പാലക്കാട് ആണ് വളർന്നത്. ശക്തമായ ഈഴവ സാന്നിധ്യമുള്ള നാട്. എന്റെ ചെറുപ്പകാലത്ത് ഒരു തലമുറയിലെ മനുഷ്യരുടെ ഒക്കെ പേര് വേസു, ചിരുത, ചെരവ, കണ്ടൻ, ചാത്തൻ എന്നൊക്കെ ആയിരുന്നു. ആ പേരിൽ അവരുടെ ജാതിയും ഉണ്ട്. പേരു കേൾക്കുന്ന ഒരാൾക്ക് അവന്റെ ജാതി എടുത്ത് ചോദിക്കണ്ട ആവശ്യമില്ല. പക്ഷെ അവർക്കൊക്കെ ജനിച്ച കുട്ടികൾ രഞ്ജിതും, രാജേഷും ഷിബുവും ഷാജിയും ഒക്കെ ആയി. ജാതി അഗ്നോസ്റ്റിക് ആയുള്ള പേരുകൾ. പേരിൽ നിന്നെങ്കിലും ജാതി അപ്രത്യക്ഷമായി.
ജാതി അഗ്നോസ്റ്റിക് പേരുകൾ ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചത് തിരുവതാം കൂറിലെ ഈഴവരാണ്. അത് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് അവർക്ക് വെളിപാടുണ്ടായി ഇട്ട് തുടങ്ങിയതല്ല. ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ അവിഭാജ്യമായ പരിണാമം ആയിരുന്നു. വലിയ വിദ്യാഭ്യാസമില്ലാത്ത ഈഴവ മാതാപിതാക്കൾ പോലും പറ്റിയൊരു ജാതി അഗ്നോസ്റ്റിക് പേരുകൾ മക്കൾക്ക് തേടിപ്പിടിക്കാൻ ശ്രമിച്ചു. ഭാര്യേടെം ഭർത്താവിന്റെയും ആദ്യ അക്ഷരങ്ങൾ എടുത്ത് ചിലർ പേരുകളുണ്ടാക്കി. അന്ന് മകന് പേര് തപ്പി നടന്ന് കിട്ടാതെ വന്നപ്പോൾ ഒരാൾ പേരിട്ടത് ഫ്രണ്ട്സ് എന്നായിരുന്നു. സ്ഥലത്തൂടെ ഓടുന്ന ഒരു പ്രൈവറ്റ് ബസ്സിന്റെ പേരായിരുന്നു. വേറൊരാൾ ഇട്ടത് ഹങ്ക്രി; ഹംഗറി എന്നാണുദ്ദേശിച്ചത് ഇട്ട് വന്നപ്പോൾ ഹങ്ക്രി ആയി പോയതായിരിക്കാം. ഈഴവരൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ആയിരുന്നതിനാൽ റഷ്യൻ കമ്യൂണിസ്റ്റ് നേതാക്കളുടെ പേരുകളും വളരെ പ്രചാരത്തിലായി. ലെനിൻ ഒരു ഉദാഹരണം. ഷിബു, ഷാജി എന്നൊക്കെയുള്ള പേരുകൾ പോപ്പുലറായത് ആ സമയത്താണ്.
എന്റെ കസിൻ പോൾ ഉണ്ടായിക്കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. അന്ന് എനിക്ക് രഞ്ജിത് എന്ന് പേരിട്ട സമയത്ത് അപ്പന്റെ നാട്ടുകാർ ചോദിച്ചത് നീയെന്താ കൊച്ചിന് ചോവമ്മാരുടെ പേരിട്ടിരിക്കുന്നത് എന്നായിരുന്നു. ലേശം പുരോഗമനത്തിന്റെ അസ്ക്യത ഉണ്ടായിരുന്ന അപ്പൻ അവർക്കൊക്കെ തക്ക മറുപടിയും കൊടുത്തു കാണണം. രഞ്ജിത് ചോവമ്മാരുടെ പേരാണെന്ന് ഒരു പൊതുബോധം ചുമ്മാ ഉണ്ടായതല്ല. ഈഴവരുടെ ഇത്തരം ജാതി അഗ്നോസ്റ്റിക് പേരുകളോടുള്ള പ്രേമം ആദ്യകാലങ്ങളിൽ വളരെ അധികം പരിഹാസത്തിനും പാത്രമായിട്ടുണ്ട്. "ഹോ കണ്ടന്റെ മോന്റെ പേരു കേൾക്കണോ, ഷിബു .. കി കി കി" തുടങ്ങിയ പരിഹാസങ്ങൾ 60 കളുടെ അവസാനമൊക്കെ പ്രചാരത്തിലുണ്ടായിരുന്നു.
പറയുമ്പൊ എല്ലാം പറയണമല്ലൊ. ഈ ജാതി അഗ്നോസ്റ്റിക് പേരുകൾ സവർണ്ണരും രണ്ടു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചുരുക്കം ചില പരിഹാസങ്ങൾ ഉണ്ടായിരുന്നു. പക്ഷെ നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് കഴിഞ്ഞ ഒരു നാടിന് പുതിയ പരിഷ്കാരങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഉണ്ടായില്ല. ഏകദേശം 80 കളുടെ ആദ്യം ആയപ്പോഴേയ്ക്കും ജാതി അഗ്നോസ്റ്റിക് പേരുകൾ വ്യാപകമായി. പലരും ജാതി വാലുകൾ വരെ ഉപേക്ഷിച്ചു. പേരിൽ നിന്ന് ജാതി തിരിച്ചറിയാൻ സാധിക്കാതെ ആയി.
ഇന്ന് നാഷണൽ ടെലിവിഷനിൽ വന്നിരുന്ന് ഒരാളെ ഷിബു എന്ന് വിളിക്കുന്നു. അതയാളുടെ പേരല്ല. എന്റെ പേർ തുളസീദാസ് എന്നായിരുന്നു എന്ന് തെളിച്ചു പറഞ്ഞിട്ടും അയാളെ ഷിബു എന്ന് തന്നെ വിളിച്ചു കൊണ്ടിരിക്കുന്നു. അതൊരു പരിഹാസമാണ്. "ഹൊ, കണ്ടന്റെ മോന്റെ പേരു കേൾക്കണോ, ഷിബു ... കി കി കി" എന്ന് പറഞ്ഞ 60 കളിലെ ആ കാരണവരില്ലേ, അയാളുടെ പ്രേതമാണ് ഇത്. ടി.വി യിലൂടെ പരസ്യമായ ജാതി വിളിച്ച് അധിക്ഷേപിക്കുന്നതാണത്.
ഷിബു, ശശി, സോമൻ എന്നതൊക്കെ വെറും പേരുകളല്ല. ചരിത്രം കുഴിച്ചു മൂടിയ ജാതിവെറി കല്ലു പൊളിച്ചു പുറത്ത് വരുന്നതാണ്.
*ഫേസ്ബുക്ക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
https://www.azhimukham.com/trending-about-sandeepanandagiri-and-his-politics/
https://www.azhimukham.com/kerala-swami-sandeepananda-giri-talks-on-sabarimala-women-entry-and-attack-on-his-ashram-report-by-arathi/
https://www.azhimukham.com/trending-music-director-bijibal-in-solidarity-with-sandeepananda-giri-sabarimala-women-entry-debate/