TopTop
Begin typing your search above and press return to search.

കൊട്ടിയൂര്‍ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ തേരകവും സഭയും: വാട്സ് ആപ്പില്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍

കൊട്ടിയൂര്‍ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ തേരകവും സഭയും: വാട്സ് ആപ്പില്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍

മാദ്ധ്യമങ്ങള്‍ നടത്തിയ നുണ പ്രചാരണമാണ് തന്നെ കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതി ചേര്‍ക്കാന്‍ കാരണമായതെന്ന് ആരോപിച്ച് ഫാദര്‍ തോമസ് ജോസഫ് തേരകം. താന്‍ നിരപരാധിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും തന്നെയും സഭയേയും അവഹേളിക്കാന്‍ വേണ്ടിയുള്ള നുണപ്രചാരണമാണ് മാദ്ധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും തേരകം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി പത്രം എന്നിവയ്‌ക്കെതിരെ ശക്തമായ പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭാ വൃത്തങ്ങള്‍ വാട്‌സ ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ നടത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസും മാതൃഭൂമി പത്രവും വൈരാഗ്യബുദ്ധിയോടെയും അവഹേളനപരമായും കൊടുക്കുന്ന റിപ്പോര്‍ട്ടുകളാണ് തനിക്കെതിരെ കേസുണ്ടാവാന്‍ കാരണമെന്ന് തേരകം ആരോപിക്കുന്നു.

കേസിലെ പ്രധാന പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി അടക്കമുള്ളവര്‍ നിരപരാധികളാണെന്ന് വാദിച്ചുകൊണ്ട് സഭാ വിശ്വാസികളായ സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കി പിന്‍മാറ്റാനുള്ള സന്ദേശമാണ് തേരകം നല്‍കുന്നത്. ഇരയായ പെണ്‍കുട്ടിയേയും കുടുംബത്തേയും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദേശം. വൈദികരുടേയും സഭാനേതാക്കളുടേയും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വിശ്വാസികള്‍ പ്രചരിപ്പിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. ഇടവക ഗ്രൂപ്പുകള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം സന്ദേശങ്ങള്‍ സജീവമായിട്ടുണ്ട്. ക്രൈസ്തവ സഭയ്‌ക്കെതിരെ അവഹേളനത്തിനെതിരെ നിലകൊണ്ടത് മൂലം തനിക്കെതിരെ ആക്രമണം നടക്കുന്നതായുള്ള വര്‍ഗീയ പ്രചാരണവും തേരകം നടത്തുന്നുണ്ട്.

അതേസമയം ഇടക്കാല ജാമ്യത്തിനിടെ സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ ലംഘനമാണ് തേരകം നടത്തിയിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തേരകത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്നാണ് പ്രമുഖ നിയമജ്ഞരുടെ അഭിപ്രായം. കേസ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. അതേസമയം ഫാദര്‍ തേരകം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന സന്ദേശത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും ഉപാധികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കോടതിയലക്ഷ്യമായി കണ്ട് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ പറഞ്ഞു.

വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുന്ന തേരകത്തിന്‍റെ സന്ദേശം:

കൊട്ടിയൂർ സംഭവുമായി ബന്ധപ്പെട്ട് എനിക്കെതിരെ മാധ്യമങ്ങൾ ഉയർത്തിയ ആരോപണങ്ങളിൽ വേദനിക്കുന്നവരും എനിക്ക് വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നവരുമായ ബന്ധുക്കൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇടവകാംഗങ്ങൾ എന്നിവർ അറിയാൻ…..

