ട്രെന്‍ഡിങ്ങ്

റേപ്പിൽ നീതി മറ്റൊരിടത്തും ആയിരിക്കില്ല എന്നതുകൊണ്ടുതന്നെ നിസംശയം അവള്‍ക്കൊപ്പമാണ്

സ്വാധീനബലവും സാമ്പത്തികബലവും ഉന്നതരായ നിരവധി പേരിൽ ഇടപെടൽശേഷിയുമുള്ള ഒരു വ്യക്തിയെ കരുതൽ തടവിൽ വെയ്ക്കുകയല്ലാതെ മറ്റുവഴികൾ നിലവിലില്ല

ദിലീപ് വിഷയത്തിൽ എന്താണഭിപ്രായം?

എന്റെ അഭിപ്രായത്തിന് കാര്യമായ പ്രസക്തിയൊന്നുമില്ല. ജുഡീഷ്യറിയുടെ പരിഗണനയിലുള്ള വിഷയം.

എന്നാലും എന്താണഭിപ്രായം?

ഗൂഡാലോചന എന്നാൽ അതിൽ നിഗൂഢത ഉണ്ടെന്നാണ് അർത്ഥം. അതു തിരിച്ചറിയാൻ എനിക്ക് കഴിയില്ല. അതിനാണ് നിയമനിർവ്വഹണസംവിധാനം.

ദിലീപിനെക്കുറിച്ച് എന്താണഭിപ്രായം?

വ്യക്തിപരമായി അറിയില്ല. സിനിമയിൽ തൊണ്ണൂറ്റൊമ്പതേമൂക്കാലും ബോറനാണ്. അഭിമുഖങ്ങൾ കണ്ടതുവെച്ച് ഒരു വ്യക്തി എന്ന നിലയിലും അട്ടർ നോൺസെൻസാണ്.

എന്നാലും ദിലീപിന് ജാമ്യം കൊടുക്കേണ്ടതല്ലേ?

അല്ല. ജുഡീഷ്യൽ കസ്റ്റഡിയുടെ എല്ലാ അപകടവും നിലനിൽക്കുമ്പോഴും ഇത്തരം സാഹചര്യങ്ങളിൽ അതിനു പ്രസക്തിയുണ്ട്. സ്വാധീനബലവും സാമ്പത്തികബലവും ഉന്നതരായ നിരവധി പേരിൽ ഇടപെടൽശേഷിയുമുള്ള ഒരു വ്യക്തിയെ കരുതൽ തടവിൽ വെയ്ക്കുകയല്ലാതെ മറ്റുവഴികൾ നിലവിലില്ല.

എന്നാലും ദിലീപ് അന്നു വന്ന് ബലിയിടുന്ന സീനും വീട്ടുകാരുടെ കരച്ചിലും കണ്ട് വിഷമം വന്നില്ലേ?

ഒരു വിഷമവും വന്നില്ല.

കാരണം?

റേപ്പ് കൊട്ടേഷൻ പോലൊരു കുറ്റകൃത്യത്തിലെ പ്രതിയുടെ സാഹചര്യങ്ങളിൽ വേദനിക്കാൻ തോന്നുന്നില്ല.

അതിനാ വീട്ടുകാർ എന്തുപിഴച്ചു? അവരുടെ വിഷമം കാണുന്നില്ലേ?

ഏതു കുറ്റവാളിയുടേയും വീട്ടിൽ ഈ വിഷമം സ്വാഭാവികമാണ്. അവർ നിരപരാധികളായിരിക്കുന്നിടത്തോളം ആ വിഷമത്തിനു ന്യായീകരണമൊന്നുമില്ല. പക്ഷേ വിഷമിക്കുകയല്ലാതെ നിവൃത്തിയൊന്നുമില്ല.

റേപ്പ് കൊട്ടേഷൻ എന്തൊരു വിചിത്രസംഗതിയാണ്? അതിൽ എന്തു സംതൃപ്തിയാണ് ദിലീപിന് കിട്ടാനുള്ളത്?

റേപ്പ് എന്നാൽ ലൈംഗികതയിൽ തുടങ്ങി ലൈംഗികതയിൽ അവസാനിക്കുന്നൊരു സംഭവമാണെന്ന വങ്കത്തത്തിൽ നിന്നാണ് ഈ ചോദ്യം. റേപ്പിലെ ഏറ്റവും ചുരുങ്ങിയ പാർട്ടാണ് ലൈംഗികതയുടേത്. അധികാരപ്രയോഗമാണ് റേപ്പിന്റെ അടിസ്ഥാനവും ആത്യന്തികവുമായ ചോദന. യുദ്ധകാലത്ത് പട്ടാളക്കാരും കലാപകാലത്ത് വർഗീയ-തീവ്രവാദികളും നടത്തുന്ന കൂട്ടബലാൽസംഗങ്ങൾ മുതൽ നിർഭയകേസ് വരെ ഏതും പരിശോധിക്കാം. ആണധികാരത്തിന്റെ ശാരീരികപ്രയോഗമാണ് റേപ്പ്. അതുകൊണ്ടുതന്നെ ആക്രമിക്കപ്പെടുന്നത് ശരീരമെങ്കിലും ഭംഗമേൽക്കുന്നത് മാനത്തിനാണ്. ആത്മാഭിമാനത്തിനേൽക്കുന്ന ക്ഷതമാണ് ഏതു റേപ്പിന്റെയും ലക്ഷ്യവും. അതുകൊണ്ട് പ്രതിയുടെ സംതൃപ്തി മറ്റുപലതുമാവാം. ഇക്കാര്യത്തിൽ അങ്ങനെയാണെന്ന് ഏതാണ്ട് സ്പഷ്ടവുമാണ്.

സെബാസ്റ്റ്യന്‍ പോള്‍, ലൈംഗികാവയവം കൊണ്ട് തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുന്നവരല്ല മനുഷ്യര്‍ എന്നെങ്കിലും ഓര്‍ക്കണം

ഇങ്ങനെയൊക്കെയാണെങ്കിൽ ദിലീപിനെ നടീനടന്മാരും സംവിധായകരുമൊക്കെ ജയിലിൽ കാണാൻ പോയതും തെറ്റല്ലേ?

സർക്കാരിന്റെ ഔദ്യോഗികപദവികളിൽ ഇരിക്കുന്നവർ പോകുന്നത് ഒഴിവാക്കപ്പെടേണ്ട കാര്യമാണ്. ഏത് വ്യക്തിബന്ധത്തേക്കാളും പ്രധാനമായി ജനങ്ങൾ/ ജനാധിപത്യഭരണകൂടം ഏൽപ്പിക്കുന്ന പദവിയുടെ വ്യക്തിനിഷ്പക്ഷത കാത്തുസൂക്ഷിക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. അതല്ലാതെ ആരെങ്കിലും കാണാൻ പോയെങ്കിൽ അതിലൊരു തെറ്റുമില്ല. അവർക്ക് ദിലീപിനോട് വ്യക്തിബന്ധമുണ്ടാവാം. ദിലീപ് കരുതൽതടവിലല്ല, ശിക്ഷിക്കപ്പെട്ട കുറ്റവാളി ആണെങ്കിൽ തന്നെയും ഏതെങ്കിലും അടുപ്പമുള്ളവർക്ക് ചെന്നു കാണാം. അതിനുള്ള എല്ലാ അവകാശവും ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്.

എന്നാലും ദിലീപിനും മഞ്ജുവിനും കാവ്യയ്ക്കും അവൾക്കും ഇടയിൽ എന്താവും സംഭവിച്ചിരിക്കുക?

എനിക്കറിയില്ല. അറിയണമെന്നുമില്ല. കീഹോൾ വാച്ചിങ്ങ് എന്റെ പണിയല്ല. എന്തു സംഭവിച്ചാലും നിലവിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിലേക്ക് അവ പരിണമിച്ചിട്ടുണ്ട് എങ്കിൽ അത് പോലീസ് അന്വേഷിക്കും. അതല്ലാതെ, മറ്റുള്ളവരുടെ ഇടയിൽ എന്തൊക്കെ സംഭവിച്ചു എന്ന ആകാംക്ഷ അനാവശ്യമാണ്.

ദിലീപിന്റെ മകൾ മഞ്ജുവിനൊപ്പം നിന്നില്ലല്ലോ. മഞ്ജു ആണെങ്കിൽ മകളെ ഉപേക്ഷിച്ചുപോയ അമ്മയാണ്. അതു ശരിയായോ?

വൈയക്തികമായ ശരികൾ അവരവർ തീരുമാനിക്കുന്നതാണ്. ഒരു കാര്യം പറയാം, ‘അമ്മ, അമ്മ’ എന്ന മഹത്വവൽക്കരണം അന്തമില്ലായ്മയാണ്. കുട്ടികൾ അമ്മയുടെ പരിചരണത്തിൽ വളരണം എന്നും മക്കളെ വളർത്തുന്ന അമ്മമാരാണ് അമ്മമാർ എന്നും പറഞ്ഞുപറഞ്ഞ് ചൈൽഡ് ക്രാഫ്റ്റിങിന്റെ അധികച്ചുമതല മുഴുവൻ പെണ്ണിന്റെ തലയിൽ വെക്കുന്നതും അന്തമില്ലായ്മയാണ് . അമ്മക്കങ്ങനെ കൂടുതലുത്തരവാദിത്തമൊന്നുമില്ല. അമ്മയായി എന്നതുകൊണ്ട് വ്യക്തിത്വമില്ലാതാവണം എന്ന പുരുഷവാശി ഊളത്തരമാണ്.

നിങ്ങള്‍ തകര്‍ക്കാന്‍ നോക്കുന്നത് കേരളത്തിലെ ഓരോ പെണ്‍കുട്ടിയുടേയും മനോവീര്യമാണ്

രാമലീല കാണരുത് എന്ന ബഹിഷ്കരണാഹ്വാനത്തിൽ എന്താണഭിപ്രായം?

ഒരഭിപ്രായവുമില്ല. വേണമെങ്കിൽ ആഹ്വാനമാവാം. അതുകൊണ്ടൊന്നും പ്രത്യേകിച്ചെന്തെങ്കിലും ഫലമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇപ്പൊഴേ പെയ്ഡ് ആയെന്നു സംശയിക്കാവുന്ന നിലയിൽ ദിലീപ് അനുകൂല കാലാവസ്ഥ നിർമ്മിച്ചെടുക്കാൻ വേണ്ടിയുള്ള പ്രചരണങ്ങൾ ഒരുപാട് നടന്നുകഴിഞ്ഞു. അവയെല്ലാം ഒന്നുകൂടി ബൂസ്റ്റ് ചെയ്യാനാണ് ബഹിഷ്കരണാഹ്വാനം കൂടി ഉപയോഗിക്കപ്പെടുക. ആൾക്കൂട്ടം ഒരിക്കലും ദീർഘകാലം നൈതികപ്രേരണകളിൽ കേവലാസ്തിത്വമായി നിലനിൽക്കില്ല. സഹതാപം മുതൽ കുറ്റവാളിയോടുള്ള ആരാധന വരെ, അവൾക്കത് കിട്ടണമെന്ന ആൺപുളപ്പ് മുതൽ വിമതാഭിപ്രായത്തിന്റെ കൗതുകം വരെ അനേകം എലമെന്റുകൾ ദിലീപിനനുകൂലമാക്കി ആൾക്കൂട്ടത്തെ തിരിക്കാനാണ് സാദ്ധ്യത. അവർ രാമലീല കാണും. ഒരു പ്രതീകമെന്ന നിലയിൽ ബഹിഷ്കരണാഹ്വാനത്തിന് പ്രസക്തി ഉണ്ടാവണമെങ്കിൽ വിപരീതഫലമായി നടക്കുന്ന നെഗറ്റീവ് പബ്ലിസിറ്റിയെ അധികരിക്കത്തക്ക വിധം ബഹിഷ്കരണം പ്രബലമാവണം. കേരളത്തിന്റെ ക്രൗഡ് സൈക്കി ഇന്നോളം കണ്ട അനുഭവം വെച്ച് അങ്ങനെയൊരു സാദ്ധ്യതയില്ല.

രാമലീല അപ്പോൾ പോയി കാണുമോ?

തമാശ പറയല്ലേ. ദിലീപിന്റെ ഒരു പടവും ഏറെക്കാലമായി തീയറ്ററിൽ പോയി കണ്ടിട്ടില്ല. ആദ്യകാലത്തെ ചില സിനിമകൾ ഒഴിച്ചാൽ മറ്റൊന്നും കണ്ടിരിക്കാൻ വയ്യാത്തത്ര അസഹനീയവുമായിരുന്നു. പിന്നെയാണ് ഇനിയൊരു രാമലീല.

അവൾക്കൊപ്പമാണോ അവനൊപ്പമാണോ?

നീതിക്കൊപ്പമാണ്. എന്നുവെച്ചാൽ നിസ്സംശയമായും അവൾക്കൊപ്പമാണ്. റേപ്പിൽ നീതി മറ്റൊരിടത്തും ആയിരിക്കില്ല എന്നതുകൊണ്ടുതന്നെ മറ്റാരോടൊപ്പവും ആവാൻ മനുഷ്യർക്ക് സാധ്യവുമല്ല.

(ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

ശോഭ, വിജയശ്രീ, റാണി പത്മിനി, സില്‍ക്ക് സ്മിത; ഇവരുടെ മരണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമായി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