Top

ഗോഡ്സെയാണ് ഗുരു; ഓർത്തിരിക്കേണ്ട കൊലപാതകങ്ങൾ

ഗോഡ്സെയാണ് ഗുരു; ഓർത്തിരിക്കേണ്ട കൊലപാതകങ്ങൾ
നരേന്ദ്ര ധാബോൽക്കർ
ഇന്ത്യൻ കബഡി ടീമംഗവും അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനായിരുന്നു നരേന്ദ്ര ധാബോൽക്കർ. മഹാരാഷ്ട്ര അന്ധവിശ്വാസ നിർമൂലൻ സമിതിയുടെ നേതാവായിരുന്നു. ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖിൽ ഭാരതീയ അന്ധവിശ്വാസ നിർമൂലൻ സമിതിയുടെ (ABANS) എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരായിരുന്നു.

ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയേയും തൊട്ടുകൂടായ്മയെയും വിമർശിച്ചു. ദളിതരുടെ തുല്യ അവകാശങ്ങൾക്ക് വേണ്ടി പോരാടി. ദുർമന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാര നിർമാർജജന നിയമം (Anti-superstition and black magic bill) പാസാക്കാൻ മഹാരാഷ്ട്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയായിരുന്നു.

കൊല ചെയ്യപ്പെട്ടത്: 2013 ഓഗസ്റ്റ് 20
സ്ഥലം: പൂനെ, മഹാരാഷ്ട്ര

കൊല നടത്തിയ രീതി: പ്രഭാത സവാരിക്കിടെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് അക്രമികൾ ബൈക്കിൽ രക്ഷപ്പെടുന്നു.

ഗോവിന്ദ് പൻസാരെ
മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) മുതിർന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന വ്യക്തിയാണ് ഗോവിന്ദ് പൻസാരെ. പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച, 'ആരായിരുന്നു ശിവജി?' എന്ന അദ്ദേഹത്തിന്റെ പുസ്തകം ജനപ്രീതി നേടിയിരുന്നു. ഈ പുസ്തക രചന കാരണം വർഗ്ഗീയ തീവ്രവാദികളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു.

വെടിയേറ്റത്: 2015 ഫെബ്രുവരി 16
സ്ഥലം: മുംബൈ, മഹാരാഷ്ട്ര

കൊല നടത്തിയ രീതി: പ്രഭാത സവാരിക്കിടെ പൻസാരയേയും ഭാര്യയേയും ബൈക്കിലെത്തിയ രണ്ട് അക്രമികൾ ക്ലോസ് റേഞ്ചിൽ വെടിവെച്ച ശേഷം രക്ഷപെടുന്നു. ആശുപത്രിയിൽ വെച്ച് മരണം.

കൊലപാതകത്തിന് ഏഴു മാസങ്ങൾക്ക് ശേഷം ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകർ കൊലപാതകക്കേസിൽ അറസ്റ്റിലായി.

എം.എം. കൽബുർഗി
കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി.സിയുമായിരുന്നു ഡോ. കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കൽബുർഗി. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകൾ സ്വീകരിച്ചിരുന്നു.

വിഗ്രഹാരാധനയെ എതിർത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു.ആർ അനന്തമൂർത്തിയുടെ വാക്കുകൾ അടുത്തിടെ ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നു. തുടർന്ന് കൽബുർഗിക്കെതിരേ വിഎച്ച്പിയും ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു.

കൊല ചെയ്യപ്പെട്ടത്: 2015 ആഗസ്റ്റ് 30
സ്ഥലം: ധർവാഡ്, കർണാടക

കൊല നടത്തിയ രീതി: രാവിലെ വീട്ടിലെത്തിയ രണ്ട് അക്രമികൾ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ രക്ഷപെടുന്നു.

ഗൗരി ലങ്കേഷ് 
മുതിർന്ന മാധ്യമ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായിരുന്നു ഗൗരി ലങ്കേഷ്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന പി. ലങ്കേഷിന്റെ മകളായ ഗൗരി ലങ്കേഷ് ഹിന്ദുത്വ ഭീകരതയ്ക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന വ്യക്തിത്വമായിരുന്നു.

കൊല ചെയ്യപ്പെട്ടത്: 2017 സെപ്റ്റംബർ 5
സ്ഥലം: ബാംഗ്ലൂർ, കർണാടക

കൊല നടത്തിയ രീതി: ചൊവ്വാഴ്ച രാത്രി എട്ടു മണിക്കാണ് സംഭവം നടന്നത്. ഗൗരി ലങ്കേഷ് തന്റെ കാറിൽ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ ക്ലോസ് റേഞ്ചിൽ നിന്ന് വെടിവെച്ചിട്ട ശേഷം അക്രമികൾ രക്ഷപെട്ടു.

ഇനി ഒരു കൊലപാതകം കൂടിയുണ്ട്
1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തൻ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്ന ഒരു മനുഷ്യനാണ്.

അവിടുന്നാണ് തുടക്കം
ഗോഡ്സെയാണ് ഗുരു!

(ഗോപി കൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories