മാറുന്ന കാലം മാറുന്ന വിവാഹം (ഭാഗം - മൂന്ന്)
(ജീവിതത്തിലെ ഏറ്റവും അധികം പ്രഭയും പ്രൗഢിയും വൈകാരികതയും നിറയുന്ന ചടങ്ങാണ് വിവാഹം-ചേതോഹരമായ, ചിരസ്മരണ നല്കുന്ന, പവിത്രമായ ഒന്ന്. കൊറോണക്കാലമാകട്ടെ, നമ്മുടെ ജീവിത രീതികളെ അപ്പാടെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. ഇക്കാലത്തെ വിവാഹങ്ങളാവട്ടെ കൂടുതല്‍ വൈകാരികാംശം പേറുന്നവയായി മാറുന്നു. ബഹളങ്ങള്‍ ഒഴിഞ്ഞു. ഉറ്റവരായ കുറച്ചുപേര്‍. വീടുപോലെ ഏറ്റവും പ്രീയപ്പെട്ട ഒരിടം. കൂടുതല്‍ സമീപസ്ഥമായി അനുഭവിക്കാന്‍ കഴിയുന്ന, കൂടുതല്‍ ദൃശ്യതയുള്ള ചടങ്ങ്്. മാറിയ കാലത്തില്‍ വിവാഹങ്ങള്‍ കൂടുതല്‍ മിഴിവേറുന്നതെങ്ങനെയെന്ന് പരിശോധിക്കുകയാണ് മാറുന്ന കാലം മാറുന്ന വിവാഹം സീരീസിന്റെ ഈ ലക്കം. ) (കല്യാണ്‍ ഇ ഷോപ്പി ലിങ്ക് )
വീട്ടുമുറ്റത്തിട്ട പന്തല്‍. ചെറുതെങ്കിലും പ്രഭയേറുന്ന ചടങ്ങ്. പെണ്‍കുട്ടിയുടെ അച്ഛന്റെ ആഗ്രഹപ്രകാരം എല്ലാമൊരുക്കി. മരണം ഏത് സമയത്തും വന്നെത്താവുന്ന ദൂരത്ത്. തലേദിവസം വരെ കിടപ്പിലായിരുന്ന പിതാവ് വിവാഹനാളില്‍ പന്തലില്‍ വന്നിരുന്നു; ഒന്നും സംഭവിക്കാത്തതുപോലെ. ഗിത്താറിന്റെ അകമ്പടിയില്‍ ഏകനായ ഗായകന് പിതാവിന്റെ ഇഷ്ടഗാനം ആലപിച്ചു. ചടങ്ങുകള്‍ എല്ലാ വര്ണ്ണപ്പകിട്ടുകളോടേയും പ്രൗഢിയോടേയും നടന്നു. ഏതാനും ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പിതാവ് മരിച്ചു.
കോഴിക്കോട്ടെ പ്രമുഖ ഇവന്റ്സ് മാനേജ്മെന്റ് ഗ്രൂപ്പായ ഷുഗര്പ്ലം ഇവന്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ നസ്രീന് ഹഖിന് ഈ അടച്ചിരിപ്പ് കാലത്ത് നടത്തിയ വിവാഹങ്ങളില്‍ ഏറ്റവും വൈകാരികാംശം നിറഞ്ഞ അനുഭവം വിവരിക്കുമ്പോള്‍ നൂറുനാവ്. 'അച്ഛന് മരിച്ചു. അച്ഛന്റെ ഇച്ഛയ്ക്കൊത്ത വിവാഹം നടത്തിതന്നതിന് നന്ദി.' നവവധുവിന്റെ സന്ദേശം നസ്രീന് ഹഖിന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. തന്റെ പ്രഫഷന് ഇതുവരെ നല്‍കാത്ത സംതൃപ്തി.
ജൂലൈ മാസത്തിലായിരുന്നു സംഭവം. വീട്ടുകാര്‍ അദ്ദേഹത്തിന്റെ മരണം പ്രതീക്ഷിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു വിവാഹം നിശ്ചയിച്ചത്. കഷ്ടി ആറു ദിവസങ്ങളാണ് തയാറെടുപ്പിനായി കിട്ടിയത്. അച്ഛന്റെ ആഗ്രഹത്തിനൊത്ത വണ്ണം ഒരു കുറവും വരുത്താതെ വിവാഹം നടത്തണമെന്ന് നസ്രീനോട് മകളും അമ്മയും പറഞ്ഞു. കോഴിക്കോടിന്റെ പ്രാന്തത്തിലുള്ള സാമാന്യം വലിയ തൊടിയായിരുന്നു അവരുടേത്. യുവതി പിതാവിന്റെ ഇഷ്ടങ്ങള്‍ വിവരിച്ചു. ആവുന്ന തരത്തില്‍ എല്ലാം ഒരുക്കി. 50 ആളുകള്‍ പങ്കെടുത്ത വിവാഹം. ഏകമകളുടെ വിവാഹം പ്രഭയൊന്നും കുറയാതെ നടത്തണമെന്ന ആഗ്രഹം സഫലമാക്കി പിതാവ് ലോകം വിട്ടു.
ഇത്തരം അപൂര്‍വാനുഭവങ്ങളാണ് കോവിഡ് അടച്ചിരിപ്പു കാലത്തെ വിവാഹങ്ങള്‍ നല്‍കുന്നതെന്ന് നസ്രീന് ഹഖ് പറഞ്ഞു. കഴിഞ്ഞ മാസം തന്നെ ആറോളം വിവാഹങ്ങള്‍ അവര്‍ നടത്തി. ക്ഷണപത്രിക അടിക്കല്‍ മുതല്‍ ആഭരണം എടുക്കലും വസ്ത്രം മേടിക്കലും ഭക്ഷണം ഒരുക്കലും വേദി തയാറാക്കലും അടക്കം എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ഇവന്റ് മാനേജര്‍മാര്‍ക്ക് കൊറോണക്കാലത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കല്‍ അടക്കമുള്ള ആരോഗ്യ പ്രോട്ടോക്കോള്‍ പാലനം, പങ്കെടുക്കുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കല്‍ തുടങ്ങി മാറിയ കാലത്ത് കൂടുതല്‍ ചുമതലകള്‍ ഏറെ.

പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ലേക്കും 20 ലേക്കും എത്തുമ്പോഴും വിവാഹത്തിന്റെ വര്‍ണ്ണവും ചാരുതയും കുറയുന്നില്ല. ബഹളങ്ങളും തിടുക്കങ്ങളുമില്ല. ചടങ്ങുകള്‍ കൂടുതല്‍ ഇഴയടുപ്പത്തോടെ, ചൈതന്യവത്തായി, പ്രശാന്തമായി നടക്കുന്നു. ആളെണ്ണം കുറയുമ്പോള്‍ വൈകാരിക അംശം കൂടുന്നുവെന്ന സവിശേഷത ഇക്കാലത്തെ വിവാഹങ്ങള്ക്കുണ്ടെന്ന് പ്രമുഖ വെഡ്ഡിംഗ് പ്ലാനര്‍മാര്‍ ഒരുപോലെ പറയുന്നു.
ആഭരണങ്ങളെന്ന കരുതല്‍; ശ്രദ്ധാപൂര്‍വം തെരഞ്ഞെടുപ്പ്
ആഭരണങ്ങളുടെ ഉപയോഗത്തില്‍ ഒരു കുറവും ഇക്കാലത്തെ വിവാഹങ്ങളില്‍ കാണുന്നില്ല. അതിനായി പണം ചെലവിടുന്നതിലും ഒരു ലോപവും ആരും കാണിക്കുന്നുമില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യം എന്ന നിലയില്‍ പരമാവധി മിഴിവോടെ വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ ആവുന്നതെല്ലാം ചെയ്യുന്നു. (കല്യാണ്‍ ഇ ഷോപ്പി ലിങ്ക് ) കൊറോണയുടെ പശ്ചാത്തലത്തില്‍ തിരക്കുകുറയ്ക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുന്നുവെന്ന് മാത്രം. നസ്രീന് ഹഖ് ചൂണ്ടിക്കാട്ടി.

ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സവിശേഷ ശ്രദ്ധയാണ് പുത്തന്‍ തലമുറയ്ക്കുള്ളതെന്നും അവര്‍ പറഞ്ഞു. മീനകാരി, പോള്‍ക്കി തുടങ്ങിയ മുന്തിയ ഇനം ഡിസൈനുകളോടാണ് കൂടുതല്‍ പ്രീയം. പാലക്ക മാല, കാശി മാല, മുല്ലമൊട്ട് മാല, ടെമ്പിള്‍ കളക്ഷന്‍സ് തുടങ്ങിയ പരമ്പരാഗത ആഭരണങ്ങളോട് ഇഷ്ടം കാണിക്കുന്നവരും കുറവല്ല. നസ്രീന് ഹഖ് പറഞ്ഞു.
വേദിയ്ക്കും ഭക്ഷണത്തിനും അധികം പണം വേണ്ടാത്ത സാഹചര്യത്തില്‍ അതിനായി കരുതിയ പണം കൂടി ആഭരണങ്ങള്‍ക്കുവേണ്ടി ചെലവിടുന്ന രീതി കണ്ടുവരുന്നതായി കൊച്ചിയിലെ പ്രമുഖ ഇവന്റ്സ് മാനേജ്മെന്ര് ഗ്രൂപ്പായ എക്സിക്യുട്ടീവ് ഇവന്റ്സ് എംഡി രാജു കണ്ണമ്പുഴയും ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണത്തിനുള്ള അസറ്റ് വാല്യു മനസ്സിലാക്കി അതിനെ നിക്ഷേപമായി കണക്കിലെടുത്തു കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുന്നവരും ഇക്കാലത്ത് കുറവല്ല.


വസ്ത്രങ്ങള്‍ക്കും വേണ്ടിയും വീഡിയോയ്ക്കും ഫോട്ടോഗ്രാഫിയ്ക്കുമായും കൂടുതല്‍ പണം ചെലവിടുന്നു. ആളുകളെ കൂട്ടി നിര്‍ത്തി പടം എടുക്കാന്‍ ഒക്കെ ഏറെ പരിമിതികള്‍ ഉള്ളതുകൊണ്ടു വധുവരന്മാരെ മാത്രം കേന്ദ്രീകരിച്ച് കൂടുതല്‍ സര്‍ഗാത്മകമായ ഫോട്ടോ സെഷനുകളാണിപ്പോള്. ആളുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ റിട്ടേണ്‍ ഗിഫ്റ്റുകളായി കൂടുതല്‍ വിലപിടിപ്പുള്ളവ നല്‍കാനുള്ള താല്പര്യവും ഏറുന്നുണ്ട്. പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കു കാണുന്നതിനായി ലൈവ് സ്ട്രീമിംഗും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി.
അടുത്ത ആളുകള്‍ മാത്രം, ബഹളങ്ങളില്ലാതെ എല്ലാ പവിത്രതകളോടും കൂടെ നടക്കുന്നതാണ് കോവിഡ് അടച്ചിരിപ്പു കാലത്തെ വിവാഹങ്ങളുടെ ഏറ്റവും വലിയ സവിശേഷതയെന്നും രാജു കണ്ണമ്പുഴ പറയുന്നു. പഴയകാലത്തേതുപോലെ, എല്ലാവരും ചേര്‍ന്ന് ഒത്തൊരുമയോടെ നടത്തുന്ന ചെറുതും എന്നാല്‍ എന്നെന്നും ഓര്മ്മിക്കത്തക്കതും ആയി വിവാഹങ്ങള്‍ മാറുന്നു. വീടുകളോ ട്രെഡീഷണല്‍ വില്ലകളോ കണക്കെയുള്ള തുറന്ന ഇടങ്ങളിലായി വിവാഹം. ആയിരങ്ങള്‍ പങ്കെടുത്തിരുന്നത് 20 പേരിലേക്ക് ചുരുങ്ങുമ്പോള്‍ ചെലവും ആനുപാതികമായി കുറയുന്നു. ഇവന്റ് മാനേജ് ചെയ്യാന്‍ പഴയപോലെ വലിയ സംഘമൊന്നുമില്ല. വിവാഹത്തിന് എത്താന്‍ കഴിയാത്ത ആള്‍ക്കാര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന രീതിയും കാണുന്നുണ്ട്.

വീടിനകം പോലും വിവാഹവേദിയാക്കി മാറ്റി വര്‍ണ്ണപ്പകിട്ടോടെ നടത്തിയ വിവാഹ ചടങ്ങുകള്‍ ക്യുറേറ്റ് ചെയ്ത് കാര്യം നസ്രീന് ഹഖ് എടുത്തു പറഞ്ഞു. 20 പേര് മാത്രം പങ്കെടുത്ത വിവാഹം ആയിരുന്നു അത്. പെണ്‍കുട്ടിയുടെ വീട്ടിലെ 150-200 സ്ക്വയര്‍ ഫീറ്റുള്ള ഒരു മുറിയാണ് വിവാഹവേദിയാക്കി മാറ്റിയത്. വളരെ മനോഹരമായി അത് ചെയ്യാന്‍ സാധിച്ചു. അടച്ചിരുപ്പ് കാലത്ത് വളരെ പെട്ടന്നാണ് വിവാഹം ആസൂത്രണം ചെയ്യേണ്ടിവരുക. നേരത്തെ മാസങ്ങളെടുത്ത് പ്ലാനിംഗ് നടത്തിവന്നിരുന്നത് ഇപ്പോഴത് ഏറിയാല്‍ പത്തു ദിവസം, അല്ലെങ്കില്‍ ഒരാഴ്ച. രണ്ടു ദിവസത്തെ മാത്രം തയാറെടുപ്പുകളോടെ വിവാഹം നടത്തിയ കാര്യവും നസ്രീന് ഹഖ് ചൂണ്ടിക്കാട്ടി.
നല്ല വേദി കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് ആളുകളെ പഞ്ച നക്ഷത്ര സൗകര്യമുള്ള ഇടങ്ങളിലേക്ക് ആകര്‍ഷിക്കുന്നതായി രാജു കണ്ണമ്പുഴ പറഞ്ഞു. പല ഹാളുകളില്‍ തന്നെ ആളുകളെ പകുത്ത് ക്രമീകരിക്കുന്ന രീതിയും കാണാം. പോലീസ് അടക്കമുള്ള അധികൃതരുടെ കര്‍ശനമായ പരിശോധനകള്‍ വിവാഹം നടക്കുന്ന ഇടങ്ങളിലൊക്കെയുണ്ട്. പണ്ട് കല്യാണ കാര്‍ഡുകള്‍ മുതല്‍, ഭക്ഷണം, വേദി, വസ്ത്രം, ആഭരണം..തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവന്റ് മാനേജര്‍മാരുടെ സഹായം തേടുന്നരീതി ഉണ്ടായിരുന്നു. അടച്ചിരുപ്പ് കാലത്ത് അത് പരിമിതപ്പെട്ടു. സംഗീത പരിപാടികള്‍ ഒക്കെ വല്ലാതെ ചുരുങ്ങി. പാട്ടുകാര്‍ എത്തുമ്പോള്‍ വീട്ടുകാര്‍ അത്രയും കുറയും.

ചടങ്ങുകള്‍ പലതാക്കി, ആഭ്യന്തര ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും സാധ്യമാകും
പലദിവസങ്ങളിലായി ചടങ്ങുകള്‍ സ്പ്ള്ളിറ്റ് ചെയ്ത്, പരമാവധി ആളുകളെ ഉള്‍ക്കൊള്ളിച്ച് വിവാഹം നടത്തുന്ന രീതി വ്യാപകമായിരിക്കുന്നതായി കൊച്ചിയിലെ വെഡ്ഡിംഗ് ഫാക്ടറിയുടെ പാര്‍ട്ണറായ ബോബി ഇലഞ്ഞിക്കല്‍ പറയുന്നു. രണ്ടും മൂന്നും ദിവസങ്ങളിലേക്കു പല ഘട്ടങ്ങളായി നീളുന്ന വിവാഹങ്ങള്‍ കുടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനു വേണ്ടിയാണ്. അതിരപ്പള്ളിയില്‍ രണ്ടു ദിവസം താമസിച്ച് സ്പെന്റ് ചെയ്യുന്ന രീതിയില്‍ വിവാഹ നിശ്ചയം ക്യുറേറ്റ് ചെയ്ത കാര്യവും ബോബി ഇലഞ്ഞിക്കല്‍ എടുത്തുപറഞ്ഞു. കേരളത്തിനകത്ത് തന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് വരും നാളുകളില്‍ കൂടുതലായി നടക്കും. ഓണ്‍സൈറ്റ്, ഓഫ് സൈറ്റ് വെഡ്ഡിംഗ് കണ്‍സപ്റ്റുകളും കൂടുതലായി രൂപപ്പെട്ടേക്കാം.
ആഭ്യന്തര ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് വ്യാപകമാകാന്‍ ഇടയുണ്ടെന്ന് കൊച്ചിയിലെ റെയന്മേക്കര് വെഡ്ഡിംഗ് കമ്പനി സിഇഒ ജോയല്‍ ജോണും ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ ഏറ്റവും അടുത്തു ബന്ധുക്കളും മറ്റും ആയതിനാല്‍ ഇവര്‍ ഏതാനും ദിവസങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒത്തു കൂടുന്നത് എല്ലാത്തരത്തിലും ഉന്മേഷകരമായിരിക്കും. പ്രവാസി മലയാളികളാണ് നേരത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്താന്‍ താല്പര്യം കാണിച്ചിരുന്നത്. ഇത് കൂടുതല്‍ വ്യാപകമായേക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രങ്ങള്‍ക്ക് കടപ്പാട് : കല്യാണ്‍ ജൂവല്ലറി, ഷുഗര്പ്ലം ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്
(വീടുകളിലേക്കും ചെറുഇടങ്ങളിലേക്കും ആഘോഷങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ മുഹുറത്ത് അറ്റ് ഹോം എന്ന പുതു സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അതിനോട് അനുബന്ധമായി അഴിമുഖം കല്യാണ്‍ ജൂവലറിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന തുടര്‍ ഫീച്ചറില്‍ മൂന്നാമത്തേതാണിത്. )