TopTop
Begin typing your search above and press return to search.

പണി തീരാത്ത താജ് മഹലും പൂര്‍ത്തിയാകുന്ന സ്‌കൂളും: ഖദ്രിയുടെ സ്വപ്‌നങ്ങള്‍

പണി തീരാത്ത താജ് മഹലും പൂര്‍ത്തിയാകുന്ന സ്‌കൂളും: ഖദ്രിയുടെ സ്വപ്‌നങ്ങള്‍

ഫൈസുള്‍ ഹസന്‍ ഖദ്രി എന്ന 81കാരനായ റിട്ടയര്‍ഡ് പോസ്റ്റ് മാസ്റ്റര്‍ 2015ല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത് മരിച്ച ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഒരു മിനി താജ് മഹല്‍ പണിയാനുള്ള ശ്രമത്തെ തുടര്‍ന്നാണ്. ബുലന്ദ്ഷഹറിലെ കാസര്‍ കലാന്‍ ഗ്രാമത്തിലാണ് ഈ താജ്മഹല്‍. എന്നാല്‍ ഇപ്പോള്‍ സ്വദേശമായ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പണി തീരാത്ത താജ് മഹലിന് സമീപം ഒരു ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് - ഖദ്രി വിട്ടുകൊടുത്ത സ്ഥലത്ത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താജ്മഹല്‍ നിര്‍മ്മാണ പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഖദ്രിയെ സമീപിക്കുകയും സ്‌കൂളിനായി സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. താജ്മഹലിന്റെ നിര്‍മ്മാണത്തിന് അഖിലേഷ് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഖദ്രി താജ്മഹലെന്ന് തന്റെ സ്വപ്‌നം തല്‍ക്കാലത്തേയ്ക്ക് മാറ്റി വച്ചു. കൈയില്‍ ബാക്കിയുണ്ടായിരുന്ന ഭൂമി സര്‍ക്കാരിന് വിട്ടുകൊടുത്തു. എന്നാല്‍ ആവശ്യമായ പണമില്ലാത്തതിനാല്‍ താജ് മഹലിന്റെ പണി പൂര്‍ത്തിയാക്കാനുമായില്ല.

താജ്മഹലെന്ന സ്വപ്‌നം അങ്ങനെ തന്നെ നില്‍ക്കുകയാണ്. ഖദ്രിയുടെ കണ്ണിന്റെ കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ ഖദ്രി തയ്യാറല്ല. മാസം പെന്‍ഷനായി ലഭിക്കുന്ന 15,000 രൂപയില്‍ നിന്ന് മിച്ചം വയ്ക്കുന്ന തുകയിലാണ് ഖദ്രിയുടെ പ്രതീക്ഷ. 2015ന് ശേഷം ഒരു ലക്ഷം രൂപയോളം ഇത്തരത്തില്‍ മിച്ചം പിടിച്ചിരുന്നു. എന്നാല്‍ എന്റെ അന്തരവള്‍ക്ക് കുറച്ച് അടിയന്തരാവശ്യങ്ങള്‍ വന്നപ്പോള്‍ ഞാന്‍ അത് അവള്‍ക്ക് കൊടുത്തു. അത് തിരിച്ച് കിട്ടിയിട്ടില്ല. ഇപ്പോള്‍ 55,000 രൂപയുണ്ട്. മാര്‍ബിള്‍

വയ്ക്കാനാണ് ശ്രമിക്കുന്നുണ്ട. പണി പൂര്‍ത്തിയാക്കാന്‍ 6-7 ലക്ഷം രൂപ വേണ്ടി വരും. മറ്റാരുടേയും സാമ്പത്തികസഹായം വേണ്ടെന്ന് തന്നെയാണ് 2015ലും ഇപ്പോഴും ഖദ്രിയുടെ നിലപാട്.

അഞ്ച് മാസം മുമ്പ് ഖദ്രിക്ക് ഒരു അപകടം പറ്റി. സൈക്കിളില്‍ നിന്ന് വീണ് കാലിന് പരിക്കേറ്റു, കിടപ്പിലായി. ചികിത്സയുമായി ബന്ധപ്പെട്ട് കുറെ പണം ചിലവായി. അതേസമയം ഗവ.ഗേള്‍സ് സ്‌കൂളിനായി ഭൂമി വിട്ടുകൊടുക്കുന്നതിനെതിരെ സമുദായ നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നതായും സ്വകാര്യ മുസ്ലീം സ്‌കൂളിന് വേണ്ടി ശ്രമിക്കണമെന്ന് മൗലവിമാര്‍ ആവശ്യപ്പെട്ടിരുന്നതായും ഖദ്രി പറഞ്ഞു. ഇത്തരത്തിലാണെങ്കില്‍ അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാകും എന്നായിരുന്നു ഖദ്രിയോട് അവര്‍ പറഞ്ഞത്. എന്നാല്‍ എല്ലാ സമുദായത്തിലും പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ് അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ ഈ സ്‌കൂള്‍ വരാന്‍ പോകുന്നതെന്നായിരുന്നു ഖദ്രിയുടെ മറുപടി.

സ്‌കൂള്‍ കെട്ടിടത്തിന് ഭൂമി വിട്ടുകൊടുക്കുക മാത്രമല്ല. താജിന് സമീപം സാധനങ്ങള്‍ വയ്ക്കാനും ഖദ്രി അനുവദിച്ചു. എന്നാല്‍ താജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഖദ്രി അത് നിരസിക്കുകയാണുണ്ടായതെന്ന് സ്‌കൂളിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന കോണ്‍ട്രാക്്ടര്‍ ദീപക് കുമാര്‍ പറയുന്നു. വാക്കറും കുത്തി ഖദ്രി ഇടയ്ക്കിടെ സ്‌കൂള്‍ സന്ദര്‍ശിക്കും. പണിയുടെ പുരോഗതി വിലയിരുത്തും.

2011ലാണ് ഫൈസുള്‍ ഹസന്റെ ഭാര്യ താജമൗലി ബീഗം മരിച്ചത്. ഭാര്യയുടെ ശവകുടീരത്തിനരികെ താജിനുള്ളില്‍ തന്നെ സംസ്‌കരിക്കണമെന്നാണ് ഖദ്രിയുടെ ആഗ്രഹം. അദ്ദേഹത്തിന് മക്കളില്ല. സഹോദരന്‍ മെസുള്‍ ഹസനും നാല് മാസം മുമ്പ് മരിച്ചിരുന്നു. മെസുളിന്റെ ഭാര്യയും മാനസിക പ്രശ്‌നങ്ങളുള്ള 24കാരനായ അയാളുടെ മകനും ഖദ്രിയോടൊപ്പമാണ് താമസം. വീട്ടിലിരുന്നാല്‍ താജ് മഹലും സ്‌കൂളും ഖദ്രിക്ക് കാണാം. പൂര്‍ത്തിയാകാത്ത സ്വപ്‌നത്തിലും അയാള്‍ സന്തുഷ്ടനാണ്.

വായനയ്ക്ക്‌: https://goo.gl/dq3KSp

ചിത്രങ്ങള്‍: ഹിന്ദുസ്ഥാന്‍ ടൈംസ്


Next Story

Related Stories