TopTop
Begin typing your search above and press return to search.

അത്ര നിശബ്ദമല്ല ബഖോരയിലെ തയ്യല്‍ കേന്ദ്രങ്ങള്‍

അത്ര നിശബ്ദമല്ല ബഖോരയിലെ തയ്യല്‍ കേന്ദ്രങ്ങള്‍

മല്ലിക കൌര്‍
(ഫോറിന്‍ പോളിസി)

1
വെളുപ്പും നീലയും നിറത്തിലുള്ള ഈ മരപ്പലക ഗ്രാമത്തിലെ ഗുരുദ്വാരയിലുള്ള തയ്യല്‍ മുറിയിലേക്കുള്ള നിങ്ങളുടെ വഴികാട്ടിയാണ്. മുറിയിലെ ചുമരു മുഴുവനും ലേഡീസ് കമീസ് ഉണ്ടാക്കേണ്ട വിധം വിവരിക്കുന്ന പോസ്റ്ററുകളാൽ നിറഞ്ഞിരിക്കുന്നു. പലനിറത്തിലുള്ള ബാഗുകളുടേയും ബെൽറ്റുകളുടേയും കളിപ്പാട്ടങ്ങളുടേയും സാമ്പിളുകൾ നിലത്താകെ ചിതറിക്കിടക്കുകയാണ്. ഇരുപതോളം സ്ത്രീകള്‍ ആ മുറിയില്‍ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പൊങ്ങിയും താണും പോകുന്ന തയ്യൽ മെഷീന്‍റെ താളത്തിനനുസരിച്ച് പരിശീലകയുടെ ഉപദേശങ്ങളും പുറത്തുവന്നുകൊണ്ടേയിരുന്നു.

മൂക്കു ചീറ്റിക്കൊണ്ടിരിക്കുന്ന കുട്ടിയെ തന്റെ ഷാളിൽ കിടത്തിയാണ് കൂട്ടത്തിലെ വായാടികളിലൊരുവളായ പ്രീതി തയ്‌ച്ചുകൊണ്ടിരിക്കുന്നത്.

"ഇവിടെ വന്നില്ലായിരുന്നിങ്കിൽ ഞാൻ വീട്ടിലിരുന്നു വെറുതെ പരദൂഷണം പറഞ്ഞിരിക്കുന്നുണ്ടായിരിക്കും. ഇവിടെ ഞങ്ങളെല്ലാവരുമൊരുമിച്ചിരുന്നു പരദൂഷണം പറയും" പൊട്ടിച്ചിരിച്ചുകൊണ്ടവൾ പറഞ്ഞു.

നാലു വർഷങ്ങൾക്കു മുന്പ് പിതാവ് ആത്മഹത്യ ചെയ്തപ്പോൾ അദ്ദേഹത്തിൻറെ സഹോദരീ പുത്രനെ വിവാഹം ചെയ്തുകൊണ്ടാണ് പ്രീതി ബഖോരയിലേക്ക് എത്തിയത്. വാങ്ങിയ കടം തിരിച്ചടക്കാനാവാത്തതു കാരണം പാടത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന കീടനാശിനി കുടിച്ച് മറ്റുള്ള കർഷകരെപ്പോലെ അച്ഛനും ആതമഹത്യ ചെയ്യുകയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം നെഞ്ചുപൊട്ടിയാണ് അമ്മയും മരിച്ചത്. അതോടെ പ്രീതിയും നാല് സഹോദരിമാരും അനാഥരായി മാറി.ഇന്ത്യൻ കാർഷിക വൃത്തിയുടെ ഹൃദയമായ ഗ്രാമങ്ങളിലെ കര്‍ഷക ആത്മഹത്യകളാല്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താനായി സ്ഥാപിക്കപ്പെട്ട തൊഴിലിടത്തിലേക്ക് കല്യാണത്തിനു ശേഷമാണ് പ്രീതി ചെന്നെത്തിയത്.

നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 1995 ശേഷം 290,000ൽ കൂടുതൽ കർഷകരാണ് ഇന്ത്യയില്‍ആത്മഹത്യ ചെയ്തിട്ടുള്ളത്. സർക്കാരിന്റെ കണക്കുകൾക്ക് യാഥാര്‍ത്ഥ്യവുമായ് യാതൊരു ബന്ധവുമുണ്ടാവാറില്ലെന്ന കാര്യം ആർക്കാണ് അറിയാത്തത്. ന്യൂയോർക്ക് യൂനിവേർസിറ്റി സ്കൂൾ ഓഫ് ലോയിലെ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ്‌ ഗ്ലോബൽ ജസ്റ്റിസിന്റെ 2011 റിപ്പോർട്ട് പ്രകാരം ഓരോ 30 നിമിഷത്തിലും ഒരു ഇന്ത്യൻ കർഷകൻ സ്വന്തം ജീവൻ ബലി നൽകുന്നുണ്ട്. (ദേശീയ ശരാശരിയേക്കാൾ കർഷക ആത്മഹത്യ കൂടുതലാണോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് ലാന്‍സെറ്റ് എന്ന മെഡിക്കൽ ജേർണൽ)

കണക്കുകൾ എന്തൊക്കെയായാലും ഇന്ത്യയിലെ കർഷകർ ദുരിതത്തിലാണെന്നതിൽ ആർക്കും സംശയമില്ല. മാറ്റമില്ലാതെ തുടരുന്ന വില, വിളവ് സംഭരണത്തിലും കടാശ്വാസത്തിലും യാതൊരു ശ്രദ്ധയുമില്ലാത്ത സർക്കാർ, യാതൊരു നിയന്ത്രണവുമില്ലാത്തതിനാൽ കൊള്ളപ്പലിശക്കാർ നടത്തുന്ന വിളയാട്ട് എന്നിവ ആത്മഹത്യാ പ്രവണതയെ ആളിക്കത്തിക്കുകയാണ്.

പഞ്ചാബിൽ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ത്യൻ കാര്‍ഷികവൃത്തിയുടെ നട്ടെല്ലായ ഈ സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കര്‍ഷകആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബഖോരയിൽ തയ്യൽ കേന്ദ്രം സ്ഥാപിക്കാൻ സഹായിച്ച ബാബാ നാനാക്ക് എജുക്കേഷൻ സൊസൈറ്റിയുടെ കണക്ക് പ്രകാരം ബഖോരയിൽ മാത്രം 44 കുടുംബങ്ങളാണ് കടവുമായ് ബന്ധപ്പെട്ട ആതമഹത്യയിൽ നിന്നുള്ള ദുരിതങ്ങൾ അനുഭവിക്കുന്നത്.

ആത്മഹത്യ ചെയ്യുന്നവരെല്ലാം പുരുഷന്മാരായതിനാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. പരമ്പരാഗതമായി സ്ത്രീകൾക്ക് വളരെ ചെറിയ വരുമാനവും സ്വാതന്ത്ര്യവും മാത്രമേ കാർഷിക സമൂഹങ്ങൾ നൽകാറുള്ളൂ. ഒന്നിലധികം ആത്മഹത്യകൾ നേരിടേണ്ടി വന്ന കുടുംബങ്ങള്‍സാമ്പത്തികമായി തകർന്ന് തീവ്ര നൈരാശ്യത്തിന്റെ വക്കിലെത്തി നിൽകുകയാണ്. വിധവകൾ ഭർത്താവിന്റെ കുടുംബത്താൽ പുറംതള്ളപ്പെടുകയോ ബന്ധുക്കളുടെ കളിപ്പാട്ടമായ് മാറുകയോ ചെയ്യുന്നു. കുട്ടികൾ, പ്രത്യേകിച്ചും പെണ്‍കുട്ടികൾ, പോഷകാഹാരക്കുറവ് നേരിടുകയും സ്കൂളിൽ നിന്ന് വിട്ടു പോകേണ്ട അവസ്ഥ വരികയും ചിലയിടങ്ങളിൽ അടിമപ്പണിയിൽ ഏർപ്പെടേണ്ടി വരുകയും ചെയ്യുന്നുണ്ട്.

ഈ പ്രശ്നങ്ങൾ മുന്നിൽ കണ്ട എൻ.ജി.ഒകൾ പഞ്ചാബിലെ സ്ത്രീകൾക്ക് ആശ്വാസവുമായി മുന്നോട്ടു വന്നിരിക്കയാണ്‌. പരിശീലനവും ജോലിയും നൽകുന്ന തയ്യൽ കേന്ദ്രങ്ങൾ ഈ ശ്രമത്തിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള ഉദ്യമങ്ങൾ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്: പഞ്ചാബിലെ ആത്മഹത്യാ ബെൽറ്റുകളിൽ നിമിഷ നേരം നീണ്ടു നിൽക്കുന്ന വേദന മാത്രം നേരിട്ട് പുരുഷന്മാർ പോയ്‌ മറയുമ്പോൾ തീരാത്ത ദുഖവും പട്ടിണിയുമായ് സ്ത്രീകളാണ് ജീവിതാവസാനം വരെ നീറുന്ന മനസ്സുമായ് ജീവിക്കുന്നത്.

2

1960കളിലാണ് ഹരിത വിപ്ലവം പഞ്ചാബിലെത്തിയത്. വരള്‍ച്ച മൂലം ഭക്ഷ്യ സുരക്ഷ അപകടത്തിലാവുന്ന സ്ഥിതി വന്നപ്പോൾ സർക്കാർ കാർഷിക രംഗത്ത് പുതിയ രീതികൾ കൊണ്ടുവന്നു - സ്വതന്ത്ര ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ മുന്തിയയിനം വിത്തുകൾ ഇറക്കുമതി ചെയ്തു. അമേരിക്കൻ നയങ്ങൾ ഈ നീക്കത്തെ ത്വരിതപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളുമായ് താരതമ്യം ചെയ്തു നോക്കിയാൽ വരൾച്ചയുള്ള സംസ്ഥാനമാണെങ്കിലും കോളനി വൽക്കരണ കാലത്ത് പണിത നിരവധി കനാലകളും ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരാണെന്ന പരിഗണനയാലും പഞ്ചാബായിരുന്നു പുതിയ മാറ്റങ്ങളുടെ ആസ്ഥാനം.

1970കളിൽ വലിയ ഭൂവുടമസ്ഥരുടെ വിളവിൽ അനേകം മടങ്ങ്‌ വർദ്ധനവുണ്ടായെങ്കിലും ചെറുകിട കർഷകർക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല. മാറിയ കൃഷിരീതിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കാൻ സാധിക്കാതിരുന്ന കർഷകർക്ക് തങ്ങളുടെ കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് കണ്ടു നിൽക്കേണ്ടി വന്നു. വിത്തുവാങ്ങാനും കൃഷിയിടത്തിൽ വെള്ളമെത്തിക്കാനുമുള്ള പണത്തിനു വേണ്ടി അവർക്ക് കടക്കാരാകേണ്ടി വന്നു. ഉല്പ്പാദന ചെലവ് വർദ്ധിച്ചെങ്കിലും ധാന്യത്തിന്റെ വിലയിൽ യാതൊരു മാറ്റവുമുണ്ടായില്ല. കഴിഞ്ഞ വിളവു കാലത്തെ ധാന്യത്തിന്റെ വിലയെ ഈ വർഷത്തെ കുറഞ്ഞ താങ്ങു വില (Minimum Support Prices - MSP) യായ് കണക്കാക്കുന്ന സർക്കാറിന്റെ ലൊടുക്കു വിദ്യ വിലക്കയറ്റത്തെ കണക്കിലെടുത്തില്ല. ഇതു കാരണം രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ പാടുപെട്ട കർഷകർക്ക് തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കാത്ത സ്ഥിതി വന്നു. നിരാശയിൽ മുങ്ങിയ കർഷകരുടെ പ്രതിഷേധങ്ങളാണ് 80 കളും 90 കളും കണ്ടത്. ഇന്നും ഇത്തരത്തിലുള്ള രോദനങ്ങൾ ഇടയ്ക്കിടെ കേൾക്കാം. പക്ഷെ തീവ്രനൈരാശ്യം തലച്ചോറിനെ മുഴുവൻ ബാധിച്ചു തുടങ്ങിയപ്പോൾ അവർ തങ്ങളെത്തന്നെ അവസാനിപ്പിക്കാൻ തുടങ്ങി.

ബെസ്റ്റ് ഓഫ് അഴിമുഖം

ലാഭം കര്‍ഷകന്‍റെ അവകാശം- ആര്‍. ഹേലി
ദരിദ്രരുടെ ക്ഷേമം കാക്കാന്‍ ഡെല്‍ഹി ഹൈക്കോടതി വിധി
വേണ്ടത് കോളനിയല്ല; കൃഷിഭൂമിയാണ്- അരിപ്പ നമ്മളോട് പറയുന്നത്
അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്
അസ്ഥിരതയുടെ ഇന്ത്യന്‍ കാഴ്ചകള്‍


ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾ 1980 കളുടെ അവസാനത്തിലാണ് കർഷക ആത്മഹത്യകൾ ശ്രദ്ധിച്ചു തുടങ്ങിയത്. Movement Against State Repression (MASR) എന്ന സംഘടനയുടെ 1990 ലെ റിപ്പോർട്ടിൽ ഒരു ഗ്രാമത്തിൽ സംഭവിച്ച ഒന്പത് ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. 1998ൽ ഇന്ത്യൻ രാഷ്ട്രപതിക്കും പഞ്ചാബ് സർക്കാരിനു സമർപ്പിച്ച നിവേദനത്തിൽ 93 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്.

അപായ സൂചനകൾ ചെറിയ പ്രതികരണം മാത്രം അധികാരികളുടെ ഭാഗത്തു നിന്നും ഉണർത്തിയപ്പോൾ, നല്ലൊരു ഭാവിയിലേക്ക് കണ്ണും നട്ട് സംഘടനകൾ കണക്കെടുപ്പുകളും സഹായങ്ങളും തുടർന്നു. 1998 നും 2008 നും ഇടയിൽ ബാബാ നാനാക്ക് എജുക്കേഷൻ സൊസൈറ്റി പഞ്ചാബിലെ ആകെയുള്ള20 ജില്ലകളിൽ ഒരേയൊരു ജില്ലയിൽ നിന്നും മാത്രം 1,774 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിൽ അങ്ങോളമിങ്ങോളമായ് അര ലക്ഷത്തിലധികം ആത്മഹത്യകൾ ആ പത്തു വർഷത്തെ കാലയളവിൽ സംഭവിച്ചിരിക്കാമെന്നാണ് സൊസൈറ്റി പറയുന്നത്. കർഷക യൂണിയൻ 1990 നും 2006 നും ഇടയിൽ 90,000 ജീവൻ എന്ന കണക്കാണ് മുന്നോട്ട് വെക്കുന്നത്.

പഞ്ചാബ് സർക്കാർ 2001 ൽ ദുരിതത്തിന്റെ നിജ സ്ഥിതി സമ്മതിക്കുകയും കുടുംബാങ്ങൾക്ക് നഷ്ട പരിഹാരം നൽകുമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്തു. മറ്റുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെപ്പോലെ കസേരയിൽ കയറിയപ്പോൾ രാഷ്ട്രീയക്കാര്‍ ഇതും മറന്നു.മറ്റൊരു പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു ആ സഹായം ലഭിക്കാൻ. ഇടയ്ക്കിടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും ചെയ്യുമെന്നാല്ലാതെ പ്രശ്നം പരിഹരിക്കാൻ കാര്യമായ നീക്കങ്ങളൊന്നും ഇതുവരെ നടന്നില്ല.നഷ്ടപരിഹാരം തീർച്ചയായും വേണ്ടതുതന്നെയാണ്. പക്ഷെ പ്രശ്നത്തിന്റെ മൂല കാരണം ഇല്ലാതാവാൻ നയപരമായ വലിയൊരു മാറ്റം തന്നെ ആവശ്യമാണ്‌. വിലക്കയറ്റത്തിനനുസരിച്ച് കുറഞ്ഞ താങ്ങു വിലയിൽ മാറ്റം വരുത്തുന്നതോടൊപ്പം കൊള്ളപ്പലിശയുമായ്‌ കർഷകരുടെ നടുവൊടിക്കുന്നവരെ നിലക്ക് നിർത്താനും കടാശ്വാസ പദ്ധതികൾ കൊണ്ടുവരുവാനും സർക്കാറിന്റെ എല്ലാ വിഭാഗങ്ങളും കിണഞ്ഞു ശ്രമിച്ചാൽ മാത്രമേ ഈ പ്രശ്നം അവസാനിക്കുകയുള്ളൂ.

ആത്മഹത്യയാൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് വർഷങ്ങളായ് നൽകാമെന്നേറ്റ നഷ്ട പരിഹാരത്തിനുവേണ്ടിയുള്ള കർഷക യൂണിയനുകളുടെ ആവശ്യവും ഇലക്ഷനും പ്രമാണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ ദുരിതത്തിന്റെ ശരിയായ കണക്കെടുപ്പ് നടത്താൻ പഞ്ചാബ് സർക്കാർ തയ്യാറായി. പക്ഷെ ആദ്യത്തെ ആത്മഹത്യ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ട് 27 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഗവണ്‍മെന്‍റ് കണക്കെടുത്ത് കളിക്കുകയാണ്.

3

കർഷകരുടെ ആത്മഹത്യക്കിടയാക്കുന്ന കാർഷിക കടങ്ങളുടെ അലയടി സമൂഹത്തിന്റെ എല്ലായിടങ്ങളിലും കേൾക്കാനുണ്ട്, ആരും ഇതിൽ നിന്നും മുക്തമല്ല. മീനയുടെ കുടുംബവും ഇതിന്റെ ഇരകളാണ്.

മീന (സുരക്ഷാ കാരണങ്ങളാൽ അപരനാമമാണ് ഉപയോഗിക്കുന്നത്) ബഖോരയുടെ അയൽ ഗ്രാമത്തിലാണ് താമസിക്കുന്നത്. 2011ലെ തണുപ്പ് കാലത്തിലൊരു ദിവസം തന്റെ മൂന്നു പെണ്‍കുട്ടികളെ സ്കൂളിൽ നിന്നും തിരികെക്കൊണ്ടുവരാൻ പോയ മീനയുടെ ഭർത്താവ് വസ്ത്രം വാങ്ങിത്തരാനാണെന്ന് പറഞ്ഞ് കുട്ടികളെ കബളിപ്പിച്ച് ആളൊഴിഞ്ഞ പാടത്തിലൂടെ തന്റെ സ്കൂട്ടർ തിരിച്ചു. കുത്തിയൊലിക്കുന്ന തോടിന്റെ വക്കിലെത്തിയാണ് വാഹനം നിന്നത്. പിന്നെ, തന്റെ കുട്ടികളെ ഒന്നൊന്നായ് ആ പിതാവ് വെള്ളത്തിലേക്ക് തള്ളിയിട്ടു.

ചില്ലറക്കച്ചവടക്കാരനായ മീനയുടെ ഭർത്താവിന് ഗ്രാമത്തിലെ കർഷകർ പ്രതിസന്ധി നേരിട്ടപ്പോൾ ഒരുപാട് നഷ്ടം സംഭവിച്ചു. ഓരോ പെണ്‍കുട്ടികൾ ജനിക്കുമ്പോഴും അയാൾ നിരാശനായിരുന്നു- കുടുംബത്തിന്റെ ഭാരമാണ് അവരെന്ന് പറയുകയും ചെയ്തു. കുടുംബത്തിന്റെ അത്താണിയാവേണ്ട തന്റെ ഒരേയൊരു മകനെ വീട്ടിൽ നിർത്തിയാണ് ആ ദിവസം അയാളാ കൃത്യം ചെയ്തത്.

പെണ്‍കുട്ടികളുടെ നിലവിളി കേട്ട് എത്തിയ ഒരു കർഷകൻ അവരെ ഒഴുക്കിൽ നിന്നും രക്ഷപ്പെടുത്തി. വധശ്രമത്തിന്റെ പേരിൽ ആ പിതാവ് അറസ്റ്റ്‌ ചെയ്യപ്പെട്ടു.

ജയിലിലടക്കപെട്ട തന്റെ ഭർത്താവിനെക്കുറിച്ചായിരുന്നു അവരുടെ വേവലാതി മുഴുവനും. ഭർത്താവിനെ കുറ്റക്കാരനായിക്കാണാൻ അവൾക്കായില്ല "അദ്ദേഹമാണ് ഞങ്ങളുടെ ഒരേയൊരു തുണ,മൂന്ന് പെണ്‍കുട്ടികളേയും കൊണ്ട് ഞാന്‍ എന്തു ചെയ്യും"? മീന ചോദിക്കുന്നു.

കുടുംബത്തിൽ നടക്കുന്ന അക്രമങ്ങൾക്ക് യാതൊരു കണക്കുമില്ലാത്ത രാജ്യമാണ് ഇന്ത്യ, സാമ്പത്തിക-സാമൂഹിക സ്ഥിതിയും സ്ത്രീകൾ നേരിടേണ്ടി വരുന്ന അക്രമങ്ങളും തമ്മിൽ വലിയ ബന്ധമാണുള്ളത്. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന സമയങ്ങളിൽ പുരുഷന്റെ ദൈനംദിന നിരാശകൾ തീർക്കാനുള്ള ഇടമാണ് സ്ത്രീകൾ. പെണ്‍കുട്ടികളുടെ കല്യാണത്തിന് വേണ്ട പണത്തിനു വേണ്ടി ജീവിതം മുഴുവൻ മാറ്റിവെക്കേണ്ടി വരുന്നതിന്റെ ദേഷ്യം മുഴുവൻ പെണ്‍കുട്ടികളുടെ മേലിൽ ചൊരിയുന്ന മതാപിതാക്കളുള്ള നാടാണിത്.

മീനയുടെ ഭർത്താവ് ആറുമാസത്തിനു ശേഷം ജെയിലിൽ നിന്നും തിരികെ വന്നു (കൊലപാതക ശ്രമത്തിനുള്ള ശിക്ഷ അയാൾക്ക് കിട്ടിയില്ല). ഇന്ന് മീനയാണ് അയാളുടെ കളിപ്പാട്ടം, ശരീരം മുഴുവൻ പൊള്ളിയ പാടുകളും, ചൊരയൊലിച്ച് പൊട്ടിയ മൂക്കുമായ് മീന എന്റെ മുന്നിൽ നിൽക്കുകയാണ്.

"പേടിക്കാനൊന്നുമില്ല, ഇപ്പോളയാൾ കുട്ടികളെ ഉപദ്രവിക്കാറില്ല" എന്റെ കണ്ണിൽ നോക്കാതെ മീന പറഞ്ഞു.

4

ബഖോരയിലെ തയ്യൽ കേന്ദ്രത്തിൽ സ്ത്രീകൾ നിശബ്ദരായി പണിയെടുക്കുകയാണ്. അടുത്തുള്ള നഗരത്തിലെ കടകളിൽ വിൽക്കാൻ വേണ്ടി കീ ചെയിൻ ഉണ്ടാക്കുകയാണവർ.

ആത്മഹത്യാ ബെൽറ്റുകളിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തികൊണ്ടു വരാനായ്‌ Building Bridges India, Baba Nanak Education Society എന്നീ രണ്ടു സംഘടനകൾ തുടങ്ങിയ അഞ്ച് തൊഴിൽ കേന്ദ്രങ്ങളിൽ ഒന്നാണ് ഈ തയ്യൽ കേന്ദ്രം. ഇവരുണ്ടാക്കുന്ന ഉല്പന്നങ്ങൾ ഈ പരിശ്രമത്തിന്റെ വിജയ മാനദണ്ഡങ്ങളിലൊന്നു മാത്രമാണ്.അവർക്കീ കേന്ദ്രം സുരക്ഷിതമായൊരു താവളമാണ്.

ജോലി ചെയ്യാൻ പ്രാപ്തരായിട്ടാണ് അവര്‍ ഈ കേന്ദ്രത്തിൽ നിന്നും പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ഇവർക്ക് സാധിക്കും. നഷ്ട പരിഹാരത്തിനും, കടാശ്വാസത്തിനും, വിള രക്ഷാ പദ്ധതികൾകും, ആത്മഹത്യക്ക് കാരണമാവുന്ന മറ്റുള്ള പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊന്നും പകരമാവില്ല ഈ ചെറു സഹായങ്ങൾ.

ചെറുകിട കർഷകനായ പ്രീതിയുടെ ഭർത്താവ് വലിയൊരു കടക്കെണിയിലാണ്. തയ്യൽ കേന്ദ്രമവൾക്ക് അധിക വരുമാനം നൽകുന്നുണ്ടെങ്കിലും മൂന്നു കുട്ടികളുമുള്ള കുടുംബത്തെ പട്ടിണിയിൽ നിന്നും കരകയറ്റാൻ ഈ വരുമാനം മതിയാവില്ല.

"രണ്ടു പെണ്‍കുട്ടികളും ഒരു മകനുമാണ് എനിക്കുള്ളത്, ജീവിതത്തിൽ എന്തെങ്കിലും മാറിയേ മതിയാവൂ, ഇല്ലെങ്കിൽ എന്റെ പെണ്‍കുട്ടികൾ..." പറഞ്ഞു നിർത്തുമ്പോൾ പ്രീതിയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.


Next Story

Related Stories