TopTop
Begin typing your search above and press return to search.

ബ്രിഡ്ജ് ഒരു ചെറിയ പാലമല്ല

ബ്രിഡ്ജ് ഒരു ചെറിയ പാലമല്ല
അമേരിക്കയിലെ മെയിനിൽ അലഗാഷ് എന്നൊരു കൊച്ചു ഗ്രാമമുണ്ട്. 25 കുടുംബങ്ങളാണ് ടൌണിലെ അന്തേവാസികൾ. ഇവിടുത്തെ കുട്ടികളുടെ സ്കൂൾ 35 മൈൽ ദൂരെയാണ്. ആശുപത്രിയും അത്രയും ദൂരെ തന്നെ. 35 മൈലെന്ന് പറയുമ്പൊ, പാലക്കാട് നിന്ന് തൄശ്ശൂരു പോകുന്ന ദൂരമുണ്ട്. പ്രകൄതി പണിമുടക്കിയാൽ ഈ 25 കുടുംബങ്ങളും തീർത്തും ഒറ്റപ്പെട്ടു പോകും. സ്കൂളിന്റെ കാര്യം പോട്ടെന്ന് വെയ്ക്കാം. എന്തെങ്കിലും അത്യാഹിതമൊ, ഹാർട്ടറ്റാക് പോലെ സമയബന്ധിതമായി വൈദ്യ സഹായം ലഭിക്കണ്ട രോഗം വന്നാലോ, അവിടെ കിടന്ന് മരിക്കുക എന്നതേ പോംവഴിയുള്ളു.

ഇവിടെ റൂറൽ അമേരിക്കയിലെ മെഡിക്കൽ കെയറിന്റെ അവസ്ഥ ഇതാണ്. രോഗിൾക്ക് 30 തൊട്ട് 100 മൈൽ സഞ്ചരിച്ചാലേ ആവശ്യമായ വൈദ്യസഹായം ലഭിക്കുന്ന ഒരു സ്ഥലത്ത് എത്തിപ്പെടാൻ പറ്റൂ. ഈ ഒരു പ്രതിസന്ധി തരണം ചെയ്യാനാണ് നേഴ്സ് പ്രാക്ടീഷണർ എന്ന സങ്കേതം കണ്ട് പിടിച്ചത്. റൂറൽ അമേരിക്കയിലെ മെഡിക്കൽ കെയറിന് BSc നേഴ്സ്സിങ് കഴിഞ്ഞവർക്ക് ഒരു ബ്രിഡ്ജ് കോഴ്സിലൂടെ ഡോക്ടർമ്മാരെ പോലെ ചികിത്സിക്കാനും മരുന്നെഴുതാനും സജ്ജമാക്കുന്ന പരിപാടിയാണ് നേഴ്സ് പ്രാക്ടീഷണർമ്മാർ.

1965-ലാണ് ആദ്യ ബാച്ച് നേഴ്സ് പ്രാക്ടീഷണർമ്മാർ പ്രാക്ടീസ് തുടങ്ങിയത്. ലോറെറ്റാ ഫോർഡ് എന്ന നേഴ്സും, ഹെൻറി സിൽവർ എന്നൊരു മെഡിക്കൽ ഡോക്ടറും ചേർന്നാണ് മെഡിക്കൽ ബോർഡിൽ ലോബി ചെയ്ത് ഇത്തരം ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. റൂറൽ അമേരിക്കയിലെ അപര്യാപ്തമായ ആരോഗ്യ സംരക്ഷണത്തിന് പരിഹാരം ആയതു കൊണ്ട് മെഡിക്കൽ ബോർഡിനും രണ്ടാമതൊന്ന് ആലോചിക്കണ്ടി വന്നില്ല.

ഇന്ന് 53 വർഷങ്ങൾക്ക് ശേഷം റൂറൽ അമേരിക്കയിലെ സ്ഥിതി അതു പോലെ തന്നെ തുടരുന്നു. 2007 ൽ ഒന്നേ കാൽ ലക്ഷം നേഴ്സ് പ്രാക്ടീഷണേഴ്സ്സേ അമേരിക്കയിൽ ഉണ്ടായിരുന്നുള്ളു. പത്ത് കൊല്ലം കൊണ്ട് അവരുടെ സംഖ്യ രണ്ടര ലക്ഷമായി വളർന്നു. പക്ഷെ അലഗാഷിലെയും, മാർസ്ഹില്ലില്ലെയും രോഗികൾ ഒരു ഫ്ലൂ ഷോട്ടെടുക്കാൻ പോലും 50-60 മൈൽ ഇന്നും സഞ്ചരിക്കണം. 1965 ലെ റൂറൽ അമേരിക്കയിലെ സ്ഥിഥി അതു പോലെ ഇന്നും തുടരുന്നു! അപ്പോൾ ഈ രണ്ടര ലക്ഷം നേഴ്സ് പ്രാക്ടീഷണർമ്മാർ എവിടെ പോയി?

ആ ചോദ്യത്തിനുത്തരം തേടി ചെന്നാൽ എത്തി നിൽക്കുന്നത് കോർപ്പറേറ്റ് അമേരിക്കയിലാണ്. പൊതു ആരോഗ്യ രംഗം സിസ്റ്റമാറ്റിക്കായി അട്ടിമറിച്ച് ആരോഗ്യ രംഗം കോർപ്പറേറ്റുകൾ കൈയ്യേറുന്ന വിധം ഞാൻ മുൻപ് എഴുതിയിട്ടുണ്ട് (മാറുന്ന ആരോഗ്യരംഗം). 1965 ൽ ആദ്യ ബാച്ച് നേഴ്സ് പ്രാക്ടീഷണർമ്മാർ ഇറങ്ങിയ വർഷം അമേരിക്കയിൽ വേറൊന്നു കൂടി സംഭവിച്ചു. മെഡിക്കൽ ഇൻഷ്വറന്‍സ് പൌരന്മാർക്ക് നിർബന്ധമാക്കി. ഇൻഷ്വറന്‍സ് ഒരു ടാക്സ് എന്ന രീതിയിലാക്കി. ഇൻഷ്വറന്‍സില്ലാതെ വൈദ്യ സഹായം തേടി എത്തുന്നവർ പെനാൾറ്റിയും നൽകണം. അതോടെ കോർപ്പറേറ്റ് ഹോസ്പിറ്റലുകൾക്ക് ലോട്ടറി അടിച്ചു. ചിലവു ചുരുക്കി ലാഭം കൂട്ടുന്നതിന്റെ ഭാഗമായി ഡോക്ടർമ്മാർക്ക് പകരമായി നേഴ്സ് പ്രാക്ടീഷണർമ്മാരെ വ്യാപകമായി ഹോസ്പിറ്റലുകൾ ഹയർ ചെയ്തു തുടങ്ങി. ഡോക്ടർമ്മാർക്ക് നൽകുന്നതിന്റെ പകുതി ശമ്പളം. ഇൻഷ്വറന്‍സ് റീ ഇമ്പേഴ്സ്മെന്റിനു വത്യാസമില്ല (അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ഒരേ നിയമമല്ല എന്നു കൂടി സൂചിപ്പിച്ചോട്ടെ). ലാഭം ഇരട്ടി.

അങ്ങനെ റൂറൽ അമേരിക്കയെ ഉദ്ധരിക്കാനായി തുടങ്ങിയ നേഴ്സ് പ്രാക്ടീഷണർമ്മാർ ഇന്ന് വലിയ സിറ്റികളിലെ ഹോസ്പിറ്റലുകളിലെ ജോലിക്കാരാണ്. ബോസ്റ്റണിലൊ, വാഷിങ്ടണ് ഡി.സിയിലെയൊ ഒക്കെ ഏതൊരു ഇ.ആറിലൊ, പ്രൈമറി കെയർ സെന്ററിലോ ചെന്നാൽ നിങ്ങൾക്ക് ഒരു ഡോക്ടറെ കാണാൻ സാധിച്ചെന്നു വരില്ല. കോർപ്പറേറ്റ് ഹോസ്പിറ്റൽ സെറ്റപ്പിൽ ഉള്ള ഇ.ആർ, പ്രൈമറി കെയർ ഫസിലിറ്റികളിൽ ഡോക്ടർ - നേഴ്സ് പ്രാക്ടീഷണർ അനുപാതം ഏകദേശം 80-20 ആയി മാറി. 20 ശതമാനം ഡോക്ടർമ്മാർ മാത്രമേ അവിടങ്ങളിൽ ഇന്ന് ജോലി എടുക്കുന്നുള്ളു. ലേഹി ക്ലിനിക്, ഹാവാർഡ് എം.ജി.എച്ച് പോലുള്ള അക്കാദമിക് രംഗങ്ങളിലെ പ്രമുഖ ഹോസ്പിറ്റലുകളിലെ കാര്യവും വിഭിന്നമല്ല.

http://www.azhimukham.com/india-ayurveda-homoeopathy-docs-can-take-bridge-course-to-practise-allopathy-bill/

1965 ലെ അമേരിക്കയിലെ മെഡിക്കൽ മേഖലയ്ക്ക് സമാനമായൊരു സാഹചര്യമാണ് ഇന്ന് ഇന്ത്യയിൽ. പൊതു ആരോഗ്യ രംഗം എന്നത് പേരിന് പോലും ഇല്ലാതായി. ഇൻഷ്വറന്‍സ്സില്ലാതെ ആരോഗ്യ പരിപാലനം അചിന്തനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാര്യം വിടൂ. ആർജ്ജവമുള്ള ഒരു രാഷ്ട്രീയ നേതൄത്വം ഉണ്ടായിരുന്നത് കൊണ്ട് മലയാളികൾക്ക് ശക്തമായൊരു പൊതു ആരോഗ്യ സംവിധാനം ഇന്നുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും ആശുപത്രികൾ കണ്ടിട്ടില്ലാത്തവർ വസിക്കുന്ന സ്ഥലങ്ങളാണ് യു.പിയിലെയും ഗുജറാത്തിലെയും ഗ്രാമങ്ങൾ. ഇവിടങ്ങളിൽ പ്രബലമായ ആരോഗ്യ സംവിധാനം ഹോമിയോ, സിദ്ധവൈദ്യം പോലുള്ള ഉഡായിപ്പുകളാണ്. ഈ ഗ്രാമവാസികളെ സിസ്റ്റത്തിനകത്ത് കൊണ്ടുവന്നാൽ കോർപ്പറേറ്റ് ഹോസ്പിറ്റലുകൾക്കും ഇൻഷ്വറന്‍സ് കമ്പനികൾക്കും ഉള്ള സാമ്പത്തിക ലാഭം ആലോചിച്ചു നോക്കൂ.

പറഞ്ഞ് വന്നത്, സമാന്തര വൈദ്യ മേഖലയിൽ ഉള്ളവർക്ക് ബ്രിഡ്ജ് കോഴ്സ് നൽകുന്നതിന്റെ പുറകിൽ ഗ്രാമങ്ങളെ ഉദ്ധരിക്കുക അല്ല ലക്ഷ്യം. കോർപ്പറേറ്റ് ലോബിയിങ്ങ് ആണ് പ്രചോദനം എന്ന് സംശയിക്കണ്ട പല കാരണങ്ങൾ കാണുന്നു. ഇന്ത്യയിലെ ജനസംഖ്യ, ലോ ഓഫ് ലാർജ്ജ് നമ്പേഴ്സ്സിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് വർക് ചെയ്യുന്ന ഇൻഷ്വറന്‍സ് ബിസ്സിനസ്സിന് അനന്ത സാദ്ധ്യതകളാണ് നൽകുന്നത്. ഇന്ത്യയിലെ ചെറിയ ഗ്രാമങ്ങളിലെ ജനങ്ങളെ ഇൻഷ്വറന്‍സിന്റെ പരിധിയിൽ കൊണ്ടുവരികയും, കോർപ്പറേറ്റ് ഹോസ്പിറ്റലുകൾ സാറ്റലൈറ്റ് ക്ലിനിക്കുകളുമായി ഈ ഗ്രാമങ്ങളിലേയ്ക്ക് എത്തുകയും ചെയ്താൽ എല്ലാവർക്കും കാശുണ്ടാക്കാനുള്ള അവസരങ്ങൾ അനവധിയാണ്. അവിടങ്ങളിൽ ഉഡായിപ്പുകൾക്ക് ജോലി കൊടുത്താൽ ഡോക്ടർക്ക് കൊടുക്കുന്ന പകുതിയൊ നാലിലൊന്നോ ശമ്പളം കൊടുത്താൽ മതി; വിൻ വിൻ!

http://www.azhimukham.com/india-over-rs-60000-crore-was-the-capitation-fee-collected-by-private-medical-colleges-in-a-year/

ഇനി പറയാൻ പോകുന്നത് ഡോക്ടർമ്മാർക്ക് ഇഷ്ടപ്പെടില്ല. പക്ഷെ പറയാതിരിക്കാൻ ആവില്ല. നിങ്ങളുടെ സമരത്തോട് പൂർണ്ണമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തന്നെ പറയട്ടെ, സയിൻസിനെ രക്ഷിക്കുക എന്ന വാദവുമായി ഈ പ്രശ്നത്തെ അഭിമുഖീകരിച്ചാൽ നിങ്ങൾ ഒരിക്കലും ജയിക്കില്ല. കാരണം ഡാറ്റ എല്ലാം നിങ്ങൾക്ക് പ്രതികൂലമാണ്. നേഴ്സ് പ്രാക്ടീഷണർമ്മാരുടെ ആദ്യ ബാച്ച് ഇറങ്ങിയ അന്ന് തൊട്ട് AMA (അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ)യുടെ ശക്തമായ പ്രതിഷേധം തുടങ്ങിയിരുന്നു. AMA ഡോക്ടർമ്മാരുടെ അസോഷിയേനാണ്. ഇതിന് ബദലായി AANP (അമേരിക്കൻ അസോസിയേഷൻ ഓഫ് നേഴ്സ് പ്രാക്ടീഷണേഴ്സ്) ഫണ്ട് ചെയ്ത് അനേകം കണ്‍ട്രോൾ സ്റ്റഡികൾ നടത്തുകയുണ്ടായി. നേഴ്സ് പ്രാക്ടീഷണേഴ്സ് നൽകുന്ന സേവനം മെഡിക്കൽ ഡോക്ടർമ്മാരുടെ സേവനമോ, അതിനേക്കാൾ ഉപരിയോ ആണെന്ന് എല്ലാ സ്റ്റഡികളും അസന്ദിഗ്ദ്ധമായി തെളിയിച്ചു. ന്യൂ ഇംഗ്ലണ്ട് ജേർണ്ണൽ ഓഫ് മെഡിസിൻ വരെ ഈ പഠനങ്ങൾ പബ്ലിഷ് ചെയ്തു.

നേഴ്സ് പ്രാക്ടീഷണർക്ക് ഡോക്ടർമ്മാരെ പോലെ ക്വാളിറ്റി മെഡിക്കൽ കെയർ നൽകാൻ സാധിക്കുന്നത് എവിഡൻസ് ബെയിസ്ഡ് മെഡിസിന് നൽകുന്ന സാദ്ധ്യതകൾ കൊണ്ടാണ്. മെഡിസിൻ ഇന്ന് പൂർണ്ണമായും ഡാറ്റ ഡ്രിവണാണ്. ഡാറ്റയിൽ അധിഷ്ടിതമായ ഒരു സ്റ്റാൻഡഡൈസ്ഡ് കെയർ ഫ്രെയിം വർക്ക്, എവിഡെൻസ് ബേയിസ്ഡ് മെഡിസിൻ രൂപീകരിച്ചിട്ടുണ്ട്. വളരെ കോംപ്ലെക്സ്സായ ഒരു ശാസ്ത്രശാഖ ഈ സ്റ്റാൻഡൈസ്ഡ് കെയർ ഫ്രെയിംവർക്ക് കൊണ്ട് സിംപ്ലിഫൈ ചെയ്യാൻ പറ്റി. ഫാർമ്മക്കോളജി, ബയൊ കെമിസ്ട്രി തുടങ്ങി നിങ്ങൾ പഠിച്ചു കൂട്ടിയ വിഷയങ്ങളൊന്നും ഈ സ്റ്റാൻഡഡൈസ്ഡ് കെയർ ഫ്രെയിം വർക്കിൽ വലിയ സ്വാധീനം ചെലുത്തുന്നില്ല. ചുരുങ്ങിയ പക്ഷം പോളിസി രൂപീകരിക്കുന്നവർ അതൊന്നും ഒരു ആവശ്യമായി പോലും കണക്കാക്കുന്നില്ല. ഈ പോളിസി മേക്കിങ്ങിൽ ഡോക്ടർമ്മാർ തന്നെ ഉൾപ്പെടുന്നുണ്ട് എന്ന സത്യം നിങ്ങൾ മറക്കരുത്.

http://www.azhimukham.com/medical-education-growth-weakness-kerala-dr-jinesh-health-azhimukham/

എവിഡെൻസ് ബെയിസ്ഡ് മെഡിസിൻ കഴിഞ്ഞ നൂറു കൊല്ലമായി സ്വരൂപിച്ചു കൂട്ടിയ ഡാറ്റ മാത്രം കണക്കാക്കിയാൽ ഒരു പ്രൈമറി കെയർ ഡോക്ടറെ ഒരു കംപ്യൂട്ടർ വെച്ച് റീപ്ലേസ് ചെയ്യാമെന്ന രീതിയിൽ ശാസ്ത്രം വളർന്നിട്ടുണ്ട്. പ്രൈമറി കെയർ എന്നാൽ ഇന്റേണൽ മെഡിസിൻ (ജനറൽ മെഡിസിൻ), പീഡിയാട്രിക്സ്, ഫാമിലി പ്രാക്ടിസ് എന്നീ മൂന്ന് ശാഖകളും വെറും അടിസ്ഥാന ഡിഗ്രികൾക്ക് തുല്യമാകുന്ന നിലയിലേയ്ക്ക് എത്തിയിട്ടുണ്ട്. കൂടി വന്നാൽ ഒരു പതിനഞ്ചു കൊല്ലത്തിന് അപ്പുറം കരിയർ സാദ്ധ്യതകൾ ഇല്ലാത്തതാണ് ഈ മൂന്ന് മേഖലകളും. ഡോക്ടർ എന്ന ഒരു മനുഷ്യന്റെ സാന്നിദ്ധ്യം പോലും പ്രൈമറി കെയർ ചികിത്സക്ക് ആവശ്യമില്ലാത്ത നിലയിലേയ്ക്ക് നമ്മൾ അടുത്ത് കൊണ്ട് ഇരിക്കുകയാണ്. പ്രൈമറി കെയർ മാത്രമല്ല. ചില അതീവ വൈദഗ്ദ്ധ്യം ആവശ്യമുള്ള റേഡിയോളജി എന്ന ശാഖ പോലും ഓട്ടമേഷന്റെ സാദ്ധ്യതകൾ ഉപയോഗിച്ചാൽ അടുത്ത അഞ്ചു കൊല്ലം കൊണ്ട് മെഷീനുകൾ ഏറ്റെടുത്ത് പോകും. ചുരുക്കി പറഞ്ഞാൽ ഡോക്ടർ എന്ന പ്രൊഫഷൻ വളരെ സൂക്ഷ്മമായ സ്പെഷ്യലൈസേഷനുകൾ ഉള്ളവർക്ക് മാത്രമായി ചുരുങ്ങാൻ പോവുകയാണ്. എം.ഡി ഒരു അടിസ്ഥാന ഡിഗ്രി മാത്രമേ ആകൂ. രണ്ടോ അതിലധികമൊ ഫെല്ലൊഷിപ്പുകളും, ഒരു നാപ്പത്തഞ്ചു വയസ്സു വരെ പഠനത്തിനു വേണ്ടി മാത്രം ഹോമിക്കാൻ തയ്യാറാകുകയും ചെയ്താൽ 20 കൊല്ലം കൊണ്ട് കഷ്ടി ഒരു കരിയർ ഉണ്ടാക്കാം.

ചുരുക്കി പറഞ്ഞാൽ ബ്രിഡ്ജ് കോഴ്സ് വരിക തന്നെ ചെയ്യും. എല്ലാ ഉഡായിപ്പുകളും മോഡേണ്‍ മെഡിസിൻ പ്രാക്ടീസ് ചെയ്തു തുടങ്ങും. കാരണം, ഈ പ്രഖ്യാപനത്തിനു പുറകിലുള്ള പ്രചോദനം സാമ്പത്തികം മാത്രമാണ്. ഇന്ത്യയിൽ കാലൂന്നാൻ കാത്തു നിൽക്കുന്ന ഇൻഷ്വറന്‍സ് കമ്പനികളുണ്ട്, കോർപ്പറേറ്റ് ഹോസ്പിറ്റൽ ഭീകരൻമ്മാരുണ്ട്. അവർക്ക് അനുയോജ്യമായ സാമ്പത്തിക സാദ്ധ്യതകൾ ഉറപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഈ പുതിയ പ്രഖ്യാപനത്തിനു പുറകിലുള്ളു. ഒരു ശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ ഡോക്ടർമ്മാരുടെ ഈ സമരം വിജയിച്ചു കാണണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ തീരെ പ്രതീക്ഷ ഇല്ല. അതോടൊപ്പം ഡോക്ടർമ്മാർ വെറും എംഡിയിൽ പഠനം നിർത്താതെ മുന്നോട്ട് പഠിക്കാൻ തയ്യാറാകുക. ബ്രിഡ്ജ്ജൻമ്മാർ വന്ന് അലങ്കോലമാക്കാൻ പോകുന്ന പ്രൈമറി കെയർ എന്ന മേഖല സ്പെഷിലിസ്റ്റ് ഡോക്ടർമ്മാർക്ക് വലിയ സാദ്ധ്യതകൾ തുറന്നു തരും. ക്രൂരമാണ്, അറിയാം. പക്ഷെ അതാണ് യാഥാർത്ഥ്യം.

http://www.azhimukham.com/health-and-medical-education-sector-in-kerala-jimmy-mathew/

http://www.azhimukham.com/medical-detectives-save-a-man-from-a-rare-universally-lethal-disease-washington-post/

(രഞ്ജിത് ആന്റണി ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories