TopTop
Begin typing your search above and press return to search.

ജോലി കിട്ടാന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പോര; ഏതാ ജാതി?

ജോലി കിട്ടാന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പോര; ഏതാ ജാതി?

ഒരു ട്രെയിൻ യാത്രയിലാണ് അവളെ ആദ്യമായി കാണുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഒരു തമിഴ് യുവതിയാണെന്നു വിളിച്ചു പറയുന്ന ആഭരണങ്ങളും വേഷവിധാനങ്ങളും. അറിയാവുന്ന തമിഴിൽ പരിചയപ്പെട്ടു. പേര് പൂങ്കൊടി*. വയസ്സ് ഇരുപത്തെട്ട്. വിദ്യാഭ്യാസ യോഗ്യത എം എ, ബി.എഡ്‌. ജോലി കോയമ്പത്തൂർ കോർപറേഷനിൽ അക്കൗണ്ട്സ് വിഭാഗത്തിൽ. ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ട്രെയിൻ കോയമ്പത്തൂർ എത്താറായപ്പോഴേക്കും ഭർത്താവിന്റെ ഫോൺ കോളുകൾ കൂടിക്കൂടി വന്നു. മുഖത്ത് ചെറിയൊരു നാണത്തോടെ, സംഭാഷണം മുറിച്ചു കടന്നു വന്ന കോളുകൾക്ക് ക്ഷമ പറഞ്ഞ് അവൾ പറഞ്ഞു; വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയുള്ളൂ.

ഞാൻ ഒരു ജേര്‍ണലിസ്റ് ആണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഉടൻ വന്നു ചോദ്യം, "ദിവ്യ ഭാരതിയെ അറിയുമോ?"? അവൾ ഉദേശിച്ചത്‌ 'കക്കൂസ്' എന്ന ഡോക്യുമെന്ററി സിനിമയെടുത്ത ദിവ്യയെക്കുറിച്ചാണെന്നു മനസിലായി. ദിവ്യ വളരെ അടുത്ത സുഹൃത്താണെന്നും പലപ്പോളും എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ അവൾക്കെന്തോ എന്നോട് പറയാനുള്ളതായി തോന്നി. ചോദിച്ചപ്പോൾ പറഞ്ഞു; "എന്റെ ജോലിയെക്കുറിച്ചു ഞാൻ നിങ്ങളോടു പറഞ്ഞത് കള്ളത്തരമാണ്". ഒന്ന് നിർബന്ധിച്ചപ്പോൾ അവൾ തുടർന്നു. തമിഴ്നാട്ടിൽ അരുന്ധതിയാർ എന്നറിയപ്പെടുന്ന ദളിത് വിഭാഗത്തിൽപെട്ടതാണ് അവളുടെ കുടുംബം. ദളിതർക്കിടയിൽ തന്നെ ഏറ്റവും താഴെത്തട്ടിലാണ് അരുന്ധതിയാറിന്റെ സ്ഥാനം. കക്കൂസ് വൃത്തിയാക്കാലും ഓട വൃത്തിയാക്കലും മാലിന്യ ശേഖരണവും കുലത്താഴിലായി ചെയ്തു പോരുന്ന, അരികുവത്ക്കരിക്കപ്പെട്ട, അടിസ്ഥാന അവകാശങ്ങൾ പോലും കാലങ്ങളായി നിഷേധിക്കപ്പെട്ട ഒരു വിഭാഗം.

കോര്‍പറേഷനിൽ തൂപ്പു ജോലിക്കാരനായിരുന്നു അവളുടെ അച്ഛന്‍. 2013 ജനുവരി 13-ന് ഹാർട്ട് അറ്റാക്ക് വന്ന് അച്ഛൻ മരിച്ചു. കുടുംബം പട്ടിണിയാകുമെന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാണ് ജോലിയിലിരിക്കെ മരിച്ച ആളുടെ ആശ്രിതന് ജോലി കിട്ടുമെന്നറിഞ്ഞത്. ഒരുപാടു സന്തോഷത്തോടെ 2015 സെപ്തംബര്‍ 28-ന് അപ്പോയ്മെന്റ് ഓർഡർ വാങ്ങി വായിച്ചു നോക്കിയ പൂങ്കൊടി തളർന്നു പോയി. എം എ, ബി.എഡ് ബിരുദധാരിക്ക് കിട്ടിയ തസ്‌തിക സാനിറ്ററി വർക്കർ.

