TopTop
Begin typing your search above and press return to search.

ധൂര്‍ത്തും അഴിമതിയും കേരളത്തിലെ ഫിലിം സൊസെറ്റി പ്രസ്ഥാനത്തെ കൊല്ലുന്ന വിധം

ധൂര്‍ത്തും അഴിമതിയും കേരളത്തിലെ ഫിലിം സൊസെറ്റി പ്രസ്ഥാനത്തെ കൊല്ലുന്ന വിധം

പി.ടി രാമകൃഷ്ണന്‍

സാഹസികമായ സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന് വന്നതാണ് കേരളത്തിലെങ്കിലും ഫിലിം സൊസൈറ്റി പ്രസ്ഥാനം. സമൂഹത്തിലും ചലച്ചിത്രകലയിലും അതുണ്ടാക്കിയ സ്വാധീനവും പരിവര്‍ത്തനവും നിര്‍ണ്ണായകമായിരുന്നു. അതിന്റെ അംഗീകാരമായിട്ടാണ് സെന്‍സര്‍ഷിപ്പില്‍ നിന്ന് മുക്തിയും സര്‍ക്കാരിന്റെ ചലച്ചിത്രസംരംഭങ്ങളില്‍ പ്രാതിനിധ്യവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവുമെല്ലാം അതിന് ലഭിച്ചു വന്നത്. സത്യജിത് റായിയെപ്പോലുള്ള മഹാരഥന്മാരാണ് രാജ്യത്തെ ഫിലിം സൊസൈറ്റികളുടെ ഏകോപനത്തിനും അവയുടെ വികസനവും വ്യാപനവും ആരോഗ്യകരമാക്കുന്നതിനും വേണ്ടി ഫെഡറേഷന്‍ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ രൂപീകരിച്ചത്. ഫെഡറേഷന്റെ നാല് മേഖലാ കാര്യാലയങ്ങളും, കേരളത്തിലൊഴിച്ചുള്ള ഫിലിം സൊസൈറ്റികള്‍ മിക്കതും നഗര കേന്ദ്രീകൃതമായിരുന്നതിനാല്‍ ഒരു വരേണ്യസ്വഭാവം അവയ്ക്കുണ്ടായിരുന്നെങ്കിലും ഒരു അയഞ്ഞ ജനാധിപത്യക്രമം അവയിലെല്ലാം നിലനിന്നിരുന്നു.

അല്‍പ്പം ചരിത്രം
1937-ല്‍ തന്നെ ബോംബേയില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും സത്യജിത് റായ്, ചിദാനന്ദ ദാസ് ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തില്‍ കല്‍ക്കത്ത ഫിലിം സൊസൈറ്റി രൂപീകരിച്ച 1947 തൊട്ടാണ് ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ ചരിത്രം രേഖപ്പെടുത്താറുള്ളത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പ്രവര്‍ത്തനമാരംഭിച്ച കല്‍ക്കത്ത ഫിലിം സൊസൈറ്റിക്ക് പിന്നാലെ ബോംബേ, ദല്‍ഹി, മദ്രാസ്, പാറ്റ്‌ന തുടങ്ങിയ നഗരങ്ങളിലും ഫിലിം സൊസൈറ്റികള്‍ രൂപംകൊണ്ടു. സ്വന്തം താല്പര്യങ്ങള്‍ക്കും വിഭവങ്ങള്‍ക്കും അനുസരിച്ച് ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച് വന്ന ഈ സംഘങ്ങളെല്ലാം ഒരു കുടക്കീഴിലായത് 1959-ല്‍ ഫെഡറേഷന്‍ ഒഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്ന ദേശീയ സംഘടനയുടെ രൂപീകരണത്തോടെയാണ്. സത്യജിത് റായ്, ചിദാനന്ദ ദാസ് ഗുപ്ത എന്നിവരോടൊപ്പം അമ്മു സ്വാമിനാഥന്‍, റോബര്‍ട് ഹോക്കിന്‍സ്, എസ് ഗോപാലന്‍, വിജയ് മുലെയ് തുടങ്ങിയവരും ചേര്‍ന്നാണ് ഫെഡറേഷന് രൂപം നല്‍കിയത്. ആരംഭം തൊട്ട് തന്റെ മരണം വരെയും സത്യജിത് റായ് ആയിരുന്നു ഫെഡറേഷന്റെ പ്രസിഡണ്ട്. ഏതോ ഒരു ഘട്ടത്തില്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും റായ് അകന്നിരുന്നു. പ്രധാനപ്പെട്ട യോഗങ്ങള്‍ കല്‍ക്കത്തയില്‍ നടന്നാല്‍ പോലും റായ് പങ്കെടുക്കാറില്ല. 1980-ല്‍ കല്‍ക്കത്തയില്‍ സെന്‍ട്രല്‍ കൌണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ അധ്യക്ഷം വഹിക്കേണ്ട റായ് വരാതിരുന്നതിനാല്‍ ഈ ലേഖകനുള്‍പ്പെടെയുള്ള സെന്‍ട്രല്‍ കൌണ്‍സില്‍ അംഗങ്ങളെല്ലാം ഒരു ദിവസം റായിയെ അങ്ങോട്ട് പോയി കാണുകയായിരുന്നു. എങ്കിലും മരണം വരെ അദ്ദേഹത്തിന്റെ പേര് ഫെഡറേഷന്റെ പ്രസിഡണ്ട് സ്ഥാനത്ത് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. റായിയുടെ മരണശേഷം മൃണാള്‍ സെന്നും ശ്യാം ബെനെഗലും ഫെഡറേഷന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്.

1860-ലെ സൊസൈറ്റീസ് റജിസ്‌റ്റ്രേഷന്‍ ആക്റ്റ് XXI പ്രകാരം റജിസ്റ്റര്‍ ചെയ്ത എഫ് എഫ് എസ് ഐക്ക് കല്‍ക്കത്തയില്‍ റജിസ്‌റ്റേര്‍ഡ് ഓഫീസും ഡല്‍ഹി, ബോംബെ, മദ്രാസ്, കല്‍ക്കത്ത എന്നിവിടങ്ങളില്‍ ആസ്ഥാനങ്ങളുള്ള യഥാക്രമം വടക്ക്, പടിഞ്ഞാറ്, തെക്ക്, കിഴക്ക് മേഖലാ ഓഫീസുകളുമായാണ് പ്രവര്‍ത്തിച്ച് വന്നത്. ഓരോ മേഖലയിലെയും ഫിലിം സൊസൈറ്റികള്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് 12 റീജ്യണല്‍ കൌണ്‍സില്‍ അംഗങ്ങളെ വീതം തെരഞ്ഞെടുക്കും. ഈ പന്ത്രണ്ട് പേര്‍ ചേര്‍ന്ന് 3 അംഗങ്ങളെ കൂടി അതിന്റെ കൂടെ തെരഞ്ഞെടുത്ത് ചേര്‍ക്കും. (ഏക) സബ് റീജ്യണല്‍ കൌണ്‍സിലുള്ള കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ ഇത് യഥാക്രമം ഒമ്പതും മൂന്നുമാണ്. സബ് റീജ്യണല്‍ കൌണ്‍സിലിലേക്ക് ഏഴ് അംഗങ്ങളെ ദ്വൈവാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുക്കുകയും ഈ ഏഴ് അംഗങ്ങള്‍ ചേര്‍ന്ന് രണ്ട് പേരെ കൂടി തെരഞ്ഞെടുത്ത് ചേര്‍ക്കുകയും ചെയ്യും. നാല് മേഖലകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട റീജ്യണല്‍ കൌണ്‍സില്‍ അംഗങ്ങളും സബ് റീജ്യണല്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരും ചേര്‍ന്ന 60 പേരടങ്ങുന്നതാണ് ഫെഡറേഷന്റെ ഏറ്റവും ഉന്നതമായ സമിതിയായ സെന്‍ട്രല്‍ കൌണ്‍സില്‍. ഈ സമിതി ചേര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് (ഓരോ മേഖലയില്‍ നിന്നും ഓരോ ആള്‍) ജനറല്‍ സെക്രട്ടറി, സെക്രട്ടറി (4), ദേശീയ ട്രഷറര്‍ എന്നിവരടങ്ങുന്ന കേന്ദ്രനിര്‍വ്വാഹകസമിതി രൂപീകരിക്കും.
ഉദ്ദേശലക്ഷ്യങ്ങള്‍
ചലച്ചിത്രത്തെ ഒരു കലയായും സമൂഹ്യശക്തിയുമായി പഠിക്കാനുള്ള ശ്രമങ്ങളെ മുന്നോട്ട് നയിക്കുക, കലാമൂല്യമുള്ള ചലച്ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, ശ്രേഷ്ഠമായതും, സമകാലീനവും വിശിഷ്ടവുമായതും ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള രചനകളുടെ പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേകിച്ചും സഹായിക്കുക, ചലച്ചിത്രസംബന്ധിയായ ഗവേഷണങ്ങള്‍ക്ക് അവസരമുണ്ടാക്കുക, സമാന ലക്ഷ്യങ്ങളുള്ള ദേശീയ അന്തര്‍ദ്ദേശീയ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് ഫെഡറേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. രാജ്യത്താകെയുള്ള ഫിലിം സൊസൈറ്റികളെ അംഗങ്ങളാക്കുക, ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും അംഗ സൊസൈറ്റികളില്‍ നിന്നോ, മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ സാമ്പത്തിക സഹായം, ദാനം, സംഭാവന, വരിസംഖ്യ മുതലായവ സ്വീകരിച്ച് നിധിയുണ്ടാക്കി അംഗങ്ങള്‍ക്കിടയില്‍ വിതരണം നടത്തുക, മ്യൂസിയം, പ്രസിദ്ധീകരണങ്ങള്‍ പുസ്തകങ്ങള്‍ എന്നിവയുടെ ശേഖരം, രംഗമണ്ഡപങ്ങള്‍ എന്നിവ സ്ഥാപിച്ചും സജ്ജീകരിച്ചും, ചലച്ചിത്രസംബന്ധിയായ രചനകള്‍, തര്‍ജ്ജമകള്‍ എന്നിവ ശേഖരിച്ചും കണ്ടെടുത്തും പ്രസിദ്ധീകരിക്കുകയോ വില്‍പന നടത്തുകയോ ചെയ്തും ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കണമെന്നാണ് സൊസൈറ്റി റജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം ഒഫ് അസോസിയേഷനില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അംഗത്വം ഫെഡറേഷന്റെ ഉദ്ദേശലക്ഷ്യങ്ങളോട് അനുരൂപതയുള്ള, അംഗത്വത്തിന് നിശ്ചയിച്ചിട്ടുള്ള മറ്റ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യുന്ന, രാജ്യത്തെ ഏത് സംഘവും അപേക്ഷിച്ചാല്‍ അതത് മേഖലാ ഓഫീസുകള്‍ അസോസ്യേറ്റ് അംഗത്വം അനുവദിക്കും. അസോസ്യേറ്റ് അംഗത്വം ലഭിച്ച് 12 മാസമായാല്‍ പൂര്‍ണ്ണ അംഗത്വത്തിന് അപേക്ഷിക്കാം. ഈ കാലയളവിലെ പ്രവര്‍ത്തനം വിലയിരുത്തി റീജ്യണല്‍/സബ് റീജ്യണല്‍ കൌണ്‍സില്‍ നല്‍കുന്ന ശുപാര്‍ശക്കനുസരിച്ച് കേന്ദ്രനിര്‍വ്വാഹകസമിതിയാണ് അത് അനുവദിക്കുക. ഫെഡറേഷനില്‍ അംഗത്വമുള്ള ഓരോ സംഘവും അതിലെ ഓരോ അംഗത്തിനും 4 രൂപ നിരക്കി (നിലവിലുള്ളത്)ല്‍, ചുരുങ്ങിയത് 500 രൂപ, വാര്‍ഷിക വരിസംഖ്യ ഫെഡറേഷന് നല്‍കണം. ഇപ്രകാരം ഏപ്രില്‍ 30നകം വരിസംഖ്യ അടച്ച സൊസൈറ്റികള്‍ക്ക് മാത്രമേ ഫെഡറേഷനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കും, വാര്‍ഷിക പൊതുയോഗങ്ങളില്‍ വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അര്‍ഹതയുണ്ടാവുകയുള്ളൂ. ചുമതലകള്‍ റീജ്യണല്‍/സബ് റീജ്യണല്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും ഏകോപനവും നടത്തുക, രാജ്യത്തിനകത്തും പുറത്തും നിന്ന് കൈമാറ്റത്തിലൂടെയോ ഇറക്കുമതി വഴിയോ ചിത്രങ്ങള്‍ ശേഖരിക്കുക, ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ്, വിനോദനികുതി എന്നിവ ഒഴിവാക്കിക്കുക, ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനകരമായി വിദേശ എംബസ്സികളും കോണ്‍സുലേറ്റുകളുമായി ചര്‍ച്ചകള്‍ നടത്തുക, ഫെഡറേഷന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായോ തദ്ദേശഭരണ സ്ഥാപനങ്ങളുമായോ സംസാരിച്ച് ധാരണയിലെത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ഫെഡറേഷന്റെ ചുമതലയാണ്.

ഇതൊന്നും വര്‍ഷങ്ങളായി കേന്ദ്രസംഘടന നിറവേറ്റുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആസ്ഥാനവും ഭാരവാഹിസ്ഥാനങ്ങളും നഗരകേന്ദ്രീകൃതമായിരുന്നതിനാല്‍ ഒരുതരം വരേണ്യത ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിലനിന്നിരുന്നു എന്നതും വാസ്തവമാണ്. അംഗത്വമുണ്ടാകുന്നത് ഒരു സാമൂഹ്യമാന്യതയായി കണക്കാക്കുന്ന നഗരങ്ങളിലെ പൊങ്ങച്ച സംഘങ്ങളുടെ താല്പര്യങ്ങളാണ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചിരുന്നത്. അന്‍പതും നൂറും അംഗങ്ങള്‍ മാത്രമുള്ള കേരളത്തിലെ ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും സംഘങ്ങള്‍ അവജ്ഞയോടെ അവഗണിക്കപ്പെടുകയായിരുന്നു. എംബസ്സികളില്‍ നിന്നും മറ്റും ചിത്രങ്ങള്‍ ശേഖരിച്ച് നഗരങ്ങളിലെ വന്‍ അംഗസംഖ്യയുള്ള സംഘങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയും അതിനായി സെന്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കി വാങ്ങുകയുമായിരുന്നു ഫെഡറേഷന്‍ പ്രവര്‍ത്തനം. ചുരുക്കം അംഗങ്ങളുള്ള കൂടുതല്‍ സൊസൈറ്റികളുടെ പ്രദര്‍ശനം വഴി പ്രിന്റിന് സംഭവിക്കുന്ന തേയ്മാനം ഒഴിവാക്കി ചുരുങ്ങിയ പ്രദര്‍ശനത്തിലൂടെ കൂടുതല്‍ ആളുകള്‍ കാണുന്നതാണ് എംബസ്സികള്‍ കാംക്ഷിക്കുന്നത് എന്നൊരു ന്യായീകരണമാണ് ഇതിന് മുന്നോട്ട് വെക്കുക. ഫെഡറേഷന്റെ ഭാരവാഹിത്വം വഴി സര്‍ക്കാര്‍ സംരംഭങ്ങളില്‍ ലഭിക്കുന്ന പ്രാതിനിധ്യവും വിദേശ ചലച്ചിത്രമേളകളില്‍ വിധികര്‍ത്താക്കളാകാനുള്ള അവസരവും നേടുക എന്ന വ്യക്തിഗത സങ്കുചിത ലക്ഷ്യത്തോടെയാണ് മിക്കവരും ഫെഡറേഷന്റെ ഭാരവാഹിയാകാന്‍ തിരക്ക് കൂട്ടുന്നത്. ആരംഭ നാളുകളിലുണ്ടായിരുന്ന ആത്മാര്‍ത്ഥതയും സമര്‍പ്പണവുമൊക്കെ നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ വിദേശ എംബസ്സികളില്‍ നിന്നുള്ള ചിത്രങ്ങളുടെ ലഭ്യത ഏതാണ്ട് അവസാനിച്ചു. അതോടെ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഒഴിവാക്കിയെടുക്കുകയും വിതരണം നടത്തുകയും ചെയ്യേണ്ട ബാദ്ധ്യതയും ഫെഡറേഷന് ഇല്ലാതായി. ചില യോഗങ്ങള്‍ ചേരുന്നതിന്റെ പേരില്‍ നടക്കുന്ന വിനോദയാത്രകളും വിദേശ ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ക്കുള്ള കാത്തിരിപ്പുമായി ചുരുങ്ങി ഫെഡറേഷന്റെ പിന്നീടുള്ള പ്രവര്‍ത്തനം.
കേരളരംഗം
കേരളത്തിലെ പ്രസ്ഥാനത്തിന്റെ സവിശേഷമായ പ്രവര്‍ത്തനരീതിക്ക് അനുയോജ്യമായി ഫെഡറേഷനെ മാറ്റുക പ്രായോഗികമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഫെഡറേഷനകത്ത് തന്നെ കേരളത്തിന് പ്രത്യേകമായ ഒരു ഓഫീസ് വേണമെന്ന ആവശ്യം ശക്തമായത്. 1980 ഒക്ടോബര്‍ 25, 26 തീയതികളില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൌണ്‍സില്‍ യോഗത്തിന് ശേഷം ഫെഡറേഷന്‍ പ്രസിഡന്റ് സത്യജിത് റായിയുമായി കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ (പ്രൊഫ.ആര്‍ ശ്രീരാമമേനോന്‍, അഡ്വ.എം കെ ശ്രീധരന്‍, ഈ ലേഖകന്‍) നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ഫെഡറേഷന്റെ പ്രത്യേക ഓഫീസ് എന്ന ആശയം ഉദിച്ചത്. തുടര്‍ന്ന് 1981 ജൂണ്‍ ഏഴിന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ സംസ്ഥാനതല യോഗത്തില്‍ ഫെഡറേഷന്റെ ഒരു പ്രത്യേക റീജ്യണ്‍ കേരളത്തിന് മാത്രമായി വേണമെന്ന ആവശ്യം ഒരു പ്രമേയം വഴി സെന്‍ട്രല്‍ കൌണ്‍സിലിനോട് ആവശ്യപ്പെട്ടു. ഫെഡറേഷനില്‍ അംഗത്വമുള്ള അന്‍പതിലധികം സൊസൈറ്റികള്‍ കേരളത്തില്‍ അന്ന് ഉണ്ടെന്നും കേരളമൊഴിച്ചുള്ള ദക്ഷിണമേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൂടി അത്രയും അംഗങ്ങളില്ലെന്നും, ഫെഡറേഷന്റെ മറ്റ് മേഖലകളില്‍ പോലും അന്‍പതിനടുത്ത് അംഗബലമില്ലെന്നതുമായിരുന്നു നമ്മുടെ വാദത്തിന്റെ മുഖം. അതിന്റെ തുടര്‍ച്ചയായി 1981 ജൂലൈ 26- ന് മദിരാശിയില്‍ ചേര്‍ന്ന ദക്ഷിണമേഖലാ വാര്‍ഷിക പൊതുയോഗത്തില്‍ ആ ആവശ്യം മേഖലാ കൗണ്‍സിലിന്റെ ഔദ്യോഗിക പ്രമേയമായി അവതരിപ്പിക്കപ്പെടുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. പക്ഷേ, ഈ പ്രമേയം അവതരിപ്പിക്കപ്പെട്ട വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള 18 സൊസൈറ്റികളേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. രണ്ട് വര്‍ഷം തുടര്‍ച്ചയായി വരിസംഖ്യ അടക്കാത്തത് കാരണം 12 സൊസൈറ്റികളുടെ അംഗത്വം ഫെഡറേഷന്റെ നിയമാവലി പ്രകാരം പ്രസ്തുത യോഗത്തിന് മുന്‍പ് റദ്ദ് ചെയ്യുകയുണ്ടായി. ബാക്കിയുള്ള 43-ല്‍ യോഗ്യതയുള്ള 18 സൊസൈറ്റികളില്‍ നിന്ന് ഒരു പ്രതിനിധി പോലും ആ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായില്ല. എങ്കിലും കേരളത്തില്‍ നിന്നുള്ള കൗണ്‍സിലംഗങ്ങളുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് അങ്ങനെയൊരു പ്രമേയം അംഗീകരിക്കപ്പെട്ടത്. അത് അടുത്ത സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ ദക്ഷിണമേഖലാ കൗണ്‍സിലിന്റെ പ്രമേയമായി ഉന്നയിക്കാന്‍ തീരുമാനിക്കുകയും 1981 സപ്റ്റമ്പര്‍ 15 മുതല്‍ 18 വരെ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.

മറ്റ് റീജ്യണുകളില്‍ നിന്നുമുള്ള കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ആ പ്രമേയം സെന്‍ട്രല്‍ കൗണ്‍സിലിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ വിജയിച്ചു. ഒരു പുതിയ റീജ്യണ്‍ രൂപീകരിക്കുന്നത് ഭരണഘടനാ ഭേദഗതി ആവശ്യമുള്ള കാര്യമായതിനാല്‍ ഒരു ഭരണഘടനാ ഭേദഗതി ഉപസമിതി രൂപീകരിച്ച് അതിനനുസൃതമായ ഭേദഗതികള്‍ സമിതി നിര്‍ദ്ദേശിക്കണമെന്നും തീരുമാനിക്കുകയുണ്ടായി. ആ സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇതെഴുതുന്നയാളെ ഉള്‍പ്പെടുത്തുകയും 1982 ജനുവരി 16-ന് കല്ക്കത്തയിലെ സെന്‍ട്രല്‍ ഓഫീസില്‍ വെച്ച് ഈ സമിതിയുടെ യോഗം ചേരുകയും ചെയ്തു. കേരളത്തിന്റെ വാദം യുക്തമായി ഉന്നയിക്കുകയുണ്ടായെങ്കിലും സമിതിയിലെ മറ്റ് രണ്ടംഗങ്ങളും പ്രത്യേക റീജ്യണ്‍ അനുവദിച്ചാല്‍ ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇതുപോലെ ആവശ്യമുയരുമെന്നും അതുകൊണ്ട് റീജ്യണകത്ത് സംസ്ഥാനതല ഓഫീസ് മതിയെന്ന അഭിപ്രായക്കാരായിരുന്നു. എങ്കിലും ദേശീയ തലത്തില്‍ അഭിപ്രായമാരാഞ്ഞ് ഒരു ഭരണഘടനാ ഭേദഗതി നടത്താന്‍ തന്നെ തീരുമാനിക്കുകയുണ്ടായി. 1981 ഒക്ടോബര്‍ 31-ന് ഫെഡറേഷന്റെ ദേശീയ സമിതി ഭരണഘടനാഭേദഗതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ രാജ്യത്തുള്ള സൊസൈറ്റികളില്‍ നിന്നും ആരായുകയും ചെയ്തു. കേരളത്തിലെ സൊസൈറ്റികളുടെ പ്രത്യേക റീജ്യണ്‍ എന്ന ആഗ്രഹം സഫലമാകാന്‍ നാം ഏത് തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കണമെന്ന് 1981 നവംബര്‍ 11-ലെ ഒരു എഴുത്ത് വഴി ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധി അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.പയ്യന്നൂരിലെ സര്‍ഗ്ഗയൊഴിച്ച് മറ്റാരെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്കിതായി അറിവില്ല. ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് 1985-ല്‍ കേരളത്തിന് സംസ്ഥാനതല ഓഫീസ് അനുവദിക്കപ്പെട്ടു. 1985 വരെ അത് വൈകാനുള്ള കാരണങ്ങള്‍ 1982-ന് ശേഷം ഫെഡറേഷനില്‍ കേരളത്തില്‍ നിന്നും പ്രതിനിധികളായവരാണ് വെളിപ്പെടുത്തേണ്ടത്. ഫെഡറേഷന്റെ നിയമാവലി പ്രകാരം സംസ്ഥാന ഓഫീസ് പ്രവര്‍ത്തിക്കേണ്ടത് തിരുവനന്തപുരത്താണ്. അന്ന് അതിന്റെ സാരഥ്യത്തില്‍ എത്തിയവരുടെ പ്രവര്‍ത്തനശൈലി നിലനിന്നിരുന്ന ഫെഡറേഷന്റെ വരേണ്യശൈലിയില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. അതില്‍ നിന്ന് വിഭിന്നവും ജനാധിപത്യപരവുമായ ഒരു നേതൃത്വം ഉണ്ടാകണമെന്ന പൊതുവികാരം മുതലാക്കിയാണ് 1989-ല്‍ അന്നുവരെ പ്രസ്ഥാനത്തില്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ലാത്ത ചിലര്‍ കേരള സംസ്ഥാന ഓഫീസില്‍ കടന്ന് പറ്റുന്നത്. വ്യത്യസ്തവും ജനകീയവുമെന്ന സ്വയം പ്രഖ്യാപിത വിശേഷണത്തോടെ തങ്ങള്‍ തന്നെ സൃഷ്ടിച്ച കടലാസ് സംഘങ്ങളുടെ പിന്‍ബലത്തോടെ സ്ഥാനം കയ്യടക്കി അത് അട്ടിപ്പേറായി ഇന്നും കയ്യാളുകയാണ് അക്കൂട്ടര്‍. ചിലരുടെ വ്യക്തിപ്രഭാവം വളര്‍ത്തുന്നതിനുള്ള അരങ്ങായി ഉപയോഗപ്പെടുത്തിയതല്ലാതെ പ്രസ്ഥാനത്തിന്റെ പൊതുനന്മക്കായി പ്രവര്‍ത്തനമൊന്നും ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവ് തൊണ്ണൂറുകളില്‍ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഏതാണ്ട് അസ്തമിച്ചു എന്നത് തന്നെയാണ്. കേന്ദ്രനേതൃത്വത്തെപോലെ തന്നെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സൌജന്യങ്ങളും അനുഭവിക്കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ പ്രതിനിധ്യം നേടാനുമുള്ള വ്യഗ്രതയല്ലാതെ അവകാശപ്പെടുന്നത് പോലെ വ്യത്യസ്തവും ജനകീയവുമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.

തളര്‍ച്ച
നിലവിലെ സാമൂഹ്യസാഹചര്യങ്ങള്‍ക്ക് പുറമേ പ്രദര്‍ശനയോഗ്യമായ ചിത്രങ്ങള്‍ ലഭിക്കാതിരുന്നതും കൊണ്ട് തൊണ്ണൂറുകളുടെ തുടക്കം തൊട്ട് തന്നെ കേരളത്തിലെ പ്രസ്ഥാനത്തിന്റെ ക്ഷയവും കണ്ടുതുടങ്ങി. അത് തടയാന്‍ ഫെഡറേഷന്റെ സംസ്ഥാന നേതൃത്വം ഒരു ശ്രമവും നടത്തുകയുണ്ടായില്ലെന്ന് മാത്രമല്ല കേന്ദ്രനേതൃത്വവുമായി തങ്ങളുടെ പദവികളെക്കുറിച്ചുള്ള തര്‍ക്കത്തിലുമായിരുന്നു.അത് കോടതിയിലേക്ക് വരെ നീളുകയുമുണ്ടായി. ഫെഡറേഷന്റെ നിയമാവലിയിലെ മാറ്റത്തിലൂടെ, കേരള സംസ്ഥാനതല ഓഫീസ് ദക്ഷിണമേഖലക്കകത്തുള്ള സബ് റീജ്യണ്‍ ആയി 2005-ല്‍ മാറ്റപ്പെട്ടു. സബ് റീജ്യണ്‍ കേന്ദ്രസംഘടനയുടെയല്ലാതെ മറ്റൊന്നിന്റേയും കീഴിലല്ലെന്നും അത് സ്വതന്ത്രാധികാരമുള്ള അഞ്ചാമത്തെ റീജ്യണാണെന്നുമുള്ള തര്‍ക്കം തുടരുകയല്ലാതെ ഏതാണ്ട് നിലച്ച് പോയിരുന്ന പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളോ പരിപാടികളോ വ്യത്യസ്തവും ജനകീയവുമായ പ്രവര്‍ത്തനം എന്ന് ഘോഷിച്ചവര്‍ക്കുമുണ്ടായിരുന്നില്ല.

പുനര്‍ജന്മം പുതിയ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ചലച്ചിത്ര മാധ്യമത്തിന് സംഭവിച്ച മാറ്റം അപ്രതീക്ഷിതവും അതിവേഗത്തിലുമായിരുന്നു. സെല്ലുലോയ്ഡ് പിന്‍വാങ്ങുകയും ഡിജിറ്റല്‍ സാങ്കേതികത അതിശീഘ്രം വ്യാപിക്കുകയും ചെയ്തതോടെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം പഴയതുപോലെ സാഹസികമല്ലാതാവുകയും ചെയ്തു. സംഘാടനം അനായാസകരമായി തീര്‍ന്നതോടെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ഉണര്‍വുണ്ടായി. പക്ഷേ എണ്‍പതുകളുടെ അവസാനം വരെ നിലനിന്നിരുന്ന സംഘങ്ങളുടെ രീതികളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയാണ് ദര്‍ശിക്കാന്‍ കഴിഞ്ഞത്. (അതിന്റെ സവിശേഷതയും കാരണവും അന്വേഷിക്കല്‍ ഈ കുറിപ്പിന്റെ പരിധിക്ക് പുറത്തായതുകൊണ്ട് ഇവിടെ അതിന് മുതിരുന്നില്ല.). ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, സമകാലീന കാഴ്ചാനുഭവങ്ങള്‍ നല്‍കുന്ന ചലച്ചിത്രങ്ങളെ കുറിച്ചുള്ള ധാരണയും അവയെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധതയുമുള്ള പ്രേക്ഷകര്‍ കേരളത്തില്‍ വളര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പഴയ കാലങ്ങളിലെ പോലെ കൂട്ടായിരുന്നുള്ള കാഴ്ച്ചയും സംവാദങ്ങളുമൊക്കെ അപൂര്‍വ്വങ്ങളായിട്ടുമുണ്ട്. പുതിയ നൂറ്റാണ്ടില്‍ പ്രസ്ഥാനത്തിന് പുനരുജ്ജീവനമുണ്ടായതിന് നന്ദി പറയേണ്ടത് ഡി വി ഡി, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക വികാസത്തോടാണ്.

പുനര്‍ജന്മത്തില്‍ അതിന്റെ സജീവതയും സര്‍വ്വവ്യാപിത്വവും അതിശയിപ്പിക്കുന്നതായിരുന്നു. പുതിയൊരു തലമുറയുടെ ചലച്ചിത്രത്തോടുള്ള അഭിനിവേശവും നിസ്വാര്‍ത്ഥമായ പ്രയത്‌നവും കൊണ്ടാണ് അതൊക്കെ സാധിതമായിട്ടുള്ളത് എന്നും വിസ്മരിച്ച് കൂടാ. മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള ആവേശത്തില്‍ പലരും ഫെഡറേഷനില്‍ അംഗത്വവും തേടി. പ്രതീക്ഷിച്ചതില്‍ നിന്നും ഭിന്നമായ കാര്യങ്ങളാണ് അകത്തെന്ന് മനസ്സിലാക്കി പിന്‍വാങ്ങാനും അധിക താമസമുണ്ടായില്ല. അവരുടെയെല്ലാം അംഗബലമാണ് ഫെഡറേഷന്‍ പ്രവര്‍ത്തനത്തിന്റെ മികവായി ഇപ്പോഴും ആഘോഷിക്കുന്നത്.അതൊക്കെ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 2011ല്‍ 50 ലക്ഷം രൂപ ധനസഹായം നേടിയെടുത്തത്. അത് സൊസൈറ്റികളുമായി പങ്ക് വെക്കുന്നതില്‍ യുക്തിസഹവും നീതിപൂര്‍വ്വവുമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഏതാനും ചിലരുടെ സ്വയം പ്രകാശനത്തിനും, പിന്തുണക്കുന്നവരെ പ്രീതിപ്പെടുത്തി കൂടെ നിര്‍ത്താനും, തലയെണ്ണല്‍ വരുമ്പോള്‍ വിജയിക്കാന്‍ കടലാസ് സംഘങ്ങളെ നിലനിര്‍ത്താനും, ഭിന്നാഭിപ്രായങ്ങളുടെ വായടപ്പിക്കാനും ധൂര്‍ത്തടിക്കുകയായിരുന്നു ഈ പണമെല്ലാം. പുതിയ ഉണര്‍വൊക്കെ തങ്ങളുടെ ജനകീയ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് അവകാശപ്പെട്ട് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഗണ്യമായ സാമ്പത്തികസഹായം നേടിയെടുക്കാന്‍ കേരളത്തിലെ ഫെഡറേഷന് സാദ്ധ്യമായതിന്റെ ഗര്‍വ്വില്‍ കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച് 'സ്വതന്ത്രപ്രവര്‍ത്തനം' നടത്തിവരികയായിരുന്നു കേരള സബ് റീജ്യണ്‍ അടുത്തകാലം വരെ. (കേരള സബ് റീജ്യണിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്രസമിതിക്ക് ഒരു പരാതി പോയതിനെ തുടര്‍ന്നാണ് അതുമായി അടുത്തതും, വലിയൊരു പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുത്തിയതിന്റെ പ്രത്യുപകാരമായി ദേശീയ പ്രസിഡന്റിന് കേരളത്തിലെ സൊസൈറ്റികളുടെ ഒന്നടങ്കം പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയതും. ആ പരാതിയുടെ വിശദാംശങ്ങളും അധികാരം നഷ്ടപ്പെടാതിരിക്കാന്‍ ഇരു കൂട്ടരും നടത്തിയ കൊടുക്കല്‍ വാങ്ങലുകളിലൂടെ ആ പരാതിയെ നിര്‍ദ്ദയം കൊലചെയ്തതിന്റെ കഥയും വഴിയേ വായിക്കാം).
സാമ്പത്തിക ക്രമക്കേടുകള്‍
2010-11ല്‍ അന്‍പത് ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ ഫെഡറേഷന് അനുവദിച്ചതെങ്കില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അത് ഗണ്യമായി കുറച്ചു. മുന്‍വര്‍ഷം, വന്‍തുകയുടെ ധാരാളിത്തം അനുഭവിച്ചവര്‍ക്ക് ഈ ചുരുക്കല്‍ സഹ്യമായില്ല. അങ്ങിനെയാണ് ഒരു രാഷ്ട്രീയ നേതാവിന്റെ ഇടപെടലില്‍ ധനകാര്യവകുപ്പ് പൂട്ടിവെച്ച ഫയല്‍ വീണ്ടും തുറപ്പിച്ച് 30 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ച് നേടിയത്. വര്‍ദ്ധിപ്പിച്ച തുകയുടെ നിശ്ചിത ശതമാനം കമ്മീഷന്‍ പറ്റി അത് ചെയ്ത് കൊടുക്കാന്‍ നേതാവിന് ഇടനിലക്കാരനായത് ഇപ്പോള്‍ 'സ്വതന്ത്രപ്രവര്‍ത്തനം' നടത്തുന്ന ഫെഡറേഷന്റെ മുന്‍കാല ഭാരവാഹിയാണെന്നാണ് കേട്ടത്. സര്‍ക്കാരില്‍ നിന്ന് കിട്ടിയ സഹായം എങ്ങിനെ ധൂര്‍ത്തടിച്ചുവെന്ന് മനസ്സിലാക്കാന്‍ ഫെഡറേഷന്റെ വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രം മതി. സൊസൈറ്റികളോട് ആശയവിനിമയം നടത്താന്‍ ഒരു എഴുത്ത് പോലും അയക്കാത്ത ഫെഡറേഷന്‍ പ്രവര്‍ത്തനത്തിന് 2013 - 14 വര്‍ഷത്തില്‍ ചെലവഴിച്ചത് 15.38 ലക്ഷം രൂപയാണ്. ബാക്കി 14.62 ലക്ഷം രൂപ സൊസൈറ്റികള്‍ക്കിടയില്‍ വിതരണം ചെയ്തുവെന്നുമാണ് കണക്കുകള്‍ കാണിക്കുന്നത്.

തെരഞ്ഞെടുപ്പുള്‍പ്പെടെ സകല കാര്യങ്ങളിലും തങ്ങളെ പിന്തുണക്കുന്ന കടലാസ് സംഘടനകളെ സന്തോഷിപ്പിക്കാനാണ് അതിന്റെ ഏറിയ പങ്കും വിനിയോഗിച്ചിട്ടുള്ളത്. ആ വര്‍ഷം 118 സൊസൈറ്റികള്‍ ഫെഡറേഷനില്‍ അംഗങ്ങളായുണ്ടെന്നും അതില്‍ 37 എണ്ണം തിരുവനന്തപുരത്തുമാണെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ പകുതിയിലേറെ മുന്‍ പറഞ്ഞ കടലാസ് സംഘടനകളുടെ ഗണത്തില്‍ പെടുന്നവയാണ്. കേരളഘടകത്തിന്റെ ധനദുര്‍വ്യയത്തിനെതിരെയുള്ള പരാതി അന്വേഷിക്കേണ്ടത് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റാണെന്ന് കാണിച്ച് കേന്ദ്രസമിതി തള്ളിയത് കേന്ദ്രസംഘത്തെ തിരുവനന്തപുരത്ത് കൊണ്ട് വന്ന് സത്ക്കരിച്ച്തിന്റെ പ്രത്യുപകാരമായിട്ടായിരിക്കാം. വിമാന ടിക്കറ്റും നക്ഷത്ര ഹോട്ടലില്‍ താമസവും എല്ലാം ഒരുക്കിയത് ട്രാവലിങ്ങ് എക്‌സ്‌പെന്‍സില്‍ ഉള്‍പ്പെടുത്തിയാണോ അതോ മീറ്റിങ്ങ് എക്‌സ്‌പെന്‍സസിലാണോ പെടുത്തിയതെന്ന് അറിയാനുള്ള അവകാശം പോലും അംഗ സൊസൈറ്റികള്‍ക്കുണ്ടായില്ല. ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് ക്രമക്കേടുകള്‍ ചൂട്ടിക്കാട്ടാന്‍ ബാദ്ധ്യസ്ഥനാണെന്ന് സമ്മതിച്ചാല്‍ തന്നെ 25 വര്‍ഷമായി തുടരുന്ന ഭാരവാഹികള്‍ അവരോടൊപ്പം വര്‍ഷാവര്‍ഷം മാറ്റമില്ലാതെ തെരഞ്ഞെടുക്കുന്ന അക്കൌണ്ടന്റില്‍ നിന്ന് അത് പ്രതീക്ഷിക്കാമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. അംഗ സൊസൈറ്റികളില്‍ നിന്നും ലഭിക്കുന്ന വരിസംഖ്യയും സര്‍ക്കാരില്‍ നിന്നുള്ള സഹായവുമെല്ലാം ചിലരുടെ ഉല്ലാസത്തിനും വ്യക്തിത്വ വികാസത്തിനുമാണ് വിനിയോഗിക്കപ്പെടുന്നത് എന്ന് വ്യക്തമാണല്ലോ. (ജോലി ചെയ്യുന്നവരുടെ പ്രതിഫലം പോലും നല്‍കുന്നില്ലെന്നാണ് അറിവ്. ഡല്‍ഹി മേഖലാ ഓഫീസിലെ പാവം പ്യൂണിന് തന്റെ തുച്ഛമായ ശമ്പളം പോലും ലഭിച്ചിട്ട് മാസങ്ങളായത്രേ).

ജനാധിപത്യ ധ്വംസനം
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ നിലനിന്നിരുന്ന ദുഷിച്ച പ്രവണതകള്‍ ഇല്ലാതാകണമെന്ന ആഗ്രഹം ആത്മാര്‍ത്ഥതയുള്ള ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാകുന്നത് ഈ സാഹചര്യങ്ങളിലാണ്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തിലാദ്യമായി, 2014-ല്‍, കേരളത്തിലെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം വന്നു. പ്രീണിപ്പിച്ച് പലരേയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി വിജയിക്കാഞ്ഞതിനാല്‍ മത്സരം ഉറപ്പായി. കടലാസ് സംഘടനകള്‍ക്ക് വോട്ടവകാശം ഉറപ്പിക്കാന്‍ ഏപ്രില്‍ മുപ്പതിന് മുന്‍പ് കൂട്ടമായി അംഗത്വം പുതുക്കിയും, പൊതുയോഗത്തില്‍ പങ്കെടുക്കാനും വോട്ട് ചെയ്യാനും പ്രതിനിധിയെ അധികാരപ്പെടുത്തുന്ന എഴുത്ത് പല സൊസൈറ്റികളില്‍ നിന്നും ആളുടെ പേര് രേഖപ്പെടുത്താതെ വാങ്ങിച്ചും, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചവര്‍ക്ക് അതയച്ച് കൊടുക്കാതെ അവരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തുമാണ് ആ തെരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുത്തത്.

കേന്ദ്രസമിതിക്ക് പരാതി
തെരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമങ്ങളെ കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ഫെഡറേഷന്റെ കേന്ദ്രനേതൃത്വത്തിന് ഫെഡറേഷന്റെ നിയമാവലിക്ക് വിധേയമായി ഒരു പരാതി, (1975ല്‍ രൂപീകൃതമായ) പയ്യന്നൂരിലെ സര്‍ഗ്ഗ ഫിലിം സൊസൈറ്റി 2014 ജൂലൈ 31-ന് സമര്‍പ്പിക്കുകയുണ്ടായി. അത് കൈപ്പറ്റിയെന്ന് അറിയിച്ചതല്ലാതെ മാസങ്ങളോളം നടപടിയൊന്നുമുണ്ടായില്ല. നിര്‍ബ്ബന്ധം സഹിക്കാഞ്ഞ് 2015 മാര്‍ച്ചില്‍ അതിന്മേല്‍ നടപടിയാരംഭിച്ചു. പരാതിക്കാരനെ പിന്തിരിപ്പിക്കാനായിരിക്കണം, നാഗ്പൂരില്‍ ചേരുന്ന ഫെഡറേഷന്റെ സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മുന്‍പാകെ സ്വന്തം ചെലവില്‍ ഹാജരായി പരാതി ബോധിപ്പിക്കണമെന്ന അറിയിപ്പായിരുന്നു അത്. ഏത് നടപടിക്രമപ്രകാരമാണ് കേള്‍ക്കാന്‍ അധികാരമില്ലാത്ത ഒരു സ്ഥാനത്തിനെ പരാതി കേള്‍പ്പിക്കേണ്ടതെന്നും അതും കൃത്രിമമായ മാര്‍ഗ്ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ കൂടി ഉള്‍പ്പെടുന്ന ഒരു സമിതി മുന്‍പാകെയും എന്ന ചോദ്യമുന്നയിച്ച് അത് പരാതിക്കാര്‍ നിരസിച്ചു. അതേ തുടര്‍ന്ന് ഒരു അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിക്കൊണ്ട് കമ്മിറ്റിയില്‍ തീരുമാനമുണ്ടായി. ഫെഡറേഷന്റെ ആസ്ഥാനം കൊല്‍ക്കത്തയിലായതിനാല്‍ നിയമാധികാരപരിധി കൊല്‍ക്കത്തയാണെന്നും അതുകൊണ്ട് അന്വേഷണം കൊല്‍ക്കത്തയില്‍ തന്നെ ആരംഭിക്കണമെന്നും പിന്നീട് വേണമെന്ന് തോന്നിയാല്‍ ദക്ഷിണേന്ത്യയിലും അന്വേഷണം തുടരുമെന്ന് ഉത്തരവാക്കുകയും പരാതിക്കാര്‍ക്ക് അന്വേഷണത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്താന്‍ സൌകര്യമുള്ള തീയതി അറിയിക്കണമെന്ന ഔദാര്യം അനുവദിക്കപ്പെടുകയും ചെയ്തു. ഒരു കോടതി നടപടിക്കാണ് പരാതിക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ മാത്രമേ നിയമാധികാരപരിധി കൊല്‍ക്കത്തയാണെന്ന വാദം സംഗതമാവുകയുള്ളൂ എന്നും പരാതിക്കാരും ആരോപണവിധേയരും സംഭവം നടന്ന സ്ഥലവും സാക്ഷികളും തെളിവുകളായി പരിശോധിക്കപ്പെടേണ്ട രേഖകളും എല്ലാം കേരളത്തിലായതിനാല്‍ അന്വേഷണം കേരളത്തില്‍ തന്നെ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കൊല്‍ക്കത്തയില്‍ നടപടി ആരംഭിച്ച് ആവശ്യമെങ്കിലേ പുറത്തേക്ക് പോവുകയുള്ളൂ എന്ന് ശഠിച്ച് നില്‍ക്കുക തന്നെ ചെയ്തു. ആയിടെയാണ് ഈ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരും ഭരണഘടനാ പരിഷ്‌ക്കാര സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഭരണഘടന ലംഘിച്ചതിന് അന്വേഷണം നേരിടുന്ന ഓഫീസിന്റെ പ്രതിനിധിയെ ഭരണഘടനാ പരിഷ്‌ക്കരണ സമിതിയില്‍ ഉള്‍പ്പെടുത്തിയതും അതിന്റെ തന്നെ ആതിഥ്യത്തിലാണ് സമിതി ചേരുന്നതുമെന്നുള്ള വിരോധാഭാസം വിസ്മരിച്ചുകൊണ്ട് ആ സമിതി ചേരുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ അന്വേഷണം നടത്തണമെന്ന അഭ്യര്‍ത്ഥന ഒടുവില്‍ സ്വീകരിച്ചു.
പ്രഹസനം
അന്വേഷണം ഒരു പ്രഹസനമാക്കി, പരാതി കൊണ്ടുള്ള ശല്യം ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു അതെന്ന് പില്‍ക്കാല നടപടികളിലാണ് ബോദ്ധ്യമാകുന്നത്. 2015 ജൂണ്‍ 15-ന് തിരുവനന്തപുരത്ത് നടക്കുന്ന അന്വേഷണത്തില്‍ ഹാജരാകാന്‍ പരാതിക്കാര്‍ക്കും 'സാക്ഷി'യായി പങ്കെടുക്കാന്‍ ആരോപിതരായവര്‍ക്കും അറിയിപ്പ് ലഭിച്ചു. ആരോപിതരായവര്‍ സാക്ഷികളാകുന്നതിന്റെ അനൌചിത്യം പരാതിക്കാരും ഫെഡറേഷന്റെ തന്നെ ഒരു കേന്ദ്ര ഭാരവാഹിയും ചൂണ്ടിക്കാണിച്ചുവെങ്കിലും അത് ഗൌനിക്കാതെ നടപടികള്‍ തുടരുകയാണ് ചെയ്തത്. 500 കിലോമീറ്ററോളം യാത്രചെയ്ത് അന്വേഷണ സംഘം മുന്‍പാകെ ഹാജരായപ്പോള്‍ ആരോപിതരായവരോ സാക്ഷികളോ തെളിവ് രേഖകളോ ഒന്നുമില്ലാതെ പരാതിക്കാരനുമായി ഒരു സൌഹൃദ ചര്‍ച്ച നടത്താനേ ഉദ്ദേശമുള്ളൂ എന്ന അറിയിപ്പാണുണ്ടായത്. അതിനോട് വിയോജിച്ചപ്പോള്‍, 'നാമെല്ലാം സന്നദ്ധപ്രവര്‍ത്തകരാണെന്നും കര്‍ക്കശമായ നടപടി ക്രമങ്ങളിലൂടെ പരസ്പരം പോരടിച്ച് ഭിന്നിക്കേണ്ടവരല്ലെന്നും പരാതിയുടെ വികാരം കേന്ദ്ര നേതൃത്വം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും നിങ്ങള്‍ക്ക് അനുകൂലമായ ഒരു റിപ്പോര്‍ട്ടാണ് ഉണ്ടാകാന്‍ പോകുന്നതെ'ന്നും അനുനയിപ്പിക്കാന്‍ ശ്രമമുണ്ടായി.

അത് സ്വീകരിക്കാതെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് അന്വേഷണം നടത്തണമെന്ന് ശഠിച്ചപ്പോള്‍ എതിര്‍ ഭാഗത്ത് നിന്ന് പങ്കെടുക്കേണ്ടയാള്‍ക്ക് ഉച്ചക്ക് 2 മണി വരെ അസൌകര്യമുണ്ടെന്നും അടുത്ത ദിവസം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫെഡറേഷനെതിരെയുള്ള ഒരു കേസില്‍ അന്വേഷണസംഘത്തില്‍ പെട്ട ജനറല്‍ സെക്രട്ടറിക്ക് ഹാജരാകേണ്ടത് കൊണ്ട് ഉച്ചക്ക് ശേഷം തന്നെ തിരിച്ച് പോകേണ്ടതുണ്ടെന്നും അയാളെ കാത്ത് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍വ്വാഹമില്ലെന്നും നേരത്തേ വാഗ്ദാനം ചെയ്തത് പോലെ പരാതിക്കാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് തന്നെയുണ്ടാകുമെന്ന് ആവര്‍ത്തിക്കുകയും ചെയ്ത് പ്രഹസനം അവസാനിപ്പിക്കുകയാണുണ്ടായത്. നാല്പത്തഞ്ച് ദിവസം കഴിഞ്ഞ്, 'നടക്കാത്ത അന്വേഷണത്തെ' സംബന്ധിച്ച് കെട്ടിച്ചമച്ച ഒരു റിപ്പോര്‍ട്ട് പ്രസിഡന്റിന് സമര്‍പ്പിച്ചതായും പ്രസിഡന്റ് അത് ആധാരമാക്കി പരാതി തള്ളുകയും അതില്‍ അതൃപ്തിയുണ്ടെങ്കില്‍ കോടതിയെ സമീപിച്ചോളൂ എന്നൊരു ഉപദേശവും ഉള്‍ക്കൊള്ളിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചതായും അവയുടെ ഇ മെയില്‍ പകര്‍പ്പ് 2015 ജൂലൈ 31-ന് അയച്ച് തന്ന് അറിയിക്കുകയുണ്ടായി.

പുന:പരിശോധിക്കണം
വ്യാജമായ റിപ്പോര്‍ട്ട് തള്ളണമെന്നും അസത്യത്തിലൂന്നിയുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നും കാണിച്ച് ഒരു ഹരജി 2015 ഓഗസ്റ്റ് 21-ന് തന്നെ സമര്‍പ്പിക്കുകയുണ്ടായെങ്കിലും അത് കൈപ്പറ്റിയതായിപ്പോലും അറിയിക്കാതെ അവഗണിച്ചു. തുടര്‍ന്ന്, ഫെഡറേഷന്റെ ഏറ്റവും ഉന്നതമായ സമിതിയും അപ്പീല്‍ കേള്‍ക്കാന്‍ അധികാരമുള്ള സ്ഥാനവുമായ സെന്‍ട്രല്‍ കൌണ്‍സിലിന് ഒരു അപ്പീല്‍ ബോധിപ്പിച്ചു. അതിനും പുന:പരിശോധനാ ഹരജിയുടെ ഗതി തന്നെയാണുണ്ടായത്. തുടര്‍ന്ന് അപ്പീല്‍ സെന്‍ട്രല്‍ കൌണ്‍സില്‍ അംഗങ്ങളെ വ്യക്തിപരമായി ഉണര്‍ത്തിക്കാന്‍ അവരെ ബന്ധപ്പെടാനുള്ള വിലാസങ്ങള്‍ ആരാഞ്ഞെങ്കിലും അതും അവഗണിക്കുകയാണ് ചെയ്തത്.

സ്വേഛാപ്രവര്‍ത്തനം അവസാനിക്കണം
ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒരു സാംസ്‌ക്കാരിക പ്രസ്ഥാനത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തി വന്ന യത്‌നം change.org-ലെ ഒരു ഹരജിയിലൂടെ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ്. എന്നാല്‍ ഗൌരവമായി പരിഗണിക്കേണ്ട ഒരു വിഷയമായി ആരും അതേറ്റെടുത്തിട്ടില്ല. ചില സൌഹൃദ സംഭാഷണങ്ങളിലെ പ്രതികരണങ്ങള്‍ നിരുത്സാഹകരമായിരുന്നു. 'അധികാര പ്രമത്തരായവരോട് മല്ലടിച്ചിട്ടെന്ത് ഫലം?', 'ആരുടെയും സഹായമില്ലാതെ തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമ്പോള്‍ 'കാലഹരണപ്പെട്ട' തര്‍ക്കങ്ങള്‍ക്ക് സമയം കളയുന്നതെന്തിന്?', 'അപ്രിയ സത്യങ്ങള്‍ ഉണര്‍ത്തി വെറുതേ എന്തിന് അപ്രീതി സമ്പാദിക്കണം?' തുടങ്ങിയ സൌകര്യപൂര്‍വ്വമായ ഒഴിഞ്ഞുമാറലുകളാണ് കേട്ടത്. വിറക് വെട്ടികളും വെള്ളം കോരികളും പ്രതികരിക്കാതിരിക്കുന്നത് സ്വാഭാവികം. അനര്‍ഹമായ ആനുകൂല്യങ്ങളും ഉപഹാരങ്ങളും അനുഭവിച്ചവര്‍ കൃതജ്ഞതാഭാവത്തില്‍ മൌനം തേടുന്നതിലും അത്ഭുതമില്ല. എന്നാല്‍ നിഷ്പക്ഷമതികള്‍ക്ക്, വിമര്‍ശനമാണെങ്കില്‍പ്പോലും, ഇതില്‍ ഒന്നും പറയാതിരിക്കാന്‍ കഴിയുമോ?

change.org-ലെ ഹരജിയില്‍ ലക്ഷം പേര്‍ ഒപ്പിട്ടത് കൊണ്ടോ ആരും ഒപ്പിട്ടില്ലെങ്കിലോ മാറ്റം സംഭവിക്കണമെന്നില്ല. സ്വേഛാപരമായ പ്രവര്‍ത്തികള്‍ ചെറുക്കാന്‍ ആ സംഘടനക്ക് അകത്തുള്ളവര്‍ തന്നെ പോരാടണം. അതിന് അവര്‍ക്ക് ശേഷിയുണ്ടാകാന്‍ സത്യങ്ങള്‍ പുറത്ത് വരണം. പൊതു ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ നിശ്ചേഷ്ടയായിരിക്കുന്നവരുടെ മേല്‍ സമ്മര്‍ദ്ദമായി പതിയണം. അത് വഴി മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നുള്ളൂ എന്ന ഉത്തമ വിശ്വാസത്തില്‍ ഗൌരവമായ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കാനാണ് ഇത്രയും കാര്യങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്.

നിലനില്‍ക്കണോ?
പൊതുമുതല്‍ ധൂര്‍ത്തടിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ തണലിലല്ലാതെ തന്നെ ഫിലിം സൊസൈറ്റികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. നിക്ഷിപ്തമായ കടമകള്‍ നിറവേറ്റാതെ മറ്റുള്ളവരുടെ പ്രയത്‌നത്തിന്റെ ഫലം സ്വന്തം വ്യക്തിസുഖത്തിനായി കവര്‍ന്നെടുക്കുന്ന ചിലര്‍ക്ക് വേണ്ടി ഒരു പ്രസ്ഥാനം നിലനില്‍ക്കേണ്ടതുണ്ടോ അതല്ല, വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായി രൂപം കൊണ്ട മഹാപ്രസ്ഥാനത്തെ ജനാധിപത്യവല്‍ക്കരിച്ച് നിലനിര്‍ത്തണമോ എന്നതാണ് ഇന്ന് പ്രസക്തമായിരിക്കുന്നത്. അതാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതും.


(ഫിലിം സൊസേറ്റി പ്രവര്‍ത്തകനും സിനിമ സംവിധായകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories