Top

എവിടെയാണ് നാട്ടുകാരെ നിങ്ങളുടെ നീതിയുടെ പാണ്ടികശാലകള്‍? മോഷ്ടിക്കാനല്ല, കത്തിക്കാനാണ്

എവിടെയാണ് നാട്ടുകാരെ നിങ്ങളുടെ നീതിയുടെ പാണ്ടികശാലകള്‍? മോഷ്ടിക്കാനല്ല, കത്തിക്കാനാണ്
അട്ടപ്പാടിയില്‍ ഒരു ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു എന്ന വാര്‍ത്ത മലയാളിയുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളില്‍ എവിടേയും സ്പര്‍ശിക്കപ്പെടാതെ പോകും. അയാള്‍ പേരില്ലാത്ത, ബന്ധുബലമില്ലാത്ത, രാഷ്ട്രീയ പിന്തുണയില്ലാത്ത, ഈ ജനാധിപത്യറിപ്പബ്ലിക്കിന് കണ്ണുപറ്റാതിരിക്കാന്‍ പാകത്തില്‍ ഭരണവര്‍ഗം കുത്തിനിര്‍ത്തിയ കോലങ്ങളിലൊന്നാണ് എന്ന പൊതുബോധത്തില്‍ കേരളസമൂഹം ഒരസ്വാരസ്യവുമില്ലാതെ ജീവിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.

കുടിയേറിയും കയ്യേറിയും തോട്ടങ്ങളായും പള്ളികളായും രൂപതകളായും ഒക്കെ കേരളത്തിലെ കാടുകള്‍ അവസരവാദ, ധനിക രാഷ്ട്രീയ വിളവെടുപ്പിന്റെ ജൈവ വൈവിധ്യത്താല്‍ സമ്പന്നമായപ്പോള്‍ ആദിവേരുകള്‍ക്കപ്പുറവും ആ കാടിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന മനുഷ്യര്‍ എങ്ങനെ നീട്ടിയും കുറുക്കിയും വര്‍ത്തമാനം പറഞ്ഞെത്തിയ വരത്തര്‍ക്ക് മുന്നില്‍ ആ കാടുകളുടെ അതിരുകളില്‍ ഭൂരഹിതരായി, ശീലക്കീറുകളില്‍ പൊതിഞ്ഞുമൂടി വരണ്ട അന്നപ്പാത്രങ്ങളില്‍ തുറിച്ചുനോക്കിയിരിക്കേണ്ടി വന്നു എന്നത് മലയാളികളുടെ കൊടികെട്ടിയ രാഷ്ട്രീയബോധത്തിന്റെ മുഖ്യധാരയില്‍ ഇന്നും ഒരു പ്രശ്നമേയല്ല. തട്ടിയെടുത്ത ആദിവാസി ഭൂമി തിരിച്ചുകൊടുക്കാതിരിക്കാന്‍ ഒന്നിനെതിരെ സര്‍വ്വകക്ഷി വോട്ടോടെ നിയമസഭാ പ്രമേയം അംഗീകരിച്ചാണ് നമ്മള്‍ ആഘോഷിച്ചത്. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ എന്നു ചോദിച്ച കടമ്മനിട്ടയെ എംഎല്‍എയാക്കി സഭ താന്ത്രികവിധി പ്രകാരം പരിഹാരം ചെയ്തു.

ആള്‍ക്കൂട്ടത്തിന്റെ ഹിംസാത്മകമായ ഇടപെടലുകള്‍ എങ്ങനെയാണ് ഭരണകൂടത്തിന്റെ ഹിംസയുമായി, ഉപരിവര്‍ഗ, ഭരണവര്‍ഗ പൊതുബോധവുമായി ഒത്തുപോകുന്നതെന്ന് നമ്മള്‍ കണ്ടതും പറഞ്ഞിട്ടുള്ളതുമാണ്. ആദിവാസിയെ തല്ലിക്കൊന്ന് സെല്‍ഫിയെടുത്തിട്ട 'നാട്ടുകാര്‍' ക്രിമിനലുകളും അതിന്റെ തുടര്‍ച്ചയാണ്. ഗുണ്ടാ സംഘങ്ങളെപ്പോലെ രാഷ്ട്രീയകക്ഷികള്‍ മനുഷ്യരെ പച്ചയ്ക്ക് വെട്ടിക്കൊല്ലുന്ന നാട്ടില്‍, അതൊരു ധീരകൃത്യമായി കൊണ്ടാടപ്പെടുന്ന നാട്ടില്‍, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പാര്‍ട്ടി സമ്മേളനത്തില്‍ ആദരിക്കുന്ന നാട്ടില്‍, ഈ സംഘടിത ഗുണ്ടാസംഘങ്ങളെ സമാശ്വസിപ്പിക്കാന്‍ സമാധാനസമ്മേളനം നാട്ടുകാരുടെ ചെലവില്‍ വിളിക്കുന്ന നാട്ടില്‍, ആദിവാസി കൊല്ലപ്പെട്ടാല്‍ അതിനെതിരെ പ്രതിഷേധിച്ചാല്‍ ഉടനെ വരും മാവോവാദത്തിന്റെ പുലിപ്പേടിയുമായി ഇടിവണ്ടികള്‍. വ്യാജ ഏറ്റുമുട്ടലില്‍ രണ്ടു പേരെ കേരളത്തില്‍ ഭരണകൂടം കൊന്നതല്ലാതെ മാവോവാദികള്‍ കേരളത്തില്‍ ആരെയും കൊന്നതായി നമുക്കറിയില്ല. എന്നിട്ടും കൊലപാതക യന്ത്രങ്ങളായ സംഘടിത ഗുണ്ടാ സംഘങ്ങള്‍ക്ക് സമാധാന ചര്‍ച്ച, ആദിവാസിക്ക് തണ്ടര്‍ ബോള്‍ട്ട്!

തല്ലിനിരപ്പാക്കി ഒരു ദുര്‍ബലനായ മനുഷ്യനെ പൊലീസിന്റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍, അതും അയാള്‍ ആദിവാസി വിഭാഗത്തില്‍ പെടുന്ന, അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമപരിരക്ഷയുള്ള ഒരാളാണ് എന്നറിയുന്ന പൊലീസ്, ഒരു ബുദ്ധിമുട്ടുമില്ലാതെ അയാളെ വണ്ടിയിലിട്ട്, നാട്ടുകാര്‍ എന്ന ക്രിമിനലുകളോട് സലാം പറഞ്ഞ് പോന്നു എന്നത് ഈ നാട്ടിലെ മനോവീര്യ പൊലീസ് എന്താണ് എന്ന് നമ്മെ ഒന്നുകൂടി ബോധ്യപ്പെടുത്തുന്നു. അയാളെ കെട്ടിയിട്ടു തല്ലിയ ക്രിമിനലുകള്‍ ആരാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. എന്തുകൊണ്ടാണ് പോലീസ് അവരെ ഉടനടി പിടികൂടാത്തത്? എന്തുകൊണ്ടാണ് SC/ST അതിക്രമ നിരോധന നിയമത്തിന് കീഴില്‍ ജാമ്യമില്ല വകുപ്പുകള്‍ അനുസരിച്ച് കേസ് ചാര്‍ജ് ചെയ്തു കോടതിയില്‍ ഹാജരാക്കാത്തത്? അതിനയാള്‍ മരിച്ചോ ഇല്ലയോ എന്നതുപോലും നോക്കേണ്ടതില്ലയിരുന്നു.
സ്ഥലം എംഎല്‍എയും എംപിയുമൊക്കെ ഈ വിഷയത്തില്‍ എന്തു നിലപാടാണ് എടുക്കുന്നത്? ഒരു മനുഷ്യനെ തല്ലിക്കൊന്ന് സെല്‍ഫിയെടുത്തിട്ട നാട്ടില്‍ നിങ്ങളെന്തു രാഷ്ട്രീയപ്രവര്‍ത്തനമാണ് ഇതിനെതിരെ ശബ്ദിക്കാതെ നടത്തുന്നത്?

വര്‍ണവെറിയാണിത്. രാജസ്ഥാനില്‍ മുസ്ലീമിനെ കത്തിച്ചതും യുപിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലീമിനെ അടിച്ചുകൊന്നതും ഇതിന്റെ വകഭേദങ്ങളാണ്. ആദിവാസിയോടുള്ള വര്‍ണവെറിയില്‍ മതഭേദമില്ല. രണ്ടു മാസം മുമ്പ് സൈലന്‍റ് വാലി കാട്ടിലേക്ക് പോകുമ്പോള്‍ ഇടതുപക്ഷക്കാരനും വൃത്തിയായി രാഷ്ട്രീയം പറയുന്നയാളുമായ ജീപ്പ് ഡ്രൈവര്‍ നിന്ദോക്തിയോടെ പറഞ്ഞത്, 'അടുത്ത ജന്മത്തില്‍ ആദിവാസിയായി ജനിക്കണം, എന്തെല്ലാം ആനുകൂല്യങ്ങളാണ്' എന്നാണ്. ആദിവാസിക്ക് ഒരു പ്രശ്നവുമില്ല, നിങ്ങള്‍ ശല്ല്യപ്പെടുത്താതിരുന്നാല്‍ മതിയെന്നും, അവറ്റകള്‍ക്ക് അധികം കൊടുത്താലും കാര്യമില്ലെന്നെ, എന്നും പറയുന്ന കല്‍പ്പറ്റ-മാനന്തവാടി-പാലാ ബസിലെ ഉറക്കച്ചടവുള്ള രാഷ്ട്രീയമാണ് കേരളത്തിന്റെ പൊതുബോധം.

നിങ്ങള്‍ ആസൂത്രിതമായി വംശഹത്യയിലേക്ക് തള്ളിയിടുന്ന ഒരു വിഭാഗത്തില്‍പ്പെട്ട മനുഷ്യന്‍ കെട്ടിയിട്ട കൈകളുമായി, ചത്തുമലച്ച കണ്ണുകളുമായി നിങ്ങളോട് ചോദിക്കുന്നത്, നീതിന്യായത്തിന്റെ അങ്ങാടിയെവിടെ എന്നാണ്? നീതി വില്‍ക്കുന്ന കടയേതാണ് എന്നാണ്? അയാള്‍ക്ക് കുത്തിത്തുറക്കാനാണ്; മോഷ്ടിച്ചാണെങ്കിലും അല്പം കിട്ടുമോ എന്നറിയാന്‍.

എവിടെയാണ് നാട്ടുകാരെ നിങ്ങളുടെ നീതിയുടെ പാണ്ടികശാലകള്‍? മോഷ്ടിക്കാനല്ല, കത്തിക്കാനാണ്.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/kerala-attappadi-tribal-population-infants-deaths-by-arun/

http://www.azhimukham.com/kerala-attappadi-tribal-life-infant-death-malnutrition-by-kg-balu/

http://www.azhimukham.com/hunger-death-tribal-hamlets-attappadi-peravoor-kerala-arathi/

Next Story

Related Stories