"ഞാൻ ഒരു അരുന്ധതിയാർ വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടു മാത്രമാണ് എനിക്ക് ഈ പോസ്റ്റ് കിട്ടിയത്. എന്റെ വിദ്യാഭ്യാസ യോഗ്യതയല്ല അവർ കാണക്കാക്കിയത്, പകരം ജാതി. മൂന്നാക്ക ജാതിയിപ്പെട്ട ഒരാൾക്കും അവർ ഈ തസ്തിക കൊടുക്കില്ല. ഞങ്ങൾ എത്ര പഠിച്ചിട്ടും എന്ത് കാര്യം; തീട്ടം കോരാനും കക്കൂസ് കഴുകാനും തന്നെ ഞങ്ങളുടെ വിധി". ആ ജോലിക്കു പോകില്ല എന്ന് തീരുമാനിച്ച് അവൾ വീട്ടിലെത്തി. പക്ഷെ, വീട്ടിലെ ദാരിദ്ര്യത്തെക്കുറിച്ചും അനുജത്തിമാരുടെ ഭാവിയെക്കുറിച്ചും പറഞ്ഞ് അമ്മ അവളുടെ മനസ്സ് മാറ്റിയെടുത്തു. മനസ്സില്ലാ മനസ്സോടെ അവൾ ജോലിയിൽ ചേർന്നു. എന്നിട്ടു ധൈര്യം സംഭരിച്ച് നേരെ ഡെപ്യൂട്ടി കമ്മീഷണറെ കണ്ടു കാര്യം പറഞ്ഞു. മനസലിവ് തോന്നിയിട്ടോ എന്തോ അവളോട് അക്കൗണ്ട്സ് സെക്ഷനിൽ ജോലി ചെയ്തോളാൻ പറഞ്ഞു. ഏകദേശം 5 പേരുടെ ഒഴിവുള്ള ഒരു തസ്തികയിൽ ജോലി ആരംഭിച്ചു. പക്ഷെ, വര്‍ഷം രണ്ടാകാറായിട്ടും ഇന്നും പൂങ്കൊടിയുടെ തസ്തിക സാനിറ്ററി വർക്കർ; ശമ്പളം 15,000 രൂപ തന്നെ.

പൂങ്കൊടിയോളം ധൈര്യമില്ലാത്ത, ഉന്നത വിദ്യാഭ്യാസമുള്ള അനേകം ദളിത് പുരുഷന്മാരും സ്ത്രീകളും ഇന്നും സാനിറ്ററി വർക്കേഴ്സ് ആയിത്തന്നെ ജോലി ചെയ്തു പോരുന്ന ഒരു കോര്‍പറേഷനാണ് കോയമ്പത്തൂർ കോര്‍പറേഷന്‍ എന്ന് അന്വേഷണത്തിൽ നിന്നും മനസിലായി. ഈ ഉന്നത ബിരുദധാരികളെ സൂപ്പർവൈസ് ചെയ്യുന്ന പലരും വെറും എട്ടാം ക്ലാസ് വിജയികളാണെന്നു തിരിച്ചറിയുമ്പോളാണ് ഒരു സംസ്ഥാനം അതിന്റെ സർക്കാരിലൂടെ എങ്ങനെയാണ് ജാതീയത നിലനിർത്തിപോരുന്നത് എന്ന് മനസിലാവുന്നത്.

*പൂങ്കൊടി എന്നത് അവളുടെ ശരിയായ പേരല്ല. ഐഡന്റിറ്റി പുറത്തു വന്നാൽ അവൾക്ക് സമാധാനമായി ജോലി ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞതിനാൽ പേര് മാറ്റിയതാണ്.

(നിഷ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories