്യമായി പറഞ്ഞു പ്രേക്ഷകരോട് പരസ്യമായി മാപ്പു ചോദിച്ചു. വിശാലഹൃദയരായ പ്രേക്ഷകന്‍ ഫഹദിനോട് ക്ഷമിച്ചു. പക്ഷെ ഫഹദിന് പിന്നെയും വീഴ്ച്ചകള്‍ പറ്റി. പരസ്യമായി പറഞ്ഞില്ലെങ്കിലും അതെല്ലാം സിനിമ തെരഞ്ഞെടുത്തതിലെ കുഴപ്പം കൊണ്ടാണെന്നു ഫഹദ് അറിയിപ്പു തന്നുകൊണ്ടിരുന്നു. പരാജയം തുടര്‍ച്ചയായപ്പോള്‍ വീണ്ടും പരസ്യമായി തന്നെ രംഗത്തെത്തി. പഴയ പ്രസ്താവന തന്നെ വീണ്ടും. അതായത് സംവിധായകരും എഴുത്തുകാരുമെല്ലാം തന്നെ പറഞ്ഞ് പറ്റിച്ച് സിനിമയില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നും പാവം ഞാന്‍ അവരെ വിശ്വസിച്ചുപോയെന്നും തന്റെ ശുദ്ധഗതിക്ക് മാപ്പ് തരണമെന്നുമുള്ള ലൈന്‍...സാരമില്ല ഇനി മുതല്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് പ്രേക്ഷകരും പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ തഥൈവ! ഒരു നടനോടുള്ള ഇഷ്ടത്തിന് നൂറു രൂപ (ഏറ്റവും കുറഞ്ഞ നിരക്ക്) വീതം തിയെറ്ററില്‍ കൊണ്ടുപോയി കളയാന്‍ മാത്രം വിശാലഹൃദയമൊന്നും മലയാളി പ്രേക്ഷകനില്ല (ഫാന്‍സിനെ കയറ്റി തിയെറ്റര്‍ ഫുള്‍ ആക്കാന്‍ മമ്മൂട്ടിയൊന്നും മോഹന്‍ ലാലുമൊന്നും അല്ലല്ലോ ഫഹദ് ഫാസില്‍!). അവര്‍ക്ക് പഴയ താല്‍പര്യമൊക്കെ പോയി തുടങ്ങി. അതുമനസ്സിലാക്കിയതുകൊണ്ടാവാം. 2002 ലേതുപോലെ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണെന്നും ഒരു ചെയ്ഞ്ച് വേണമെന്നൊക്കെ തട്ടിവിട്ടു. എന്നും സിനിമയില്‍ നില്‍ക്കാമെന്നൊന്നും ഫഹദ് ആര്‍ക്കും വാക്കു കൊടുത്തിട്ടൊന്നുമില്ലല്ലോ. ഇനിയിപ്പം അമേരിക്കയില്‍ പോയി ജീവിച്ചാലും പഴയപോലെയല്ല, നാലാള്‍ ആ നാട്ടിലും തിരിച്ചറിയും. വാങ്ങിച്ച അഡ്വാന്‍സ്‌പോലും തിരിച്ചുകൊടുത്തു. കൈയടിക്കേണ്ട പ്രവര്‍ത്തി.അങ്ങനെയൊക്കെ പറഞ്ഞിട്ടും പിന്നെയും ഫഹദിന്റെ സിനിമകള്‍ പുറത്തുവന്നൂ. ഒട്ടും മേന്മയില്ലാതെ. ഒരാളെ എല്ലാക്കാലത്തും കബളിപ്പിക്കാമെന്നു പറയുന്നത് ശരിയാണല്ലേ! പണ്ട് തന്നെ സമീപിച്ച സംവിധായകരെയൊക്കെ ഇതിലെന്ത് പുതുമ എന്നു ചോദിച്ച് മടക്കിയയച്ച ഫഹദ് എന്ന ബുദ്ധിമാനായ നടന് ഇങ്ങനെ തുടരെ തുടരെ അബദ്ധങ്ങള്‍ പറ്റുമോ? ഒരു സിനിമയില്‍ താന്‍ അഭിനയിച്ചുപോയത് തനിക്കു പറ്റിയ തെറ്റാണെന്നു കുമ്പസാരം നടത്തുമ്പോള്‍ ഫഹദ് പിന്തുടര്‍ന്നത് ഒരുതരം പീലാത്തോസിയന്‍ തിയറിയായിരുന്നുവന്ന് അംബുജാക്ഷന് ഇപ്പോള്‍ പറയേണ്ടി വരും. അതായത് തനിക്ക് ഈ പരാജയത്തില്‍ ഉത്തരവാദിത്വം ഇല്ലെന്നും മറ്റുള്ളവരുടെ കഴിവുകേടിന് താന്‍ ബലിയാടാവുകയായിരുന്നുവെന്നും അതുകൊണ്ട് തനിക്ക് മത്രം മാപ്പ് തരണമെന്നു പറയുന്നതും വെറും ബുദ്ധിയല്ല കുരുട്ട് ബുദ്ധിയാണ്.

ഫഹദ് എന്ന നടനെ യാതൊരു വിധത്തിലും കുറ്റപ്പെടുത്താനല്ല ഇതൊക്കെ പറയുന്നത്, മറിച്ച് കഴിഞ്ഞകാലത്ത് അയാള്‍ നടത്തിയ ചില പ്രസ്താവനകളോടുള്ള വിയോജിപ്പാണ്. സിനിമ പ്രവചനത്തിന് സാധ്യതയില്ലാത്ത കലയാണെന്ന് (അതൊരു ബിസിനസ്സ്‌ കൂടി ആയതുകൊണ്ട്) അംബുജാക്ഷന് നന്നായി അറിയാം. ഒരു സിനിമയും പരാജയപ്പെടാന്‍ വേണ്ടി എടുക്കാറില്ലെന്നും കുറേപ്പേരുടെ കുറെനാളത്തെ അധ്വാനമാണ് ഒരു സിനിമയെന്നും അറിയാം. പക്ഷെ ഒരു വീഴ്ച്ചവരുമ്പോള്‍ തന്നോടു മാത്രം ക്ഷമിക്കാന്‍ പറയുന്ന അതിബുദ്ധിയോട് അംബുജാക്ഷന് കടുത്ത അമര്‍ഷമുണ്ട്.

അയാള്‍ ഞാനല്ല എന്ന സിനിമ കണ്ടശേഷം അംബുജാക്ഷന് മനസ്സില്‍ വന്നത് ഫഹദിന്റെ കഴിഞ്ഞകാല പ്രകടനങ്ങള്‍ തന്നെയാണ്. അയാള്‍ക്ക് ശരിക്കും ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കരുതായിരുന്നുവെന്ന് അംബുജാക്ഷന് പറയേണ്ടി വരുന്നതും ഫഹദ് എന്ന നടന്‍ കഴിഞ്ഞകാലത്ത് തള്ളിപ്പറഞ്ഞ ചിലരുടെ മുഖം മനസ്സില്‍ വന്നതുകൊണ്ടുകൂടിയാണ്.

ഫഹദ് ഇനിയെങ്കിലും മനസ്സിലാക്കുക, താങ്കളെ മനപൂര്‍വ്വം കരിവാരി തേയ്ക്കാന്‍ വേണ്ടിയല്ല അവരൊക്കെ ഫഹദ് ഫാസിലിനെവെച്ച് സിനിമ ചെയ്തത്. ഏതു രഞ്ജിത്ത് കൂടെയുണ്ടെങ്കിലും ഒരു സിനിമ പ്രേക്ഷകന് ഇഷ്ടമായില്ലെങ്കില്‍ അത് പരാജയപ്പെടും. പരാജയം ഒരു ടീം സ്പിരിറ്റോടുകൂടി കാണുക. പിന്നെ, ഈ ബുദ്ധി എന്നത് എല്ലായിടത്തും പ്രകടിപ്പിക്കാനും ഉള്ളതാണ്. നല്ലതല്ലെങ്കില്‍ അതു മുഖത്തുനോക്കി പറയാന്‍, അതേതു അപ്പോസ്തലന്റെതാണെങ്കിലും ചങ്കൂറ്റവും വേണം.... ഫഹദ് ഫാസില്‍ ഫഹദ് ഫാസില്‍ ആയി തന്നെയിരിക്കട്ടെ...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories