UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂട്ട ബലാല്‍സംഗ ഇരയെ വിവാഹം കഴിച്ചു, നിയമം പഠിക്കാനയച്ചു

Avatar

അഴിമുഖം പ്രതിനിധി

ഹരിയാനയില്‍ നിന്ന് ഇതൊരു പുതിയ വാര്‍ത്തയാണ്. 29കാരനായ കര്‍ഷകന്‍ ജിതേന്ദര്‍ ഛത്തറിന്‍റെ വിവാഹ വാര്‍ത്തയെ കുറിച്ചാണ് പറയുന്നത്.  ജിന്ദ് പ്രദേശത്തു നിന്നുള്ള ഛത്തര്‍ വിവാഹം കഴിച്ചത് കൂട്ട ബലാല്‍സംഗത്തിന് ഇരയായ ഒരു യുവതിയെ ആണ്.  അതുമാത്രമല്ല, അയാള്‍ ഭാര്യയെ നിയമപഠനത്തിന് ചേര്‍ക്കുകയും തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേയുള്ള അവരുടെ പോരാട്ടത്തില്‍ ഒപ്പം ചേരുകയും ചെയ്തു.

സ്ത്രീ പുരുഷാനുപാതത്തിന്‍റെ കാര്യത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കെടുത്താലും ഹരിയാനയെ കുറിച്ച് മിക്കവര്‍ക്കും നല്ല അഭിപ്രായമല്ല.

“അവര്‍ക്ക് വേണമെങ്കില്‍ പിന്നീട് ജുഡീഷ്യല്‍ സേവനം നടത്താം. അല്ലെങ്കില്‍ അഭിഭാഷകയായി ബലാല്‍സംഗത്തിനിരയായ മറ്റ് സ്ത്രീകളെ സഹായിക്കാം. ‘Youth Against Rapes’ എന്ന പ്ലാറ്റ്ഫോം ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു,” ഛത്തര്‍ കൂട്ടിച്ചേര്‍ത്തു. 2015 ഡിസംബര്‍ 4നായിരുന്നു ഇവരുടെ വിവാഹം. ഇതുമൂലം സാമൂഹ്യ ജീവിതത്തില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളോര്‍ത്ത് ഒന്നുകൂടെ ആലോചിക്കാനാണ് ഭാവി വധു വിവാഹത്തിനു മുന്‍പ് പറഞ്ഞത്. പക്ഷേ ഛത്തറിനോ കുടുംബാംഗങ്ങള്‍ക്കൊ സംശയമൊന്നും ഉണ്ടായിരുന്നില്ല. തന്‍റെ ഭാര്യയെ ആക്രമിച്ച നാലു പേരില്‍ ഇനിയും പിടികൂടിയിട്ടില്ലാത്ത ഒരാളുടെ അറസ്റ്റിനു വേണ്ടി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ സഹായം തേടാന്‍ ശ്രമിക്കുകയാണ് ഛത്തര്‍ ഇപ്പോള്‍.

“ഞാനും എന്‍റെ കുടുംബവും ജിതേന്ദറിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. സമൂഹത്തിന്‍റെ വിലക്കുകളെ മറി കടന്ന അദ്ദേഹത്തെ കള്ളക്കേസുകളില്‍ കുടുക്കാനാണ് കേസിലെ പ്രതികള്‍ ശ്രമിക്കുന്നത്,” ഛത്തറിന്‍റെ ഭാര്യ പറയുന്നു. “വിവാഹം ഉറപ്പിച്ചതിനു ശേഷം അഭിഭാഷകരുമായി സംസാരിക്കുമ്പോഴോ കോടതിയിലോ അല്ലാതെ എന്‍റെ കേസിനെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല.”

ജിന്ദില്‍ നിന്നു തന്നെയുള്ള, ഒരു കോച്ചിങ് സെന്‍റര്‍ ഉടമയായ നീരജ് എന്നയാളും ഒരു സ്ത്രീ ഉള്‍പ്പടെ മറ്റ് നാലുപേരും ചേര്‍ന്നാണ് അവരെ ലൈംഗികമായി പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തിയതും. യുവതിയുടെ കുടുംബാംഗങ്ങളാണ് വിവാഹാലോചനയുമായി ജിതേന്ദറിന്‍റെ കുടുംബത്തെ സമീപിച്ചത്. അവര്‍ അത് സ്വീകരിച്ചു. പിന്നീട് ഇക്കാര്യം അറിഞ്ഞപ്പോള്‍ യുവതി ജിതേന്ദറിനെ സമീപിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തി.

“നീരജും മറ്റുള്ളവരും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചതും ബ്ലാക്മെയില്‍ ചെയ്തതുമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവള്‍ എന്നെ വിളിച്ചു. സമൂഹവുമായുള്ള എന്‍റെ ഇടപെടലുകളെ ഇതു ബാധിക്കും എന്നു പറഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചു. പക്ഷേ ഞാനോ കുടുംബമോ ഞങ്ങളുടെ തീരുമാനം മാറ്റിയില്ല,” ആദ്യമായി തമ്മില്‍ കണ്ട സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ജിതേന്ദര്‍ പറഞ്ഞു.

അതിനുശേഷം പോലീസുമായി ബന്ധപ്പെട്ട് ഈ കേസ് മുന്നോട്ടു കൊണ്ടു പോകുകയും പാനിപ്പത്തില്‍ അവരെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാനെത്തിയ സ്ത്രീയെ കയ്യോടെ പിടി കൂടുകയും ചെയ്തതായി ജിതേന്ദര്‍ പറയുന്നു. കേസ് ജിന്ദിലേയ്ക്ക് മാറ്റിയെന്നും ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. “നീരജായിരുന്നു ഗൂഢാലോചന നടത്തിയവരില്‍ പ്രധാനി; ഉപദ്രവിച്ചതും അയാള്‍ തന്നെ. പ്രതികള്‍ പണക്കാരായതിനാല്‍ 70 ലക്ഷം രൂപ തന്ന് കേസ് ഒത്തുതീര്‍പ്പില്‍ എത്തിക്കാനും നീരജും കൂട്ടാളികളും ശ്രമിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നു പറഞ്ഞ് എന്നെയും ഭീഷണിപ്പെടുത്തി. അതു നടക്കാതെ വന്നപ്പോള്‍ എനിക്കെതിരേ ഉത്തര്‍പ്രദേശില്‍ രണ്ടു കള്ളക്കേസുണ്ടാക്കി. ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു പറഞ്ഞ് ഒരു ഡി‌എസ്‌പിയുടെ സഹായത്തോടെ ജിന്ദിലും കേസ് കൊടുത്തു,” ജിതേന്ദര്‍ ആരോപിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശിനും ഡെല്‍ഹിക്കും പുറകില്‍ മൂന്നാം സ്ഥാനമാണ് ഹരിയാനയുടേത്. ദിവസവും ശരാശരി 67 സംഭവങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ബലാല്‍സംഗം, പീഢനം, സ്ത്രീകളെ വിവസ്ത്രരാക്കല്‍ എന്നു തുടങ്ങി സ്ത്രീധനത്തിനു വേണ്ടിയുള്ള ഉപദ്രവങ്ങളും കൊലപാതകവും വരെ നീളുന്നു കുറ്റകൃത്യങ്ങളുടെ നിര.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