TopTop
Begin typing your search above and press return to search.

ഫാറൂഖ് കോളജിനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന് പിന്നില്‍

ഫാറൂഖ് കോളജിനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന് പിന്നില്‍

ഡോ. ഹുസൈന്‍ മടവൂര്‍

കോഴിക്കോട് ഫാറൂഖ് കോളജില്‍ ഈയിടെയുണ്ടായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ പ്രസ്താവനയിലൂടെ വളരെ പക്വവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഫാറൂഖ് കോളജിന്റെ ചരിത്രവും സേവനങ്ങളും അനുസ്മരിച്ച് കൊണ്ടാണ് അദ്ദേഹം പ്രസ്തുത പ്രസ്താവന നടത്തിയിട്ടുള്ളത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇത്തരം ഒരു വലിയ സ്ഥാപനത്തിലുണ്ടായ ഒരു പ്രശ്‌നം കൂടുതല്‍ വ്രണമാവാതെ പരിഹരിക്കപ്പെടാനും കേരള ഹൈക്കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ട് വിദ്യാര്‍ത്ഥിക്കെതിരായ നടപടികളും ഈ വിവാദവും അവസാനിപ്പിക്കാനും അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. അതിന്റെ എല്ലാ വശവും പ്രശ്‌ന പരിഹാരാ സാധ്യതകളും കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ബേബിയെ പോലുള്ള ഉന്നത വ്യക്തിത്വങ്ങളും എല്ലാം ചേര്‍ന്ന് കൂടിയാലോചിച്ച് വിഷയം അവസാനിപ്പിക്കാന്‍ തന്നെയാണ് ശ്രമങ്ങളുണ്ടാവേണ്ടത്.

കോളജിന്റെ തുടക്കവും അതിന്റെ വളര്‍ച്ചയും സംബന്ധിച്ച് പുതുതലമുറക്ക് അറിയാനിടയില്ലാത്ത വളരെ പ്രസക്തമായ ചില സൂചനകള്‍ നല്‍കിക്കൊണ്ടാണ് ബേബി തന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാമ്പസില്‍ ഒരു വിദ്യാര്‍ത്ഥിയായും അധ്യാപകനായും പ്രിന്‍സിപ്പാളായുമൊക്കെ ജീവിതത്തിലെ 41 കൊല്ലക്കാലം കഴിച്ചുകൂട്ടിയ ഒരാളെന്ന നിലക്ക് പഴയ ഫാറൂഖ് കോളജിന്റെയും പുതിയ ഫാറുഖ് കോളജിന്റെയും സ്പന്ദനങ്ങള്‍ നേരിട്ടനുഭവിച്ചറിഞ്ഞയാളാണു ഈയുള്ളവന്‍. സ്വാതന്ത്ര്യത്തിനും മുന്‍പ് 1942ല്‍, ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലായില്‍ പഠനം നടത്തിയ നവോത്ഥാന നായകനായിരുന്ന മൌലാന അബുസ്സബാഹ് അഹ്മദലിയാണ് കോളജിന്റെ ശില്‍പ്പി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന മൗലാന മുഹമ്മദലി കൈറോ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തിന്റെ പ്രേരണയാലാണ് അബുസ്സബാഹ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. രാജ്യത്ത് പലയിടത്തും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി ചുറ്റിക്കറങ്ങിയ മൗലവി ഒടുവില്‍ മഞ്ചേരി ആനക്കയത്ത് വെറും അഞ്ച് കുട്ടികളെയും കൊണ്ട് റൌദത്തുല്‍ ഉലൂം അറബിക് കോളജ് ആരംഭിച്ചു. ഇന്നത്തെ ഫാറൂഖ് കോളജിന്റെ പിറവിയായിരുന്നു അത്. വളരെ പെട്ടെന്ന് തന്നെ ഈ സംരംഭത്തിന് വിശാലമായ സ്ഥലം വേണമെന്ന മൗലവിയുടെ ചിന്തയും അന്വേഷണവുമാണ് അറുപതേക്കര്‍ വിസ്തൃതിയുള്ള, 'ഫാറൂഖാബാദ്' അറിവിന്റെ പൂന്തോപ്പായി മാറിയത്. മുസ്ലിം പ്രമാണിമാരെയും പണക്കാരെയും സമീപിച്ചാണ് ഈ സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. റൗദത്തുല്‍ ഉലൂം അറബിക് കോളജിന്റെ നടത്തിപ്പിനായി അന്ന് അബുസ്സ്ബാഹ് മൗലവി, ഹൈദ്രോസ് വക്കീല്‍ , എം കുഞ്ഞോയി വൈദ്യര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ രൂപം നല്‍കിയ റൗദത്തുല്‍ ഉലൂം അസോസിയേഷനു കീഴിലാണ് പില്‍ക്കാലത്ത് ഫാറൂഖ് കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ഉമറുല്‍ ഫാറൂഖ് എന്നതുമായി ബന്ധപ്പെട്ടാണ് ഫാറൂഖ് കോളജ് എന്ന പേരു വന്നത് (അല്ലാതെ ഫറോക്ക് ആയത് കൊണ്ടല്ല).

ഈ അറുപത് ഏക്കര്‍ ഭൂമിയില്‍ മിക്കവാറും 'വഖ്ഫ്' ആണ്. പുളിയാളി അബ്ദുല്ലക്കുട്ടീ ഹാജി ആണ് ആദ്യമായി 25 ഏക്കര്‍ സ്ഥലം അറബിക് കോളജിനു വേണ്ടി വഖ്ഫ് ചെയ്ത് നല്‍കിയത്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് പുര്‍ണമായും വിട്ടുകൊടുക്കുന്നതാണ് വഖ്ഫ്. Permanent Dedication എന്നതാണ് വഖ്ഫ് എന്നതിന്റെ നിര്‍വചനം. അത്തരത്തിലുള്ള ഒരു വിശുദ്ധ പശ്ചാത്തലം ഫാറൂഖാബാദിന്റെ മണ്ണിനുണ്ട്. നിരവധി മഹത്തുക്കള്‍ കോടിക്കണക്കിനു രൂപ വിലവരുന്ന ഈ സ്ഥലങ്ങള്‍ തങ്ങളുടെ പാരത്രിക മോക്ഷവും സമൂഹത്തിന്റെ നന്മയും മാത്രം ഉദ്ദേശിച്ച് എന്ന് രേഖപ്പെടുത്തി റൗദത്തുല്‍ ഉലും അസോസിയേഷനു നല്‍കുമ്പോള്‍ തീര്‍ച്ചയായും അവര്‍ പ്രതീക്ഷിക്കുക സംസ്‌കാര സമ്പന്നരായ തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു കാമ്പസ് ആയിരുന്നു.കേരള മുസ്ലിം നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച കേരള മുസ്ലിം ഐക്യസംഘം ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ അതിന്റെ സ്വത്തുക്കളെല്ലാം ഫാറൂഖ് കോളജിനാണ് എഴുതിക്കൊടുത്തത്. കൊഴിക്കോട് ജില്ലാ മുസ്ലിം ലീഗിനുണ്ടായിരുന്ന കാറും പണവും അവര്‍ ഫാറൂഖ് കോളജിന് കൊടുത്തു. ഫാറൂഖ് കോളജിനെ സംരക്ഷിക്കുക എന്നത് മുസ്ലിങ്ങളുടെ ഒരു ലക്ഷ്യമായിരുന്നു. സക്കാത്തും സ്വദഖയും വഖ്ഫും മറ്റും ഇതിനു വേണ്ടി നീക്കിവെച്ചാണീ വിജ്ഞാന സമുച്ചയം യാഥാര്‍ത്ഥ്യമാക്കിയത്.

അതുകൊണ്ടുതന്നെ അത് നല്ലനിലക്ക് കൊണ്ടുപോവുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമായിരുന്നു. രാജ അബ്ദുല്‍ ഖാദര്‍ ഹാജി, കെ സി ഹസ്സന്‍കുട്ടി സാഹിബ് തുടങ്ങിയ സമുദായ സ്‌നേഹികള്‍ പ്രതിസന്ധികളില്‍ സ്ഥാപനത്തിന് നല്‍കിയ സഹായങ്ങള്‍ പ്രത്യേകം പ്രസ്താവ്യമാണ്.

ഞാനവിടെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വളരെ പ്രമുഖരായ ആളുകള്‍ അവിടെയുണ്ടായിരുന്നു. പ്രൊ. കെ. എ ജലീല്‍, പ്രൊ. എം എ ഷുക്കൂര്‍, പി എ ലത്തീഫ് എന്നിവരായിരുന്നു അവിടുത്തെ മുന്ന് സ്ഥാപനങ്ങളുടെ മേധാവികള്‍. പ്രൊഫ. വി മുഹമ്മദ്, പ്രൊഫ. ടി അബ്ദുല്ല, എ പി പി നമ്പൂതിരി, ശ്രീകണ്ഠന്‍ നായര്‍, അയ്യപ്പ പണിക്കര്‍, തുടങ്ങിയ പ്രഗല്‍ഭരായ അധ്യാപകരും അവിടെയുണ്ടായിരുന്നു. ആ ഒരു കാലഘട്ടത്തില്‍ എല്ലാ ജാതി മതവിഭാഗങ്ങളില്‍ പെട്ടവരും രാഷ്ട്രീയത്തില്‍ പെട്ടവരും എല്ലാം അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും അങ്ങിനെ തന്നെയാണ്.

കെ വി കുഞ്ഞമ്മദ് കോയ, പി കെ അഹ്മദ് സാഹിബ്, അഡ്വ. എം മുഹമ്മദ്, സി പി കുഞ്ഞിമുഹമ്മദ് തുടങ്ങിയവരടങ്ങുന്ന കോഴിക്കോട് പരിസരത്തുള്ള വിദ്യാഭ്യാസ പ്രേമികളും വ്യവസായികളുമായ സുമനസ്സുകള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കോളജ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അവരെല്ലാവരും നിസ്സ്വാര്‍ത്ഥമായി സ്വന്തം ചിലവിലാണ് കോളജിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നടക്കുന്ന ഏതൊരു നിര്‍മ്മാണപ്രവൃത്തികള്‍ക്കും ലക്ഷക്കണക്കിനു രൂപ നല്‍കുന്നത് ഈ മാനേജ്‌മെന്റ് അംഗങ്ങളാണ്. ഈ വസ്തുതകളുടെയൊക്കെ പശ്ചാത്തലത്തില്‍ വേണം ഇപ്പോഴത്തെ വിവാദത്തെ നാം നോക്കിക്കാണാന്‍.

കോട്ടയത്ത് മേരി റോയ് നടത്തുന്ന പള്ളിക്കൂടം എന്ന വിദ്യാലയത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ എങ്കിലും അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന ചട്ടം ഇപ്പോഴും നിലനില്ക്കുന്നു എന്ന് എം എ ബേബി തന്നെ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നത് ഒരു സാധാരണ സംഭവമല്ല എന്നും ഒട്ടു മിക്ക വിദ്യാലയങ്ങളിലും നടപ്പുള്ള രീതിയുമല്ല എന്നും അദ്ദേഹം തന്നെ പറയുന്നു.

മാത്രവുമല്ല, കോഴിക്കോട്ട് ഈ പ്രശ്‌നം ഊതിവീര്‍പ്പിച്ച് വലുതാക്കാന്‍ ശ്രമിച്ചവരുടെ ഇരട്ടത്താപ്പും ദുഷ്ടലാക്കും പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. ഇതേ കോഴിക്കോട് പരിസരത്ത് തന്നെയാണ് ദേവഗിരി കോളജ്, ഗുരുവായുരപ്പന്‍ കോളജ്, മലബാര്‍ കൃസ്ത്യന്‍ കോളജ്, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ദേവകിയമ്മ മെമ്മോറിയല്‍ കോളജ്, ശ്രീനാരയണ കോളജ് തുടങ്ങിയവയുള്ളത്. അവിടങ്ങളിലൊക്കെ ഫാറൂഖ് കോളജിലെ അതേ നിയമം തന്നെയല്ലേ ഉള്ളത്. നാലാളിരിക്കേണ്ട ബെഞ്ചില്‍ ആണും പെണ്ണുമായി ആറാളുകള്‍ തിക്കി തൊട്ടുരുമ്മി ഇരിക്കുന്ന സമ്പ്രദായം ആ കോളജുകളില്‍ നിലവിലുണ്ടോ? പിന്നെന്താ ഒരു ഫാറൂഖ് കൊളജ് മാത്രം പ്രതിക്കൂട്ടിലാവുന്നത്. അതാണ് ബേബി പറഞ്ഞത്, ഫാറൂഖ് കോളജിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് ശരിയല്ല എന്ന്. ഇക്കാര്യത്തില്‍ ഫറൂഖ് കോളേജിനെ ഒറ്റപ്പെടുത്തി മാനംകെടുത്താന്‍ നടത്തിയ ശ്രമത്തെ ഞാന്‍ അപലപിക്കുന്നു എന്ന എം എ ബേബിയുടെ പ്രസ്താവന ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

കലിക്കറ്റ് സര്‍വകലാശാല, കേരള സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കുസാറ്റ്, കാര്‍ഷിക സര്‍വകലാശാല, കേന്ദ്ര സര്‍വകലാശാല തുടങ്ങി കേരളത്തിലെ ഒരു സര്‍വകലാശാലയിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടുരുമ്മി ഇരിക്കാമെന്ന് നിയമമുണ്ടോ? അതിനെ ലിംഗവിവേചനം എന്ന് പറയുന്നതെങ്ങിനെ? ഇവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ വേറെ ഹോസ്റ്റലുകളുണ്ട്. കാന്റീനുകളില്‍ വേറെ വേറെ ഇരിപ്പിടങ്ങളുണ്ട്. ട്രെയിനുകളില്‍ പോലും പെണ്ണുങ്ങള്‍ക്ക് വേറെ ബോഗിയുണ്ട്. കോളജുകള്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറേ വേറെ ഉണ്ട്. അവയൊക്കെ ഒന്നാക്കുക എന്നാണോ ലിംഗ നീതി എന്നത് കൊണ്ടുദ്ദേശിക്കുന്നത്?വേഷവിധാനങ്ങളില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുലര്‍ത്തിപ്പോരുന്ന വ്യത്യസ്തത ലിംഗവിവേചനമായി നിര്‍വചിക്കുമോ ഇവര്‍? ശരീര ശാസ്ത്രപരമായും ജീവശാസ്ത്ര പരമായും മന:സ്ത്രപരമായും പ്രകൃത്യാ ഉള്ള വ്യത്യാസ്ങ്ങള്‍ അംഗീകരിക്കലാണ് ലിംഗ നീതി.

ഈ സമരവും കോലാഹലവും ഏറ്റൂപിടിക്കുന്ന ആരെങ്കിലും തങ്ങളുടെ മുതിര്‍ന്ന പെണ്‍മക്കളെ ആണ്‍കുട്ടികളുടെ കൂടെ തൊട്ടരുമ്മി ഇരിക്കാന്‍ അനുവദിക്കുമോ? ഈ വിദ്യാര്‍ത്ഥികള്‍ തന്നെ വലുതായി രക്ഷിതാക്കളായാല്‍ അവരും തങ്ങളുടെ മുതിര്‍ന്ന പെണ്‍മക്കളെയോ പെങ്ങളെയോ ആണ്‍കുട്ടികളുടെ കൂടെ തൊട്ടരുമ്മി ഇരിക്കാന്‍ അനുവദിക്കുമോ? ഇല്ല എന്നുറപ്പാണ്. പിന്നെന്തിനാണ് ഫാറൂഖ് കോളജിനു മാത്രമായൊരു നിയമം വേണമെന്ന് വാശി പിടിക്കുന്നത്. ഈ വാദത്തിന്റെ യുക്തിരാഹിത്യവും സമരക്കാരുടെ ദുരുദ്ദേശവും വ്യക്തമാണെന്നത് കൊണ്ട് തന്നെയാണ് വിദ്യാഭ്യാസ മന്ത്രിയും രാഷ്ട്രീയ നേതാക്കളും ഇതിനോട് ശക്തമായും പക്വമായും പ്രതികരിച്ചത്.

ഫാറൂഖ് കോളജിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും ഉപരിസഭയായ റൗദത്തുല്‍ ഉലൂം അസോസിയേഷന്റെ ഉന്നതിയിലേക്കുള്ള മുന്നേറ്റത്തില്‍ ഓരോ പടവുകളിലും ആത്മാര്‍ത്ഥതയോടെ തങ്ങളുടെ പാദമുദ്രകള്‍ പതിപ്പിച്ച, നവോത്ഥാന വിപ്ലവത്തിന്റെ അമരക്കാരായിരുന്ന ബി പോക്കര്‍ സാഹിബ്, കെ എം സീതി സാഹിബ്, ബാഫഖി തങ്ങള്‍ , സി എച്ച് മുഹമ്മദ് കോയ, കെ എം മൗലവി, പി കെ മൂസ മൗലവി, കെ സി ഹസന്‍ കുട്ടി സാഹിബ്, തുടങ്ങിയ നിരവധി മഹത്തുക്കളുടെ വിയര്‍പ്പ് പതിഞ്ഞ ഫാറൂഖാബാദില്‍ നിന്ന് സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും വിളക്ക് ഇത്തിരി പോലും നിറം മങ്ങാന്‍ പാടില്ല.

ചുരുക്കത്തില്‍ ഈ പ്രശ്‌നം ബുദ്ധിപരമായും ധാര്‍മ്മികതയിലൂന്നിയും പരിഹരിക്കപ്പെടണം. കോടതികള്‍ വഴി പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത് ഇരു കക്ഷികള്‍ക്കും നഷ്ടങ്ങളേ ഉണ്ടാക്കൂ. പ്രത്യേകിച്ച് ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ഭാവി, ഒരു സമൂഹത്തിന്റെ സദാചാര ബോധം, ഒരു നാടിന്റെ ധാര്‍മ്മിക സംസ്‌കാരം, നാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക നവോഥാനത്തിന് നിലകൊള്ളുന്ന ഒരു സ്ഥാപനത്തിന്റെ സല്‍പ്പേരും സുരക്ഷിത്വവും എല്ലാം മാനിക്കപ്പെടണം. വ്യക്തമായ ഉറപ്പുകളും വിട്ടുവീഴ്ചകളും പരസപരം നല്‍കി വിവാദങ്ങള്‍ അവസാനിപ്പിക്കണം. മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് ഒരു പര്‍ിഹാരത്തിനു മുന്‍കയ്യെടുത്താല്‍ അത് ഗുണം ചെയ്യും എന്നുറപ്പാണ്.

(ഇസ്ലാമിക ചിന്തകനും ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാളുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories