TopTop
Begin typing your search above and press return to search.

ഫൈസല്‍ വധം; മലപ്പുറം നല്‍കുന്ന സൂചനകള്‍

ഫൈസല്‍ വധം; മലപ്പുറം നല്‍കുന്ന സൂചനകള്‍

കെ എ ആന്‍റണി

സംഘികളും അവർ പറയുന്നതത്രയും വെള്ളം തൊടാതെ വിഴുങ്ങുന്ന ചില ഉത്തരേന്ത്യൻ മാധ്യമ പ്രവർത്തരും കേരളത്തിലെ കണ്ണൂർ, മലപ്പുറം ജില്ലകൾക്ക് ചില വിശേഷണങ്ങൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. കണ്ണൂരിനെ അവർ "കേരളത്തിലെ ക്രൈം കാപ്പിറ്റൽ സിറ്റി" ആയും "കേരളത്തിലെ കാശ്മീർ" ആയും വിശേഷിപ്പിക്കുമ്പോൾ മലപ്പുറം അവർക്കു "കേരളത്തിലെ പാകിസ്ഥാൻ" ആകുന്നു. അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളുമാണ് കണ്ണൂരിന് ഇത്തരം വിശേഷങ്ങൾ നേടിത്തന്നതെങ്കിൽ ഉയർന്ന മുസ്ലിം ജനസാന്ദ്രത തന്നെയാണ് മലപ്പുറം ജില്ലയെ അവരുടെ കണ്ണിൽ "കേരളത്തിലെ പാകിസ്ഥാൻ " ആക്കി മാറ്റുന്നത്.

"കേരളത്തിലെ പാകിസ്ഥാൻ" എന്ന പ്രയോഗത്തിലൂടെ ഇത്തരക്കാർ മറ്റൊന്നുകൂടി ലക്‌ഷ്യം വയ്ക്കുന്നുണ്ട്. അതാവട്ടെ മലപ്പുറത്തെ ഒരു മുസ്ലിം മതതീവ്രവാദ കേന്ദ്രം കൂടിയായി ചിത്രീകരിക്കുക എന്നതാണ്. ഒരു കാലത്ത് സിമിയെപ്പോലുള്ള ചില മത തീവ്രവാദ സംഘടനകൾക്ക് മലപ്പുറത്തിന്റെ മണ്ണിൽ വേരോട്ടം ലഭിച്ചതും തുടക്കത്തിൽ ഇസ്ലാമിക് സേവക് സംഘ് എന്ന പേരിൽ ഒരു സംഘടനയുമായി രംഗത്തെത്തിയ പി ഡി പി നേതാവ് അബ്ദുൽ നാസർ മദനി മലപ്പുറം ജില്ല തന്റെ പ്രധാന തട്ടകമായി തിരഞ്ഞെടുത്തതും പുരോഗമന ചിന്താഗതിക്കാരനായിരുന്ന ചേകനൂർ മൗലവിയുടെ തട്ടിക്കൊണ്ടുപോകലും വധവും മാത്രമല്ല ഏറെ തെറ്റിദ്ധരിക്കപ്പെട്ട 1921-ലെ മലബാർ ലഹളയുമൊക്കെ മലപ്പുറത്തിനെ കേരളത്തിലെ കാശ്മീർ ആക്കി മാറ്റാൻ ഒരു വലിയ പരിധിവരെ ഇവർക്ക് സഹായകരമായി എന്ന കാര്യത്തിൽ തർക്കമില്ല.

ഇത്രയും ആമുഖമായി പറഞ്ഞത് മലപ്പുറത്തിന് വന്നുചേർന്ന മുസ്ലിം മതതീവ്രവാദ മുഖത്തെക്കുറിച്ചും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘപരിവാർ സംഘടനകൾ ഇതിന്റെ പേരിൽ നടത്തി വരുന്ന മുതലെടുപ്പിനെക്കുറിച്ചും പറയാനാണ്. പ്രത്യേകിച്ചും, ഇക്കഴിഞ്ഞയാഴ്ച മലപ്പുറത്തെ കൊടിഞ്ഞിയിൽ മതപരിവർത്തനം നടത്തിയ ഒരു യുവാവ് കൊലചെയ്യപ്പെട്ട സംഭവത്തിന്റെ വെളിച്ചത്തിൽ.

