TopTop
Begin typing your search above and press return to search.

ഒന്നു പകച്ചു,പിന്നെ വീണ്ടെടുപ്പ്;കല്യാണ വിശേഷങ്ങളുമായി രോഹിത്തും സിനിയും

ഒന്നു പകച്ചു,പിന്നെ വീണ്ടെടുപ്പ്;കല്യാണ വിശേഷങ്ങളുമായി രോഹിത്തും സിനിയും

മാറുന്ന കാലം, മാറുന്ന വിവാഹം ഭാഗം - 2

(കൊറോണക്കാലം നമ്മുടെ ജീവിത രീതികളെ ആകെ തന്നെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. മലയാളികളുടെ പരമ്പരാഗതമായതും അല്ലാത്തതുമായ കാര്യങ്ങളിലൊക്കെ ഇതു കാണാം- വിവാഹം, ചോറൂണ്, എന്നുവേണ്ട സകല ചടങ്ങുകളിലും. ആഘോഷങ്ങളുടെ പൊലിമ കുറയാതെ അവ വീടുകളിലേക്കും മറ്റും മാറി. വിവാഹരീതികളില്‍ വന്ന മാറ്റം വിവരിക്കുന്ന ഫീച്ചറിന്റെ രണ്ടാംലക്കത്തില്‍ അനുഭവം പങ്കുവെയ്ക്കുകയാണ് പാലക്കാട് സ്വദേശികളായ രോഹിത്ത്‌ -സിനി ദമ്പതികള്‍.) (കല്യാണ്‍ ഇ ഷോപ്പി ലിങ്ക് )

ജീവിതത്തിലെ ഏറ്റവും ആഹ്ലാദഭരിതമായ വേളകളിലൊന്നാണ് വിവാഹം.ഏത് കാലത്തും ഏത് സമൂഹത്തിലും അതങ്ങനെ തന്നെ. വര്‍ണ്ണപ്പകിട്ടുകള്‍ക്കു മധ്യെ, ആളും ആരവങ്ങളും ആഘോഷമേളങ്ങളുമായി നടന്നുവരുന്നതാണ് മലയാളികളുടെ വിവാഹങ്ങള്‍. വിവാഹപ്പകിട്ടുകളുടെ കാര്യത്തില്‍ മലയാളികള്‍ക്ക് ജാതിമതവിശ്വാസ ഭേദങ്ങളൊന്നുമില്ല.

എന്നാല്‍, അത്തരം പരമ്പരാഗത സങ്കല്പങ്ങളെ അപ്പാടെ മാറ്റിത്തീര്‍ക്കുന്നു കൊവിഡ് കാലം. യാത്രകള്‍ക്കും കൂടിച്ചേരലുകള്‍ക്കും ഒക്കെ ഏറെ നിയന്ത്രണങ്ങള്‍. അടച്ചിരിപ്പിന്റെ കാലത്തെ വിവാഹങ്ങളും സ്വകാര്യതകള്‍ പേറുന്ന ചെറുചടങ്ങുകളായി. ആദ്യമൊന്ന് അന്ധാളിച്ചു നിന്ന മലയാളി മെല്ലെ സമരസപ്പെട്ടു. പരിമിതികള്‍ക്കകത്തു നിന്ന് വിവാഹത്തിന്റെ വര്‍ണ്ണപ്പകിട്ടും പ്രൗഢിയേയും കണ്ടെത്തി തുടങ്ങിയിരിക്കുന്നു. അത്തരമൊരു അന്ധാളിപ്പിന്റേയും വീണ്ടെടുപ്പിന്റേയും നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് സംഗീത അധ്യാപികയായ സിനി ജി. നാഥും സോഫ്റ്റ് വെയര്‍ പ്രഫഷണലായ രോഹിത്ത്‌ ആര്‍ നായരും. വിവാഹത്തെ കുറിച്ച് ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു. സിനി പറഞ്ഞു തുടങ്ങി:


നിശ്ചയിച്ചുറപ്പിച്ചതായിരുന്നു വിവാഹം. ജനുവരിയില്‍ എന്‍ഗേജ്‌മെന്റും കഴിഞ്ഞു. ഏപ്രില്‍ 20 നു വിവാഹവും നിശ്ചയിച്ചു. ഒന്നൊന്നായി തയാറെടുപ്പുകളായി. വെഡ്ഡിംഗ് കാര്‍ഡൊക്കെ അടിച്ച് വിവാഹക്ഷണവും ആരംഭിച്ചു. ആയിരത്തി ഇരുന്നൂറു പേരെ ഞങ്ങളുടെ ഭാഗത്ത് നിന്നും വിളിയ്ക്കുന്നതിനായിരുന്നു തീരുമാനം.

ഒത്തിരി ബന്ധുക്കളുണ്ട്. നാട്ടിലുള്ളതിനേക്കാളേറെ വിദൂരസ്ഥലങ്ങളില്‍. എല്ലാവരും എത്തിച്ചേരണമെന്നാഗ്രഹിച്ചു. നേരത്തെ പ്ലാന്‍ ചെയ്തു വരുന്നതിനായിട്ടാണ് മുന്‍കൂട്ടി ക്ഷണം തുടങ്ങിയത്. അച്ഛനും അമ്മയും ഒന്നൊന്നായി ബന്ധുക്കളെ വിളിയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ ചങ്ങാതിമാരേയും ഒപ്പം ജോലി ചെയ്യുന്നവരേയും മറ്റും ക്ഷണിച്ചു തുടങ്ങി. ഇതിനൊപ്പം തന്നെ മറ്റ് തയാറെടുപ്പുകളും. ഓഡിറ്റോറിയവും ബുക്ക് ചെയ്തു. സദ്യവട്ടങ്ങള്‍ക്കുള്ള ക്രമീകരണങ്ങളുമായി.

പൊടുന്നനവെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കൊറോണ വാര്‍ത്തകള്‍ വന്നു തുടങ്ങി. ചെറുതായി വന്ന വാര്‍ത്തകള്‍ വലുതായി. ചൈനയിലെ സംഭവ ഗതികള്‍ വായിച്ചു തുടങ്ങുമ്പോള്‍ ഇവിടേയ്‌ക്കെത്തി ഇത്രവലിയ മഹാവ്യാധിയായി തീരുമെന്നൊന്നും കരുതിയില്ല. പക്ഷെ അങ്ങനെയാണ് പരിണമിച്ചത്. കാര്യങ്ങള്‍ മാറിമറിഞ്ഞു.


വിവാഹം മാറ്റിവെയ്ക്കാന്‍ എല്ലാവരും കൂടി തീരുമാനിച്ചു. മറ്റ് വഴികളൊന്നുമില്ലായിരുന്നു. അച്ഛനും അമ്മയും ക്ഷണിച്ചവരെയൊക്കെ വിളിച്ച് മാറ്റിവെച്ച കാര്യം അറിയിച്ചു. ഏറെ വിഷമകരമായിരുന്നു ആ അനുഭവം. സങ്കടമുണ്ടോയെന്ന് ചോദിച്ചാല്‍ ഏറെ സങ്കടമുണ്ട്. വലിയൊരു നഷ്ടബോധം. ആര്‍ക്കാണെങ്കിലും അതുണ്ടാകുമല്ലോ?

സിനി നിര്‍ത്തിയേടത്ത് നിന്നും രോഹിത്ത്‌ തുടങ്ങി. അദ്ദേഹം പറയുന്നു:

ലോക്ഡൗണ്‍ വലിയ സങ്കടമാണ് വരുത്തിവെച്ചത്. പക്ഷെ അത് ഉള്‍ക്കൊണ്ടേ തീരു. വീട്ടുകാരെപ്പോലെ ഞങ്ങളും അത് മനസ്സിലാക്കി. പക്ഷെ പരമ്പരാഗത പ്രൗഢിയോടെ, ആചാരനിഷ്ഠയോടെ, പ്രീയബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങി നടക്കുന്ന വിവാഹം. ഏറെ മനസ്സില്‍ കൊണ്ടുനടന്നതാണിത്. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടേ തീരു. നേരത്തെ തീരുമാനിച്ചതുപോലെ വിവാഹം നടത്താനുള്ള സാമൂഹ്യസാഹചര്യങ്ങള്‍ ഉണ്ടാകാന്‍ കാലമേറെ എടുക്കുമെന്നും തിരിച്ചറിഞ്ഞു.

അങ്ങനെയാണ് ഇരുവീട്ടുകാരും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടത്താന്‍ നിശ്ചയിച്ചത്. ജൂണ്‍ ഏഴിനായിരുന്നു പുതുക്കിയ തീയതി. നല്ല ദിവസവും മുഹൂര്‍ത്തവും നോക്കി വിധിയാം വണ്ണം തന്നെയായിരുന്നു വിവാഹം. പാലക്കാട്ടെ വിക്ടോറിയ കോളജിനു മുന്നിലുള്ള ഇടിഎസ് റെസിഡന്‍സി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. അമ്പതില്‍ താഴെ ആളുകള്‍. എങ്കിലും പ്രൗഢിയ്‌ക്കൊട്ടും കുറവ് വരുത്തിയില്ല. ആര്‍ഭാടങ്ങള്‍ കുറഞ്ഞുവെന്നതല്ല, പ്രീയപ്പെട്ടവരുടെ സമാഗമവേദിയാകുമെന്ന് കരുതിയ വിവാഹത്തിലേക്ക് ഏറ്റവും അടുത്തയാളുകള്‍ക്കുപോലും എത്താനാവാതെ പോയതായിരുന്നു വലിയ വേവലാതി.

