TopTop
Begin typing your search above and press return to search.

സിപിഎം, നിങ്ങളുടെ കൈകളില്‍ പുരണ്ടിരിക്കുന്നത് കമ്യൂണിസ്റ്റുകളുടെ രക്തമാണ്

സിപിഎം, നിങ്ങളുടെ കൈകളില്‍ പുരണ്ടിരിക്കുന്നത് കമ്യൂണിസ്റ്റുകളുടെ രക്തമാണ്

കബനി നാരായണന്‍

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ രണ്ട് സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ കേരളാ പോലീസിന്റെ വെടിയേറ്റ് മരിച്ചതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയിലെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ പത്രത്താളുകളില്‍ ഒരു ദിവസത്തേക്ക് ഉണ്ടാകുന്ന വാര്‍ത്താ പ്രാധാന്യത്തെക്കാള്‍ ഒരാഴ്ച അടുക്കാറായിട്ടും ഈ വിഷയം പ്രാധാന്യം ചോരാതെ നില്‍ക്കുന്നതിന്റെ കാരണം എന്താവും? ഈ വഴിയില്‍ ചിന്തിക്കുമ്പോഴാണ് പ്രത്യയശാസ്ത്ര അടിത്തറയുള്ള നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ഉം അതേ പോലെ അടിത്തറയുള്ള സിപിഐ(മാര്‍ക്‌സിസ്റ്റ്)-ഉം നേര്‍ക്കുനേര്‍ വരുന്നത്. കേരളത്തില്‍ യുഡിഎഫാണ് ഭരിക്കുന്നതെങ്കില്‍ ഇത്രയും ചര്‍ച്ചകളും കോലാഹലങ്ങളും മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉണ്ടാകും എന്ന് കരുതാന്‍ വയ്യ. എന്തെങ്കിലും പ്രതിഷേധം ഉണ്ടായാല്‍ തന്നെ വ്യാജ ഏറ്റുമുട്ടലും കൊലപാതകവുമാണ് എന്ന് സമര്‍ത്ഥിച്ചുകൊണ്ട് സര്‍ക്കാരിനെതിരെ തിരിയുന്നവരുടെ മുന്നില്‍ സിപിഎം തന്നെ ആയിരിക്കുമായിരുന്നു.

നിലമ്പൂരിലെ ഏറ്റുമുട്ടലും മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മരണവും വാര്‍ത്തയായി പുറത്തുവന്നപ്പോള്‍ തന്നെ ഇത് വ്യാജ ഏറ്റുമുട്ടലാണ് എന്ന പ്രസ്താവനകളുമായി വിവിധ സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും മുന്നോട്ട് വന്നിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ എന്ന് പോലീസ് പറയുന്നവരുടെ മൃതദേഹങ്ങളുടെ ശരീരഭാഷ, എറ്റുമുട്ടലിലല്ല അവര്‍ വധിക്കപ്പെട്ടത് എന്ന് വ്യക്തമാണ് എന്നതായിരുന്നു ഇവരുടെ വാദം. പോലീസ് തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നപ്പോഴും സര്‍ക്കാര്‍ പോലീസിന്റെ നിലപാടിനെ തള്ളാനോ കൊള്ളാനോ തയ്യാറായില്ല. കാരണം, ഇത് വ്യാജഏറ്റുമുട്ടല്‍ ആണെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നും, അതിനുപപരിയായി, ഇടത് പ്രത്യയശാസ്ത്ര അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരെ വധിക്കുന്നത് ഇടതുപക്ഷത്തിന്റെ രീതിയല്ല എന്നും, ഫാസിസം പിന്തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളല്ല കേരളത്തില്‍ എല്‍ഡിഎഫിന്റേത് എന്ന ഉറച്ച പ്രസ്താവന ഭരണത്തിലെ മുഖ്യ ഘടകകക്ഷിയായ സിപിഐ ഇതിനകം കൈക്കൊണ്ടിരുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ആകട്ടെ, വ്യാജ ഏറ്റുമുട്ടലിനെ മാത്രം എതിര്‍ത്തുകൊണ്ട് രംഗത്തുവരികയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുമുട്ടലില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു.

കൊലചെയ്യപ്പെട്ട കുപ്പുസ്വാമി എന്ന ദേവരാജ്, അജിത എന്ന കാവേരി എന്നിവര്‍ വെടിയേറ്റ് മരിച്ചു കിടക്കുന്ന ചിത്രങ്ങളും മാവോയിസ്റ്റുകള്‍ താമസത്തിന് ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന ടെന്റുകളുടെ ചിത്രങ്ങളുമാണ് പുറത്തു വന്നത്. അവ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയ സോഷ്യല്‍ മീഡിയയും മറ്റ് മാധ്യമങ്ങളിലെ ഒരു വിഭാഗവും ഇത് വ്യാജ ഏറ്റുമുട്ടലാണ് എന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയും വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ ഈ ഏറ്റുമുട്ടല്‍ കൊലപാതകം തീവ്ര നിലപാടുള്ളവരും ഭരണകക്ഷിയിലെ സിപിഎമ്മും തമ്മിലുള്ള പോരിലേക്ക് വഴിമാറി.സ്വാഭാവികമായി ഇതുപോലുള്ള ഏറ്റുമുട്ടലുകളില്‍ വധിക്കപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പോലീസ് തന്നെ മറവ് ചെയ്യുകയാണ് പതിവ്. അഥവാ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയാലും തുടര്‍ വിവാദങ്ങള്‍ ഉണ്ടാകാറുമില്ല. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് മൃതദേഹം കണ്ടുവെന്നും കൊലപാതകത്തിന് പിന്നില്‍ വ്യാജ ഏറ്റുമുട്ടല്‍ ആണെന്നാണ് കരുതുന്നതെന്നും ദേവരാജിന്റെ സഹോദരന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റു നിയമനടപടികള്‍ ആലോചിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കൂടാതെ, മരണ കാരണത്തില്‍ വ്യക്തത കൈവരാതെ ശരീരം ഏറ്റുവാങ്ങാനും അവര്‍ തയ്യാറായില്ല. ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോരാട്ടം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതില്‍, മുന്‍ നക്‌സലായിരുന്ന ഗ്രോവാസു, എംഎന്‍ രാവുണ്ണി എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മറ്റുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ രാവുണ്ണിക്കെതിരെ യുഎപിഎ ചുമത്തപ്പെട്ടു. എംഎന്‍ രാവുണ്ണിയുടെ അറസ്‌റ്റോടു കൂടി വ്യാജഏറ്റുമുട്ടല്‍ ആരോപണത്തിനേക്കാള്‍ ഉപരിയായി സിപിഎം എന്ന സംഘടന പ്രതിഷേധക്കാരാല്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

രാവുണ്ണിയുടെ അറസ്റ്റ്, സിപിഎമ്മിന്റെ ഭരണകാലത്താണ് നടക്കുന്നത് എന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യമാണ്. യുഎപിഎ എന്ന കിരാത നിയമത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും ഇങ്ങിനെ ഒരു നീക്കം ഉണ്ടാകും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

അല്പം ചരിത്രം; ആരാണ് എം.എന്‍ രാവുണ്ണി?
എം.എന്‍ രാവുണ്ണി എന്ന വ്യക്തിയുടെ ജീവിതം കേരളത്തിന്റെ ചരിത്രത്തിലെ തന്നെ വലിയ ഒരു അടയാളപ്പെടുത്തലാണ്. തീവ്ര ഇടതുപക്ഷത്തിന്റെ ആശയങ്ങളെ മുറുകെ പിടിക്കുന്ന അദ്ദേഹം ആ വിഭാഗത്തിലെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നേതാവാണ്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ എം.എന്‍ രാവുണ്ണി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. തമിഴ് നാട്ടില്‍ പാര്‍ട്ടി സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടു. തമിഴിലെ പാര്‍ട്ടി പത്രമായ, ഇന്നും സിപിഎമ്മിന്റെ തമിഴ്‌നാട്ടിലെ മുഖപത്രമായ (കേരളത്തില്‍ ദേശാഭിമാനിക്ക് തുല്യം) 'തീക്കതിര്‍' എന്ന പത്രം സ്ഥാപിച്ചു. 64-ലെ പിളര്‍പ്പിന്റെ സമയത്ത് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. പിന്നീട് നക്‌സല്‍ബാരി കലാപത്തിന് ശേഷം സിപിഎം വിട്ട് സിപിഐ (എം.എല്‍) പ്രവര്‍ത്തകനായി. തലശേരി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തു. പിന്നീട് പാലക്കാട് കോങ്ങാട് ജന്മി ഉന്മൂലന കേസില്‍ തടവിലാക്കപ്പെട്ടു. ജയില്‍ ചാടിയെങ്കിലും പിടിക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 1984-ലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജയില്‍ മോചിതനാകുന്നത്. ജയില്‍ മോചിതനായ ശേഷം സിആര്‍സി, സിപിഐ (എം.എല്‍) എന്ന സംഘടനയുടെ കേരള സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. നിലവില്‍ പോരാട്ടം സംഘടനയുടെ പ്രസിഡന്‍റ് ആണ് രാവുണ്ണി.

ഇന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്‌സിറ്റ്‌ ലെനിനിസ്റ്റ് മാവോയിസ്റ്റ് പാര്‍ട്ടിയാണ് സിപിഐ (മാവോയിസ്റ്റ്). നീണ്ടു നില്‍ക്കുന്ന ജനകീയ യുദ്ധത്തിലൂടെ ഇന്ത്യയിലെ അര്‍ധ കൊളോണിയല്‍, അര്‍ധ ഫ്യൂഡല്‍ ഭരണകൂടത്തെ അട്ടിമറിച്ച് പുത്തന്‍ജനാധിപത്യ വിപ്ലവം നടത്തലാണ് ആ പാര്‍ട്ടിയുടെ ലക്ഷ്യം. 1967-ല്‍ സിപിഎം നേരിട്ട ഒരു പ്രധാന പ്രശ്‌നമായിരുന്നു നക്‌സല്‍ബാരി മുന്നേറ്റം. പാര്‍ട്ടിയിലെ തീവ്രചിന്താഗതിയുള്ള ആളുകള്‍ സിപിഎം ഉറ്റുനോക്കുന്ന പാര്‍ലമെന്ററി ആശയത്തെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് പ്രധാനമായും നക്‌സല്‍ബാരി എന്നറിയപ്പെടുന്ന ഒരു വിഭാഗം പാര്‍ട്ടിയുടെ ഉള്ളില്‍ ഉടലെടുക്കുന്നത്. 1968 ഏപ്രില്‍ 5 മുതല്‍ 12 വരെ പശ്ചിമബംഗാളിലെ ബര്‍ദ്മാനില്‍ വെച്ചു നടന്ന പാര്‍ട്ടി പ്ലീനത്തില്‍ വെച്ച് വിമതര്‍ ഒരു പ്രത്യേക സംഘടനയുണ്ടാക്കി സിപിഎമ്മില്‍ നിന്നും പിരിഞ്ഞുപോയി. ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസ് എന്ന പേര് ഇവര്‍ സംഘടനയ്ക്കായി കണ്ടെത്തി. സിപിഎമ്മിലെ പ്രമുഖര്‍ ഒന്നും തന്നെ വിട്ടുപോയില്ലെങ്കിലും, ഈ പിളര്‍പ്പ് രാജ്യവ്യാപകമായി തന്നെ പ്രതിഫലിച്ചു. സമാനരീതിയിലുള്ള വിമതസ്വരങ്ങള്‍ ആന്ധ്ര പ്രദേശ് പാര്‍ട്ടി ഘടകത്തിനുള്ളിലും നടക്കുന്നുണ്ടായിരുന്നു. തെലുങ്കാന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത പല വയോധികരും പാര്‍ട്ടിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.

ആദ്യ സംഘടന കാലക്രമത്തില്‍ നിരവധി പിളര്‍പ്പുകള്‍ക്ക് വിധേയമായി. 2004 സെപ്റ്റംബര്‍ 21ന് സിപിഐ (എം.എല്‍) പീപ്പിള്‍സ് വാര്‍, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍ (എം.സി.സി.ഐ) എന്നീ പാര്‍ട്ടികള്‍ ലയിച്ചാണ് ഇന്നത്തെ സിപിഐ (മാവോയിസ്റ്റ്) നിലവില്‍ വന്നത്. ലയനത്തോടെ ഇല്ലാതായ പീപ്പിള്‍സ് വാറിന്റെ നേതാവായിരുന്ന മുപ്പല്ല ലക്ഷമണ റാവു എന്ന ഗണപതിയാണ് പുതിയുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്. 1998-ല്‍ സിപിഐ (എം.എല്‍) പാര്‍ട്ടി യൂനിറ്റിയുമായും പീപ്പിള്‍സ് വാര്‍ ലയിച്ചിരുന്നു. 2014 മെയ് ഒന്നിന്, അന്തര്‍ദേശീയ തൊഴിലാളി ദിനത്തില്‍ സിപിഐ(എം.എല്‍) നക്‌സല്‍ബാരിയും സിപിഐ (മാവോയിസ്റ്റ്)-ഉം ലയിച്ചു. ഇതാണ് ഇന്ന് കാണുന്ന മാവോയിസ്റ്റ് സംഘടന.ദുര്‍ബല പ്രതിരോധവുമായി സിപിഎം
കേരളസമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളില്‍ കമ്യൂണിസ്റ്റുകാരുടെ രക്തം പുരണ്ടിരിക്കുന്നു എന്നും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ കൃത്യമായ വിശദീകരണം നല്‍കാന്‍ ഈ ലേഖനം എഴുതുന്നതു വരെ തയ്യാറായിട്ടില്ല. കലാ, സാംസ്‌ക്കാരിക മേഖലകളില്‍ ഉള്ളവര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെ സ്വാഭാവികമായി പാര്‍ട്ടി അണികള്‍ക്ക് പ്രതിരോധിക്കേണ്ടി വന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിരവധി കൊലപാതകങ്ങളുടെ ഉത്തരവാദിത്വം പേറേണ്ടി വന്നെങ്കിലും അവയെല്ലാം പ്രതിരോധിച്ചു നില്‍ക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിരുന്നു. ഇതില്‍ ടിപി ചന്ദ്രശേഖരന്‍ വധം മാത്രമാണ് പ്രതിരോധിക്കാന്‍ കുറച്ചെങ്കിലും ബുദ്ധിമുട്ടായത്. ഇപ്പോള്‍ മാവോയിസ്റ്റ് വധവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന സംവാദങ്ങളില്‍ സിപിഎം ഉഴറുകയാണ്.

(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories