TopTop
Begin typing your search above and press return to search.

പ്രക്ഷുബ്ധമായ 2015; 15 ലോകനേതാക്കള്‍ പറഞ്ഞ കഥ

പ്രക്ഷുബ്ധമായ 2015; 15 ലോകനേതാക്കള്‍ പറഞ്ഞ കഥ

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സംഘര്‍ഷത്തിന്റെയും അസ്വസ്ഥതകളുടെയും ഒരു വര്‍ഷത്തിനെ മനസിലാക്കാന്‍, ചില ലോകനേതാക്കളുടെ വാക്കുകളിലൂടെ ഒന്നു കടന്നുനോക്കാം.

ഗ്രീക് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ്: “ഒരു പുതിയ തുടക്കത്തിന് നമുക്ക് വലിയൊരു അവസരമാണുള്ളത്.”ഗ്രീക്ക് ഇടതുപക്ഷ നേതാവിന്റെ കക്ഷി ജനുവരിയിലെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയമാണ് നേടിയത്. വര്‍ഷങ്ങള്‍ നീണ്ട ചെലവുചുരുക്കലിനും പെരുകുന്ന കടത്തിനും പകരം സിപ്രാസ് ഒരു പുതിയ വഴി വാഗ്ദാനം ചെയ്തു. പക്ഷേ ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ മേധാവികളുമായി ഒരു ഒത്തുതീര്‍പ്പിലെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്ഥിതി വഷളായി. സെപ്റ്റംബറില്‍ സിപ്രാസ് വീണ്ടും തെരഞ്ഞെടുപ്പിനിറങ്ങി. പക്ഷേ ഇത്തവണയും വിജയിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിനെക്കാള്‍ മാറ്റ് കുറഞ്ഞ വിജയമായിരുന്നു.

ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വോ ഔലാന്ദ് : “ഫ്രാന്‍സ് യുദ്ധത്തിലാണ്.”നവംബര്‍ 13-ലെ പാരീസ് ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്രഞ്ച് പ്രസിഡണ്ട് പ്രഖ്യാപിച്ചതാണിത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരവാദികള്‍ നടത്തിയ ആസൂത്രിതാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയ ഫ്രാന്‍സ് അവര്‍ക്കെതിരെ ഒരു വിശാലസഖ്യത്തിനും ശ്രമം തുടങ്ങി. എന്നാല്‍ യു.എസില്‍ പാരീസ് ആക്രമണം അലയൊലികളുണ്ടാക്കി. ഇസ്ളാമിക നുഴഞ്ഞുകയറ്റത്തിന്റെ ഭീഷണി ഉയര്‍ത്തിക്കാട്ടി അഭയാര്‍ത്ഥികളുടെയും മുസ്ലീം കുടിയേറ്റക്കാരുടെയും വരവ് തടയാന്‍ നടപടിയെടുക്കണമെന്ന് റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ ആവശ്യപ്പെട്ടു.

സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അസദ് : “ മേഖലയിലെ സംഭവവികാസങ്ങളോട് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ തെറ്റായ നയങ്ങള്‍, പ്രത്യേകിച്ചും ഫ്രാന്‍സിന്റെ, ഭീകരവാദികള്‍ക്ക് അവരുടെ സഖ്യകക്ഷികളില്‍ പലരും പിന്തുണ നല്കുന്നു എന്നതിനെക്കുറിച്ചുള്ള അജ്ഞത, ഭീകരവാദം വ്യാപിക്കുന്നതിന് കാരണമായി.”പ്രതിരോധത്തിലായിരുന്ന സിറിയന്‍ നേതാവ് ഫ്രഞ്ച് ദുരന്തം തന്റെ വാദം സ്ഥാപിക്കാന്‍ ഒരവസരമാക്കി. അതായത്, തന്റെ ഏതിരാളികള്‍ക്ക്-അവരില്‍ ചില തീവ്രവാദി വിഭാഗങ്ങളും ഉള്‍പ്പെടും- പിന്തുണ നല്കിയ രാജ്യങ്ങള്‍ വലിയ തെറ്റാണ് ചെയ്തതെന്നായിരുന്നു അസദ് പറഞ്ഞത്. ഫ്രാന്‍സ് ഏറെക്കാലമായി അസദിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ അയാളുടെ എതിരാളികളില്‍ ഒരുകൂട്ടരായ ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിന്റെ തിളങ്ങുന്ന നഗരങ്ങളിലൊന്നില്‍ത്തന്നെ ആക്രമണം നടത്തിയിരിക്കുന്നു. പക്ഷേ സിറിയയിലെ ജനവാസകേന്ദ്രങ്ങളില്‍ വിവരണാതീതമായ നാശവും ദുരിതവും വിതച്ചുകൊണ്ടു അയാളുടെ സേന ആക്രമണം നടത്തുമ്പോള്‍ ത്തന്നെയാണ് അസദിന്റെ അവസരവാദപരമായ പ്രസ്താവനയും. ഈ നടപടികള്‍ സിറിയന്‍ ജനതയുടെ പകുതിയോളം പേരെ ആഭ്യന്തര അഭയാര്‍ത്ഥികളാക്കിയും 4 ദശലക്ഷത്തിലേറെ സിറിയക്കാരെ രാജ്യത്തുനിന്നും പലായനം ചെയ്യിച്ചും അതിഭീമമായ മാനവിക ദുരന്തമാണ് വരുത്തിയിരിക്കുന്നത്. ഈ വര്‍ഷം അവസാനിക്കവേ സിറിയന്‍ പ്രതിസന്ധി തീര്‍ക്കാന്‍ യു.എന്‍ രക്ഷാസമിതി ഒരു സമാധാന പ്രക്രിയയ്ക്കുള്ള സുപ്രധാന തീരുമാനത്തില്‍ എത്തിയിരിക്കുന്നു. പക്ഷേ അത് അസദിനെ മാറ്റുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍: “നമ്മള്‍ വിജയകരമായി കൈകാര്യം ചെയ്യും.”2015-ല്‍ ‘വര്‍ഷത്തിന്റെ വ്യക്തി’ ആയി ടൈം മാസിക തെരഞ്ഞെടുത്തത് ജര്‍മ്മന്‍ ചാന്‍സലറെ ആയിരുന്നു. ഇക്കൊല്ലം യൂറോപ്പിന്റെ പടിവാതിലില്‍ എത്തിനിന്ന പതിനായിരക്കണക്കിന് അശരണരായ അഭയാര്‍ത്ഥികള്‍ക്കായി അവര്‍ കൈക്കൊണ്ടത് സ്പഷ്ടമായ അനുകൂലനിലപാടായിരുന്നു. ഒരു ദശലക്ഷത്തോളം അഭയാര്‍ത്ഥികളെ ജര്‍മ്മനി ഉള്‍ക്കൊള്ളുമെന്നും, യുദ്ധത്തില്‍ നിന്നും പലായനം ചെയ്യുന്നവരോട് പടിഞ്ഞാറിനുള്ള ഉത്തരവാദിത്തമുണ്ടെന്നുമുള്ള തുടര്‍ച്ചയായ നിലപാട് വിദേശത്തും മെര്‍ക്കലിന് ആദരവ് നേടിക്കൊടുത്തു. പക്ഷേ നാട്ടില്‍ മെര്‍ക്കലിന്റെ നിലപാടിന് അത്ര ജനപ്രിയത നേടാനായില്ല. സ്വന്തം മധ്യ-വലത് കക്ഷിയില്‍നിന്നും തിരിച്ചടിയും നേരിട്ടു.

ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍: “വരുന്ന ആളുകള്‍ വ്യത്യസ്തമായൊരു മതത്തില്‍ വളര്‍ന്നവരും തികച്ചും വ്യത്യസ്തമായ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നവരുമാണ്.”അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയ യൂറോപ്യന്‍ നേതാവ് ജര്‍മ്മനിയിലേക്കുള്ള വഴിയിലുള്ള ഒരു രാജ്യത്തിന്റെ തലവനാണ്. ഗ്രീസ് വഴിയും കൂടുതല്‍ തെക്കും കിഴക്കുമുള്ള മറ്റ് രാജ്യങ്ങളിലൂടെയും വരുന്ന അഭയാര്‍ത്ഥികളെ തടയാന്‍ തങ്ങളുടെ സെര്‍ബിയന്‍ അതിര്‍ത്തിയില്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ള ഹംഗറിയിലെ വലതുപക്ഷ സര്‍ക്കാര്‍ വേലികെട്ടി. ഓര്‍ബന്‍ അഭയാര്‍ത്ഥികളെ കാണുന്നത്- അവരില്‍ മഹാഭൂരിപക്ഷവും ഹംഗറിയില്‍ നില്ക്കാന്‍ ആഗ്രഹിക്കാത്തവരാണ്- ഒരു നാഗരികതക്ക് നേരെയുള്ള ഭീഷണിയായാണ്. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പ്രതിരോധക്കാരനായിട്ടാണ് അയാള്‍ സ്വയം ചമയുന്നത്.

യു.എസ് പ്രസിഡണ്ട് ഒബാമ: “ഭയത്തേക്കാള്‍ ശക്തമാണ് സ്വാതന്ത്ര്യം എന്നു നാം മറക്കരുത്.”പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ എതിരിടാനുള്ള തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത അമേരിക്കന്‍ പ്രസിഡണ്ട് ആവര്‍ത്തിച്ചു. പക്ഷേ. സുരക്ഷാ ഭീഷണിയെ കൈകാര്യം ചെയ്യുന്നുവെന്നാല്‍ “നമ്മുടെ മൂല്യങ്ങളെ കയ്യൊഴിയുകയല്ല” എന്നും ഒബാമ വ്യക്തമാക്കി. സിറിയന്‍ അഭയാര്‍ത്ഥികളുടെ വരവ് മാത്രമല്ല അമേരിക്കയിലേക്കുള്ള മുസ്ലീങ്ങളുടെ വരവുതന്നെ തടയണമെന്ന റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വ മോഹികളുടെ ചൂടുപിടിച്ച സംവാദത്തിനിടയിലാണ് ഈ പ്രസ്താവന.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍: "നിങ്ങള്‍ മുസ്ലീമല്ല , സഹോദരാ.”ലണ്ടനിലെ ഭൂഗര്‍ഭപാതയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി എന്നു കരുതുന്ന ഒരാളുടെ ആക്രമണ ശ്രമം തടഞ്ഞ് അയാളെ പിടികൂടിയപ്പോള്‍ പിറകില്‍നിന്നും ഒരാള്‍ പറഞ്ഞ ഈ വാക്കുകളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. സഹിഷ്ണുതയ്ക്കും സമാധാനത്തിനുമുള്ള പടിഞ്ഞാറന്‍ നേതാക്കളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളുണ്ടായിട്ടും യൂറോപ്പിലും യു.എസിലും മുസ്ലീങ്ങളോടുള്ള മനോഭാവം കര്‍ശനമാവുകയാണ്.

ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൌഹാനി: “ലോകവുമായുള്ള ഇറാന്റെ ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറന്നിരിക്കുന്നു.”സെപ്തംബറില്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ ഇറാന്‍ പ്രസിഡണ്ട് ഇങ്ങനെയാണ് പറഞ്ഞത്. ടെഹ്റാന്‍റെ ആണവപദ്ധതിയെക്കുറിച്ച് ഇറാനും ലോകശക്തികളും തമ്മില്‍ ജൂലായില്‍ എത്തിച്ചേര്‍ന്ന ധാരണയുടെ വെളിച്ചത്തിലായിരുന്നു ആ പരാമര്‍ശം. നിരവധി വട്ട ചര്‍ച്ചകള്‍ക്ക് ശേഷം എത്തിച്ചേര്‍ന്ന കരാര്‍ നയതന്ത്രബന്ധത്തിലേ ഒരു നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്. തങ്ങളുടെ ആണവശേഷിയില്‍ കരാര്‍ അനുസരിച്ചുള്ള കര്‍ശന പരിധികള്‍ പാലിക്കാന്‍ ഇറാന്‍ തയ്യാറായാല്‍ ശ്വാസം മുട്ടിക്കുന്ന അന്താരാഷ്ട്ര നിയന്ത്രണങ്ങളില്‍ നിന്നും അവര്‍ക്ക് ആശ്വാസം ലഭിക്കും.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹൂ: “എന്തൊരു അമ്പരപ്പിക്കുന്ന ചരിത്രപരമായ പിഴവ്.”എന്നാല്‍ ഇറാനുമായുള്ള ധാരണയെക്കുറിച്ച് എല്ലാ ലോകനേതാക്കള്‍ക്കും അത്ര മതിപ്പില്ല. ഇറാനുമായി ഇത്തരം ധാരണയിലെത്തുന്നതിനെതിരെ മാസങ്ങളായി പ്രചാരണം നടത്തിയിരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവാണ് ഏറ്റവുമധികം എതിര്‍പ്പുയര്‍ത്തിയത്. ഇറാന്‍ ഭരണകൂടത്തെ ഇസ്ലാമിക് സ്റ്റേറ്റുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. ജൂലായില്‍ ധാരണ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നുതന്നെ അത് ചരിത്രപരമായ പിഴവാണെന്ന് നെതന്യാഹു പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം യു.എന്‍ പൊതുസഭയില്‍ ഇതേ വികാരം ഇരട്ടിയാക്കി പ്രകടിപ്പിച്ച അദ്ദേഹം തന്റെ മുന്നിലിരുന്ന അംഗരാഷ്ട്ര പ്രതിനിധികളെ ഒരുനിമിഷത്തെ അരോചകമായ നിശബ്ദതയില്‍ നോക്കി. പക്ഷേ നെതന്യാഹുവിന്‍റെയോ, വാഷിംഗ്ടണിലെ റിപ്പബ്ലിക്കന്‍മാരുടെയോ, നവയാഥാസ്ഥിതികരുടെയോ ശ്രമങ്ങള്‍ക്ക് ധാരണയെ പൊളിക്കാനായില്ല.

റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന്‍: “അവരുടെ സാമാന്യബുദ്ധിയെ എടുത്തുകളഞ്ഞാണ് തുര്‍ക്കിയിലെ ഭരണസഖ്യത്തെ ശിക്ഷിക്കാന്‍ അള്ള തീരുമാനിച്ചത്.”തിരിച്ചടി നേരിടുന്ന അസദ് ഭരണകൂടത്തിന് വേണ്ടി റഷ്യ സിറിയയില്‍ നടത്തുന്ന സൈനിക ഇടപെടലിന്റെ പശ്ചാത്തലത്തിലാണ്, 2015-ലെ ഏറ്റവും അപകടകരമായ ഭൌമരാഷ്ട്രീയ സംഘര്‍ഷത്തിന് തിരികൊളുത്തിയത്. ക്രെംലിന്റെ ശക്തിപ്രകടനത്തില്‍ തീര്‍ത്തും അസന്തുഷ്ടരായ തുര്‍ക്കി തങ്ങളുടെ വ്യോമമേഖലയില്‍ കടന്ന ഒരു റഷ്യന്‍ പോര്‍വിമാനത്തെ വെടിവെച്ചിട്ടു. മോസ്കോയും അങ്കാറയും തമ്മില്‍ വാക്പോരിനും ഇതാക്കം കൂട്ടി.

തുര്‍ക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് ഏര്‍ദോഗാന്‍: “ഞാന്‍ ഈ പദവിയില്‍ തുടരില്ല.”സിറിയ, ഇറാഖ് അതിര്‍ത്തിയിലൂടെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അനധികൃത എണ്ണ വില്‍പ്പനക്ക് തന്റെ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു എന്ന റഷ്യയുടെ ആരോപണത്തോട് തുര്‍ക്കി പ്രസിഡണ്ട് കുപിതനായാണ് പ്രതികരിച്ചത്. റഷ്യയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ താന്‍ രാജിവെക്കുമെന്നും ഏര്‍ദോഗാന്‍ പറഞ്ഞു. ഇക്കൊല്ലം മുഴുവന്‍ തന്റെ അധികാരമുറപ്പിക്കാന്‍ ശ്രമം നടത്തിയിരുന്ന ഏര്‍ദോഗാന്റെ ഒരു വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനയായി ഇത്.

ഭരണത്തിലിരിക്കുന്ന ഏര്‍ദോഗാന്റെ മധ്യ-വലതുപക്ഷ കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ടിക്ക് ജൂണിലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇപ്പോള്‍ ഭരണഘടനാപരമായ ഒരു അലങ്കാര പദവിയില്‍ ഇരിക്കുന്ന, കൂടുതല്‍ പ്രവര്‍ത്തനാധികാരങ്ങള്‍ ആഗ്രഹിക്കുന്ന ഏര്‍ദോഗാന് അതൊരു തിരിച്ചടിയായി. എന്നാല്‍ പിന്തിരിയാതെ നവംബറില്‍ പുതിയ തെരഞ്ഞെടുപ്പിന് ഏര്‍ദോഗാന്‍ ഉത്തരവിട്ടു, അയാളുടെ കക്ഷി ഭൂരിപക്ഷവും നേടി. മുസ്തഫ കമാല്‍ അത്താതുര്‍ക്കിന് ശേഷം തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി ഏര്‍ദോഗാന്‍ മാറി.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെ: “എന്റെ കടുത്ത ദുഖവും ആത്മാര്‍ത്ഥമായ അനുശോചനങ്ങളും ഞാന്‍ പ്രകടിപ്പിക്കുന്നു.”രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 70-ആം വാര്‍ഷികത്തില്‍, ആ മഹായുദ്ധത്തില്‍ തന്റെ രാജ്യത്തിന്റെ പങ്കിനെക്കുറിച്ച് ഏറെനാളായി പ്രതീക്ഷിച്ച ഒരു പ്രസംഗമാണ് ജപ്പാന്റെ ദേശീയവാദി നേതാവ് നടത്തിയത്. ഒരു ഔദ്യോഗിക മാപ്പപേക്ഷയുടെ അടുത്തെത്തി അത്. അങ്ങനെ ചെയ്യാത്തതില്‍ ചൈന അസംതൃപ്തരാണെങ്കിലും. ബീജിങ്ങും ടോകിയോവും തമ്മിലുള്ള ചരിത്രത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളേക്കാളേറെ തെക്കന്‍ ചൈന കടലിലും മറ്റിടങ്ങളിലും ചൈനയുടെ വിപുലീകരണ പ്രവണതകളെയാണ് പല രാഷ്ട്രങ്ങളും ആശങ്കയോടെ കാണുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി: "രാജ്യം ഐക്യത്തോടെ നില്‍ക്കേണ്ടതുണ്ട്.”പശുവിറച്ചി തിന്നു എന്നാരോപിച്ച് ഹിന്ദു ദേശീയവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ ഇന്ത്യയിലെ പ്രധാന വാര്‍ത്തയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റത് മുതല്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയും പലരെയും അസ്വസ്ഥരാക്കുന്നു. ഒടുവില്‍ ഈ വിഷയത്തില്‍ തന്റെ ശ്രദ്ധേയമായ മൌനം ഭഞ്ജിച്ച മോദി, എല്ലാ ഇന്ത്യക്കാരും ഒന്നിക്കാനും പരസ്പരമല്ല ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടതെന്ന് പറയുകയും ചെയ്തു.

സിംബാബ്വെ പ്രസിഡണ്ട് റോബര്‍ട് മുഗാബേ: "സെസില്‍ എന്ന സിംഹം നിങ്ങളുടേതായിരുന്നു, അതിനെ സരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു.”ഏറെ അറിയപ്പെട്ടിരുന്ന ഒരു സിംഹത്തെ ഒരു അമേരിക്കന്‍ വേട്ടക്കാരന്‍ കൊന്ന വാര്‍ത്ത വന്നപ്പോള്‍ സിംബാബ്വേയുടെ വയോധികനായ പ്രസിഡണ്ട് തന്റെ ജനതയെയും (മറ്റുള്ളവരേയും) ശാസിച്ചതിങ്ങനെയാണ്. സെസിലിന്റെ മരണം ആഗോള വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചു. മുഗാബെയുടെ പരാമര്‍ശങ്ങള്‍ സംരക്ഷണശ്രമങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഗുണമൊന്നും ചെയ്തില്ല.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂദ്യൂ : “കാരണം അത് 2015-ആണ്.”ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയ തകര്‍പ്പന്‍ വിജയം ജസ്റ്റിന്‍ ട്രൂദ്യൂവിനെ രാജ്യത്തെ ഉന്നത പദവിയിലെത്തിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയും വൈവിധ്യം നിറഞ്ഞതായിരുന്നു- 30-ല്‍ 15 പേരും സ്ത്രീകള്‍. ഇതിന്റെ കാരണം ചോദിച്ചപ്പോളാണ് ട്രൂദ്യൂ ഈ ഉത്തരം നല്കിയത്. കാനഡയില്‍ മാത്രമല്ല, ലോകത്തെങ്ങും ഇത് പ്രശംസ നേടി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories