TopTop

വിരട്ടാന്‍ നോക്കല്ലേ; യു പിയില്‍ ബിജെപിക്കാരെ വിറപ്പിച്ച് വനിത സി ഐ/ വീഡിയോ കാണാം

വിരട്ടാന്‍ നോക്കല്ലേ; യു പിയില്‍ ബിജെപിക്കാരെ വിറപ്പിച്ച് വനിത സി ഐ/ വീഡിയോ കാണാം
വിരട്ടലുമായി വന്ന ബിജെപി പ്രവര്‍ത്തകരെ അതേ നാണയത്തില്‍ തിരിച്ചടിച്ച വനിത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രേഷ്ഠ താക്കൂര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ താരമാണ്. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലെ സ്യാന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്രേഷ്ഠ തന്നെ വളഞ്ഞ രോഷാകുലരായ ബിജെപി പ്രവര്‍ത്തകരുടെ വായടപ്പിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു പ്രാദേശിക ബിജെപി നേതാവിനെ ഫൈന്‍ അടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം തുടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജില്ല തല നേതാവയ പ്രമോദ് ലോദിയെ വാഹനത്തിന്റെ മതിയായ രേഖകള്‍ കൈവശം ഇല്ലാത്തിന്റെ പേരില്‍ ബുലാന്ദ്ഷഹറില്‍ പൊലീസ് പിടികൂടി 200 രൂപ ഫൈന്‍ ചാര്‍ജ് ചെയ്തത്. എന്നാല്‍ ഫൈന്‍ അടയ്ക്കാന്‍ കൂട്ടാക്കാതെ പൊലീസുകാരോട് അപമര്യാദയായി പെരുമാറി പ്രമോദിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പ്രമോദിനെ ജില്ല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നു. ഈ സമയം കോടതി പരിസരത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി സ്ഥലത്ത് സംഘര്‍ഷസാധ്യത ഉണ്ടാക്കി. പ്രമോദിനെ കോടതിയില്‍ ഹാജരാക്കുന്നത് തടയാനും പാര്‍ട്ടിക്കാര്‍ നോക്കി.

ഈ സമയത്താണ് ശ്രേഷ്ഠ ബിജെപിക്കാര്‍ക്കിടയിലേക്ക് ചെന്നത്. തന്നോട് ആക്രോശമുയര്‍ത്തിയവരോട് ശ്രേഷ്ഠ ഒരേ കാര്യമേ പറഞ്ഞള്ളൂ; വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അവകാശമില്ലെന്ന് മുഖ്യമന്ത്രിയുടെ ഒരു കൈയില്‍ നിന്നും ഒരു ഉത്തരവ് എഴുതി വാങ്ങിക്കൊണ്ടുവാ, അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഈ ജോലി ചെയ്യാതിരിക്കാം.

ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ മറ്റൊരാരോപണം ഉയര്‍ത്തി. രണ്ടായിരം രൂപ കൈക്കൂലി ചോദിച്ചതു നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രമോദിനെ അറസ്റ്റ് ചെയ്തതെന്ന്. അതിനുള്ള ശ്രേഷ്ഠയുടെ മറുപടി ഇതായിരുന്നു;
ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തെയും വീട്ട് രാത്രിയില്‍ വന്നു തമാശ കാണിക്കുകയല്ല, ഡ്യൂട്ടി ചെയ്യുകയാണ്. ഇനിയും ഇവിടെ കൂടി നിന്നു ബഹളം വച്ചാല്‍ ക്രമസമാധാന ലംഘനത്തിന് എല്ലാവര്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യും. നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുകയാണ്. ജനങ്ങള്‍ നിങ്ങളെ ബിജെപി ഗൂണ്ടകള്‍ എന്നു വിളിക്കും
'. ശ്രേഷ്ഠയുടെ താക്കീത് വന്നതോടെ കൂടിനിന്നവവരെല്ലാം പിരിഞ്ഞുപോകാന്‍ തുടങ്ങി.

എന്നാല്‍ ബിജെപി ജില്ല നേതൃത്വം ശ്രേഷ്ഠയെ പാഠംപഠിപ്പിക്കുമെന്ന നിലപാടാണ് എടുത്തിരിക്കുന്നത്.
ഞങ്ങള്‍ ഉപമുഖ്യമന്ത്രിയടക്കമുള്ളവരോട് ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു. രണ്ടു ദിവസത്തിനകം അന്വേഷിച്ച് ആ പൊലീസ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കാമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. നടപടിയൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ മറ്റു നിര്‍ദേശങ്ങള്‍ക്കായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടും;
 ബിജെപി ജില്ല യൂണിറ്റ് പ്രസിഡന്റ് ഹിമാന്‍ഷു മിത്തല്‍ ദി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു.


Next Story

Related Stories