1. സി.ഡബ്ല്യൂ.സി അംഗമായിരുന്ന ഡോ. ബെറ്റി ജോസിന്റെ മുമ്പാകെ 2017 ഫെബ്രുവരി 20 ന് നിയമാനുസൃതം ഒരു ആൺകുഞ്ഞിനെ സറണ്ടർ ചെയ്തിരുന്ന വിവരം അവർ കമ്മിറ്റിയെ അറിയിക്കുകയും, നിയതമായ നടപടിക്രമങ്ങൾക്ക് ശേഷം വൈത്തിരിയിലുളള ഫോണ്ട്‌ലിംഗ് ഹോമിൽ താൽക്കാലിക സംരക്ഷണത്തിനായി കുട്ടിയെ ഞാൻ ഏൽപ്പിക്കുകയും ചെയ്തു. മുദ്ര പേപ്പറിൽ തയ്യാറാക്കിയ രേഖയിൽ കുഞ്ഞിനെ പ്രസവിച്ച ആൾ ഡോ. ബെറ്റി ജോസിന്റെ മുമ്പിൽ സാക്ഷികൾ മുമ്പാകെ ഒപ്പിട്ട സറണ്ടർ രേഖയിൽ അമ്മയുടെ പ്രായം 18 വയസ് എന്ന് വെളിപ്പെടുത്തിയിരുന്നു.

2. ഫെബ്രുവരി 26 ന് ഞായറാഴ്ച രാത്രി 9.15 മണിക്ക് പേരാവൂർ സബ് ഇൻസ്‌പെക്ടർ എന്നെ ഫോണിൽ വിളിച്ച് വയനാട് സി.ഡബ്ല്യൂ.സി മുമ്പാകെ സറണ്ടർ ചെയ്ത മേൽ പരാമർശിച്ച കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയും ഈ കേസിലെ അന്വേഷണ ഉദ്യേഗസ്ഥന് കുഞ്ഞിന്റെ സുരക്ഷിത സംരക്ഷണം ഉടൻ വിട്ടു നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിശദാംശങ്ങൾ ഞാൻ ആരാഞ്ഞപ്പോൾ ഇത് ബാലപീഡനവുമായി ബന്ധപ്പെട്ട സംഭവമാണെന്നും കുറ്റാരോപിതൻ സ്വാധീനമുളള വ്യക്തിയാണെന്നും അയാൾ ഒളിവിലാണെന്നും എന്നെ അറിയിച്ചു. ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാൻ ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് അന്ന് രാത്രി 1.15 മണിക്ക് പേരാവൂർ സബ് ഇൻസ്‌പെക്ടറുടെ നേത്യത്വത്തിൽ കേസിനിരയായ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെയുളള സംഘം എന്റെ വസതിയിൽ എത്തുകയും സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ചശേഷം കുഞ്ഞിനെ വിട്ടു കൊടുത്തു കൊണ്ടുളള ഉത്തരവ് ഞാൻ നല്കുകയും ചെയ്തു. പോലീസ് സംഘം പോകാൻ തുടങ്ങുമ്പോൾ കേസിലെ കുറ്റാരോപിതൻ ആരാണെന്ന് സൗഹൃദ ഭാവത്തിൽ ഞാൻ ആരാഞ്ഞു. അപ്പോഴാണ് കേസിലെ ഒന്നാം പ്രതിയെ കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. ഫെബ്രുവരി 27 ന് നടന്ന സി.ഡബ്ല്യൂ.സി സിറ്റിങ്ങിൽ അംഗങ്ങളെ ഇക്കാര്യങ്ങൾ ഞാൻ വിശദമായി അറിയിച്ചു.

3. മാർച്ച് 2 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്റെ മൊഴി രേഖപ്പെടുത്താനായി സി.ഡബ്ല്യൂ.സി ഓഫീസിൽ വന്നപ്പോൾ ഇക്കാര്യങ്ങൾ ഞാൻ വ്യക്തമാക്കിയത് അദ്ദേഹം രേഖപ്പെടുത്തുക ഉണ്ടായി.

4. മാർച്ച് 1 മുതൽ മീഡിയ, വിശേഷിച്ച് ഏഷ്യാനെറ്റ്, മാതൃഭൂമി ചാനലുകളും, മാതൃഭൂമി ദിനപത്രവും തീവ്രമായ ശത്രുതാഭാവത്തോടെ വ്യക്തിപരമായി എന്നെ ആക്രമിക്കുന്ന തലത്തിലുളള വാർത്താവതരണവും, ചാനൽ വിചാരണകളും ചർച്ചകളും ആരംഭിക്കുകയും അത് തുടരുകയും ചെയ്തു.