കൊടിഞ്ഞി സ്വദേശിയയായ പുല്ലാനി ഫൈസൽ എന്ന അനിൽകുമാറാണ് ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ വെട്ടും കുത്തുമേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ സംഘപരിവാർ ആണെന്നും കൊലപാതകത്തിലേക്ക് വഴിവെച്ചത് മതപരിവര്‍ത്തനം ആണെന്നും ഇതിനകം തന്നെ ഏതാണ്ട് വ്യക്തമായിട്ടുണ്ട്. തന്റെ മകൻ അനിൽകുമാർ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഇക്കാര്യത്തിൽ തന്റെ അനുമതി തേടിയിരുന്നുവെന്നുമാണ് അമ്മ മീനാക്ഷി പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തിയത്. മകൻ അവന്റെ ഭാര്യയേയും കുട്ടികളെയും കൂടി മതം മാറ്റിയതാണ് കൊലയ്ക്കു കാരണമായി ആ അമ്മ ചൂണ്ടിക്കാട്ടുന്നത്. പോലീസിന്റെ നിഗമനവും ഇത് തന്നെയാണ്.

തല്‍ക്കാലം നിഗമനങ്ങൾ അവിടെ നിൽക്കട്ടെ. പോലീസ് അവരുടെ ജോലി ഭംഗിയായി നിർവഹിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ ഇപ്പോഴത്തെ പ്രശ്നം അതല്ല. കൊടിഞ്ഞി എന്ന തനി നാടൻ ഗ്രാമത്തിൽ വസിക്കുന്നവരിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണെങ്കിലും മാപ്പിളമാരും ഹിന്ദു മത വിശ്വാസികളും തികച്ചും സൗഹാർദപരമായി നാളിതുവരെ ജീവിച്ചു വന്നിരുന്ന ആ നാട്ടിൽ മത വർഗീയതയുടെ വിത്ത് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഫൈസൽ എന്ന അനിൽകുമാറിന്റെ കൊലപാതകത്തിലൂടെ സംഘപരിവാർ ഉണ്ടാക്കിയെടുത്ത ഒരു നേട്ടം!ഇരട്ടക്കുട്ടികളുടെ ഗ്രാമം എന്നും സത്യം ജയിക്കുന്ന പള്ളിയുള്ള നാട് എന്നുമൊക്കെ ആഗോള തലത്തിൽ തന്നെ ഖ്യാതി നേടിയ കൊടിഞ്ഞി ഇനിയിപ്പോൾ അറിയപ്പെടുക മതവൈരാഗ്യത്തിന്റെ പേരിൽ കൂടിയാണ് എന്നത് കൊടിഞ്ഞിക്കാരെ മാത്രമല്ല മനുഷ്യനെ സ്നേഹിക്കുന്ന ആരെയും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്.

വെറും രണ്ടായിരത്തോളം കുടുംബങ്ങൾ പാർക്കുന്ന കൊടിഞ്ഞി ഗ്രാമത്തിൽ ഏതാണ്ട് 500 ജോഡി ഇരട്ടകൾ ഉണ്ടെന്നാണ് കണക്ക്. ലോകത്ത്‌ ഇത്തരത്തിൽ ഒരു പ്രതിഭാസം ബ്രസീലിലെ കാന്‍ഡിഡ ഗോദോയ് എന്ന പ്രദേശത്തു മാത്രമാണത്രെ കാണപ്പെടുന്നത്. കൊടിഞ്ഞിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് വിവാഹം ചെയ്ത് അയക്കപ്പെടുന്ന ചില യുവതികളും ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എന്തുതന്നെയായാലും ജർമനിയിലേതടക്കമുള്ള പല വിദേശ യൂണിവേഴ്സിറ്റികളും കൊടിഞ്ഞിയിലെ ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചു പഠിച്ചു വരികയാണ്.

കൊടിഞ്ഞിയിലെ ജമാഅത്ത് പള്ളിയും ഏറെ പ്രശസ്തമാണ്. സത്യം ജയിക്കുന്ന പള്ളി എന്നാണ് ഇതിനെ മലപ്പുറത്തെയും സമീപ ജില്ലകളിലെയും ആളുകൾ വിശ്വസിക്കുന്നത്. പോലീസിലും കോടതിയിലും തീർപ്പാകാത്ത കേസ്സുകൾ ആണ് ഈ പള്ളിയിൽ വെച്ച് തീർപ്പാകുന്നത്. മാപ്പിളമാരും ഇതര മതസ്ഥരും തീർപ്പാകാത്ത തർക്കങ്ങൾക്ക് പരിഹാരം തേടി എവിടെ എത്താറുണ്ട്. കൊടിഞ്ഞി പള്ളിയിൽ വച്ച് വേദ പുസ്തകം തൊട്ട്‌ ഒരാൾ സത്യം ചെയ്‌താൽ അത് വിശ്വസിക്കാം എന്നാണ്. കേസ് അതോടെ തീർപ്പാകുന്നു. ചെയ്തത് കള്ളസത്യമാണെങ്കിൽ അത് ചെയ്ത ആൾക്ക് ഭ്രാന്ത് പിടിപെടുമെന്നാണ് വിശ്വാസം. "കൊടിഞ്ഞി പള്ളിയിൽ വന്നു സത്യം ചെയ്യാമോ?" എന്ന ചോദ്യം തന്നെ ഇങ്ങനെ ഒരു വിശ്വാസത്തിൽ നിന്നും ഉണ്ടായതാണ്.

ഇരട്ടകളും പള്ളിയുമൊക്കെ അവിടെ നിൽക്കട്ടെ. തിരൂരങ്ങാടി താലൂക്കിന്റെ ഭാഗമായ കൊടിഞ്ഞി എന്ന കർഷക ഗ്രാമത്തിനെക്കുറിച്ചു പറഞ്ഞുവന്നപ്പോൾ അതിലേക്കുകൂടി കടന്നു എന്ന് മാത്രം. പച്ചപ്പും കൃഷിയും ഗ്രാമീണ നന്മയും ഒക്കെ നിറഞ്ഞു നിന്നിരുന്ന ഒരു മലപ്പുറം ഗ്രാമത്തിന്റെ പുതിയ അവസ്ഥയിലേക്ക് തന്നെ തിരിച്ചു നടക്കാം.

ഫൈസലിന്റെ കൊലപാതകം ഒരു ഗ്രാമത്തിലെ ജനങ്ങളെ എങ്ങനെ പെട്ടെന്ന് വേർതിരിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്രശ്നം. കൊലപാതകം നടന്ന അന്ന് കൊടിഞ്ഞിയിൽ ഹർത്താൽ സംഘടിപ്പിച്ചിരുന്നുവെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ കൊടിഞ്ഞിയിലെ പള്ളി അധികാരികൾ ജാഗ്രത കാട്ടിയിരുന്നു. പക്ഷെ ഈ ജാഗ്രത എത്രകാലം കൊണ്ടുനടക്കാൻ അവർക്കു കഴിയും എന്നതാണ് പ്രധാന ചോദ്യം.

ഇനി വളരെ സുപ്രധാനമായ മറ്റൊരു കാര്യത്തിലേക്ക്. മതപരിവർത്തനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ നടന്ന ആദ്യ കൊലപാതകമല്ല ഫൈസലിന്റേത്. 1947-ൽ നടന്ന അങ്ങാടിപ്പുറം കൂട്ടക്കൊലയാണ് ഒരുപക്ഷെ ഈ വിഷയവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തപ്പെട്ട ആദ്യ സംഭവം. വലിയ ജന്മി കുടുംബത്തിൽ പിറന്ന ഉണ്ണീൻ സാഹേബ് തന്റെ ഭാര്യ, രണ്ടു മക്കൾ, സഹോദരൻ ആലിപ്പു എന്നിവർക്കൊപ്പം ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതിനെ തുടർന്ന് ഉണ്ടായ അസഹിഷ്ണതയാണ് അങ്ങാടിപ്പുറം കൂട്ടക്കുരുതിക്ക് കാരണമായത്. ആര്യ സമാജം വഴി ഹിന്ദു മതം സ്വീകരിച്ച ഉണ്ണീൻ രാമസിംഹൻ എന്ന പേര് സ്വീകരിച്ചു. അനുജൻ ആലിപ്പു ആദ്യം ദയാസിംഹൻ എന്ന പേരും പിന്നീട് ഒരു ബ്രാഹ്മണ സ്ത്രീയെ വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി നരസിംഹൻ നമ്പൂതിരി എന്ന പേരും സ്വീകരിച്ചു. ഇതേ തുടർന്ന് 1947 ആഗസ്ത് 2-ന് ഒരു സംഘം ആൾക്കാർ രാമസിംഹൻ, അനുജൻ നരസിംഹൻ, അയാളുടെ ഭാര്യ കമല അന്തർജനം, പാചകക്കാരൻ രാജു അയ്യർ എന്നിവരെ വെട്ടിക്കൊന്നു എന്നാണു കേസ്. രക്ഷപ്പെട്ട രാമസിംഹന്റെ ഭാര്യയും മക്കളും ആര്യസമാജംകാരുടെ സഹായത്തോടെ കേരളം വിട്ടു എന്ന് പഴയ ഓലകൾ പറയുന്നു. പാലക്കാട് കോടതി ഈ കേസിൽ നാലുപേരെ തൂക്കിക്കൊല്ലാൻ വിധിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ ഇവരെ വിട്ടയക്കുകയായിരുന്നു.മതപരിവർത്തനവുമായി നടന്ന ഈ കൊലപാതകത്തിന് പിന്നിൽ മാപ്പിളമാരായിരുന്നുവെങ്കിൽ ഇതേ വിഷയവുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന രണ്ടു കൊലപാതകങ്ങൾക്ക് (ഫൈസൽ വധം അല്ലാതെ) പിന്നിലും സംഘപരിവാറിന്റെ കരങ്ങൾ തന്നെയായിരുന്നു. 1994-ൽ നടന്ന ആമിനക്കുട്ടി കൊലക്കേസാണ് ഇതിൽ ആദ്യത്തേത്. മലപ്പുറം അരീക്കോട് സ്വദേശി ചിരുത മതം മാറി ആമിനക്കുട്ടി എന്ന പേര് സ്വീകരിച്ചത് ഇഷ്ടപ്പെടാത്ത സ്വന്തം സഹോദരൻ തന്നെയാണ് മറ്റു രണ്ടുപേരുടെ കൂടി സഹായത്തോടെ അവരെ വകവരുത്തിയത്‌. ഈ കേസിൽ സഹോദരൻ ശിക്ഷിക്കപെട്ടപ്പോൾ മറ്റു രണ്ടു പേരും മതിയായ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുകയായിരുന്നു.

ഏറെ കോളിളക്കം സൃഷ്ട്ടിച്ച 1998-ലെ തിരൂർ യാസിർ വധം ആണ് മറ്റൊന്ന്. ക്ഷേത്ര കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്നു അയ്യപ്പൻ എന്ന യുവാവ് ഒരുനാൾ ഇസ്ലാം മതം സ്വീകരിച്ച് യാസിർ ആയി. ഇതേ തുടർന്നായിരുന്നു കൊലപാതകം. ഈ കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.

ഇത്തരം കൊലപാതകങ്ങൾ നൽകുന്ന സൂചന വളരെ വ്യക്തവും അത്യന്തം അപകടകരവുമാണ്. മറ്റാരുടെയും പ്രേണയോ നിർബന്ധമോ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും ഒരു മതം തിരഞ്ഞെടുക്കാനുള്ള പൗരസ്വാതന്ത്രത്തിന്മേൽ കൂടിയാണ് ഇത്തരക്കാർ കത്തി കുത്തിയിറക്കുന്നത്. എന്തെകിലും നിവർത്തിയുണ്ടായിരുന്നെങ്കിൽ ഇവർ മാധവിക്കുട്ടിയെയും അരിഞ്ഞു തള്ളുമായിരുന്നു എന്ന കാര്യത്തിൽ തർക്കം വേണ്ട.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories