TopTop
Begin typing your search above and press return to search.

വ്യാജ വാര്‍ത്തയാണോ? ഇനി ഫേസ്ബുക്ക് പറഞ്ഞുതരും

വ്യാജ വാര്‍ത്തയാണോ? ഇനി ഫേസ്ബുക്ക് പറഞ്ഞുതരും

ഹെയ്ലി സുകായാമ

ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകളും കെട്ടുകഥകളും പ്രചരിക്കപ്പെടുന്നതിനെതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ മാസങ്ങളായി കമ്പനി നടത്തിവന്ന ആലോചനയ്ക്ക് വിരാമമായിരിക്കുകയാണ്.

പോയ്ന്‍റര്‍ ഇന്‍റര്‍നാഷണല്‍ ഫാക്റ്റ് ചെക്കിങ് നെറ്റ്വര്‍ക്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. യൂസര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങള്‍ പരിശോധിക്കാനായി 'Snopes' തുടങ്ങിയ ഗ്രൂപ്പുകള്‍ ഇവര്‍ക്കുണ്ട്.

വസ്തുതകള്‍ പരിശോധിക്കുന്ന പ്രാഥമിക 'smell test' പാസാകാത്ത ലേഖനങ്ങളാണെങ്കില്‍ അവ പോസ്റ്റ് ചെയ്യപ്പെടുകയോ ഷെയര്‍ ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ഫേസ്ബുക്ക് ഒരു ചെറിയ ലേബലിലൂടെ ആ വിവരം രേഖപ്പെടുത്തും. ഒപ്പം അവ പരിശോധിച്ച സ്ഥാപനത്തിലേയ്ക്ക് കണക്റ്റ് ചെയ്യുന്ന ലിങ്കും നല്‍കും.

"ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ വ്യാജവാര്‍ത്തകള്‍ പരക്കുന്നത് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്," ഫേസ്ബുക്ക് പ്രോഡക്റ്റ് ഡെവലപ്പ്മെന്‍റ് വിഭാഗം വൈസ് പ്രസിഡന്‍റ് ആഡം മോസേറി വാഷിംഗ്ടന്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ എല്ലാത്തരം ആളുകള്‍ക്കും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമായി തുടരണമെന്നാണ് ഫേസ്ബുക്കിന്‍റെ താല്‍പ്പര്യമെന്നും കോടിക്കണക്കിനു വരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ശരിതെറ്റുകള്‍ വിധിക്കുന്ന മധ്യസ്ഥനാകാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സംവിധാനം പ്രവര്‍ത്തിക്കുക ഇങ്ങനെയാകും: വ്യാജ വാര്‍ത്ത, ഉദാഹരണത്തിന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും പ്രശസ്ത വ്യക്തിയുടെ മരണവാര്‍ത്ത പോലുള്ളവ, പ്രത്യക്ഷപ്പെടുമ്പോള്‍ അതോടൊപ്പം ഈ വിവരത്തെ ചൊല്ലി തര്‍ക്കമുണ്ടെന്നോ അല്ലെങ്കില്‍ ഇത് തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ടെന്നോ രേഖപ്പെടുത്തിയ നോട്ടീസ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാനൊരുങ്ങുമ്പോള്‍ അലര്‍ട്ട് ലഭിക്കും. ഇങ്ങനെയുള്ള ഫ്ലാഗ്ഗ്ഡ് സ്റ്റോറികള്‍ ന്യൂസ്ഫീഡില്‍ അണ്‍ഫ്ലാഗ്ഗ്ഡ് സ്റ്റോറികളുടെ താഴെയായിട്ടാകും കാണുന്നത്

തീര്‍ത്തും തെറ്റായ വിവരങ്ങളെ കുറിച്ച് ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കള്‍ക്കു കഴിയും. അല്ലെങ്കില്‍ അത്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് നേരിട്ടു മെസ്സേജ് അയയ്ക്കാം.

fb

"Bottom of the barrel" എന്നു വിശേഷിപ്പിക്കുന്ന തരം വെബ്സൈറ്റുകളിലാണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് മോസേറി പറഞ്ഞു. ഇല്ലാത്ത വാര്‍ത്തകള്‍ പരത്തി തെറ്റിദ്ധരിപ്പിക്കുന്ന സൈറ്റുകളും മറ്റ് വാര്‍ത്താസ്ഥാപനങ്ങളുടെ വെബ്സൈറ്റിന്‍റെ വ്യാജന്മാരുമൊക്കെയാണ് ഈ ഗണത്തില്‍.

"യഥാര്‍ത്ഥ സൈറ്റുകളെയല്ല, അവയുടെ വ്യാജന്മാരായ പേജുകളെയാണ് ഞങ്ങള്‍ ഫ്ലാഗ് ചെയ്യുന്നത്," മോസേറി പറഞ്ഞു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഒറിജിനല്‍ സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ വിവാദപരമോ തെറ്റോ ആയാല്‍ പോലും ഫ്ലാഗ് ചെയ്യപ്പെടില്ലെന്ന് അദ്ദേഹം പറയുന്നു.

ഈ സംവിധാനത്തില്‍ സൈറ്റുകളെയൊന്നും ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടില്ലെന്നും മോസേറി അറിയിച്ചു. എങ്കില്‍ കൂടെ വ്യാജ ലേഖനങ്ങളുടെ പൊതു പ്രത്യേകതകള്‍ ഉള്‍പ്പെടുന്ന ഡേറ്റാ പ്രൊഫൈല്‍ ഫേസ്ബുക്ക് തയ്യാറാക്കിയിട്ടുണ്ട്- തലക്കെട്ടില്‍ ക്ലിക്ക് ചെയ്ത ശേഷം കുറവ് എണ്ണം ഷെയറുകള്‍ ഇതിലൊന്നാണ്- അതനുസരിച്ചാണ് ഒരു വാര്‍ത്തയിലെ വസ്തുതകള്‍ പരിശോധിക്കണോ എന്ന നിഗമനത്തിലെത്തുന്നത്.

ഫേസ്ബുക്ക് യൂസര്‍മാര്‍ കൂടുതല്‍ ഫ്ലാഗ് ചെയ്യുന്നതും പരക്കെ ഷെയര്‍ ചെയ്യുന്നതുമായ വാര്‍ത്തകള്‍ക്കു മുന്‍ഗണന കൊടുത്ത് കൂടുതലായി പരിശോധിക്കും. ഇതിലൂടെ വലിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന് കരുതുന്നു.

ഒരു ലേഖനത്തിനു നേരെയുള്ള ലേബലിനെതിരെ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ ആ വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിച്ച് ശരിയോ തെറ്റോ എന്നു തീരുമാനമെടുത്ത സ്ഥാപനത്തിന് നേരിട്ടു പരാതി കൊടുക്കാവുന്നതാണ്.

ഫേസ്ബുക്കിന്‍റെ പരസ്യസംവിധാനം ദുരുപയോഗപ്പെടുത്തി ബിസിനസ്സ് ചെയ്യുന്നവരെ ഒഴിവാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഉദാഹരണത്തിന്, വിവാദം സൃഷ്ടിച്ച ഒരു പോസ്റ്റും ഇനി പരസ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമല്ല. പരസ്യ പേജുകളിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ പബ്ലിഷ് ചെയ്യുന്നത് നിയന്ത്രിക്കാനുള്ള സംവിധാനവും ഫേസ്ബുക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. വ്യാജവാര്‍ത്താ സൈറ്റുകളുടെ സ്ഥിരം തന്ത്രമാണിത്.

ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ "സാമ്പത്തിക ഉദ്ദേശ്യത്തോടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന സ്പാമര്‍മാരെ ഒഴിവാക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ," മോസേറി പറഞ്ഞു.

ഈ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് മോസോറി അറിയിച്ചു. ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഇവ കാണാമെങ്കിലും പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചതിനുശേഷമേ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ക്കായി ഏതൊക്കെയാണ് കൂടുതല്‍ അനുയോജ്യമെന്നു തീരുമാനിക്കുകയുള്ളൂ. വ്യാജവാര്‍ത്താ സൈറ്റുകളെ വരുതിക്ക് നിര്‍ത്താന്‍ ഫേസ്ബുക്ക് ആസൂത്രണം ചെയ്യുന്ന പദ്ധതികളുടെ തുടക്കം മാത്രമാണിവ.

"ഇതുകൊണ്ടു മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. മറിച്ച്, തുടര്‍ച്ചയായി ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങളായിട്ടാണ് ഞാനിതിനെ കാണുന്നത്," അദ്ദേഹം പറഞ്ഞു.


Next Story

Related Stories