5. മാർച്ച് 4 ന് ശനിയാഴ്ച വൈകുന്നേരം സി.ഡബ്ല്യൂ.സി ചെയർമാനെ പുറത്താക്കുമെന്ന് ബന്ധപ്പെട്ട മന്ത്രി ടിവി ചാനലുകൾക്ക് വാക്കു നൽകുകയും 6 ന് തിങ്കളാഴ്ച വൈകുന്നേരം പുറത്താക്കിയതായും കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചതായും മാധ്യമങ്ങളിലൂടെ അറിഞ്ഞു.

6. മാർച്ച് 5 ന് ഞായറാഴ്ച എന്റെ ഇടവകദേവാലയത്തിൽ വി. കുർബാന അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഒളിവിലാണെന്നുള്ള കുറിപ്പുകൾ സ്‌ക്രോളിംഗായി വ്യത്യസ്ത ചാനലുകളിൽ വന്നുകൊണ്ടിരുന്നതായി ദേവാലയത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ ഞാൻ അറിഞ്ഞു.

7. ഈ കേസിലെ പ്രതിപ്പട്ടികയിൽ എന്നെ ചേർത്തതായ വിവരം അറിഞ്ഞയുടൻ നിയമവിദഗ്ധരുമായി ആലോചിച്ച് ഞാൻ നിയമനടപടികൾ ആരംഭിച്ചു. തുടർന്നുണ്ടായ ബഹു. ഹൈക്കോടതിയുടെ ഉത്തരവിൽ സി.ഡബ്ല്യൂ.സി ചെയർമാൻ എന്ന നിലയിൽ ഞാൻ സ്വീകരിച്ച നടപടികൾ നിയമാനുസൃതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

8. രൂപതാ പി.ആർ.ഒ. ആയിരുന്ന കാലത്ത് ക്രൈസ്തവസഭയ്‌ക്കെതിരെ ഉയർന്ന അവഹേളനങ്ങൾക്കെതിരെ ഞാൻ എടുത്ത ചില നിലപാടുകളുടെയും നിയമനടപടികളുടെയും പേരിൽ മേൽപരാമർശിക്കപ്പെട്ട ചാനലുകളും മാതൃഭൂമി ദിനപ്പത്രവും എന്നോട് പുലർത്തിയിരുന്ന കടുത്ത വൈരാഗ്യം മാത്രമാണ് അവർ എനിക്കെതിരെ നടത്തിയ വിചാരണകളുടെ പിന്നാമ്പുറത്തുള്ളത് എന്ന് ഞാൻ മനസ്സിലാക്കുന്നു.

9. ഈ വിഷയത്തിൽ എന്റെ കരങ്ങൾ ശുദ്ധവും മനസാക്ഷി നിർമ്മലവും നടപടികൾ സുതാര്യവുമായതിനാൽ തന്നെ ഇക്കാര്യങ്ങളൊന്നും എന്നെ അസ്വസ്ഥനാക്കുന്നില്ല. എന്നാൽ എന്നെ വേദനിപ്പിക്കുന്നത് തിരുസഭയ്ക്കും സഭാധികാരികൾക്കും വിശ്വാസ സമൂഹത്തിനും എന്റെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കും ഉണ്ടായ മാനസിക ആഘാതവും തീവ്രമായ വേദനയുമാണ്. അവരോട് എനിക്ക് ഒന്നേ പറയാനുളളൂ. 'ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല; അവിടുന്ന് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു'. സഭയുടെ വിശുദ്ധീകരണത്തിനും നമ്മുടെയെല്ലാം ആത്മീയ വളർച്ചയ്ക്കും ദൈവം നൽകിയ കൃപയുടെ നിമിഷമായി ഇത് മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

മേൽ വിവരിച്ച കാര്യങ്ങളെല്ലാം എന്റെ അറിവിലും ബോദ്ധ്യത്തിലും സത്യമാണ്. താങ്കൾക്ക് എന്നെ വിശ്വസിക്കാനാവുമെങ്കിൽ ഈ കുറിപ്പ് മറ്റുളളവരുമായി പങ്കുവെയ്ക്കുക.

സ്‌നേഹപൂർവ്വം

ഫാ. തോമസ് ജോസഫ് തേരകം.

Next Story

Related Stories