TopTop
Begin typing your search above and press return to search.

ഓരോ ലൈംഗികബന്ധത്തിനും പരിപൂര്‍ണ്ണമായ സമ്മതം എന്നത് ഉട്ടോപ്യന്‍ ആശയമാണ്

ഓരോ ലൈംഗികബന്ധത്തിനും പരിപൂര്‍ണ്ണമായ സമ്മതം എന്നത് ഉട്ടോപ്യന്‍ ആശയമാണ്

കാത്തി യൂംഗ്
(വാഷിംഗ്ടണ്‍പോസ്റ്റ്)

എനിക്ക് പത്തൊമ്പത് വയസുള്ളപ്പോള്‍ ആണ് ഈ സംഭവങ്ങള്‍. മുതിര്‍ന്ന, വിവാഹിതരായ പുരുഷന്മാരുമായുള്ള പൂര്‍ണ്ണമായും അനാവശ്യമായ ലൈംഗിക ബന്ധങ്ങള്‍ ഞാന്‍ തുടങ്ങുന്നത് ഇക്കാലത്താണ്. അതിനു നാലോ അഞ്ചോ കൊല്ലത്തിനു ശേഷമാണ് ഇക്കാലമത്രയും ഇടയ്ക്കു പിരിഞ്ഞും ഇടയ്ക്കു പുനഃസ്ഥാപിച്ചും നിലനിന്നിരുന്ന ഒരു വിദൂര പ്രണയ ബന്ധത്തിലെ നായകനെ കാണാന്‍ ഞാന്‍ ചെന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ ബന്ധം അവസാനിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ അവന്റെ കണക്കില്‍ ഞങ്ങള്‍ ഇപ്പോഴും പ്രണയ ജോടികള്‍ ആണ്. അതുകൊണ്ട് തന്നെ അവനുമായുള്ള ലൈംഗിക ബന്ധത്തിന് പറ്റില്ല എന്ന് പറയാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ എപ്പോഴെങ്കിലും ഒരു പുരുഷനോട് 'നോക്കൂ, എനിക്ക് നിങ്ങളുമായുള്ള ലൈംഗിക ബന്ധത്തിന് താത്പര്യം ഇല്ല' എന്ന് പറഞ്ഞാല്‍ അതിനെ 'എന്നാല്‍ കുറച്ചു സമയം കഴിഞ്ഞു ശ്രമിക്കാം' എന്ന അര്‍ത്ഥത്തില്‍ ആണ് പലരും മനസ്സിലാക്കുന്നത്.

എപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചുവോ അപ്പോഴെല്ലാം അതൊരു തെറ്റ് എന്നതിലുപരി ഒരു കുഴഞ്ഞുമറിഞ്ഞ പ്രശ്നമായാണ് എനിക്ക് അനുഭവപ്പെടാറ്. ഇതിനെ ഒരു ലൈംഗിക അതിക്രമം ആയി കാണാന്‍ നമുക്ക് ഇന്ന് സാധിക്കുന്നുണ്ട്. പല സ്ത്രീപക്ഷവാദികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഇന്ന് നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിലൂന്നിയ ബലാത്സംഗ സംസ്‌കാരത്തിന്റെ തെളിവുകള്‍ ആയിരിക്കും. "നമ്മളും കുഞ്ഞുങ്ങളും കാണുന്ന പല സിനിമകളിലും, പുരുഷന്‍ സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്നു; സ്ത്രീ പുരുഷനെ തള്ളിമാറ്റുന്നു; എന്നാല്‍ സ്ത്രീ കീഴ്‌പ്പെടുന്നത് വരെ പുരുഷന്‍ തിരിച്ചു വരുന്നു" എന്ന പതിവ് ദൃശ്യങ്ങള്‍ കാണാമെന്ന് അഭിഭാഷകയും, എഴുത്തുകാരിയും, സിനിമ സംവിധായകയും ആയ കെല്ലി കേന്ദ് അഭിപ്രായപ്പെട്ടു. "ഇത് കൃത്യമായും നാം ദിനംപ്രതി കാണുന്ന ഒരു ബലാത്സംഗ സംസ്‌കാരത്തിന്റെ പ്രതിഫലനം തന്നെയാണ്". കനേഡിയന്‍ സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമായ ആന്‍ തെരിയൂല്‍റ്റ് ഇങ്ങനെയാണ് ഈ പ്രശ്‌നത്തെ കാണുന്നത്: "ഒരു സ്ത്രീ പറ്റില്ല എന്ന് പറയാത്തിടത്തോളം ലൈംഗിക അതിക്രമങ്ങള്‍ ബലാത്സംഗം എന്ന ഗണത്തില്‍പ്പെടുത്താന്‍ സാധിക്കില്ല എന്നതാണ് നമ്മുടെ പൊതുബോധം".