അതെ. അതായിരുന്നു വലിയ ദുഖം. സിനി കൂട്ടിച്ചേര്‍ത്തു. എന്തിന് ഡല്‍ഹിയിലായിരുന്ന ചേച്ചിയ്ക്കുപോലും എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എത്ര സങ്കടകരമാണ് ആ അവസ്ഥയെന്ന് ഓര്‍ത്തുനോക്കു. സിനിയുടെ ശബ്ദത്തില്‍ മാസമൊന്നു കഴിഞ്ഞിട്ടും വിഷമം വിട്ടുമാറുന്നില്ല.

വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ നേരത്തെ തന്നെ എടുത്തതുകൊണ്ട് അതിനായൊന്നും ഓടേണ്ടിവന്നില്ല. ഓഡിറ്റോറിയവും ഫോട്ടോഗ്രാഫറേയും നേരത്തെ നിശ്ചയിച്ചിരുന്നു. മറ്റൊരുക്കങ്ങളൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റി. ഒരു ബന്ധു തന്നെയായിരുന്നു ബ്യൂട്ടീഷ്യന്‍. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അവര്‍ ഓഡിറ്റോറിയത്തിലേക്ക് എത്തിയല്ല, സിനി അവരുടെ അടുത്തുപോയായിരുന്നു എല്ലാം ചെയ്തത്. (കല്യാണ്‍ ഇ ഷോപ്പി ലിങ്ക് )രോഹിത്താകട്ടെ സ്വയം ഒരുങ്ങി. ചടങ്ങുകളൊക്കെ ലളിതമാക്കി എണ്ണം പറഞ്ഞ ആളുകള്‍ക്കു മധ്യെ രോഹിത്തും സിനിയും വിവാഹിതരായി. എല്ലാ അര്‍ത്ഥത്തിലും വിവാഹം അവര്‍ക്കു പുതിയ അനുഭവമായി. സവിശേഷമായ സ്വര്‍ഗീയ വിരുന്ന്.


പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ എം.ബി ഗോപിനാഥന്റേയും കെ. പുഷ്പജയുടേയും മകളാണ് സിനി. നെന്മാറ മേലാര്‍കോട് സ്വദേശികളായ പി. രവീന്ദ്രന്റേയും ബിന്ദു രവീന്ദ്രന്റേയും മകനാണ് രോഹിത്ത്‌. കോയമ്പത്തൂരില്‍ സ്ഥിരതാമസം. ബാങ്കളൂരിലെ ഓര്‍ക്കിഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളീലെ സംഗീതാധ്യാപികയായ സിനിയും ടെക്‌നോപാര്‍ക്കിലെ ഇന്നോവല്‍ ഡിജിറ്റല്‍ സൊല്യൂഷനിലെ സീനിയര്‍ ബിസിനസ് അനലിസ്റ്റായ രോഹിത്തും വര്‍ക്ക് ഫ്രം ഹോം ചെയ്യുകയാണ് കോയമ്പത്തൂരില്‍ ഇരുന്ന്.

സാധാരണ വിവാഹം കഴിഞ്ഞുള്ളതുപോലെ യാത്രകളൊന്നും സാധ്യമായിട്ടില്ല. വീടിനടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോലും ഒരുമിച്ച് പോയിട്ടില്ലെന്നതാണ് വാസ്തവം. രോഹിത്തും സിനിയും പറയുന്നു. മാറിയ കാലത്തെ ഉള്‍ക്കൊണ്ടല്ലേ പറ്റു. വലിയ ഇടങ്ങള്‍ വിട്ട് വിവാഹം വീടുകളിലേക്കും ചെറുഇടങ്ങളിലേക്കും എത്തി. അതിനെ എത്തരത്തില്‍ ചേതോഹരങ്ങളാക്കി മാറ്റുന്നുവെത്തതാണ് പ്രധാനം. എന്ത് കണക്കുകൂട്ടുന്നുവെന്നതല്ല, സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതാണ് കാര്യം. മനുഷ്യരെ പ്രതിസന്ധികാലത്ത് മുന്നോട്ടുകൊണ്ടുപോകുന്നതും പൊരുത്തപ്പെടലുകള്‍ക്കുള്ള സന്നദ്ധത തന്നെ. എല്ലാം ദൈവനിശ്ചയം. ഇരുവരും പറഞ്ഞുനിര്‍ത്തുന്നു.

(വീടുകളിലേക്കും ചെറുഇടങ്ങളിലേക്കും ആഘോഷങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ മുഹുറത്ത് അറ്റ് ഹോം എന്ന പുതു സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അതിനോട് അനുബന്ധമായി അഴിമുഖം കല്യാണ്‍ ജൂവലറിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന തുടര്‍ ഫീച്ചറില്‍ രണ്ടാമത്തേതാണിത്.)
Next Story

Related Stories