കേരളം എന്ന ഈ ഭൂപ്രദേശത്തിന്റെ അതിജീവനവും അതിലധിവസിക്കുന്ന ജനതയുടെ രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങളും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തിനു മുകളില്‍, സാമൂഹ്യ പ്രശ്നങ്ങളില്‍ ഒരു ഭരണകൂടത്തിന്റെ അധികാരപ്രയോഗ പ്രക്രിയയില്‍ എത്രത്തോളം സക്രിയമായി പങ്കെടുക്കാനാവുമെന്നുമുള്ള നിരവധിയായ ചോദ്യങ്ങള്‍ ഒരു രാഷ്ട്രീയ സമൂഹം എന്ന നിലയില്‍ കേരളം ഉയര്‍ത്തുന്നുണ്ട്. കീഴാറ്റൂര്‍ അത്തരത്തിലൊരു ചോദ്യമാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാരിന് ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാവുന്ന തീരുമാനങ്ങള്‍ക്ക് ഒരു പരിമിതിയുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ പ്രധാന സത്ത. ഭരണഘടന ഭേദഗതികള്‍, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിച്ചാകരുത് എന്ന പരിധി സുപ്രീം കോടതി വ്യക്തമാക്കിയത് അതുകൊണ്ടാണ്. അഞ്ചു കൊല്ലത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇറങ്ങിപ്പോകുന്നതിന് മുമ്പ് പരമാവധി കൊള്ളയടിക്കുകയും കൊള്ള നടത്താന്‍ കൂട്ട് നില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരുകള്‍ ജനാധിപത്യത്തിലെ ഒരു മൂല്യത്തെയും പ്രതിനിധാനം ചെയ്യുന്നില്ല. ഇത്തരം കൊള്ള സംഘങ്ങള്‍ മാറി മാറി വരുന്ന ഭരണസംഘങ്ങളില് മാറാത്ത തുടര്‍ച്ചയാകുമ്പോഴാണ് തീരുമാനങ്ങളെടുക്കുന്ന വിദൂര പരിസരത്തു നിന്നുപോലും ജനങ്ങള്‍ ആട്ടിയോടിക്കപ്പെടുന്നത്.
അണക്കെട്ടുകള്‍ക്കും ഖനികള്‍ക്കും വേണ്ടി ആയിരക്കണക്കിന് മനുഷ്യരെ കുടിയൊഴിപ്പിക്കുകയും തയ്യാറാകാത്തവരെ നാനാവിധ പീഡനങ്ങളിലൂടെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണകൂടം, കോര്‍പ്പറേറ്റ് കൊള്ള നിര്‍ല്ലജ്ജം നടത്താന്‍ വേണ്ടി സ്വന്തം ജനതയോട് അപ്രഖ്യാപിത ആഭ്യന്തര യുദ്ധം നടത്തുന്ന ഒരു മര്‍ദ്ദക യന്ത്രമാണ്. ആരുടെ വികസനം, ആര്‍ക്ക് വേണ്ടിയുള്ള വികസനം എന്ന ചോദ്യത്തിന് ജനാധിപത്യപരമായ സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാരിന് ബാധ്യതയുണ്ട്. പകരം വികസന വിരോധികളായ പരിസ്ഥിതിവാദികള്‍ക്കെതിരെ ഗുണ്ടാ നിയമം പ്രയോഗിക്കും എന്നു പറയുന്ന വിജയനെപ്പോലുള്ള മുഖ്യമന്ത്രിയാണ് നമുടെ ജനാധിപത്യത്തിന്റെ പ്രതീകമെന്ന് വരുമ്പോള്‍, ഒരു സമൂഹം എന്ന നിലയില്‍ നാമെത്ര ഭീതിദമായ സങ്കല്പ്പവരള്ച്ചയെയാണ് നേരിടുന്നത് എന്നു താനേ തെളിയുന്നുണ്ട്.
കീഴാറ്റൂരിലെ നെല്‍പ്പാടങ്ങളുടെ കണക്ക് മാത്രമല്ല ആ സമരത്തെ പ്രസക്തമാക്കുന്നത്. അത് മേല്‍പ്പറഞ്ഞ ജനാധിപത്യ പ്രശ്നങ്ങള്‍ക്കൊപ്പം കേരളം നേരിടുന്ന ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങളുടെയും സവിശേഷമായി നെല്‍വയലുകളുടെ വിസ്തീര്‍ണത്തിലും നെല്‍ കൃഷിയിലും സംഭവിക്കുന്ന ആത്മഹത്യാപരമായ കുറവിനെക്കുറിച്ചുമുള്ള മനുഷ്യരുടെ ആശങ്കയുടെ രാഷ്ട്രീയ സമരമാണ് എന്നതാണ്. സമരത്തില്‍ പി സി ജോര്‍ജിനെയും സുരേഷ് ഗോപിയെയും പോലുള്ള രാഷ്ട്രീയ അശ്ലീലങ്ങള്‍ വേഷംകെട്ടി ഇടംപിടിച്ചു എന്നത് ഈ ചോദ്യങ്ങളെ ഇല്ലാതാക്കുന്നില്ല. ചോദ്യങ്ങള്‍ക്കും സമസ്യകള്ക്കുമാണ് ഉത്തരങ്ങളും പൂരണങ്ങളും. കയ്യടിക്കുന്നവരുടെ സൌന്ദര്യം നോക്കിയല്ല.
http://www.azhimukham.com/investigative-report-on-ordinance-rule-vy-pinarayivijayan-government/
http://www.azhimukham.com/trending-dont-allow-people-with-vested-interest-to-hijack-vayalkkilikal-writes-kjjacob/
1980-81-ല്‍ കേരളത്തിന്റെ വരുമാനത്തിന്റെ 37 ശതമാനം കൃഷിയും അനുബന്ധ മേഖലകളുമായിരുന്നു നല്‍കിയത്. എന്നാല്‍ ഇപ്പോഴത് 9 ശതമാനത്തില്‍ താഴെയാണ്. 1970- കാലഘട്ടത്തില്‍ 20 ലക്ഷത്തിലേറെ ഹെക്ടറില്‍ കൃഷി ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ മൊത്തം കൃഷി 13 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. ഇത് വര്‍ഷം തോറും താഴോട്ട് പോകുന്ന പ്രവണതയുമാണ്. നെല്‍വയലുകള്‍ ഒരു കീഴാറ്റൂര്‍ പ്രശ്നമല്ല എന്നു ബോധ്യമാകാന്‍ നെല്‍കൃഷി സംബന്ധിച്ച കണക്കുകള്‍ ധാരാളമാണ്. 1974-75-ല്‍ 8.8 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ 2 ലക്ഷം ഹെക്ടറോളം മാത്രമാണ്. കീഴാറ്റൂരില്‍ മാത്രമല്ല, മിക്കയിടത്തും ആളുകള്‍ നല്ല വില കിട്ടിയാല്‍ നെല്‍പ്പാടങ്ങള്‍ വില്‍ക്കുക തന്നെ ചെയ്യും. ഒരുതരത്തിലും പിടിച്ചുനില്‍ക്കാനാകാത്ത വിധം നെല്‍കൃഷി ലാഭകരമല്ലാതാക്കി മാറ്റിയിട്ട്, കൃഷിക്കാരന് ഭൂമി വില്ക്കാന് തയ്യാറാകുന്നതിനെ , അവരുടെ സമ്മതപത്രങ്ങളെ പൊക്കിക്കാണിക്കുന്നത് ക്രൂരമായ പരിഹാസമാണ്. ചെറുകിട നെല്‍കൃഷിക്കാരന്റെ കയ്യില്‍ കേരളത്തില്‍ മിക്കയിടത്തുമുള്ളത്, ഏതാണ്ട് 88 ശതമാനം പേരുടെയും പക്കല്‍, ഒരേക്കറില്‍ താഴെ ഭൂമിയാണ്. ഇത്തരം തുണ്ടുഭൂമികളില്‍ എങ്ങനെയാണ് നെല്‍കൃഷി ലാഭകരമായി നടത്തുന്നത് എന്നതിന്, പാടം വില്‍ക്കൂ, അവിടെ രാജസ്ഥാന് മാര്‍ബിള്‍ വില്‍ക്കുന്ന കട പണിയട്ടെ എന്നാണ് സര്‍ക്കാര്‍ ഉപദേശം എന്നാണവസ്ഥ.
കേരളത്തിലെ കൃഷിഭൂമിയുടെ ഉടമസ്ഥരില്‍ വലിയൊരു വിഭാഗം കൃഷിക്കാരല്ല. ഇതോടെ കൃഷി ഭൂമി ഒരു ഉത്പാദനോപാധി എന്ന നിലയില്‍ നിന്നും കച്ചവടച്ചരക്കും ഊഹക്കച്ചവടത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപവുമായി മാറിയിരിക്കുന്നു. കേരളത്തിലുടനീളം കൃഷിഭൂമി ഇങ്ങനെ മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തിപ്പിക്കുന്ന, അതിനെ ഒരു ഉത്പാദനോപാധി എന്ന നിലയില്‍ നിന്നും ഭൂമിയെ വെറും ചരക്കായി കാണുന്ന സാമ്പത്തിക വിനിമയത്തിനെ ഒരു സമൂഹം എന്ന നിലയില്‍ കേരളം മടികൂടാതെ പ്രോത്സാഹിപ്പിച്ചു എന്നുതന്നെ പറയേണ്ടി വരും. സേവന മേഖലകളുടെ പുരോഗമനപരമായ വ്യാപനം, അവ സൃഷ്ടിച്ച മെച്ചപ്പെട്ട സാമൂഹ്യ സൂചികകളുടെ ജീവിതാവബോധം, പ്രവാസി പണം എന്നിവയെല്ലാം ചേര്‍ന്നുണ്ടാക്കിയ 1980-കള്‍ക്ക് ശേഷമുള്ള മലയാളി സമൂഹത്തിന് കൃഷി എന്നാല്‍ റബര്‍ ആണെന്ന പരമാവധി ബോധം മാത്രമായി. നെല്‍വയലുകള്‍ നികത്തുന്നത് കേരളത്തിന്റെ സാംസ്കാരിക ആത്മഹത്യയെന്ന കാല്പനിക വിലാപമല്ല, ഒരു ഭൂപ്രദേശത്തെ നാം കൊല്ലുകയാണ് എന്ന ശാസ്ത്രീയബോധം പോലും നാം ഗൌരവമായി എടുത്തില്ല എന്നതാണ് 2 ലക്ഷം ഹെക്ടറില്‍ ചക്രശ്വാസം വലിക്കുന്ന നെല്‍പ്പാടങ്ങള്‍ പറയുന്ന കഥ.
http://www.azhimukham.com/keralam-keezhattor-bypass-there-are-alternatives-study-by-keralasasthrasahithyaparishad/
ഈ വിശാലമായ കാര്‍ഷിക പ്രശ്നത്തെയാണ്, ഭൌമ പ്രതിസന്ധിയെയാണ് കീഴാറ്റൂര്‍ ഉയര്‍ത്തുന്നത്. ആ ചോദ്യത്തിനാണ് കേരളം ഉത്തരം കണ്ടെത്തേണ്ടത്. ഒരു റോഡും എട്ടേക്കര്‍ വയലും എന്ന കണ്ണുപൊത്തിക്കളിയല്ല കീഴാറ്റൂര്‍. അവിടെ ഐക്യദാര്‍ഢ്യവുമായി വന്ന അവസരവാദികളെക്കണ്ട് ഇവര്‍ വന്നെങ്കില്‍ ഞാനില്ല എന്നു പറഞ്ഞോടുന്നത്, ചരിത്രത്തില്‍ സമരങ്ങള്‍ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നതിനെക്കുറിച്ച് രാഷ്ട്രീയ ധാരണയില്ലാത്തതുകൊണ്ട് മാത്രമല്ല, നിങ്ങള്‍ക്കാ സമരമുയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നത്തെ തമസ്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യേണ്ടതുണ്ട് എന്നതുകൊണ്ടാണ്.
യു പി എ ഭരണകാലത്തെ ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് അഹ്ലൂവാലിയ കേരളത്തിനോട് ആവശ്യപ്പെട്ടത് അരി മറ്റിടങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യാവുന്നതെയൂള്ളൂ, നിങ്ങളീ പാടങ്ങള്‍ മറ്റ് നിക്ഷേപ വിനിയോഗങ്ങള്ക്കായി മാറ്റണം എന്നാണ്. ഇത് കൃഷിഭൂമിയെക്കുറിച്ചുള്ള ഇടതുപക്ഷ കാഴ്ച്ചപ്പാടല്ല എന്നതില്‍ നമുക്ക് സംശയമൊന്നുമില്ല. അപ്പോഴെന്താണ് ഇടതുപക്ഷ കാഴ്ച്ചപ്പാട്. അത് പറയേണ്ട സമയത്ത്, നല്ല വിലയ്ക്ക് ഭൂമി വില്ക്കാന് തയ്യാറായ, ഒട്ടും ലാഭകരമല്ലാത്ത കൃഷി വേണ്ടെന്ന് വെക്കാനുള്ള ജനങ്ങളുടെ ഗതികേടിന്റെ സമ്മതപത്രങ്ങളെ സംരക്ഷിക്കാനാണ് ഇടതുപക്ഷം പ്രകടനം നടത്തുന്നതെങ്കില്‍, കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് മാത്രമല്ല, 20-ആം നൂറ്റാണ്ടിലെ വര്ഗസമരമായ ഭൂമിയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള, മുതലാളിത്തത്തിന്റെ അത്യാര്‍ത്തിയുടെയും അതിന്റെ പ്രതിസന്ധിയുടെയും ഫലമായുള്ള വിനാശകരമായ ചൂഷണത്തിനെതിരെയുള്ള സമരത്തെക്കുറിച്ച് തികച്ചും ഉപരിവര്ഗധാരണകളില് നിങ്ങള്‍ കുടുങ്ങിയിരിക്കുന്നു എന്നാണ്.
http://www.azhimukham.com/news-wrap-will-sureshgopi-tell-he-wants-to-rebirth-as-tribal-in-his-next-life-ssajukomban/
http://www.azhimukham.com/fbpost-sreechithran-mj-criticising-suresh-gopi-statement-on-brahman/
വേണ്ട രീതിയില്‍ ചര്‍ച്ച പോലും നടത്താതെ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ മുന്‍കാല പ്രാബല്യത്തില്‍ നികത്തലുകള്‍ക്ക് അനുമതി നല്കിയ, പാടം നികത്തലിനുള്ള അനുമതി ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ വിവേചനബുദ്ധി മാത്രമാക്കിയ ഈ സര്‍ക്കാര്‍ അതിന്റെ വിനാശകരമായ സമീപനം പ്രകടിപ്പിച്ചതാണ്. ലക്ഷകണക്കിനേക്കര്‍ നെല്‍പ്പാടം കേരളത്തില്‍ നികത്തിപ്പോയത്, ഇവിടെ അന്യഗ്രഹജീവികള്‍ ഭരിക്കുമ്പോഴല്ല. അതുകൊണ്ട് ഒരു സമൂഹമെന്ന നിലയില്‍ കീഴാറ്റൂര്‍ സമരം ഈ ഭൂപ്രദേശത്തിന്റെ നിലനില്‍പ്പിന്റെ കൂടി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
സര്‍ക്കാര്‍ മാത്രമല്ല, ഒരു സമൂഹമെന്ന നിലയില്‍ നികന്നുപോയ വയലുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ഓരോ മലയാളിയും അതിനുള്ള ഉത്തരം രാഷ്ട്രീയമായും ശാസ്ത്രീയമായും കണ്ടെത്തിയെ തീരൂ.
(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
http://www.azhimukham.com/kerala-will-continue-keezhattoor-protest-seeking-support-from-every-corner-say-vayalkkilikal/
http://www.azhimukham.com/kerala-what-is-happening-in-keezhaattoor-and-who-is-vayalkkilikal-report-by-kr-dhanya/
http://www.azhimukham.com/newsupdate-kerala-sasthrasahithya-parishad-demands-withdrew-paddy-wetland-act-ordinance/
http://www.azhimukham.com/opinion-bjp-is-waiting-for-making-keazhatoor-as-nandhigram-when-cpim-acts-senseless/
http://www.azhimukham.com/kerala-kr-dhanya-investigative-report-on-ordinance-that-set-to-seek-sanction/
http://www.azhimukham.com/kerala-ground-water-act-ordinance-raj-of-ldf-government-krdhanya/
http://www.azhimukham.com/kerala-kerala-state-planing-re-publish-the-ordinance-but-rising-disagreement-among-even-left-leaders/