TopTop
Begin typing your search above and press return to search.

ഫെയിസ ലിലേസയുടെ പോരാട്ടം അവസാനിക്കുന്നില്ല

ഫെയിസ ലിലേസയുടെ പോരാട്ടം അവസാനിക്കുന്നില്ല

അഴിമുഖം പ്രതിനിധി

ഒട്ടേറെ താരങ്ങളുടെ ഉദയവും അസ്തമയവും കണ്ട ഒളിംപിക്‌സാണ് റിയോയില്‍ സമാപിച്ചത്. സമാനതകളില്ലാത്ത പോരാട്ടത്തിലൂടെ അജയ്യരായി നിലകൊണ്ടവരും അക്കൂട്ടത്തിലുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് എത്യോപ്യന്‍ താരം ഫെയിസ ലിലേസ. റിയോ ഒളിമ്പിക്സില്‍ മാരത്തണില്‍ വെള്ളി മെഡല്‍ നേടിയ താരം എന്നതല്ല ഫെയിസ ലിലേസയുടെ ഇപ്പോഴത്തെ വിശേഷണം. രാജ്യത്തെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒളിമ്പിക് വേദിയില്‍ പ്രതിഷേധിച്ചതാണ് ലിലേസയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. റിയോ ഒളിംപിക്‌സിന്റെ അവസാന ദിവസം നടന്ന മാരത്തണ്‍ മല്‍സരത്തില്‍ ഫിനിഷിംഗ് ലൈന്‍ കടന്നയുടന്‍ കൈകള്‍ തലയ്ക്ക് മുകളില്‍ ഗുണന ചിഹ്നത്തില്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചതിലൂടെ എത്യോപ്യന്‍ സമരനായകരായ ഒരോമ വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു ലിലേസ. മെഡല്‍ദാന ചടങ്ങിലും ലിലേസ പ്രതിഷേധം ആവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനാവാത്ത സ്ഥിതിയിലാണ് ഈ ഇരുപത്താറുകാരന്‍.

ഈ ദശകം ആരംഭിച്ചതിനു ശേഷം ഒളിംപിക് മാരത്തണില്‍ മെഡല്‍ നേടുന്ന ആദ്യ എത്യോപ്യന്‍ താരമാണ് ലിലേസ. സ്വന്തം രാജ്യത്ത് നടക്കുന്ന ഭരണകൂട അതിക്രമങ്ങള്‍ക്ക് നേരെയാണ് തന്റെ പ്രതിഷേധമെന്നും മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറാന്‍ ആലോചിക്കുന്നതായും മാധ്യമങ്ങളോട് പറഞ്ഞു. റിയോയില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും നേടിയ എത്യോപ്യന്‍ സംഘം രാജ്യത്തേയ്ക്ക് മടങ്ങിയെങ്കിലും ലിലേസ പോയിരുന്നില്ല. മെഡല്‍ നേടിയ കായിക താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് എത്യോപ്യന്‍ സര്‍ക്കാര്‍ പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ കൂട്ടത്തില്‍ ലിലേസയുടെ പേരില്ലായിരുന്നു. ഇതോടെയാണ് എത്യോപ്യയിലേക്ക് മടങ്ങുന്നത് അദ്ദേഹം മാറ്റിയത്. ലിലേസയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് എത്യോപ്യന്‍ സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എങ്കിലും രാജ്യത്തേയ്ക്കു മടങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന ഭയമാണ് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നത്. മെഡല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിട്ടും ഒളിംപിക് കമ്മറ്റിയുടെ നടപടി താക്കീതിലൊതുങ്ങി.

എത്യോപ്യയിലെ ഏറ്റവും വലിയ ഗോത്രമായ ഒരോമ ഗോത്രത്തില്‍പ്പെട്ട ലിലേസ, സമരം രൂക്ഷമായ ഒരോമിയയിലെ ആമ്പോയിലാണ് ജനിച്ചത്. വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സമൂഹമാണ് ഇവര്‍. കുടിയൊഴിപ്പിക്കലിനെതിരെ 2015 നവംബറില്‍ ആരംഭിച്ച ഒരോമ ഗോത്രക്കാരുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നു. ഈ മാസമാദ്യം സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന ഗോത്രക്കാര്‍ക്ക് നേരെ നിറയൊഴിച്ച സുരക്ഷാ ഭടന്‍മാര്‍ 97 പേരെയാണ് വധിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ തന്റെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ച രീതി തന്നെയാണ് ലിലേസയും ഒളിംപിക് വേദിയില്‍ സ്വീകരിച്ചത്. പ്രിയപ്പെട്ടവരുടെ ശവശരീരങ്ങള്‍ കണ്ട ഞെട്ടല്‍ മാറും മുമ്പേയാണ് ലിലേസ മല്‍സരത്തിനിറങ്ങിയത്. ഒരു തോക്കിനും അടിയറവ് പറയിക്കാനാകാത്ത സമരാവേശമായിരുന്നു മെഡല്‍ നേടാനും പ്രതിഷേധിക്കാനും ലിലേസയ്ക്ക് പ്രേരണയായത്. രാഷ്ട്രീയ സന്ദേശം നല്‍കുന്ന യാതൊരു ചെയ്തികളും താരങ്ങളുടെ ഭാഗത്തു നിന്നുണ്ടാകാന്‍ പാടില്ലെന്ന രാജ്യാന്തര ഒളിംപിക് കമ്മറ്റിയുടെ നിയമം അപ്പോള്‍ ലിലേസ ഓര്‍ത്തിരുന്നില്ല. കിടപ്പാടം സംരക്ഷിക്കാന്‍ പോരാടുന്നവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു മുഴുവന്‍.
2008-ല്‍ രാജ്യന്തര മാരത്തണില്‍ അരങ്ങേറിയ ലിലേസയുടെ ആദ്യ മല്‍സരം ഐഎഎഎഫ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പായിരുന്നു. ജൂനിയര്‍ ഓട്ടത്തില്‍ 14-മതായി ഫിനിഷ് ചെയ്ത ലിലേസ ടീമിനത്തില്‍ വെള്ളി നേടി. 2009-ലും ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് ഒട്ടേറെ മാരത്തണുകളില്‍ പങ്കെടുത്തെങ്കിലും ഒന്നാം സ്ഥാനം ലിലേസയ്ക്ക് സ്വപ്നമായി. എന്നാല്‍ ഇതേ വര്‍ഷം ഡബ്ലിന്‍ മാരത്തണില്‍ രണ്ട് വട്ടം ചാമ്പ്യനായ അലെക്‌സീ സോക്കോലോവിനെ ഒന്നര മിനിറ്റിന്റെ വ്യത്യാസത്തില്‍ മറികടന്ന് ലിലേസ കരിയറില്‍ ആദ്യമായി ഒന്നാമതെത്തി. വാശിയേറിയ പോരാട്ടത്തില്‍ അഞ്ച് സെക്കന്റിനാണ് ലിലേസയ്ക്ക് റെക്കോര്‍ഡ് നഷ്ടമായത്. തൊട്ടടുത്ത വര്‍ഷം സിയാമെന്‍ മാരത്തണിലും വിജയം കൊയ്തു. രണ്ട് മണിക്കൂര്‍ എട്ട് മിനിറ്റില്‍ ഫിനിഷ് ചെയ്ത് സാമുവല്‍ മുഗോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി. റോട്ടര്‍ഡാം മാരത്തണില്‍ രണ്ട് മണിക്കൂര്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഫിനിഷ് ചെയ്ത ലിലേസ ഈ കടമ്പ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും വേഗതയേറിയ മൂന്നാമത്തെ എത്യോപ്യന്‍ താരവുമായി. ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ മാരത്തോണായി വിശേഷിപ്പിക്കപ്പെടുന്ന ഇതില്‍ മുന്നിലെത്തിയ ലിലേസ ഉള്‍പ്പെടെയുള്ളവര്‍ ലോകത്തിലെ എക്കാലത്തെയും വേഗമേറിയ മാരത്തണ്‍ ഓട്ടക്കാരുടെ പട്ടികയില്‍ ഇടം നേടി.

2011-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍. 2012-ല്‍ തന്റെ വേഗത കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലിലേസയ്ക്കായി. കരിയറിലെ വഴിത്തിരിവായി മാറിയ ചിക്കാഗോ മാരത്തണില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയമായ രണ്ട് മണിക്കൂര്‍ നാല് മിനിറ്റ് കുറിച്ചതോടെ ലോകത്തിലെ ഏറ്റവും വേഗമേറിയ പത്ത് താരങ്ങളുടെ പട്ടികയിലും ലിലേസ ഇടം പിടിച്ചു. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ മാരത്തണുകളില്‍ ലിലേസ മറ്റു താരങ്ങള്‍ക്ക് വെല്ലുവിളിയായി മുന്നിലുണ്ടായിരുന്നു. ഇതേ വര്‍ഷം അമേരിക്കയില്‍ ഹാഫ് മാരത്തണില്‍ 59 മിനിറ്റില്‍ ഫിനിഷ് ചെയ്തു. എന്നാല്‍ സമ്മര്‍ ഒളിംപിക്‌സില്‍ ലിലേസ പങ്കെടുത്തില്ല. ഒളിംപിക്‌സിനു മുമ്പ് ടോക്യോ മാരത്തണില്‍ ഒന്നാമതെത്തിയിരുന്നു.

ഒളിംപിക് മെഡല്‍ നേടിയ താരങ്ങളുടെ കരിയര്‍ മറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഇന്നലെ വരെ സ്വന്തം രാജ്യത്ത് പോലും അറിയപ്പെടാതിരുന്നവര്‍ ഇന്ന് ലോകം ശ്രദ്ധിക്കുന്നവരായി മാറിയിരിക്കുന്നു. ലിലേസയും അങ്ങനെ തന്നെ. അല്പം വ്യത്യാസമുണ്ടെന്ന് മാത്രം. ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത് ലിലേസയുടെ വെള്ളി മെഡല്‍ നേട്ടത്തെക്കുറിച്ചല്ല. മെഡല്‍ നേടിയതിനു ശേഷമുള്ള പ്രതിഷേധത്തെയും അതിലേക്ക് നയിച്ച സംഭവങ്ങളെയും കുറിച്ചാണ്. ഒന്നുകില്‍ അവരെന്നെ കൊല്ലും... അല്ലെങ്കില്‍ ജയിലിലടയ്ക്കും... ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായ ഒരു താരത്തിന് ഇങ്ങനെ പറയേണ്ടി വരുന്നത് എത്രത്തോളം ദയനീയമാണെന്നതിന് ലിലേസയേക്കാള്‍ വലിയ ഉദാഹരണമില്ല.


Next Story

Related Stories