എന്റെ അഭിപ്രായത്തില്‍ ഇത്തരം ബലാത്സംഗ സംസ്‌കാരത്തിലെ സങ്കീര്‍ണ്ണതകളെ നിസ്സാരവത്കരിക്കാനും, പൊതുവത്കരിക്കാനും ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നിര്‍ബന്ധിതമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന ലൈംഗിക ബന്ധങ്ങള്‍ എന്നതിനെയെല്ലാം മോശം പെരുമാറ്റം എന്ന് നിസ്സാരവത്കരിക്കാനാണ് നാം ശ്രമിക്കുന്നത്. ഇവ ഒന്നും തന്നെ ബലാത്സംഗം ആണെന്ന് കണക്കാക്കാന്‍ നാം തയ്യാറാവുന്നില്ല. അല്ലെങ്കില്‍ ശിക്ഷ നല്‍കാന്‍ തയ്യാറാകുന്നില്ല എന്നത് തന്നെ ഇതിന്റെ ഉദാഹരണമാണ്.

ഞാന്‍ ഒരു ഇരയാണോ? ആദ്യത്തെ സംഭവത്തില്‍ തന്നെ എന്നെ എനിക്കിഷ്ടമില്ലാത്ത ഒരു ബന്ധത്തിന് വഴങ്ങാന്‍ നിര്‍ബന്ധിക്കുമ്പോള്‍ തന്നെ എനിക്ക് പറ്റില്ല എന്ന് പറയാന്‍ സാധിക്കുമായിരുന്നു. എന്തുകാരണം പറഞ്ഞാലും ആ ബന്ധങ്ങളില്‍ എന്റെ സമ്മതം ഉണ്ടായിരുന്നു എന്നതു സമ്മതിക്കാതെ വയ്യ. തരംതാണ എല്ലാ പ്രവര്‍ത്തനങ്ങളും എപ്പോഴും കുറ്റകരമാണ് എന്ന് പറയാന്‍ വയ്യ. (സാമ്പത്തികമായി തകര്‍ന്ന, ഭക്ഷണത്തിന് പോലും പണമില്ലാത്ത ഒരു സുഹൃത്തിനെ, ആവശ്യത്തിന് വേണ്ടി നടത്തുന്ന കളവിനെ കുറ്റകരം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലല്ലോ). എന്റെ ഭാഗത്തു നിന്നുകൂടിയുള്ള ആശയവിനിമയ പിഴവാണ് രണ്ടാമത്തെ സംഭവത്തിനു ഹേതുവായി തീര്‍ന്നത് എന്നത് കണക്കിലെടുക്കാതെ പറ്റില്ല. മൂന്നാമത്തേതില്‍ ആകട്ടെ എന്റെ പൂര്‍ണ്ണമായ സമ്മതം ഇല്ല എന്നത് ശരി തന്നെ. എന്റെ ആദ്യ നിരാസം തികച്ചും ആത്മാര്‍ഥമായിരുന്നു. എന്നാല്‍ അത് ആദ്യ ദര്‍ശനത്തില്‍ തന്നെ ഇണയോട് തോന്നുന്ന ആകര്‍ഷണത്തെ നിയന്ത്രിച്ചു, കുറച്ചുകൂടി കൃത്യമായ ഒരു അഭിപ്രായ രൂപീകരണത്തിനു സമയം ലഭിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യ നിരാസം പ്രകടിപ്പിച്ചത്.

അതുകൂടാതെ, നേരത്തെ വിവരിച്ച സംഭവങ്ങളിലെ റോളുകള്‍ ഇടയ്ക്കിടയ്ക്ക് മാറിവരും. ഞാനുമായി ഒരിക്കല്‍ പ്രണയത്തില്‍ ആയിരുന്ന ഒരു വ്യക്തിയെ എന്നിലേക്ക് തിരിച്ചു കൊണ്ടുവരാനായി അദ്ദേഹത്തെ മോഹിപ്പിക്കുക എന്ന വ്യാജേന ഞാന്‍ യഥാര്‍ത്ഥത്തില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. അദ്ദേഹം ഒരിക്കല്‍ കര്‍ക്കശമായി എന്നോട് 'നോ' എന്ന് പറയുന്നത് വരെ ഞാന്‍ ഈ പ്രവണത തുടര്‍ന്നിരിന്നു. അതേപോലെ കണ്ടുമുട്ടി അധികം പരിചയമാകുന്നതിനു മുമ്പ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചപ്പോള്‍, ഇപ്പോള്‍ വേണ്ട ഇത് വളരെ നേരത്തെയാണ് എന്ന് പറഞ്ഞ ഒരു പുരുഷനും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഇത് ഞങ്ങള്‍ കിടക്ക പങ്കിടാന്‍ ശ്രമിച്ച പല സന്ദര്‍ഭങ്ങളിലും ഉണ്ടായി. നേരത്തെയുള്ള അവസ്ഥകളില്‍ ഞാന്‍ എന്നെ ഒരു ഇര എന്ന സങ്കല്‍പ്പത്തില്‍ കാണുകയാണെങ്കില്‍, ഈ അവസ്ഥയില്‍ ഞാന്‍ ലൈംഗിക സങ്കല്‍പ്പത്തില്‍ ഒരു വില്ലന്‍ റോളിലും ലൈംഗികാധിപത്യത്തിന്റെ ഇരട്ടമുഖം അണിയുന്നവളും ആണെന്നും പറയേണ്ടിവരും.ഒരു ലൈംഗികാക്രമണ കേസില്‍ സ്ത്രീയുടെ 'സ്വഭാവശുദ്ധി'യുടെ മേല്‍ ഉയര്‍ത്തുന്ന സദാചാരപ്രശ്‌നങ്ങളെ കുറിച്ച് നാല്‍പ്പതു കൊല്ലം മുമ്പേ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സ്ത്രീപക്ഷ ചിന്താധാരയ്ക്ക് സാധിച്ചിട്ടുണ്ട്. പങ്കാളികള്‍ തമ്മിലുള്ള നിര്‍ബന്ധിത ലൈംഗികബന്ധം പോലും ബലാത്സംഗം ആണെന്ന പ്രശ്‌നം ഉന്നയിച്ചതിന്റെ കീര്‍ത്തിയും ഇവര്‍ക്ക് തന്നെ നല്‍കണം. (ഭീഷണി, ശാരീരികാക്രമണം, നിയന്ത്രണം എന്നിവ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ശാരീരികമായി പ്രതികരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയോ ചെയ്യുക എന്നിവയാണ് ഇതില്‍ വരുന്നത്). എന്നാല്‍ തൊണ്ണൂറുകളില്‍ കലാലയങ്ങളിലും അടുത്ത കാലത്ത് ഇന്റര്‍നെറ്റിലും ഉയര്‍ന്നുവന്ന ബലാത്സംഗ വിരുദ്ധ ചിന്താധാരകള്‍ ഈ പ്രശ്‌നങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. ഇന്ന് ഒരു സ്ത്രീ പറ്റില്ല എന്ന് പറഞ്ഞാല്‍ പറ്റില്ല എന്നുതന്നെ ആണെന്നും, ഒരു എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പിന്നീട് അവരെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമുള്ള വസ്തുതകള്‍ ആളുകള്‍ക്കിടയില്‍ ധാരാളം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വബുദ്ധിയോടെയും സന്തുലിതമായ മാനസികാവാസ്ഥയുടെയും ഒരു സ്ത്രീ പറയുന്ന 'അതെ' എന്നതിനെ മാത്രമേ ലൈംഗിക ബന്ധത്തിനുള്ള സമ്മതം ആയി കണക്കാവൂ എന്ന വസ്തുതയും ഈ ചിന്താധാര മുന്നോട്ടു വച്ച മറ്റൊരു ആശയമാണ്.

എന്നാല്‍ ഈ ചിന്താധാരകള്‍ നമ്മുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ചിലപ്പോള്‍ പോകാറുണ്ട്. അതായത് നേരത്തെ പറഞ്ഞ ചില നിബന്ധനകള്‍ ചിലപ്പോള്‍ പ്രശ്‌നം ആകാറുണ്ട്. ഉദാഹരണത്തിന്, കാലിഫോര്‍ണിയ ഓസിഡെന്റല്‍ കോളേജ് വിദ്യാര്‍ഥി 'ശരിയായ പങ്കാളിയുമായി' ലൈംഗിക ബന്ധം നടത്തിയില്ല എന്ന കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെട്ടു. പങ്കാളി പൂര്‍ണ്ണമനസോടെ, ആവേശത്തോടെയാണ് ഈ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ ലഹരിക്കടിമ ആയിരുന്നതിനാല്‍ സുബോധത്തോടെ ഉള്ള തീരുമാനം എടുക്കാന്‍ അവര്‍ക്ക് സാധിക്കില്ല എന്നതായിരുന്നു ഇതിനു പിന്നിലെ കാരണം.

ഇതിന്റെ കുറച്ചുകൂടി ധീരമായ നിലപാടുകള്‍ കൂടി നമുക്കൊന്ന് പരിശോധിക്കാം. ലൈംഗികത എന്നതിനെ കുറിച്ച് നാം സാംസ്‌കാരികമായി പിന്തുടര്‍ന്നു പോന്ന പലതിനെയും നിരാകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നമുക്ക് പുതിയ ഒരു അടിത്തറ പണിയേണ്ടിയിരിക്കുന്നു. പങ്കാളിയുടെ വ്യക്തവും കഴിയുമെങ്കില്‍ വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കുന്ന സമ്മതം ഉണ്ടായിരിക്കേണ്ടത് ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ് എന്ന ആശയത്തില്‍ ഊന്നിയാണ് ഈ അടിത്തറ പണിയേണ്ടത്. ആ സമ്മതം വെറും ഒരു 'യെസ്' ആയിരിക്കരുത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ നിലപാട് എപ്പോള്‍ ഏറെ സ്വീകാര്യമായി വരുന്നു എന്നതും ശ്രദ്ധേയമാണ്. അതിനായി സമ്മതം എന്നത് ലൈംഗിക ബന്ധത്തില്‍ ഏറെ പ്രധാനമാണ് എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു 'വീഡിയോ' നിര്‍മിക്കുകയും അത് പ്രദര്‍ശിപ്പിക്കുകയും ഉണ്ടായി. സമ്മതം എന്നത് പ്രധാനമാണ് എന്നത് കാണിക്കാന്‍ ശ്രമിച്ചെങ്കിലും അത് എത്രമാത്രം ആളുകളിലേക്ക് എത്തിക്കാനായി എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.

ഇത്തരത്തില്‍ സമ്മതം വാങ്ങണം എന്നതു നിര്‍ബന്ധിതം ആക്കുന്നതിലൂടെ കുറച്ചുകൂടി സ്വതന്ത്രവും മികവേറിയതുമായ ലൈംഗിക ബന്ധം സാധ്യമാകുകയും, കിടപ്പറയില്‍ ഏതു തരത്തിലുള്ള ലൈംഗികകേളികളാണു തനിക്കിഷ്ടം എന്ന് തുറന്നു സംസാരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വിമര്‍ശനത്തിനും വഴിവച്ചു. എന്നാല്‍ നിങ്ങള്‍ക്ക് ലൈംഗികതയില്‍ നിന്ന് അവശ്യമുള്ളത് എന്തെന്ന് സ്വതന്ത്രമായി സംസാരിക്കാന്‍ സാധിക്കയില്ലെങ്കില്‍ നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. ഇത്തരം നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ അല്‍പ്പം അധികാരം പ്രകടമാകുന്ന ശിക്ഷാനടപടികള്‍ക്ക് ഇവര്‍ വിധേയരാകേണ്ടി വരും. അതായതു കോളേജില്‍ നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തുക, മറ്റു നിയമ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് അവയില്‍ ചിലത്.

ഇതില്‍ ലൈംഗിക ബന്ധത്തില്‍ സ്വാഭാവികമായി തോന്നുന്ന ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും അനുസരിച്ച് കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകണം എന്ന് വിശ്വസിക്കുന്നവരുടെ ആവശ്യങ്ങളെ ഇതും തീര്‍ത്തും നിരാകരിക്കുന്നു എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കിടപ്പറയില്‍ തന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച്- കാമാതുരമായി സംസാരിക്കുന്നതും ഒരു ലൈംഗിക ബന്ധത്തിന് താന്‍ തയ്യാറാണോ എന്ന വിഷയത്തില്‍ സംസാരിക്കുന്നതും വ്യത്യസ്തമാണ്. ഇത്തരത്തില്‍ തുറന്നു സംസാരിക്കുന്നതില്‍ പ്രശ്നം തോന്നുന്നത് സ്വാഭാവിക പ്രതികരണങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നതാണ് എന്നതിനേക്കാള്‍ അധികാരത്തില്‍ ഊന്നിയ ഒരു നിലപാട് നിങ്ങള്‍ വച്ച് പുലര്‍ത്തുന്നു എന്നതിന്റെ തെളിവാണ്. അതെ പോലെ ശരിയായി ആശയവിനിമയം നടക്കാതെ വരികയും, ലൈംഗിക ബന്ധത്തിന് താല്‍പര്യം ഇല്ലാത്ത പങ്കാളിയെ നിര്‍ബന്ധിക്കുകയും ചെയ്താല്‍ അത് ലൈംഗിക പീഡനം എന്നരീതിയിലാണു നാം കാണേണ്ടത്.

ഇതിനെക്കാള്‍ ആഴത്തില്‍ ചില ഘടകങ്ങള്‍ കൂടി നമുക്ക് പരിശോധിക്കാം. ഇരുകൂട്ടരുടെയും സമ്മതത്തോട് കൂടെയുള്ള ലൈംഗിക ബന്ധം എപ്പോഴും സുരക്ഷിതവും സ്വീകാര്യവും ആകും. ഇതില്‍ ഒന്നുകില്‍ കൃത്യവും വ്യക്തവും ആയ സമ്മതമോ നിരാസമോ പ്രകടമാകും. യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിനു വ്യത്യസ്ത തലങ്ങള്‍ ഉണ്ട്.ചിലപ്പോള്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ കൂടി നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പതിയെ ആ 'മൂഡി'ലേക്ക് എത്താറുമുണ്ട്. നിങ്ങള്‍ ചിലപ്പോള്‍ ലൈംഗിക കാര്യങ്ങളില്‍ തല്‍പ്പര ആയിരിക്കുകയും എന്നാല്‍ അത് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കാതെ ഇരിക്കാറുണ്ട്. ചിലപ്പോള്‍ തിരിച്ചും. നിങ്ങളുടെ ആഗ്രഹത്തിനും, യഥാര്‍ത്ഥത്തില്‍ അത് നടപ്പില്‍ വരുത്തുന്നതിനും ഇടയില്‍ നിരവധി തടസ്സങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം. ഈ പ്രശ്‌നങ്ങളെ മറക്കാനും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനും വേണ്ടി നാം ചിലപ്പോള്‍ ലഹരി ഉപയോഗിച്ചേക്കാം. ലഹരി നമ്മുടെ ശക്തി കുറയ്ക്കും എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ലഹരിയുടെ പിന്‍ബലത്തില്‍ നമ്മള്‍ ചെയ്യുന്നതില്‍ പലതും വിഡ്ഢിത്തമാകുകയും ചെയ്യും. എന്നാല്‍ സ്വബോധമുള്ള മുതിര്‍ന്ന് രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന ബന്ധത്തില്‍, (അതായതു ഇരുകൂട്ടര്‍ക്കും തങ്ങള്‍ക്കിത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിവുള്ള ആളുകള്‍ തമ്മില്‍) തെറ്റ് പറ്റാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. എന്നിരുന്നാലും, ലൈംഗിക ബന്ധം തീര്‍ത്തും അധികാര ബന്ധങ്ങളില്‍ നിന്ന് മുക്തമാക്കുക എന്നത് അത്ര പ്രായോഗികമല്ല.

ചിലപ്പോള്‍ സമ്മതം എന്ന് തുറന്നു പറയാന്‍ തന്നെ ചിലര്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നത് ഈ ആശയങ്ങളെ പിന്തുണക്കുന്നവരെ ആശങ്കാകുലരാക്കുന്നു. ഇതിനായി 'നോ' എന്ന് പറയാത്തത് സമ്മതം എന്ന് വായിക്കരുത് എന്ന ആശയത്തില്‍ ഊന്നി പല പോസ്റ്ററുകളും ഇവര്‍ തയ്യാറാക്കി. അതോടൊപ്പം വ്യക്തതയില്ലാത്തതോ, ഉറപ്പില്ലാത്തതോ ആയ സമ്മതമല്ല, കൃത്യവും വ്യക്തവും ആയ സമ്മതമാണ് ആവശ്യം എന്നും കനേഡിയന്‍ കോളേജിലെ ക്യാംപയിന്‍ പറയുന്നു.

ഈ പ്രചാരണം കൊണ്ട്; സമ്മതമില്ലാത്ത ലൈംഗികബന്ധം അല്ലെങ്കില്‍ ലൈംഗികബന്ധത്തിലെ ഒരു പങ്കാളിക്ക് കുറ്റബോധം തോന്നുക എന്നീ അവസ്ഥകള്‍ ലൈംഗിക പീഡനം തന്നെയാണ് എന്ന് ലോകത്തെ മനസ്സിലാക്കാന്‍ സാധിച്ചു. മുന്‍കാല അനുഭവങ്ങള്‍ ഈ സമ്മതത്തെ അഥവ നിരാസത്തെ സ്വാധീനിക്കരുത് എന്നതും പ്രധാനമാണ്. മുന്‍കാല അനുഭവങ്ങളെ നമ്മുടെ ആവശ്യത്തിന് വളച്ച് ഒടിക്കാന്‍ മനുഷ്യമനസ്സ് ശ്രമിക്കും എന്നതും ഓര്‍ക്കണം.

സൈദ്ധാന്തികമായി നോക്കുകയാണെങ്കില്‍ ഇവിടെ ലിംഗവിവേചനം നിലനില്‍ക്കുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ ജിവിതത്തില്‍ അതങ്ങനെ അല്ല ഏന്നു നമുക്കൊക്കെ അറിയാം. പുരുഷനും സ്ത്രീയും തമ്മില്‍ ഉള്ള ഒരു ബന്ധത്തില്‍ പങ്കാളിയുടെ സമ്മതം വാങ്ങേണ്ടത് എപ്പോഴും പുരുഷന്റെ ഉത്തരവാദിത്വമായാണ് നാം കാണുന്നത്. അതോടൊപ്പം ഇരുവരും ലഹരിയിലായിരിക്കെ നടന്ന ലൈംഗികബന്ധത്തിന്റെ കുറ്റവും പുരുഷന്റെ മേല്‍ ആരോപിക്കുന്നു. പാരമ്പര്യ രീതിയില്‍ ഉള്ള സമൂഹത്തിലും സ്ത്രീ പക്ഷവാദ സമൂഹത്തിലും ഈ ഇരട്ടത്താപ്പ് നിലനില്‍ക്കുന്നുണ്ട്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഇതിനെ കുറിച്ച് ചിന്തിക്കേണ്ട സമയം വന്നിരിക്കുന്നു. കാരണം, ഇതിലൂടെ ലൈംഗികബന്ധത്തിനു പ്രാധാന്യം ലഭിക്കുകയും ലൈംഗികബന്ധത്തിലൂടെ നടക്കുന്ന ക്രൂരതകളെ നിസ്സാരവത്കരിക്കുകയും ചെയ്യുന്ന അവസ്ഥയെ തടയാന്‍ നമുക്ക് സാധിക്കും. അതിനായി നമ്മുടെ നിയമ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അത് നടപ്പില്‍ വരുത്തുന്നതിനെ സഹായിക്കുകയും ആണ് ചെയ്യേണ്ടത്. ഏതെങ്കിലും വിധത്തില്‍ സമ്മര്‍ദ്ദത്തിനോ പ്രേരണയ്‌ക്കോ ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ മൂലമോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ അവരെ ' ഇര' എന്ന വിശേഷണം നല്‍കാതെ തന്നെ അവര്‍ക്ക് ആവശ്യമുള്ള പിന്തുണ നല്‍കാന്‍ നമുക്ക് സാധിക്കണം. അതു മാനസിക ഉല്ലാസമോ, കൗണ്‍സിലിംഗോ എന്തുമാകട്ടെ. പരസ്പര ബഹുമാനത്തിലും, സത്യസന്ധതയിലും ആശയവിനിമയത്തിലും ഊന്നിയ ലൈംഗികബന്ധത്തിലെ നൈതികത ചര്‍ച്ച ചെയ്യുകയും, അതില്‍ വരുന്ന പിഴവുകളെ ഒരു കുറ്റം എന്ന രീതിയില്‍ കാണാതെ വിലയിരുത്താന്‍ സാധിക്കുകയും വേണം.

ഓരോ ലൈംഗികബന്ധത്തിനും തികച്ചും പരിപൂര്‍ണ്ണമായ സമ്മതം എന്നത് ഒരു ഉട്ടോപ്യന്‍ ആശയമാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യാവസ്ഥകളെ സ്പര്‍ശിക്കാത്ത ആശയങ്ങള്‍ നടപ്പില്‍ വരുത്തുക ശ്രമകരം തന്നെ.


Next Story

Related Stories