TopTop
Begin typing your search above and press return to search.

എന്‍റെ ഉടലിനെ കുറിച്ച് ഏതു ഭാഷയിൽ സംസാരിക്കണം?

എന്‍റെ ഉടലിനെ കുറിച്ച് ഏതു ഭാഷയിൽ സംസാരിക്കണം?

അനഘ നമ്പ്യാർ

ഒരു മുൻ‌കൂർ ജാമ്യത്തോടെ തുടങ്ങട്ടെ, ഞാൻ നിങ്ങൾക്ക് ദഹിക്കാനാവാത്ത വാക്കുകൾ ഛർദ്ദിച്ചു വയ്ക്കാൻ ഒരു ബുദ്ധിജീവിയല്ല, നിങ്ങളുടെ ഭാവനകളെ ഉണർത്താൻ കഴിവുള്ള എഴുത്തുകാരിയുമല്ല. അത് നിങ്ങളെ നിരാശപ്പെടുത്തുമെങ്കിൽ മുന്നോട്ട് വായിക്കരുത്.

രാജ്യത്തെ മികച്ച ഒരു സർവകലാശാലയിൽ കഴിഞ്ഞ രണ്ടു വർഷമായി ഞാനുണ്ട്. ഏതൊരു വ്യക്തിയും അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് ഇവിടെ ലഭ്യമാണ് - മനോഹരമായ ഒരു ക്യാമ്പസ്, മികച്ച പ്രൊഫസർമാർ, സ്വയം ഒരു അരാഷ്ട്രീയവാദിയെന്ന്‍ ഞാൻ എന്നെ കരുതുന്നുവെങ്കിലും സുഹൃത്തുക്കളായി രാഷ്ട്രീയ ബോധമുള്ള ചെറുപ്പക്കാർ, പിന്നെ മറ്റെന്തിലുമുപരിയായി എനിക്ക് അത് നൽകുന്ന സ്വാതന്ത്ര്യവും, എന്റെ സ്വന്തം വ്യവസ്ഥകളിലുള്ള ജീവിതവും, കയറിപ്പിടിക്കലോ, തുറിച്ചു നോട്ടമോ നേരിടേണ്ടതില്ലാതെ രാത്രി വൈകുവോളം അലയാനുള്ള സ്വാതന്ത്ര്യവും.

ചിലപ്പോൾ ഇപ്പറഞ്ഞവയിൽ അവസാനഭാഗം നിങ്ങളിൽ പലർക്കും അത്രകണ്ട് പ്രധാനമായി തോന്നില്ലായിരിക്കും. പക്ഷേ എവിടെയും ഏതുനേരത്തും നിരീക്ഷണ കണ്ണുകളില്ലാതെ അലഞ്ഞുതിരിഞ്ഞ ഓർമകൾ നിധിപോലെ സൂക്ഷിക്കുന്ന എനിക്കും മറ്റുപലർക്കും ഇത് അതിപ്രധാനമാണ്.

ഇപ്പോൾ വിട പറയേണ്ടുന്ന നേരമായി. ഇത് തന്നെയാണ് സംസാരിക്കാനുള്ള ശരിയായ സമയവും.

അറിഞ്ഞു കൂടാത്തവർക്കായി പറയട്ടെ, HCU (University of Hyderabad) എന്നത് രണ്ടായിരം ഏക്കറിൽ പരന്നു കിടക്കുന്ന, 12 മെൻസ് ഹോസ്റ്റലുകളും എട്ട് വിമൻസ് ഹോസ്റ്റലുകളും ഉള്ള ഒരു ക്യാംപസാണ്. ക്യാംപസിൽപ്രധാനപ്പെട്ട ഒരുപാട് വിഷയങ്ങളിൽ ധാരാളം അക്കാദമിക് ചർച്ചകൾ നടക്കാറുണ്ട്, അവയിൽ പലതും പ്രധാനമാണെന്ന് ഇവിടെ വന്നതിനു ശേഷമാണ് ഞാൻ തിരിച്ചറിയുന്നത് പോലും. അതിന് എന്റെ അറിവുകേടിനെയാണ് പഴിക്കേണ്ടത്. ഈ സ്ഥലത്തോടു ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു, ഇവിടം ഞാൻ ഏറെ മിസ്‌ ചെയ്യും. അരുത്, ഒരു വിടവാങ്ങൽ കുറിപ്പായി ഇതിനെ തെറ്റിദ്ധരിക്കാൻ വരട്ടെ. ഇത് അങ്ങനെ ഒന്നല്ല.ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് 23 വയസുണ്ട്. ഒരു ബിരുദാനന്തര ബിരുദധാരിയാകാൻ ഏതാനും മാസങ്ങളെയുള്ളൂ. അതെ, അതിന്റെ അർഥം, ഞാൻ നിയമപരമായി പ്രായപൂർത്തിയായ ഒരു വ്യക്തിയാണ്. എനിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനും സ്വന്തം ശരീരവും സ്വത്വവും പരിപാലിക്കാനും കഴിയും. ഇതിവിടെ എഴുതിയിടാനുള്ള തീരുമാനം തന്നെ ഒരുപാട് തവണ ഞാൻ പുനപരിശോധിച്ചിട്ടുണ്ട്. ഇത് പോസ്റ്റ്‌ ചെയ്യുമ്പോൾ പോലും ഞാൻ അത് ചിന്തിക്കുന്നു. നോക്കൂ, എനിക്കും നിങ്ങളെ പോലെ തന്നെ വളരെ സങ്കുചിത മനോഭാവമുള്ള അച്ഛനമ്മമാരും ബന്ധുക്കളും ഫെസ്ബുക്കിലുണ്ട്.

