TopTop
Begin typing your search above and press return to search.

ഒരു സ്ത്രീ രാഷ്ട്രീയം പറയുമ്പോള്‍ സിപിഎം പോരാളികള്‍ക്ക് അവളുടെ ഉടലിനെ ഓര്‍മ്മ വരുന്നെങ്കില്‍ അതൊരു സാമൂഹികവിരുദ്ധ സംഘമായി മാറി എന്നാണ്

ഒരു സ്ത്രീ രാഷ്ട്രീയം പറയുമ്പോള്‍ സിപിഎം പോരാളികള്‍ക്ക് അവളുടെ ഉടലിനെ ഓര്‍മ്മ വരുന്നെങ്കില്‍ അതൊരു സാമൂഹികവിരുദ്ധ സംഘമായി മാറി എന്നാണ്
കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമയെ സാധ്യമായ എല്ലാ ഹീനവാക്കുകളും ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ സിപിഎം പോരാളികളായി കൊണ്ടാടപ്പെട്ടവരും പ്രഖ്യാപിച്ചവരുമായവര്‍ ഒരു കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്നു. കുലംകുത്തികള്‍ക്ക് മാപ്പില്ല എന്ന ഉഗ്രശാസനത്തിന്റെ ബാക്കിയാണ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്കെതിരെ നടക്കുന്ന ഇത്തരം അധമമായ ആക്രമണത്തെ ഒരു പരിഷ്കൃത സമൂഹമെന്ന എന്തെങ്കിലും തോന്നല്‍ ബാക്കിയുണ്ടെങ്കില്‍ കേരളം എതിര്‍ക്കേണ്ടതാണ്.


സീതാറാം യെച്ചൂരി കോണ്‍ഗ്രസില്‍ ചേരാനുള്ള കളിയാണ് കളിക്കുന്നതെന്ന് പറഞ്ഞ മലയോര കോണ്‍ഗ്രസ് ആയിട്ടും സിപിഎമ്മിന് സൌജന്യമായി ഉപദേശങ്ങള്‍ നല്കുകയും അവരുടെ സൈബര്‍ വൃത്തങ്ങളുടെ പൂമുഖത്ത് അതിഥി സല്‍ക്കാരത്തിന് അര്‍ഹനാവുകയും ചെയ്യുന്ന തരത്തിലുള്ളവരെയൊക്കെ, ഇപ്പോഴും സ്വീകാര്യനാക്കുന്ന തരത്തിലുള്ള സംഘടന-രാഷ്ട്രീയ പ്രതിബദ്ധതയാണ് സൈബര്‍ പോരാളികള്‍ക്ക്. പക്ഷേ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം, മാര്‍ക്സിസ്റ്റ് രാഷ്ട്രീയം നിങ്ങള്‍ പറയുന്നതല്ല എന്നാരെങ്കിലും പറഞ്ഞാല്‍, ഉടനെ കാറ്റിലാടുന്ന കത്തിക്കുലകള്‍ക്കും പൂത്തുനില്‍ക്കുന്ന വാള്‍ത്തലപ്പുകള്‍ക്കുമിടയിലൂടെ പൂരപ്പാട്ടുമായി സൈബര്‍ പോരാളി ജാഥ അണിചേര്‍ന്ന് വരികയായി.പൊതുരംഗത്തുള്ള ഒരു സ്ത്രീയെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍, ഒരു സ്ത്രീയെന്ന് നിലയ്ക്ക് അവര്‍ക്ക് സദാചാരവാദികളുടെ തെറിപ്പാട്ട് കേള്‍ക്കേണ്ടി വരുമ്പോള്‍ എന്തുകൊണ്ടാണ് ഇടതുപക്ഷ വനിതാ സംഘടനകള്‍ മിണ്ടാതെ പോകുന്നത്? 'തായോളി' എന്നു വിളിച്ചാല്‍ അമ്മയെ ഭോഗിക്കുന്നവന്‍ എന്ന ആ ആക്ഷേപത്തിന്, അമ്മയല്ല കര്‍തൃത്വത്തിലെന്നും മകനെയാണ് വിളിക്കുന്നതെന്നും അതുകൊണ്ട് ആ വിളി സ്ത്രീവിരുദ്ധമല്ലെന്നുമൊക്കെ ഇടതുപക്ഷ വൃത്തങ്ങളില്‍ സാമാന്യമായി വായിക്കുന്ന ഒരാള്‍ സിദ്ധാന്തം ചമയ്ക്കുമ്പോള്‍, അയാള്‍ സ്ത്രീവിരുദ്ധതയ്ക്കെതിരായ മറ്റൊരു കുറിപ്പിട്ട് ഇടതുരാഷ്ട്രീയം ഉണ്ടെന്ന് കരുതുന്ന സ്ത്രീകളുടെയടക്കം 'like' വാങ്ങി 'പുതിയ ഇടതുപക്ഷ മിടുക്ക്' കാണിക്കുമ്പോള്‍ സ്ത്രീവാദ, ഇടതുപക്ഷ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളുടെ ആഴം നാം തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തില്‍ പുത്തന്‍ ധനികര്‍ സിപിഎമ്മിനെ വിലയ്ക്കുവാങ്ങുകയല്ല ചെയ്തത്, അവര്‍ സമാന്തരമായി, സിപിഎമ്മിലുള്ളവര്‍ക്ക് വന്നിരിക്കാവുന്ന തൊഴിലാളിവര്‍ഗവിരുദ്ധതയുടെ, മാര്‍ക്സിസ്റ്റ് രാഷ്ട്രീയ വിരുദ്ധതയുടെ ഉത്സവകേന്ദ്രങ്ങളൊരുക്കി നല്കി. നിങ്ങള്‍ക്കും വരാം, നിങ്ങളുടെ മക്കള്‍ക്കും വരാം, ഭാര്യക്കും ഭര്‍ത്താവിനും വരാം, തുണിക്കടയിലെ കാശ്, അബ്കാരി മുതലാളി, കല്യാണത്തിന്റെ ഏര്‍പ്പാട്, ഭൂമി വില്‍പ്പന മുതലാളി, മക്കളുടെ വിദ്യാഭ്യാസം ആത്മീയ വ്യാപാരി, അവര്‍ക്ക് പഠിക്കാന്‍ പോകാന്‍ പ്രവാസി മുതലാളിയുടെ വണ്ടി, ഞങ്ങളുടെ ശതകോടി വ്യാപാരത്തിന്റെ മേല്‍നോട്ടത്തിന് ഞങ്ങള്‍ക്ക് ഹാര്‍വാര്‍ഡ് എംബിഎക്കാരനെ വേണ്ട, നിങ്ങളുടെ പൂവന്‍പഴം പോലുളുണ്ണി മതി, നിങ്ങള്‍ക്ക് എന്തും പറയാന്‍, ഒപ്പം ഞങ്ങളെ പുകഴ്ത്താന്‍ സ്വന്തം ടി വി ചാനല്‍, നിങ്ങള്‍ക്കാനന്ദം, ഞങ്ങള്‍ക്ക് വ്യാപാരം. അങ്ങനെ സമാന്തരമായ ആനന്ദത്തിന്റെ, വ്യാപാരത്തിന്റെ ലോകങ്ങള്‍ സൃഷ്ടിച്ചാണ് ധനികര്‍ ആ സംഘടനയെ വര്‍ഗരാഷ്ട്രീയം ചോര്‍ന്നുപോയ ഒരു യന്ത്രമാക്കി മാറ്റിയത്.

ആണ്‍നോട്ടത്തിന്റെ വഷളന്‍ ചോദ്യങ്ങളുമായിരിക്കുന്ന ചാനല്‍ മേധാവി, 21-ആം നൂറ്റാണ്ടിലെ വര്‍ഗസമരമെന്ന് കണക്കാക്കാവുന്ന പരിസ്ഥിതിക്കും ഈ ഭൂമിക്കുമായുള്ള സമരത്തെ ഗുണ്ടാനിയമം വെച്ചു നേരിടുമെന്ന് പറയുന്ന, ധനികമുതലാളിമാരുടെ ദല്ലാളായൊരു മുഖ്യമന്ത്രി, സ്വന്തം മക്കളുടെ വ്യാപാര സംരക്ഷണത്തിന് കുത്തക മുതലാളിമാര്‍ കാവല്‍ നില്‍ക്കുന്നൊരു പാര്‍ട്ടി സെക്രട്ടറി, അവിടെനിന്നും വരുന്ന സൈബര്‍ കമ്മിസാറന്മാര്‍ക്ക് സ്ത്രീവിരുദ്ധതയുടെ സുരതപ്പാട്ടല്ലാതെ മറ്റെന്തറിയും?

ആരെങ്കിലും എവിടെയെങ്കിലും വിളിക്കുന്ന രണ്ടു തെറിയുടെ കണക്കല്ലിത്. രമയെ തെറിവിളിക്കുന്നത് പറയുമ്പോള്‍ കൊല്ലപ്പെട്ട സിപിഎം സഖാവിന്റെ ഭാര്യയെ ആര്‍ക്കുമറിയില്ലല്ലോ എന്ന ചോദ്യം തയ്യാറാക്കിവെച്ചിരിക്കുന്ന ആസൂത്രിത കളിയാണിത്. കൊല്ലപ്പെട്ട സിപിഎം സഖാക്കളുടെ ഭാര്യക്കും മക്കള്‍ക്കുമൊന്നും കമ്പനിയില്‍ വൈസ് പ്രസിഡണ്ടാകാനും ആത്മീയതട്ടിപ്പുകാരിയുടെ സ്ഥാപനത്തില്‍ പഠിക്കാനും, പിന്നെ സിഇഓ ആകാന്‍ സ്ഥാപനം നല്‍കാനുമൊന്നും മുതലാളിമാരെ കാണുന്നില്ലല്ലോ, എന്തേ അവരൊക്കെ പാര്‍ട്ടി മേലാളന്മാര്‍ക്ക് മാത്രമായിപ്പോയി എന്നുകൂടി ചോദിക്കൂ. അപ്പോഴേ എണ്ണക്കളികളില്‍ കൊല്ലപ്പെട്ട, രാഷ്ട്രീയമില്ലാത്ത ഗുണ്ടാസംഘങ്ങളുടെ കളികളില്‍ വീണുപോയ മനുഷ്യരോടുള്ള നീതിയാകൂ.

സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുപക്ഷ ഏറ്റുമുട്ടലില്‍ സ്ത്രീവിരുദ്ധ ഭാഷ എന്ന ലളിതവത്കരണത്തില്‍, കണ്ടില്ലേ എല്ലാം കണക്കാണ് എന്ന വിഷാദമല്ല. അനേകായിരം മനുഷ്യരുടെ, ഇടതുപക്ഷം എന്ന ആശയത്തോടുള്ള, സാമൂഹ്യമാറ്റത്തിനുള്ള പ്രയോഗസാധ്യതയും വിശകലാനായുധങ്ങളുമായി കൊണ്ടുനടക്കുന്ന രാഷ്ട്രീയബോധ്യങ്ങളോടുള്ള പ്രതിബദ്ധതയെ ഇത്രയും വികലമാക്കുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ, ജനാധിപത്യ വിരുദ്ധ, സ്ത്രീവിരുദ്ധ രാഷ്ട്രീയത്തോടുള്ള വിട്ടുവീഴ്ച്ചയില്ലാത്ത സമരമാകണം ഇത്. സ്ത്രീവിരുദ്ധത ഇവിടെപ്പറഞ്ഞാല്‍ അവിടെയും പറയുമെന്നാണ് ബദല്‍ ഇടതുപക്ഷം എങ്കില്‍ അവര്‍ സിപിഎം സ്കൂളില്‍ നിന്നുതന്നെയാണ് മാര്‍ക്സിസം മാത്രമല്ല 'ജനാധിപത്യവും' പഠിച്ചതെന്ന് ഉറപ്പിക്കുന്നു. കോവൂര്‍ കുഞ്ഞുമോന്‍ വരെ ബോള്‍ഷെവിക്കാണ്.

ഒരു സ്ത്രീ രാഷ്ട്രീയം പറയുമ്പോള്‍ ഉടനെ അവളുടെ ഉടലിനെ ഓര്‍മ്മ വരുന്ന പോരാളികളാണ് സിപിഎമ്മിനുള്ളതെങ്കില്‍ അത് സിപിഎമ്മുകാരെപ്പോലും ഭയപ്പെടുത്തേണ്ടതരത്തില്‍ ഒരു സാമൂഹ്യവിരുദ്ധ സംഘമായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥം. അതിന്റെ കൈവശമുള്ള പലതരത്തിലുള്ള, പല താത്പര്യങ്ങളുമുള്ള പ്രതിബദ്ധതയുടെ സംഘടനാരൂപം ഇടതുപക്ഷം എന്ന ആശയത്തെ രാഷ്ടീയമായി അസ്വസ്ഥരാക്കേണ്ടതുണ്ട് . രാഷ്ട്രീയമായാണ് അസ്വസ്ഥത. മൂരിശൃംഗാരത്തിന്റെ രാഗവിസ്താരത്തില്‍ ഭ്രമിച്ചതുകൊണ്ടല്ല. അല്ലെങ്കില്‍ ഇതും തങ്ങളുടെ ആണുദ്ധാരണസംഘടനയ്ക്കുള്ള ഒരു അലങ്കാരമായി കൊണ്ടുനടക്കും സിപിഎമ്മിലെ ദ്വാരപാലകര്‍.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/trending-viral-mswaraj-kkrema/

http://www.azhimukham.com/kerala-trending-kodiyeri-journey-on-controversial-karatfaisals-minicooper/

http://www.azhimukham.com/kerala-the-reason-behind-recent-clash-between-cpim-and-rmp-in-onchiyam-report-by-am-yasir/

http://www.azhimukham.com/cpim-john-brittas-pr-agencies-image-building-pinarayi-vijayan-sakeer-husain-vadakkancheri-gang-rape-dharmman/
Next Story

Related Stories