TopTop
Begin typing your search above and press return to search.

പോലീസ് കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചു കൊന്നു; അമേരിക്കയിലെങ്ങും പ്രതിഷേധം

പോലീസ് കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചു കൊന്നു; അമേരിക്കയിലെങ്ങും പ്രതിഷേധം

ടി. റീസ് ഷാപിറോ, എമ്മാ ബ്രൌണ്‍, വില്ല്യം വാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

സെന്‍റ് പോള്‍, മിനസോട്ട: ആ വീഡിയോ തുടങ്ങുമ്പോള്‍ തന്നെ കാണാം, ഡ്രൈവറുടെ ഷര്‍ട്ട് ചോരയില്‍ കുതിര്‍ന്നു കഴിഞ്ഞിരിക്കുന്നു. അയാളെ വെടി വച്ച പോലീസ് ഓഫീസര്‍ മരിച്ചു കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍റെ നേരെ തോക്കു ചൂണ്ടി ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്.

പാസഞ്ചര്‍ സീറ്റിലിരുന്ന് ഈ ദാരുണ സംഭവം കാണുകയായിരുന്ന അയാളുടെ ഗേള്‍ ഫ്രണ്ട് സംഭവം ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ആയി അപ്-ലോഡ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു അത്. ഒരു ഘട്ടത്തില്‍ അവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് കേള്‍ക്കാമായിരുന്നു.

അവരുടെ അപേക്ഷ കേട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകള്‍ തെരുവിലേയ്ക്ക് ഇരച്ചെത്തി. രോഷാകുലരായ അവര്‍ ഗവര്‍ണരുടെ ബംഗ്ലാവിനു മുന്നിലും രാജ്യത്തുടനീളവും പ്രതിഷേധങ്ങള്‍ നടത്തി. എഫ്‌ബി‌ഐ ഡയറക്ടറുമായുള്ള ഒരു കോണ്‍ഗ്രെഷണല്‍ (ഹൌസ് ഓഫ് റപ്രസന്‍റീവുകളും സെനറ്റും ചേര്‍ന്ന ഗവണ്‍മെന്‍റിന്റെ ലെജിസ്ലേറ്റീവ് ബോഡി) വിചാരണയിലും ഇതെത്തി. പോളണ്ടിലെ ഒരു പ്രസംഗ വേദിയില്‍ നിന്ന് ഇതിനോട് രൂക്ഷമായി പ്രതികരിച്ച പ്രസിഡന്‍റ് ഒബാമ പോലീസ് സേനയിലെ പരിഷ്കരണ നടപടികള്‍ എത്രയുംവേഗം നടപ്പിലാക്കണമെന്ന് പ്രസ്താവിച്ചു.

ഡള്ളാസില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതായും പോലീസുകാര്‍ക്കു നേരെ രണ്ട് പ്രതിഷേധക്കാര്‍ വെടി വച്ചതിനെ തുടര്‍ന്നു 11 പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റതായും അവരില്‍ നാലു പേര്‍ മരിച്ചതായും നഗരത്തിന്‍റെ പോലീസ് ചീഫ് അറിയിച്ചു.

"ഇത് കറുത്ത വര്‍ഗ്ഗക്കാരുടെയോ ഹിസ്പാനിക്കുകളുടെയോ മാത്രം പ്രശ്നമല്ല. ഇതു അമേരിക്കയുടെ പ്രശ്നമാണ്," ഒബാമ പറഞ്ഞു. ഈ നിര്‍ഭാഗ്യകരമായ സംഭവം "നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന വംശീയ വിദ്വേഷത്തിന്‍റെ ലക്ഷണമാണ്."

സമാനമായി നടന്നിട്ടുള്ള അനേകം പോലീസ് ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണിത്. ബാറ്റണ്‍ റൂഷില്‍ ഒരു കറുത്ത വംശജന്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിട്ട് 48 മണിക്കൂറുകള്‍ ആയതേ ഉണ്ടായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തില്‍ മിനസോട്ട അധികാരികള്‍ ഞെട്ടലും സഹാനുഭൂതിയും പ്രകടിപ്പിച്ചു; നീതി ലഭിക്കുമെന്ന ഉറപ്പും അവര്‍ നല്‍കി.

"വണ്ടിയുടെ ടെയില്‍ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല എന്നു പറഞ്ഞു മിനസോട്ടയില്‍ ആര്‍ക്കും ആരെയും വെടി വച്ചു കൊല്ലാനാകില്ല. ഒരു വെളുത്ത വര്‍ഗ്ഗക്കാരനു നേരേ ഇതുണ്ടാകുമായിരുന്നോ? എനിക്കു തോന്നുന്നില്ല," ഗവര്‍ണര്‍ മാര്‍ക്ക് ഡെയ്റ്റര്‍ (D) പറയുന്നു.

നേരത്തെ ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കൊല്ലപ്പെട്ട ഡ്രൈവര്‍ ഫിലാന്‍ഡോ കാസ്റ്റീയലിന്‍റെ (32) ബന്ധുക്കളെ ആശ്വസിപ്പിച്ചു കൊണ്ട് ഡെയ്റ്റര്‍ പറഞ്ഞു, "നിങ്ങളുടെ കുടുംബത്തിനു മേല്‍ ഏല്‍പ്പിച്ച ഈ വലിയ ദുരന്തത്തില്‍ എനിക്ക് എത്രമാത്രം ദുഖമുണ്ടെന്ന് പറയാന്‍ സാധിക്കുന്നില്ല." കാസ്റ്റീയല്‍ ബുധനാഴ്ച രാത്രി ഒരു മിനിയപ്പോളിസ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്."നിങ്ങള്‍ക്ക് ദുഃഖമുണ്ടെന്ന് പറയരുത്! ഞങ്ങള്‍ക്ക് നീതിയാണാവശ്യം," കാസ്റ്റീലിന്‍റെ ഗേള്‍ ഫ്രണ്ടായ ഡയമണ്ട് റെയ്നോള്‍ഡ്സ് ഉറക്കെ വിളിച്ചു പറഞ്ഞു. ചുറ്റും കൂടി നിന്നിരുന്ന ആള്‍ക്കൂട്ടം അത് ഏറ്റു പറഞ്ഞു.

അവിടത്തെയും രാജ്യം മുഴുവനും ഉള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന അസ്വസ്ഥതകളൊക്കെ നാഷണല്‍ ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ആ ചുരുങ്ങിയ സംഭാഷണത്തിലടങ്ങിയിരുന്നു. വൈറ്റ് ഹൌസിനു മുന്നിലും ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിലും പോലീസ് ക്രൂരതകള്‍ക്കെതിരെ പ്രതിഷേധവുമായി ആളുകള്‍ തടിച്ചുകൂടി. പലരെയും പോലീസ് അറസ്റ്റ് ചെയ്തു. ചിക്കാഗോ, ഫിലാഡെല്‍ഫിയ, അറ്റ്ലാന്‍റ, ലോസ് ഏഞ്ചലസ് എന്നിവിടങ്ങളിലൊക്കെ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.

ഈ ആഴ്ചയില്‍ നടന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ സംഘടിച്ചതിനിടെ രാത്രി 8.45ഓടു കൂടി ഡള്ളാസില്‍ വെടിവയ്പ്പ് ആരംഭിച്ചു. ഉയരമുള്ള സ്ഥലങ്ങളില്‍ ഒളിച്ചിരുന്നു രണ്ടുപേര്‍ 11 പോലീസ് ഓഫീസര്‍മാര്‍ക്ക് നേരേ വെടി വച്ചതായി പോലീസ് ചീഫ് ഡേവിഡ് ഒ. ബ്രൌണ്‍ പറഞ്ഞു.

ഇതില്‍ നാലുപേര്‍ മരിച്ചതായും ഏഴു പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

അസോഷിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട് പ്രകാരം സിറ്റി ഹോളിന് അര മൈല്‍ ദൂരെ തെരുവിലൂടെ പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്തു നീങ്ങുന്നതും അതിനിടെ വെടിവയ്പ്പ് ആരംഭിച്ചപ്പോള്‍ ആളുകള്‍ രക്ഷപ്പെടാന്‍ ചിതറിയോടുന്നതും ലോക്കല്‍ ടി‌വി സ്റ്റേഷനുകള്‍ കാണിച്ചു. ഇത്തരം കൃത്യങ്ങള്‍ ചെയ്ത പൊലീസുകാരെ ശിക്ഷിച്ച സംഭവങ്ങള്‍ വിരളമാണെന്നും പല കേസുകളിലും കുറ്റക്കാരായ പോലീസ് ഓഫീസര്‍മാരുടെ വിവരങ്ങള്‍ പുറത്തു വരാറില്ലെന്നും പൌരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കഴിഞ്ഞ സംഭവത്തില്‍, പിറന്നാള്‍ പ്രമാണിച്ച് കാസ്റ്റീലിന്‍റെ മുടി വെട്ടാനായി വീട്ടില്‍ നിന്ന് പോകുകയായിരുന്നു തങ്ങള്‍ എന്ന് റെയ്നോള്‍ഡ്സ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. അപ്പോളാണ് ഫാല്‍ക്കണ്‍ ഹൈറ്റ്സിലെ സെന്‍റ് പോള്‍ സബര്‍ബില്‍ വച്ച് വണ്ടിയുടെ ടെയ്ല്‍ ലൈറ്റ് ശരിയല്ലെന്നു പറഞ്ഞ് പോലീസ് തടഞ്ഞു നിര്‍ത്തിയത്. സന്ധ്യസമയമായിരുന്നു അപ്പോള്‍. റെയ്നോള്‍ഡ്സിന്‍റെ നാലു വയസ്സുള്ള മകള്‍ പുറകിലെ സീറ്റില്‍ ഉണ്ടായിരുന്നു.

റെയ്നോള്‍ഡ്സ് ലൈവ് ആയി സ്ട്രീം ചെയ്ത വീഡിയോയില്‍ പറയുന്നത് തന്‍റെ കയ്യില്‍ നിയമപരമായി സൂക്ഷിയ്ക്കുന്ന, ലൈസന്‍സോടു കൂടിയ ഒരു തോക്ക് ഉണ്ടെന്ന് അവരുടെ ബോയ് ഫ്രണ്ട് പോലീസിനോട് പറഞ്ഞുവെന്നും ഗണ്‍ പെര്‍മിറ്റും ഡ്രൈവേഴ്സ് ലൈസന്‍സും പേഴ്സില്‍ നിന്ന് എടുക്കുന്നതിനിടെ പോലീസ് ഓഫീസര്‍ വെടി വച്ചെന്നുമാണ്. കാസ്റ്റീലിന്‍റെ വെള്ള ഷര്‍ട്ടിന്‍റെ മുന്‍ഭാഗം മുഴുവന്‍ ചോരയായിരുന്നു; അയാളുടെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു. വെടിയുതിര്‍ത്ത സെന്‍റ് ആന്‍റണി മിനസോട്ട പോലീസ് ഓഫീസര്‍ ഉച്ചത്തില്‍ പറയുന്നത് കേള്‍ക്കാം, "അത് എടുക്കരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞതാണ്! കൈകള്‍ ഉയര്‍ത്താന്‍ ഞാന്‍ പറഞ്ഞതാണ്."

അതിനു മറുപടിയായി, "താങ്കള്‍ അദ്ദേഹത്തോട് ഐ‌ഡിയാണ് ആവശ്യപ്പെട്ടത്, സര്‍. ഡ്രൈവിങ് ലൈസന്‍സ്," എന്ന് റെയ്നോള്‍ഡ്സ് പോലീസുകാരനോട് പറയുന്നുണ്ട്. വിഷമവും സംഭ്രമവും കൊണ്ട് ഉറക്കെ കരയുന്നുണ്ട് റെയ്നോള്‍ഡ്സ് ആ വീഡിയോയില്‍. പുറകിലത്തെ സീറ്റില്‍ നിന്ന് കുഞ്ഞ് തന്‍റെ ചെറിയ ശബ്ദത്തില്‍ സമാധാനിപ്പിക്കുന്നതു കേള്‍ക്കാം, "സാരമില്ല അമ്മേ. വിഷമിക്കണ്ട. ഞാന്‍ ഇവിടെത്തന്നെ ഉണ്ടല്ലോ അമ്മയുടെ കൂടെ."

"എന്‍റെ ബോയ്ഫ്രണ്ട് എന്നെ വിട്ടു പോയി എന്നു മാത്രം പറയല്ലേ," എന്ന് റെയ്നോള്‍ഡ്സ് കേണപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹം ഇതര്‍ഹിക്കുന്നില്ല. സെന്‍റ് പോള്‍ പബ്ലിക് സ്കൂളിനു വേണ്ടി ജോലി ചെയ്യുന്ന ആളാണ് അദ്ദേഹം. ഒരിക്കല്‍ പോലും ജയിലില്‍ പോയിട്ടില്ല, ഒരു ഗാങ്ങിലുമില്ല, ഒന്നും ചെയ്തിട്ടില്ല."

വ്യാഴാഴ്ച റെയ്നോള്‍ഡ്സ് പറഞ്ഞത് പോലീസ് ഓഫീസര്‍ അഞ്ചു തവണ വെടിയുതിര്‍ത്തു എന്നാണ്. 15 മിനിറ്റുകള്‍ കഴിഞ്ഞാണ് പാരാമെഡിക് സംഘം എത്തിയത്; അധികാരികള്‍ കാസ്റ്റീലിന്‍റെ പള്‍സ് പോലും നോക്കിയില്ല."കാറില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിരുന്ന അദ്ദേഹത്തെ അവര്‍ കൊന്നു. ഞങ്ങളെ തടഞ്ഞു നിര്‍ത്തിയപ്പോള്‍ മുതല്‍ വെടിവയ്ക്കുന്നത് വരെ ആ പോലീസ് ഓഫീസര്‍ അസ്വസ്ഥനായിരുന്നു."

തന്‍റെ പത്രസമ്മേളനത്തില്‍ വൈദ്യസഹായം ലഭിക്കാതെ പോയത് ഡെയ്റ്റര്‍ പരാമര്‍ശിച്ചു. "പോലീസ് ഓഫീസറെയാണ് എല്ലാവരും ശ്രദ്ധിച്ചത്. കാസ്റ്റീലിന്‍റെ അവസ്ഥ ആരും ശ്രദ്ധിച്ചില്ല.... ഈ പരുക്കന്‍ പെരുമാറ്റം എന്തുകൊണ്ടും ഞെട്ടിക്കുന്നതാണ്."

കുടുംബവീട്ടില്‍ ഒരു അഭിമുഖത്തില്‍ കാസ്റ്റീലിന്‍റെ സഹോദരി അലീസ കാസ്റ്റീല്‍ തങ്ങളുടെ മുന്‍വാതിലിന് സമീപം സൂക്ഷിയ്ക്കുന്ന, തിരകള്‍ നിറച്ച കറുത്ത 9എം‌എം ഹാന്‍ഡ് ഗണ്‍ ഒരു റിപ്പോര്‍ട്ടറെ കാണിച്ചു.

"എനിക്കു പോലീസിനെ ഭയമാണ്. മൃഗങ്ങളെ പോലെ ഞങ്ങളെ കൊന്നു തള്ളുകയാണവര്‍," അലീസ കാസ്റ്റീല്‍ പറഞ്ഞു.

ഈ സംഭവത്തിന് ശേഷം താന്‍ ഉറങ്ങിയിട്ടില്ലെന്നു പറഞ്ഞ അവര്‍ സഹോദരനെ കുറിച്ചു പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു.

ബുധനാഴ്ച രാത്രി ഫേസ്ബുക്കില്‍ വീഡിയോ കണ്ട സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ താനും അലീസയും സംഭവ സ്ഥലത്തേയ്ക്ക് പാഞ്ഞു ചെന്നതായി ഇവരുടെ അമ്മ വലേറി പറഞ്ഞു. കുടുംബത്തിലെ ആരും ബോഡി കണ്ടില്ല എന്നാണവര്‍ പറയുന്നത്. ലോക്കല്‍, സ്റ്റേറ്റ്, ഫെഡറല്‍ ഗവണ്‍മെന്‍റുകളില്‍ നിന്നോ പോലീസില്‍ നിന്നോ ആരും തങ്ങളെ വിവരാമറിയിച്ചിട്ടില്ലെന്നും വലേറി പറയുന്നു.

"അവനെ കാറില്‍ ഇട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ഉത്തരവാദികള്‍ ആയവര്‍ സമാധാനം പറയണം," വലേറി പറഞ്ഞു.

തന്‍റെ മകന്‍ കറുത്തവനായതു കൊണ്ടും ഡ്രെഡ്ലോക്ക്സ് (മുടിയില്‍ ചെറിയ പിന്നലുകള്‍ ഇടുന്ന റസ്തഫാരിയന്‍ രീതി) ഉള്ളതു കൊണ്ടുമാണ് പോലീസ് പിടിച്ചതെന്ന് കരുതുന്നതായി അവര്‍ പറഞ്ഞു.പോലീസ് ഓഫീസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ എപ്പോഴും അനുസരിക്കണമെന്നാണ് താന്‍ മകനെ പഠിപ്പിച്ചിരുന്നത് എന്ന് അവര്‍ ഓര്‍മിക്കുന്നു. "ആഫ്രിക്കന്‍ അമേരിക്കന്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും പോലീസ് വെടിവയ്ക്കുന്ന ധാരാളം സംഭവങ്ങള്‍ എനിക്കറിയാമായിരുന്നു," വലേറി പറഞ്ഞു. ജോലി ചെയ്തിരുന്ന സ്കൂളിലെ കുട്ടികളോട് എന്നും ആത്മാര്‍ഥത കാണിച്ചിരുന്നു കാസ്റ്റീല്‍ എന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.

കാസ്റ്റീലിന്‍റേത് സംശുദ്ധമായ ജീവിതമായിരുന്നു എന്ന് അമ്മ പറയുന്നു, തന്‍റെ വീടിന്‍റെ സംരക്ഷണത്തിനായി "ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉള്ള അവകാശമാണ് അവന്‍ ഉപയോഗിച്ചത്."

ട്രാഫിക് പോയിന്‍റില്‍ വച്ച് കാസ്റ്റീലിനെ കൊലപ്പെടുത്തിയ പോലീസുകാരന്‍റെ പേര് ജെറോനിമോ യാനെസ് എന്നാണെന്ന് മിനസോട്ട സംസ്ഥാന അധികാരികള്‍ വ്യാഴാഴ്ച രാത്രി വെളിപ്പെടുത്തി. സംഭവം അന്വേഷിക്കുന്ന സംസ്ഥാന ഏജന്‍സി പറഞ്ഞത് സെന്‍റ് ആന്‍റണി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നാലു വര്‍ഷമായി ജോലി ചെയ്യുന്ന യാനേസും ഓഫീസര്‍ ജോസഫ് കൌസറും അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ ആണെന്നാണ്. പൊതുജന സംരക്ഷണത്തിന്‍റെ ചുമതലയുള്ള മിനസോട്ട ഡിപ്പാര്‍ട്മെന്‍റ് സംഭവത്തിന്‍റെ പല വീഡിയോകള്‍ ശേഖരിച്ചതായി പറഞ്ഞു, രണ്ടു പോലീസ് ഓഫീസര്‍മാരുടെയും ദേഹത്തുള്ള കാമറകളിലെയൊഴികെ.

പ്രധാനമായും വെളുത്ത വര്‍ഗ്ഗക്കാര്‍ ജീവിക്കുന്ന മിഡില്‍ ക്ലാസ്സ് ചെറുപട്ടണമായ ഫാല്‍ക്കണ്‍ ഹൈറ്റ്സിന്‍റെ സെന്‍റ് ആന്‍റണി പോലീസ് ഡിപ്പാര്‍ട്മെന്‍റിലെ ആക്ടിങ് ചീഫ് വ്യാഴാഴ്ച രാവിലെ പത്രക്കാരോട് പറഞ്ഞത് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇങ്ങനെ ഒരു സംഭവം ഡിപ്പാര്‍ട്ട്മെന്‍റില്‍ നടന്നിട്ടില്ല എന്നാണ്.

ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഫലമുണ്ടാകുമെന്ന് ഒട്ടുംതന്നെ വിശ്വാസമില്ലെന്ന് പ്രതിഷേധക്കാര്‍ വ്യാഴാഴ്ച പറഞ്ഞു. നവംബറില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ മിനിയപ്പോളിസ് പോലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട കറുത്ത വംശജനായ ജമാര്‍ ക്ലാര്‍ക്കിന്‍റെ (24) മരണത്തെ കുറിച്ചു നടക്കുന്ന സംസ്ഥാന, ഫെഡറല്‍ അന്വേഷണങ്ങളുടെ പോക്കില്‍ നിന്നാണ് ഇവരുടെ നിരാശയുടെ തുടക്കം.

കാസ്റ്റീലിന്‍റെ കേസ് അന്വേഷിക്കുന്ന ബ്യൂറോ ഓഫ് ക്രിമിനല്‍ അപ്രിഹെന്‍ഷന്‍ തന്നെയാണ് ക്ലാര്‍ക്കിന്‍റെ കൊലപാതകവും അന്വേഷിച്ചത്. മാര്‍ച്ചില്‍ ലോക്കല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത് അതില്‍ ഉള്‍പ്പെട്ട പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ നടപടിയുണ്ടാവില്ലെന്നാണ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും കഴിഞ്ഞ മാസം ഇതേ തീരുമാനത്തിലെത്തി.

"നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ എനിക്കു വിശ്വാസമില്ല. അത് ലോക്കല്‍ തലത്തിലായാലും സംസ്ഥാന, ദേശീയ, ഫെഡറല്‍ തലങ്ങളില്‍ ആയാലും," NAACP യുടെ മിനിയപ്പോളിസ് ചാപ്റ്റര്‍ പ്രസിഡന്‍റായ നെകീമാ ലെവി- പൌണ്ട്സ് പറഞ്ഞു. "ഓഫീസര്‍മാരെ വേറെങ്ങനെ നേരിടാനാണ്?"സ്റ്റാര്‍ ട്രിബ്യൂണ്‍ നടത്തിയ റിവ്യൂ പ്രകാരം 2000ത്തിന് ശേഷം 148 പേരാണ് മിനസോട്ടയില്‍ പോലീസ് ഓഫീസര്‍മാരാല്‍ കൊല്ലപ്പെട്ടത്. സ്റ്റേറ്റ് അന്വേഷണം നടന്നിട്ടും ഇതില്‍ ഒരു ഓഫീസര്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റിവ്യൂ ചൂണ്ടിക്കാണിക്കുന്നു.

പിറന്നാളിന് ദിവസങ്ങള്‍ക്കു മുന്‍പാണ് തന്‍റെ മകന്‍ കൊല്ലപ്പെട്ടതെന്ന് കാസ്റ്റീലിന്‍റെ അമ്മ പറയുന്നു. സെന്‍റ് ലൂയിസിലാണ് കാസ്റ്റീല്‍ ജനിച്ചത്; കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്വിന്‍ സിറ്റീസിലേയ്ക്ക് മാറി, നഗരത്തില്‍ നിന്നകന്ന് ഒരു സബര്‍ബനില്‍ താമസമാക്കിയത്.

ഫില്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കാസ്റ്റീല്‍ 13ആം വയസ്സില്‍ ജോലിയെടുത്തു തുടങ്ങി. സമീപത്തെ കുട്ടികളുടെ സൈക്കിളുകള്‍ നന്നാക്കിയായിരുന്നു തുടക്കം. പിന്നെ കേടായ ലോണ്‍ മൂവറുകള്‍ നന്നാക്കാന്‍ തുടങ്ങി. സെന്‍റ് പോള്‍സ് സെന്‍ട്രല്‍ ഹൈസ്കൂളില്‍ നിന്ന് ജയിച്ച ശേഷം ഒരു ബ്ലോക്ക്ബസ്റ്റര്‍ വീഡിയോ സ്റ്റോറിലും ടാര്‍ജറ്റിലും ജോലി ചെയ്ത കാസ്റ്റീല്‍ 2002 മുതല്‍ സെന്‍റ് പോള്‍ പബ്ലിക് സ്കൂളിന്‍റെ ന്യൂട്രീഷന്‍ സര്‍വീസസില്‍ ജോലി ചെയ്തു തുടങ്ങി.

രണ്ടു വര്‍ഷം മുന്‍പ് അവരുടെ ഒരു പുതിയ സ്കൂളായ ജെ ജെ ഹില്‍ മോണ്ടിസോറി മാഗ്നറ്റിലെ സൂപ്പര്‍വൈസര്‍ പോസ്റ്റിലേയ്ക്ക് പ്രൊമോഷന്‍ കിട്ടി. അവിടത്തെ കഫറ്റീരിയയുടെ മേല്‍നോട്ടം കാസ്റ്റീലിനായിരുന്നു.

"സ്വന്തം കുട്ടികള്‍ ഇല്ലായിരുന്നെങ്കില്‍ കൂടെ അവനു കുട്ടികളെ വളരെ സ്നേഹമായിരുന്നു. പലപ്പോഴും കുട്ടികള്‍ക്ക് ഫ്രീയായി അല്പ്പം അധികം കൊടുക്കുമായിരുന്നു," കാസ്റ്റീലിന്‍റെ അമ്മ പറയുന്നു. ഉച്ച ഭക്ഷണ സമയത്ത് ആവശ്യക്കാരായ കുട്ടികളെ സഹായിക്കുമായിരുന്ന കാര്യവും അവര്‍ ഓര്‍ക്കുന്നു.

ജോലിയിലെ ആത്മാര്‍ത്ഥതയെ കുറിച്ചു പറയവേ, ഒരിക്കല്‍ സ്വന്തം കാര്‍ ഇടയ്ക്കു കേടായപ്പോള്‍ 50 ഡോളര്‍ കൊടുത്ത് ടാക്സിയില്‍ സമയത്ത് സ്കൂളിലെത്തിയ സംഭവം ആ അമ്മ പറഞ്ഞു. സ്ക്കൂളിലെ 400ലധികം വരുന്ന കുട്ടികളില്‍ ഓരോരുത്തരേയും പേരെടുത്ത് അറിയാമായിരുന്ന കാസ്റ്റീല്‍ എല്ലാവരും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന സൌമ്യ പ്രകൃതക്കാരനായിരുന്നുവെന്ന് ജെ ജെ ഹില്ലിലെ രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു.

സെന്‍റ് പോളിലെ സ്കൂളില്‍ ഒന്ന്, രണ്ട്, മൂന്ന് ഗ്രേഡുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അന്നാ ഗാര്‍നാസ് പറയുന്നത്, "ഞങ്ങള്‍ ആകെ തകര്‍ന്നു പോയിരിക്കുന്നു. കാസ്റ്റീലിന് കുട്ടികളെ അടുത്തറിയാമായിരുന്നു, കുട്ടികള്‍ അദ്ദേഹത്തെയും സ്നേഹിച്ചിരുന്നു."

(ഷാപിറോ സെന്‍റ് പോളില്‍ നിന്നും ബ്രൌണും വാനും വാഷിങ്ടണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്ലെ ലോവെറി, മൈക്കിള്‍ ഇ മില്ലര്‍, മാര്‍ക് ബെര്‍മാന്‍, ലിന്‍ഡ്സെ ബീവര്‍, ജെന്നിഫര്‍ ജെന്‍കിന്‍സ് എന്നിവര്‍ വാഷിങ്ടണില്‍ നിന്നും ടോഡ് മെല്‍ബി സെന്‍റ് പോളില്‍ നിന്നും ഈ റിപ്പോര്‍ട്ടിലേയ്ക്ക് സംഭാവന ചെയ്തിരിക്കുന്നു.)


Next Story

Related Stories