അതെ, ഞാൻ പുകവലിക്കാറുണ്ട്‌. ഒരു ദിവസം എത്ര എന്ന്‍ നിങ്ങളോട് പറയാൻ എനിക്ക് താത്പര്യമുണ്ട്, പക്ഷെ എനിക്കുതന്നെ എണ്ണം നിശ്ചയമില്ല. ഞാൻ മദ്യപിക്കാറുമുണ്ട്. നിങ്ങൾ ആരാധിക്കുന്ന മദർ തെരേസയേക്കാളുമോ, ഇറോം ഷർമിളയേക്കാളുമോ നിർഭയയേക്കാളുമോ ഒട്ടും കുറഞ്ഞ സ്ത്രീയല്ല ഞാനും. മേൽ പറഞ്ഞ എന്റെ പ്രവൃത്തികൾ അതിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല, ആ പ്രവൃത്തികൾ നിങ്ങൾ വായിച്ചു വളർന്ന യക്ഷിക്കഥകളിലെ യക്ഷിയെപ്പറ്റി ഓർമിപ്പിച്ചേക്കാമെങ്കിലും... പക്ഷെ ഓർക്കുക, എന്റെ ശരീരം നിങ്ങളുടേത് പോലെ തന്നെയാണ്... അതിന്റെ ഉടമ ഞാനാണ്.. അല്ലാതെ എന്റെ അച്ഛനോ സഹോദരനോ ഭർത്താവോ അല്ല. എനിക്ക് ചിന്താശേഷിയുണ്ട്. എല്ലാവർക്കും അതില്ല എന്നോർക്കുമ്പോൾ അത് ഒരു അനുഗ്രഹം തന്നെ.

എനിക്കു ചിലത് ഇവിടെ പറയാനുണ്ട്. അതാണ്‌ ഈ ലേഖനവുമായി ഞാൻ മുന്നോട്ടു വരാനുള്ള കാരണം. ഇന്നലെ ഒരു ക്ലാസ് മേറ്റുമായി ഒരു പ്രൊഫസറുടെയും ഏതാനും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഉണ്ടായ ചൂടേറിയ ഒരു വാഗ്വാദത്തിനിടെ അവൻ പറയുകയുണ്ടായി, രണ്ടു വ്യത്യസ്ത ലിംഗത്തിൽ പെടുന്ന ആൾക്കാർക്ക് ഒരിക്കലും വെറും സുഹൃത്തുക്കൾ മാത്രമായി നില്ക്കാൻ കഴിയില്ലെന്ന്. 'സ്പർശനം' ഒരു പ്രശ്നമാകുമത്രേ. ഞാൻ വിശ്വസിക്കുന്നത് ഇത്തരം അക്കാദമിക വേദികളിൽ മാത്രമാണ് വ്യത്യസ്ത ലിംഗത്തിലും വംശത്തിലും ജാതിയിലുമുള്ളവരും വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവരും ഒരുമിച്ചു ചേർന്ന് ഇടപഴകാനുള്ള സാഹചര്യമുള്ളത് എന്നാണ്. അതിനാൽ തന്നെ ഞാനവനോട് ചോദിച്ചു ഇത്തരമൊരു അഭിപ്രായം അവൻ പറഞ്ഞത് സ്ത്രീകൾക്ക് മുലയും വജൈനയും ഉള്ളത് കൊണ്ടാണോ എന്ന്. അവൻ എനിക്കു മറുപടി തന്നില്ലെന്നു മാത്രമല്ല, അവൻ പ്രൊഫസറുടെ മുഖത്ത് നോക്കി- അവരും ഒരു സ്ത്രീയാണ്- പറഞ്ഞു, ഇത്തരം ഭാഷാപ്രയോഗങ്ങൾ ശരിയല്ല എന്ന്. സംഗതി അപ്പോൾ ഇതാണ്, ഇത്തരം ഒരു സ്വതന്ത്രമായ അക്കാദമിക് ഇടത്ത് കമ്പാരേറ്റിവ് ലിറ്ററേച്ചർ ബിരുദാനന്തരബിരുദം തേടുന്ന ഒരു വിദ്യാർഥിക്ക് സ്വന്തം ശരീരത്തെയും അവയവത്തെയും പറ്റി സംസാരിക്കുന്ന ഒരു സ്ത്രീയെപ്പറ്റി ഇതാണ് കാഴ്ച്ചപ്പാടെങ്കിൽ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും, മതവും, സമൂഹവും, മാധ്യമങ്ങളും ഇവിടെ എന്ത് ധർമ്മമാണ് നിർവഹിക്കുന്നത്?എത്രകാലം ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും നമുക്ക് മാറാനാകും എന്ന് ഞാൻ ആശ്ചര്യപ്പെടുകയാണ്. ഈയിടെ വിക്ടോറിയ കാസറേസ് എഴുതിയ(തെറ്റുണ്ടെങ്കിൽ തിരുത്താവുന്നതാണ്) Vaginas and Butterflies എന്ന പുസ്തകം പൂവും പൂമ്പാറ്റയും എന്ന പേരിൽ മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ടിരുന്നു. അതിൽ പൂവ് എന്ന് അല്ലാതെ വജൈനയ്ക്ക് തത്തുല്യമായ മലയാള പദം ഇല്ല. അതെന്തുകൊണ്ടെന്ന് നിങ്ങൾ അമ്പരക്കുകയാണെങ്കിൽ ഞാൻ പറയട്ടെ, ഇവിടെ പല ഭാഷയിലും വജൈന മുതലായവയ്ക്ക് സംസാരയോഗ്യമായ പദങ്ങളില്ല. മലയാളത്തിലെ 'പൂർ' ആയാലും ഹിന്ദിയിലെ 'ഛൂത്' ആയാലും അവ ആളുകൾക്ക് ഒഴിച്ചുകൂടാനാകാത്ത തെറി പദങ്ങളാണ്. ദിനേന ആളുകൾ അവ ഉപയോഗിക്കുന്നത് നമുക്ക് കാണാം. അതിന്റെ കാരണം ഭാഷ ഏതെങ്കിലും വിധത്തിൽ മോശമായതായിട്ടല്ല. ഭാഷയ്ക്ക് വികാസമുണ്ട്, പക്ഷേ നമുക്കില്ല, നമ്മൾ പരിണമിക്കാൻ തയ്യാറല്ല. നമ്മൾ ഇത്തരം കാര്യങ്ങൾ മിക്കവാറും ഒരു നൂറു വർഷത്തിനിടെ സംസാരിച്ചു കാണില്ല. അവൻ എന്നെ ഒരു തേവിടിശ്ശി എന്ന് വിളിക്കുകയും എന്റെ വിലയന്വേഷിക്കുകയും ചെയ്തു- കാരണം ഒരു 'നല്ല പെൺകുട്ടി'ക്ക് അഭികാമ്യമായതിലും കൂടുതൽ ആൺസുഹൃത്തുക്കൾ എനിക്കുള്ളതുകൊണ്ട്. എന്നെപ്പോലുള്ള പെൺകുട്ടികൾ തേവിടിശ്ശികളാണെന്ന് അവൻ പറയുന്നു.

എനിക്കൊരു വജൈനയുണ്ട്, അതെ, മുലകളും. അതെ ഞാനൊരു സ്ത്രീയാണ്. ഞാൻ രാത്രികളിൽ അലഞ്ഞുനടക്കാറുണ്ട്, ചിലപ്പോൾ തനിച്ച്, ചിലപ്പോൾ കൂട്ടുകാരികളുമൊത്ത്, ചിലപ്പോൾ ഞാൻ തിരഞ്ഞെടുക്കുന്ന പുരുഷന്മാരുമൊത്ത്. ചിലപ്പോൾ ഞാൻ ബ്രാ ധരിക്കാറുണ്ട്, ചിലപ്പോൾ വേണ്ടെന്ന് വയ്ക്കാറുണ്ട്. മാസത്തിൽ ഏഴു ദിവസം ഞാൻ ഈ ദുരിതത്തിലൂടെ കടന്ന് പോകുന്നത് ഈയൊരു വംശത്തിനു/ഇനത്തിനു തന്നെ ജന്മം നൽകാനാണല്ലോ എന്നോർത്ത് ചിലപ്പോഴൊക്കെ ലജ്ജിക്കാറുണ്ടെങ്കിലും എന്റെ ആർത്തവത്തെപ്പറ്റി ചിലപ്പോൾ ആളുകളോട് സംസാരിക്കാറുണ്ട്. നിങ്ങൾ ഭയപ്പെടുന്ന അതേ ചീത്ത സ്ത്രീയാവാൻ പര്യാപ്തമായതെല്ലാം ഞാൻ ചെയ്യാറുണ്ട്. എന്റെ തിരഞ്ഞെടുപ്പുകളെപ്പറ്റി ഞാൻ ക്ഷമാപണം നടത്തില്ല. എന്റെ തിരഞ്ഞെടുപ്പുകൾ തെറ്റാണെന്ന് നിങ്ങൾ കരുതുന്നത് എന്നെ ബാധിക്കുന്നില്ല. ഞാൻ തിരഞ്ഞെടുക്കുന്ന വ്യക്തിയാവാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്.

*അനഘ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ്

വിവർത്തനം: വൈഖരി

(ഹൈദരാബാദ് സർവകലാശാലയിൽ എം എ കമ്പാരറ്റീവ് ലിറ്ററേച്ചർ വിദ്യാർഥിനിയാണ് അനഘ)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories