UPDATES

ട്രെന്‍ഡിങ്ങ്

മന്‍മോഹന്‍ സിംഗിനെ സ്വാതന്ത്ര്യപോരാളിയും എകെജിയെ ബാലികാപീഡകനുമാക്കുന്ന ബല്‍റാം രാഷ്ട്രീയം

ഇതൊരു രാഷ്ട്രീയ പദ്ധതിയാണ്. ഇടതുപക്ഷത്തിന്‍റെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തെ വികൃതമാക്കുക എന്നതൊരു അജണ്ടയാണ്

വി ടി ബല്‍റാമിന് എന്തോ അബദ്ധം പറ്റി, അയാള്‍ പതിവില്ലാതെ അനുചിതമായി എന്തോ എ കെ ജിയെക്കുറിച്ച് പറഞ്ഞുപോയി എന്നമട്ടില്‍, ദെന്തേ ന്‍റെ ഉണ്ണിക്കിപ്പോ ഇങ്ങനെ തോന്നാന്‍,എന്ന രാമഹോ രാമ രാമോ എന്ന മട്ടില്‍ വിലപിക്കേണ്ടതില്ല. കാരണം അടിസ്ഥാനപരമായി അയാളൊരു കോണ്‍ഗ്രസുകാരനാണ്. അതുകൊണ്ടുതന്നെ പി ജെ കുര്യനെ നേതാവായി അംഗീകരിച്ച്, കുഞ്ഞാലിക്കുട്ടിയുടെ കുറ്റിപ്പുറത്തിന്‍റെ കയ്യാലക്കിപ്പുറം തൃത്താലയില്‍ സാഹിബിനെ ആനയിച്ചിരുത്തി, മന്ത്രിമന്ദിരങ്ങളില്‍ ആലിലക്കൃഷ്ണന്‍മാരായി, ഉമ്മന്‍മാദികളായി, കോണ്‍ഗ്രസിന്റെ തളര്‍ച്ച തങ്ങളെ ബാധിച്ചിട്ടില്ലെന്ന സ്നേഹപേശികളുടെ വിറപൂണ്ട നേതൃരൂപങ്ങളെ കുമ്പിട്ടും കുമ്മിയടിച്ചും തൊഴുത് യുവതുര്‍ക്കിയാകുമ്പോളും ചരിത്രത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍പ്പോലും വാസ്തവത്തിന്‍റെ അംശം പോലുമില്ലാത്ത ഒരു അസംബന്ധാരോപണം, തന്‍റെ സംഘടനയുടെ മൊത്തം ചരിത്രമെടുത്താലും പകരം തൂക്കിവെക്കാനാകാത്ത ഒരു മനുഷ്യനെക്കുറിച്ച് പറയാന്‍ അറപ്പില്ലാത്തവിധം അയാള്‍ അധമനായത് വ്യക്തി എന്ന നിലയില്‍ അയാള്‍ക്ക് സംസ്കാരമില്ലാത്തതുകൊണ്ട് മാത്രമല്ല, അയാള്‍ കൊണ്ടുനടക്കുന്ന ഹീനരാഷ്ട്രീയം കൊണ്ടുകൂടിയാണ്.

ആ രാഷ്ട്രീയമാണ് ഇപ്പോഴയാള്‍ വളരെ കൌശലത്തോടെ എന്ന മട്ടില്‍ മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക പോരാളിയെക്കുറിച്ച് അവതരിപ്പിക്കുന്നത്. നവ ലിബറല്‍ നയങ്ങളുടെ അച്ചടക്കമുള്ള കൂലിക്കാരനായ സിംഗ് നടപ്പാക്കിയ നയങ്ങള്‍ സാമ്പത്തിക വിപ്ലവമായി അയാള്‍ക്ക് തോന്നാം. കാരണം അതയാളുടെ ഉപരിവര്‍ഗരാഷ്ട്രീയത്തിന്‍റെ കാഴ്ച്ചപ്പാടാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരപോരാട്ടം തൊട്ട്, വരമ്പുകളിലും വയലുകളിലും പണിശാലകളിലും പിടഞ്ഞുവീണ മനുഷ്യര്‍ നടത്തിയ അതിധീരമായ പോരാട്ടങ്ങളുടെ മുന്നണിയില്‍ നിന്ന എ കെ ജിയെപ്പോലൊരു കമ്മ്യൂണിസ്റ്റുകാരനോട്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പുഞ്ചിരിമത്തായി എന്നതില്‍ക്കവീഞ്ഞ് ഒരു മൂല്യബോധവുമില്ലാത്ത ബല്‍റാമിനെപ്പോലൊരു കോണ്‍ഗ്രസുകാരന് പുച്ഛം തോന്നിയില്ലെങ്കിലെ നാം ചതി മണക്കേണ്ടതുള്ളൂ.

രാത്രിയും പകലുമില്ലാതെ, കാടും മലയും കുടിലുമൊക്കെ സമരത്തിന്റെ ഒളിത്താവളങ്ങളാക്കിമാറ്റി കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ സമരം ബല്‍റാമിന് അറിയാത്തതല്ല, അയാളതിന്‍റെ എതിര്‍പക്ഷത്താണ് എന്നതാണ് കാര്യം. ജന്‍മിത്വത്തിനും സര്‍ സി പിയുടെ അമേരിക്കന്‍ മോഡലിനും എതിരെ നാടെങ്ങും കമ്മ്യൂണിസ്റ്റുകാര്‍ സമരം നടത്തുമ്പോള്‍, നെല്ലും അരിയും പൂത്തിവെച്ച അധികാരികള്‍ക്കും എശ്മാന്‍മാര്‍ക്കുമെതിരെ പൂത്തിവെച്ച നെല്ല് പിടിച്ചെടുക്കാന്‍ ചെന്ന കമ്മ്യൂണിസ്റ്റുകാരെ സ്വതന്ത്ര ഇന്ത്യയിലെ പുത്തന്‍ ഭരണകൂടം വെടിവെച്ചു കൊല്ലുമ്പോള്‍, എവിടെ നീയൊക്കെ ഒളിപ്പിച്ച നിന്റെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്നലറി ഇടിയന്‍ പോലീസുകാര്‍ കര്‍ഷകത്തൊഴിലാളികളുടെ നട്ടെല്ലൊടിച്ചും ഗര്‍ഭപാത്രം കലക്കിയും നരനായാട്ടു നടത്തുമ്പോള്‍, മനുഷ്യന്റെ ആത്മാഭിമാനത്തിനും കൂടി വേണ്ടിയുള്ള ആ വലിയ പോരാട്ടങ്ങളെ ഒറ്റുകൊടുത്ത ചരിത്രമാണ് കോണ്‍ഗ്രസിന്‍റേത്. അവര്‍ക്ക് എ കെ ജി ഒളിവില്‍ താമസിച്ചത് മറ്റെ പണിക്കാണെന്ന് തോന്നുക സ്വാഭാവികം. കോണ്‍ഗ്രസുകാരും ജന്മിമാരുടെ ഗുണ്ടകളും പൊലീസും ഇടിച്ചുവീഴ്ത്തുമ്പോഴും കേള്‍ക്കുന്ന ഇടിമുഴക്കങ്ങള്‍ പോരാട്ടത്തിന്‍റേതാണെന്നും, പടരുന്ന ചുവപ്പ് ഒരു പുതിയ ലോകത്തിന്‍റെ പ്രഭാതമാണെന്നും പറഞ്ഞ, നിഴലുകളില്‍ നിന്നും മനുഷ്യരായി ഉയര്‍ത്തെഴുന്നേറ്റ ഒരു ജനതയുടെ രാഷ്ട്രീയബോധത്തോട് അയാള്‍ക്ക് പുച്ഛം തോന്നുക സ്വാഭാവികം.

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു

കാടും മലയും പൊതുസ്വത്തുക്കളും സ്വകാര്യകുത്തകകള്‍ക്ക് വില്‍ക്കാന്‍ തുറന്നുവെച്ച മന്‍മോഹന്‍സിംഗ് ബലറാമിന്‍റെ സ്വാതന്ത്ര്യപോരാളിയായത് അയാളുടെ സ്വാതന്ത്ര്യത്തിന്‍റെ രാഷ്ട്രീയം അതായത് കൊണ്ടാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ വിവാഹം ചെയ്ത സഖാവ് എ കെ ജി ബാലിക പീഡകനാണെന്നു അയാള്‍ വിളിച്ചുകൂവുന്നത് അയാളുടെ സദാചാരം കൊണ്ടല്ല രാഷ്ട്രീയം കൊണ്ടാണ്. അതുകൊണ്ടാണ് മമത എന്ന് എ കെ ജി പറയുമ്പോള്‍ ശരീരകാമം എന്ന് ബലരാം കേള്‍ക്കുന്നത്.

ഇതൊരു രാഷ്ട്രീയ പദ്ധതിയാണ്. ഇടതുപക്ഷത്തിന്‍റെ, കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ ചരിത്രത്തെ വികൃതമാക്കുക എന്നതൊരു അജണ്ടയാണ്. കോണ്‍ഗ്രസിന്‍റെ ആവടി സോഷ്യലിസം തൊട്ട് മന്‍മോഹന്‍ സിംഗ് വരെ നീണ്ടു കിടക്കുന്ന തട്ടിപ്പുകളെയും ഉപരിവര്‍ഗ, സാമ്രാജ്യത്വ വിധേയ രാഷ്ട്രീയത്തെയും ഭൂപ്രഭുക്കളുടെയും സ്വകാര്യ മൂലധനത്തിന്റെയും വര്‍ഗരാഷ്ട്രീയത്തിന്‍റെ നടത്തിപ്പുകാരെയും എതിര്‍ക്കുന്ന ഒരു പ്രത്യയ്ശാസ്ത്രത്തെ അവഹേളിക്കുക എന്നതൊരു രാഷ്ട്രീയ അജണ്ടയാണ്. ഇടതുപക്ഷം ഒരു കാല്‍പ്പനികതയാണ് എന്നും അതൊരു പോരാട്ടത്തിന്റെ രാഷ്ട്രീയമല്ല എന്നും വരുത്തിത്തീര്‍ക്കേണ്ടത് ബലരാമനെപ്പോലുള്ളവരുടെ രാഷ്ട്രീയപ്രവര്‍ത്തനമാണ്. അല്ലാതെ അയാള്‍ക്ക് പറ്റുന്ന ഒരു ആകസ്മിക പ്രമാദമല്ല അതൊന്നും.

സ്വകാര്യമൂലധനത്തിന്റെ ഭീകരത ഭരണകൂടത്തിന്റെ സൈനിക പിന്തുണയോടെ നഗ്നമായ ചൂഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ബല്‍റാം രാഷ്ട്രീയം തുടങ്ങുന്നത്. അതിനുപറ്റിയ ചരിത്രപദ്ധതിയുടെ ഭാഗമാണയാള്‍. സ്വത്വ രാഷ്ട്രീയത്തിന്റെയും, പോരാട്ടങ്ങളെ ശകലീകൃതമാക്കുന്ന ഉത്തരാധുനിക രാഷ്ട്രീയ വ്യവഹാരങ്ങളുടെയും ചരിത്രപരമായ ദൌത്യമാണ് അയാളടക്കമുള്ള വലതുപക്ഷ രാഷ്ട്രീയക്കാര്‍ നിര്‍വ്വഹിക്കുന്നത്. അതിനവര്‍ നേരിടുന്ന വലിയ പ്രതിബന്ധങ്ങളിലൊന്ന് ചരിത്രമാണ്. മുഖ്യധാര ഇടതുപക്ഷത്തിന്‍റെ വര്‍ത്തമാനകാലത്തിന്റെ ദൌര്‍ബ്ബല്യത്തെ എളുപ്പത്തില്‍ നേരിടാമെന്ന് അവര്‍ക്കറിയാം. അതിലവര്‍ക്ക് കൂട്ടാളികളെ ആ പാളയത്തില്‍നിന്നുതന്നെ കിട്ടും. എന്നാല്‍ അതിന്റെ ചരിത്രം അങ്ങനെയല്ല.

പഴയൊരു കോണ്‍ഗ്രസ് നേതാവുണ്ട് കരിവെള്ളൂരില്‍; ചോദിച്ചാല്‍ പറഞ്ഞുതരും എകെജി ആരെന്ന്

അത് ലോകത്തെവിടെയും ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യര്‍ക്കായി മുഷ്ടിചുരുട്ടിയ ഒരു രാഷ്ട്രീയത്തിന്റെയും പോരാളികളുടേതുമാണ്. ആ ചരിത്രത്തെ അവരില്‍നിന്നും അടര്‍ത്തിമാറ്റണമെങ്കില്‍ അതിനെ അപഹസിക്കണം. അതിനെ നിസാരവത്കരിക്കണം. മന്‍മോഹന്‍സിംഗ് സ്വാതന്ത്ര്യപോരാളിയാകുന്ന കാലത്ത് എ കെ ജിയെ ബാലിക പീഡകനാക്കണം.

ഇതിനെ ഗാന്ധിയുടെ കല്യാണപ്രായം വെച്ചല്ല (ഗാന്ധിയൊക്കെ ബല്‍റാമില്‍ എന്തെങ്കിലും ചലനമുണ്ടാക്കും എന്ന് കരുതുന്നവര്‍ക്ക് എല്ലാ ഭാവുകങ്ങളും) ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും നിസ്വവര്‍ഗരാഷ്ട്രീയത്തിന്റെയും തിറമ്പുന്ന രാഷ്ട്രീയബോധം കൊണ്ടാണ് എതിരിടേണ്ടത്. ഒട്ടും മടിക്കാതെ…

പാവങ്ങളുടെ പടത്തലവന്‍ മന്‍മോഹന്‍ജിയെ അവഹേളിച്ച വിവരദോഷിയായ മന്ത്രിയെ സംരക്ഷിക്കുന്നില്ലേ; മറുചോദ്യവുമായി ബല്‍റാം

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