രത്നങ്ങളെ ചുറ്റിപ്പറ്റി കഥകള്‍ എമ്പാടുമുണ്ട്. ഏറെ വിശ്വാസങ്ങളും. വിശ്വാസത്തില്‍ യുക്തിക്ക് ഇടമില്ലല്ലോ? വജ്രത്തെ പണ്ടുള്ളവര്‍ രാജാവായിട്ടാണ് വാഴിച്ചിരുന്നത്. രത്നങ്ങളുടെ രാജാവാകാനുള്ള എല്ലാ ഗരിമകളും വജ്രത്തിനുണ്ട്. വജ്രത്തെ രാജാവാക്കിയ ഭാവന മുത്തിനെ രാജ്ഞിയാക്കി. വജ്രം ധരിക്കുന്നയാള്‍ ധീരനും അപരാജിതനും ആയിരിക്കുമെന്നൊരു വിശ്വാസം ആളുകള്‍ വച്ചുപുലര്‍ത്തുന്നു. ഭൂതപ്രേത പിശാചുക്കള്‍ വജ്രം ധരിക്കുന്നയാളെ ബാധിക്കില്ലെന്ന് വിശ്വസിയ്ക്കുന്നവരും ഉണ്ടായിരുന്നു. വജ്രത്തിന്റെ കടുപ്പമാകാം ഇത്തരം വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നത്. വജ്രം സമ്മാനിക്കുന്ന ഭര്‍ത്താവിനോട് ഭാര്യയ്ക്കു സ്നേഹം കൂടും എന്നൊരു വിശ്വാസവും ചിലനാടുകളില്‍ ഉണ്ടായിരുന്നു. രക്ത വര്‍ണ്ണമുള്ള വജ്രം ധരിച്ചാല്‍ മരണം ഉറപ്പാണെന്ന വിശ്വാസവും പലരും വച്ച് പുലര്‍ത്തിയിരുന്നു.
വജ്രത്തിന്റെ മേഖലയിലേക്ക് ജ്യോത്സ്യന്മാര് എത്തിയതോടെ പലതരത്തിലുള്ള വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തു. വജ്രത്തിന്റെ അധിപനായി ജോത്സ്യന്മാര് കണ്ടത് ശുക്രനെയാണ്. രാജാക്കന്മാര് ചുവപ്പ് നിറമുള്ള വജ്രം ധരിക്കണമെന്നുണ്ടായിരുന്നു. മുദ്രമോതിരത്തിന്റെ ഗുണം അത് ചെയ്യും.
ചാതുര്‍വര്‍ണ്യത്തിന്റെ നാളുകളില്‍ വജ്രത്തെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ തരം തിരിച്ചിരുന്നു. ബ്രാഹ്്മണ വജ്രം വെളുത്തതും ശുദ്ധവുമാണ്. അത് ധരിച്ചാല്‍ ശക്തിയും സുഹൃത്ബന്ധങ്ങളും സ്വത്തും സമ്പാദ്യവും കൈവരുമത്രെ. രസായനങ്ങള്‍ തയാറാക്കാനും ബ്രാഹ്മണ വജ്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ക്ഷത്രിയ വജ്രം വാര്‍ധക്യത്തെ അകററുമെന്നും അത് ധരിക്കുന്നയാള്‍ക്ക് രോഗങ്ങള്‍ പിടിപെടില്ലെന്നും ജരാനരകള്‍ ബാധിക്കില്ലെന്നും മരണത്തെ ഭയപ്പെടുകയേ വേണ്ടെന്നും വിശ്വസിച്ചു പോന്നു. വൈശ്യവജ്രം വിജയം, ധനം, ആരോഗ്യം തുടങ്ങിയവ നല്‍കുമെന്നാണ് വിശ്വാസം. ശൂദ്ര വജ്രം ധരിച്ചാല്‍ രോഗങ്ങള്‍ ശമിക്കുകയും ഭാവിഭാസുരമാകുകയും ചെയ്യും.
ബ്രാഹ്മണര്‍ ചിപ്പിത്തോടുപോലുള്ള വെള്ള നിറമുള്ള വജ്രം വേണം ധരിക്കാന്‍. ക്ഷത്രിയര്‍ മുയലിന്റെ കണ്ണുപോലെ നിറമുള്ള വജ്രവും വൈശ്യര്‍ കദളിപ്പൂവിന്റെ നിറമുള്ള വജ്രവും ശൂദ്രര്‍ വാളിന്റെ നിറമുള്ള വജ്രവും ധരിക്കണമെന്ന് ബുദ്ധഭട്ടര് എന്ന പണ്ഡിതന് വിധിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വജ്രങ്ങളില്‍ പുരുഷനും സ്ത്രീയും നപുംസകവുമൊക്കെയുണ്ടെന്ന വിശ്വാസവും പ്രബലമാണ്. നാണു ആശാന് എഴുതിയ രസരാജ ചിന്താമണിയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. സമമായ ആകൃതി, വലിപ്പം, പുള്ളിക്കുത്തുകളില്ലാത്ത എന്നിവ പുരുഷ ലക്ഷണമാണ്. ആറുകോണുകളുള്ളതും രേഖകളും ബിന്ദുക്കളും ഉള്ളതുമായ വജ്രം സ്ത്രീഗണത്തില്‍ പെടുന്നു. നീണ്ട ത്രികോണാകൃതിയിലുള്ള വജ്രമാണ് നപുംസകം. ഇതെല്ലാം മിത്തുകളുടേയും വിശ്വാസങ്ങളുടെയും ഒക്കെ അടിസ്ഥാനത്തില്‍ പ്രബലമായ ധാരണകളാണ്.