TopTop
Begin typing your search above and press return to search.

യേശുദാസിനോട്‌, താങ്കളെപ്പോലുള്ളവരെ കയറ്റാതിരുന്ന ഒരുപാടിടങ്ങളില്‍ മനുഷ്യര്‍ കയറിയത് പൊരുതിയാണ്, പ്രീണിപ്പിച്ചല്ല

യേശുദാസിനോട്‌, താങ്കളെപ്പോലുള്ളവരെ കയറ്റാതിരുന്ന ഒരുപാടിടങ്ങളില്‍ മനുഷ്യര്‍ കയറിയത് പൊരുതിയാണ്, പ്രീണിപ്പിച്ചല്ല

ഇന്ത്യയിലെ ഒട്ടു വളരെ ക്ഷേത്രങ്ങളിലും ഞാൻ പോയിട്ടുണ്ട്. മധുര മീനാക്ഷി ക്ഷേത്രം, കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രം, ഗുവാഹത്തിയിലെ കാമാഖ്യാ ക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം, കന്യാകുമാരിയിലെ ഭഗവതി ക്ഷേത്രം, മണാലിയിലെ ഹിഡുംബി ക്ഷേത്രം, ഋഷികേശിലെയും ഹരിദ്വാറിലെയും ക്ഷേത്രങ്ങൾ, ഹിമാലയത്തിലെ പ്രസിദ്ധങ്ങളല്ലാത്ത നിരവധി ക്ഷേത്രങ്ങൾ, ഡല്‍ഹിയിലെയും ചുറ്റു വട്ടത്തെയും ക്ഷേത്രങ്ങൾ അങ്ങനെ എണ്ണിയാൽ തീരില്ല.

ക്ഷേത്രങ്ങൾ കൂടാതെ വത്തിക്കാനിലും ലോകത്തെ ഒട്ടു മിക്ക പ്രമുഖ പള്ളികളിലും യെരുശലേമിലെ യഹൂദരുടെ വെയ്ലിങ് വാളിലും മുസ്ലിങ്ങളുടെ അൽ അക്സ പള്ളിയിലും പോയിട്ടുണ്ട്. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി മുതൽ കേരളത്തിലെ ഒട്ടേറെ മുസ്ലിം പള്ളികളിലും പോയിട്ടുണ്ട്. ഡല്‍ഹി ജമാ മസ്ജിദിലും നിസാമുദ്ദീൻ ഔലിയയുടെ ഖബറിലും പല തവണ പോയിട്ടുണ്ട്. ഫത്തേപ്പൂരിലെ സലിം ചിഷ്ടിയുടെ പള്ളിയിലും മറ്റനേകം മുസ്ലിം പള്ളികളിലും പോയിട്ടുണ്ട്. കേരളത്തിലെ ജൂത പള്ളികൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ എൻറേതായ ഒരു ചെറു സംഭാവനയുമുണ്ട്.

എന്നാൽ ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനമില്ല എന്ന് എഴുതി വച്ചിട്ടുള്ള ഒരു ക്ഷേത്രത്തിലും കയറിയിട്ടില്ല. കയറുകയുമില്ല. ഹിന്ദു വിശ്വാസികൾ നടത്തുന്ന ഒരു അമ്പലത്തിൽ അങ്ങനെ എഴുതി വയ്ക്കാനാണവർക്ക് തോന്നുന്നതെങ്കിൽ അതിനെ ബഹുമാനിക്കണം എന്നാണ് എൻറെ അഭിപ്രായം. ആ എഴുതി വയ്ക്കുന്നത് ശരിയോ തെറ്റോ എന്നു തീരുമാനിക്കേണ്ടത് ക്ഷേത്രം നടത്തിപ്പുകാരാണ്.

പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തേക്ക് അനവധി തവണ പോയിട്ടുണ്ട്. അവിടത്തെ ശില്പഭംഗി ദൂരെ നിന്ന് കണ്ടിട്ടുണ്ട്. ചുറ്റുമുള്ള കൊട്ടാര മ്യൂസിയങ്ങളെല്ലാം പല തവണ വിശദമായി കണ്ടിട്ടുണ്ട്. ഒരു ഗൈഡാവാനും വേണ്ടി അറിവ് ആ മ്യൂസിയങ്ങളെക്കുറിച്ചുണ്ട്. പക്ഷേ, ഒരിക്കലും അമ്പലത്തിൽ കയറിയിട്ടില്ല.

പരമ്പരാഗതമായി ഈ അമ്പലത്തിൻറെ ഭരണം നടത്തുന്ന എട്ടര യോഗത്തിൻറെ തലവരായ രാമരു കൃഷ്ണരു കുടുംബത്തിൻറെ ഇന്നത്തെ മൂത്തയാൾ മനോജ് എൻറെ അടുത്ത സുഹൃത്താണ്. കോട്ടയ്ക്കകത്തുള്ള മനോജിന്റെ വീട്ടിൽ ഞാൻ എപ്പോഴും പോകാറുണ്ട്. ഈ സൌഹൃദം ഉപയോഗിച്ചും അമ്പലത്തിൽ കയറാൻ നോക്കിയിട്ടില്ല. (പത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരത്ത് നായർ സമുദായക്കാർക്കായി നമ്പൂതിരിമാർ നടത്തിയിരുന്നതാണ്. എട്ടു കുടുംബങ്ങളടങ്ങിയ ഒരു ഭരണസമിതിക്കായിരുന്നു ആണ് ക്ഷേത്ര നടത്തിപ്പ്. ഈ ഭരണസഭയിലെ അര അംഗമായി മാർത്താണ്ഡവർമ വാളുമായി കയറി ഇരുന്നത് മുതൽ തിരുവിതാംകൂർ രാജാക്കന്മാർ ഈ അധികാരം കയ്യേറിയതാണ്.)

കോളേജിൽ പഠിക്കുന്ന കാലത്ത് വിശ്വാസികളായ കൂട്ടുകാർ പറഞ്ഞിട്ടുണ്ട്, നീ വെറുതെ ഒരു മുണ്ട് ഉടുത്ത് വന്നാൽ മതി ഞങ്ങൾ കൂടെ കൊണ്ടു പോകാം എന്ന്. പോയിട്ടില്ല. എന്റെ സ്ഥലത്ത് താൻ കയറരുത് എന്ന് ഒരാൾ പറയുന്നിടത്ത് കയറാതിരിക്കുക ആത്മാഭിമാനത്തിൻറെ പ്രശ്നമാണ്.

യേശുദാസിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നതും അതാണ്, ആത്മാഭിമാനം. യേശുവിൻറെ ഈ ദാസന് മതം മാറി ഹിന്ദു ആയി അമ്പലത്തിൽ പോകണമെങ്കിൽ എനിക്കൊരു തർക്കവുമില്ല. പക്ഷേ, കേരളത്തിലെ സവർണ ഹൈന്ദവ ബോധത്തെ തൻറെ വാണിജ്യ താല്പര്യങ്ങൾക്കായി തൃപ്തിപ്പെടുത്താൻ ഹിന്ദു ആചാരങ്ങളിൽ വിശ്വസിക്കുന്നു എന്ന് അസത്യ പ്രസ്താവന എഴുതിക്കൊടുത്ത് അമ്പലത്തിൽ പോകരുത്. ഒരുതരം ഹൈന്ദവ യാഥാസ്ഥികത്വത്തെ ഇക്കിളിപ്പെടുത്തിയാൽ മാത്രമേ കേരളത്തിൽ കലാകാരനാകാനാവൂ എന്നതിനെ ചോദ്യം ചെയ്യാനും വേണ്ട മൂപ്പ് യേശുദാസിനുണ്ട്. മതങ്ങൾക്കും ജാതികൾക്കും ഉപരിയായി മനുഷ്യർ സ്വീകരിക്കപ്പെടുകയാണ് വേണ്ടത്. വിദേശികൾ വന്ന് കള്ള പ്രസ്താവന എഴുതിക്കൊടുത്ത് അമ്പലത്തിൽ കയറി കാഴ്ച കണ്ട് പോകുന്ന പോലെ അല്ല യേശു ദാസ് എഴുതിക്കൊടുക്കുന്നത്.

സെപ്തംബർ മുപ്പതിന് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ യേശുദാസ് ദർശനം നടത്തുമെന്ന് ഇന്നത്തെ പത്രങ്ങളിൽ വാർത്ത ഉണ്ട്. ഹിന്ദു വിശ്വാസിയായ തനിക്ക് ശ്രീ പദ്മനാഭനെ ദർശിച്ച് വണങ്ങാൻ അനുമതി നല്കണമെന്ന് സുഹൃത്തായ നാണപ്പൻ നായർ മുഖേനെ യേശുദാസ് ക്ഷേത്ര അധികാരികളോട് അപേക്ഷിച്ചിരുന്നു. അത് അനുവദിക്കപ്പെട്ടതിനെത്തുർന്നാണ് ഈ ക്ഷേത്രപ്രവേശനം. യേശുദാസിനെപ്പോലുള്ളവരെ കയറ്റാതിരുന്ന ഒരുപാട് ഇടങ്ങൾ കേരളത്തിലുണ്ടായിരുന്നു. അവിടയൊക്കെ എല്ലാവരും കയറിയത് പൊരുതിയാണ്, സമരം ചെയ്താണ്. പ്രീണിപ്പിച്ചല്ല.

തിരുവിതാംകൂർ ദേവസ്വത്തിൻ കീഴിലെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കണം എന്ന് ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ ഈയിടെ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഹിന്ദുവാണെന്ന സത്യവാങ്മൂലം എഴുതിക്കൊടുക്കേണ്ട സാഹചര്യം ഉണ്ടെന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഇക്കാര്യങ്ങളും ഈ വേളയിൽ ഓർക്കാം.

(റൂബിന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories