TopTop
Begin typing your search above and press return to search.

ഫൈസലിനെ കൊന്നവരോട് ഒന്നും പറയാനില്ലേ? മാധ്യമങ്ങളേ, നിങ്ങളും?

ഫൈസലിനെ കൊന്നവരോട് ഒന്നും പറയാനില്ലേ? മാധ്യമങ്ങളേ, നിങ്ങളും?

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ മലപ്പുറം കൊടിഞ്ഞിയിലെ ഫൈസൽ എന്ന യുവാവിനെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത് പത്രങ്ങളിലും ചാനലുകളിലുംസാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ വലിയ വാർത്തയായിരുന്നു. എന്നാൽ ഫൈസൽ വധത്തിനുപിന്നിൽ ആർഎസ്എസ്സുകാർ ആണെന്ന് തെളിയുകയും അവർ അറസ്റ്റിലാവുകയും ചെയ്തപ്പോൾ വാർത്തയുടെ കനവും നീളവുമൊക്കെ കുറഞ്ഞു. ഇതിനെതിരെ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ആണ് ചുവടെ:

“ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറിയയാളെ കൊന്ന ആര്‍എസ്എസ് പ്രചാരകന്‍ അറസ്റ്റില്‍. മലപ്പുറം കൊടിഞ്ഞിയില്‍ ഫൈസല്‍ എന്ന മുപ്പതുകാരനെ കൊന്ന കേസിലാണ് തിരൂര്‍ താലൂക്ക് കാര്യവാഹക് മഠത്തില്‍ നാരായണന്‍ അറസ്റ്റിലായത്.'-വാര്‍ത്തയാണ്. നാലഞ്ച് ദിവസമായി ഈ വാര്‍ത്ത വന്നിട്ട്. കേരളം ഞെട്ടിത്തരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായൊന്നും കാണുന്നില്ല. അതെന്താ അങ്ങനെ എന്ന് നമ്മളാലോചിക്കുമല്ലോ. മതം മാറിയവരെ കൊല്ലുന്ന ഏര്‍പ്പാട് അത്രയ്ക്ക് സാധാരണ സംഗതിയൊന്നുമല്ല ഇന്നാട്ടില്‍, എന്ന് മാത്രമല്ല, ഒട്ടും അസാധാരണമല്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ആഴ്ചയ്ക്കാഴ്ചയ്ക്ക് ഞെട്ടുന്നവരുടെ നാടാണ് താനും. അങ്ങനെയായിട്ടുപോലും എന്തുകൊണ്ടാകും ഈ സംഭവത്തില്‍ അങ്ങനെ രോഷമൊന്നും വരാത്തതാവോ എന്നാലോചിക്കുമല്ലോ.

അപ്പോള്‍ നമ്മള്‍ ഇങ്ങനെ ആ വാര്‍ത്തയെ തിരുത്തി വായിച്ച് നോക്കും. 'ഇസ്ലാമില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ യുവാവിനെ കൊന്ന ഇസ്ലാമിക തീവ്രവാദസംഘ പ്രചാരകന്‍ അറസ്റ്റില്‍'. എങ്ങനേണ്ടാകും? ഉദാഹരണമുണ്ടല്ലോ നമുക്ക് മുന്നില്‍. ഇവരുടെ അപ്പുറത്തെ കക്ഷികള്‍ ചെയ്തതിന്റെ ഉദാഹരണം മുന്നിലുണ്ട്. കൊന്നിട്ടില്ല, ഒരു കൈയ്യങ്ങ് വെട്ടിയിട്ടേയുള്ളൂ എമ്മാതിരി ഞെട്ടലാണ് കേരളം ഞെട്ടിയത്. മാപ്ലാര് ശരിയല്ല എന്ന് ഉറക്കെയും മനസ്സിലും എത്ര തവണ പറഞ്ഞു, ചിരിച്ച് കൊണ്ടിറങ്ങി കോടതിക്ക് മുന്നില്‍ നിന്ന ആ അറാംപെറപ്പുകള്‍ക്കെതിരെ എമ്മട്ടിലുള്ള വെറുപ്പാണ് നമ്മള്‍ക്ക് വന്നത്. രണ്ടും ഒരേ തരം തോന്ന്യാസികള്‍, എന്നിട്ടെന്താണ് ആര്‍എസ്സ്എസ്സുകാരോട് സൗമ്യത? എന്താണെന്നറിയ്വോ, മെച്ചപ്പെട്ട മനുഷ്യരല്ലാത്തത് കൊണ്ടാണ്. ഓ അതൊക്കെ അങ്ങനെയങ്ങ് നടക്കും എന്ന നിസ്സംഗത വരുന്നത് അങ്ങനെ തോന്നിക്കുന്നൊരു അടിസ്ഥാനരാഷ്ട്രീയ സംഗതി, മതാധിഷ്ഠിത വിവേചനമനസ്സ് ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് കൂടിയാണ്. അവരവരുടെ തടിയെ ബാധിക്കാത്ത എല്ലാത്തിനെയും പ്രതികരിച്ചോടിക്കാനുള്ളത്രയ്ക്ക് ഊര്‍ജ്ജം നമ്മളിലുണ്ട്. എന്നാല്‍ ആ ഊര്‍ജ്ജത്തിന്റെ വരവിന് നിയതമായ ചാലുകളുണ്ട്. ആര്‍എസ്സ്എസ്സിലേക്ക് ആ രോഷമൊഴുകില്ല. ആര്‍എസ്സ്എസ്സ് ഇരയല്ല. അവരൊഴിച്ചുള്ള ലോകത്തെ ഞങ്ങള്‍ മാറ്റിത്തീര്‍ത്തോളാംന്നാണ് ഉള്ളിൽ. ഉടുപ്പു പോലെ മാറാവുന്ന സംഗതി മാത്രമാണ് മതം. മനുഷ്യരുണ്ടായതിന് ശേഷം ഉണ്ടായത്. അങ്ങനെ മാറുന്നൊരുവനെ മറ്റൊരു വിദ്വേഷവും ഇല്ലാതിരുന്നിട്ടും കൊല്ലാന്‍ തോന്നുന്ന പരമനാറി സംഘ മനസ്സുണ്ടല്ലോ. അത് നരകമാക്കിക്കളയും ഭാവിയെ. നിങ്ങളുടെയും എന്റെയും കുഞ്ഞുങ്ങള്‍ ജീവിക്കാനിരിക്കുന്ന ഭാവിയെ. മറ്റ് കാര്യങ്ങളൊഴിഞ്ഞിരിക്കുമ്പോഴെങ്കിലും തൊണ്ടയൊന്നനക്കിയേക്കണം അതിനെതിരെ.”

ഈ ഫേസ്ബുക്ക് പോസ്റ്റിൽ വാസ്തവം ഇല്ലാതില്ല. ഇവിടെ ചൂണ്ടിക്കാണിക്കുന്നതുപോലെ തൊടുപുഴ ന്യൂ മാൻസ് കോളേജ് അധ്യാപകൻ ജോസഫിന്റെ കൈപ്പത്തി അറുത്തു മാറ്റിയപ്പോൾ മുസ്ലിം മത തീവ്രവാദികൾക്കെതിരെ ഉണ്ടായ പ്രതിഷേധം ഒന്നും ഫൈസലിന്റെ കാര്യത്തിൽ ഉണ്ടായിക്കണ്ടില്ല. ഇതിനർത്ഥം ഹിന്ദുത്വ തീവ്രവാദം അത്ര വലിയ വിപത്തായി നമ്മുടെ മാധ്യമങ്ങളും പൊതുസമൂഹവും കാണുന്നില്ലേ എന്ന വലിയ സംശയം തന്നെയാണ് ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

സത്യത്തിൽ അനിൽകുമാർ എന്ന ഫൈസലിനെ കൊലചെയ്തതിലൂടെ എന്തുനേട്ടമാണ് സംഘപരിവാർ നേടിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. ജോസഫ് മാഷിന്റെ കാര്യത്തിൽ ഇതേ ചോദ്യത്തിന് നമ്മൾ ഉത്തരം തേടിയിരുന്നു. മാഷിനെ വട്ടമിട്ട് ആക്രമിക്കുന്നതും കൊത്തി അരിയുന്നതും കണ്ട ഷോക്ക് മാറും മുൻപ് തന്നെ അദ്ദേഹത്തിന് ജോലി കൂടി നഷ്ടമാകുന്നത് കണ്ട് സമനില തെറ്റിയ ഭാര്യ ആത്മഹത്യ ചെയ്തു. പ്രവാചക ഭക്തർ എന്ന് സ്വയം നടിക്കുന്ന ഒരു സംഘത്തിന്റെ ദുഷ്ചെയ്തിയുടെ പേരിൽ ഒരു മതവിഭാഗം കളങ്കിതരാവുന്നതും നാം കണ്ടു, ചർച്ച ചെയ്തു.

എന്നാൽ ഫൈസലിന്റെ കാര്യത്തിൽ എന്തുകൊണ്ടോ അതുണ്ടായില്ല. അനിൽകുമാർ എന്ന ഹിന്ദു യുവാവ് മതം മാറിയത് വലിയൊരു കുറ്റമായി സംഘികൾ കണ്ടപ്പോൾ നമ്മളും അവർക്കൊപ്പം ചേർന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? അതോ തനിക്കു പിന്നാലെ ഭാര്യയെയും രണ്ടു മക്കളെയും മതപരിവർത്തനം നടത്തിയവന് ഇത്രയൊക്കെ നീതി മതിയെന്ന് കരുതിയതിനാലാവുമോ? ഇവ രണ്ടിൽ ഏതു തന്നെ ആയാലും നമ്മുടെ യുക്തിയും ചിന്തയും അത്ര യുക്തിഭദ്രമല്ലെന്നു പറയേണ്ടി വരും. ഒരു പക്ഷെ നമ്മൾ അതിനീചവും ക്രൂരവും തികച്ചും സങ്കുചിതവുമായ ഒരു ചിന്ത കൊണ്ടുനടക്കുകയും പ്രത്യുത്പാദിപ്പിക്കുകയും രഹസ്യമായെങ്കിലും വിതരണം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആവണമല്ലോ മാധ്യമ വീരകേസരികൾ ചില നേരനുഭങ്ങൾ കാണാതെ പോകുന്നതും.

അനിൽകുമാർ എന്ന ഫൈസലിന്റെ കാര്യത്തിൽ ഉണ്ടായത് ഇത്രയൊക്കെ; ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും അനാഥരായി. തന്റെ മകനെ അരുംകൊല ചെയ്ത ഒരു മതത്തിനെ പ്രതിനിധാനം ചെയ്യുന്നവരോ ആ മതത്തിന്റെ കാവലാളുകളെന്നു സ്വയം നടിക്കുന്നവരോ നേടിയെടുത്ത മറ്റൊരു 'നേട്ടം' കൂടിയുണ്ട്. അതാവട്ടെ, പുത്ര ദുഃഖത്താൽ പിടഞ്ഞ ഒരു അമ്മ മനസിന്റെ മതപരിവർത്തനം ആയിരുന്നു. അനിൽകുമാർ എന്ന ഫൈസലിന്റെ അമ്മ മീനാക്ഷി സ്വമേധയാ ഇസ്ലാമിനെ ആശ്ലേഷിച്ചു. (അല്ലെങ്കിലും എംബ്രേസ് എന്ന ഇംഗ്ലീഷ് വാക്കിനു തത്തുല്യമായ ആശ്ലേഷിച്ചു എന്ന പദം തന്നെ കൂടുതൽ ഉത്തമം)

മീനാക്ഷി എന്ന അമ്മയുടെ കടുത്ത തീരുമാനം എന്ന് ഒരുപക്ഷേ സംഘികൾ വിശേഷിപ്പിക്കാൻ ഇടയുള്ള ഈ മതപരിവർത്തന വാർത്ത, ആർക്കൊക്കെയോ വേണ്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധത പേറേണ്ടി വരുന്ന നമ്മുടെ ചാനൽ ചർച്ചക്കാർ ചർച്ചക്ക് എടുത്തില്ല എന്നത് പോകട്ടെ, നമ്മുടെ മുഖ്യധാര പത്രങ്ങളിൽ പലതും ഇങ്ങനെയൊരു കാര്യം അറിഞ്ഞേ ഇല്ല എന്ന് നടിക്കുകയും ചെയ്തു.

മതതീവ്രവാദം അത് ഏതു വിഭാഗത്തിൽ നിന്നായാലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് പൊതുസമൂഹം അംഗീകരിച്ചു തുടങ്ങിയ ഒരു കാലഘട്ടത്തിൽ നിന്ന് തന്നെയാണ് ഇപ്പോൾ ഈ സംവാദവും. പക്ഷെ പൊതുസമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാൻ വളരെ ശ്രദ്ധാപൂർവ്വമായ ചില നീക്കങ്ങൾ നമ്മുടെ ഇടയിൽ പ്രത്യക്ഷമാണ്. അവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സംഘി കെണിയിൽ വീഴുകയാണ്. അന്നന്നത്തെ അപ്പത്തിനും അപ്പുറം സ്വന്തമായി ഒരു അസ്തിത്വം മാധ്യമ പ്രവർത്തകര്‍ക്ക് ഇല്ലാതാകുന്നു. ആര്‍ക്കൊക്കെയോ കുട പിടിച്ചു കൊടുക്കുകയാണ് നമ്മളും അവരും.

ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ആദ്യത്തെ കാര്യം മതം മാറി ഫൈസൽ ആയ അനിൽകുമാറിന്റെ അമ്മ മീനാക്ഷി തന്നെ നൽകുന്ന സന്ദേശമാണ്. അത് ഒരു വലിയ സന്ദേശമാണെന്ന് എന്നിനി ഇവർ തിരിച്ചറിയും എന്ന കാര്യത്തിലും വലിയൊരു സന്ദേഹം നിലനിൽക്കുന്നുണ്ട്. സംഘപരിവാറിന്റെ കുതന്ത്രങ്ങൾ അറിയാത്തവരല്ല ഭാരതീയർ. വിടുതൽ അപേക്ഷ നൽകി വിടുതൽ നേടി പുറത്തേക്കു പൂത്ത ഒരു കാവി വസന്തത്തിന് കൂടെ എന്തിനു നിൽക്കുന്നുവെന്ന് പറയാനുള്ള ബാധ്യത നിങ്ങളിൽ ഓരോരുത്തരുടേതുമാണ് എന്ന് ഓർത്തു വെക്കുക.

കമ്മ്യൂണിസ്റ്റുകൾ ഇന്നിപ്പോൾ കേമൻമാർ എന്നൊന്നും പറയുന്നുന്നില്ല. മാപ്പിള തീവ്രവാദത്തിനെതിരെ പോരാടുന്ന മാപ്പിള സമൂഹത്തെ രാജീവ് ചന്ദ്രശേഖറിനും മാമൻ മാപ്പിളയ്ക്കും വീരേന്ദ്ര കുമാറിനും ഒക്കെ വേണ്ടി മാർക്കറ്റിങ് റേറ്റ് കൂട്ടാന്‍ പണിയെടുക്കുന്നവര്‍ എന്തുകൊണ്ട് കാണാതെ പോകുന്നു? ചോദ്യം നിങ്ങളോടാണ്. കാവിക്ക് കൂലി വാങ്ങിയ നിങ്ങളോടു തന്നെ. ഇത് എന്റെ മാത്രം ചോദ്യമല്ല. നിങ്ങളെ കാണുന്ന, നിങ്ങളെ വായിക്കുന്ന കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ചോദ്യം തന്നെയാണിത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories