TopTop
Begin typing your search above and press return to search.

ഇനി ലോകത്തുള്ളത് ഫിഡല്‍ ഇല്ലാത്ത ഇടതുപക്ഷം

ഇനി ലോകത്തുള്ളത് ഫിഡല്‍ ഇല്ലാത്ത ഇടതുപക്ഷം

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

ട്രംപുമാര്‍ ഉദിക്കുമ്പോള്‍ ഫിഡല്‍ അസ്തമിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാവാം. ഫിഡല്‍ അലക്‌സാണ്ടോ കാസ്‌ട്രോ റുസ്, 1926 ഓഗസ്റ്റ് 13നു ജനിച്ചു. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലെത്തി. 1965ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ക്യൂബയില്‍ കാസ്‌ട്രോയുടെ ഇച്ഛാശക്തിയില്‍ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവതകരിക്കപ്പെട്ടു. ക്യൂബയെ ഒരു പൂര്‍ണ സോഷ്യലിസ്റ്റ് രാജ്യമാക്കാന്‍ കാസ്‌ട്രോ ശ്രമിച്ചു. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹവാന സര്‍വ്വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാരിനെ പുറത്താക്കണമെന്ന ആഗ്രഹം ശക്തമായത്. മൊന്‍കാട ബാരക്‌സ് ആക്രമണം എന്നറിയപ്പെടുന്ന പരാജയപ്പെട്ട ഒരു വിപ്ലവശ്രമത്തിനുശേഷം കാസ്‌ട്രോ ജയിലില്‍ അടക്കപ്പെട്ടു. ജയില്‍ വിമോചിതനായശേഷം, അദ്ദേഹത്തിന് തന്റെ സഹോദരനായ റൗള്‍ കാസ്‌ട്രോയുമൊത്ത് മെക്‌സിക്കോയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫിഡല്‍, റൗള്‍ കാസ്‌ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു. ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെ കാസ്‌ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായുള്ള ക്യൂബയുടെ വളര്‍ച്ച ഇഷ്ടപ്പെടാതിരുന്ന അമേരിക്ക കാസ്‌ട്രോയെ പുറത്താക്കാന്‍ ആവുന്നത്ര ശ്രമിച്ചു: ക്യൂബക്കകത്ത് ആഭ്യന്തരപ്രശ്‌നങ്ങളുണ്ടാക്കി. രാജ്യത്തിനുമേല്‍ സാമ്പത്തിക ഉപരോധം നടപ്പിലാക്കി. ഇതിനെയെല്ലാം കാസ്‌ട്രോ അതിജീവിച്ചു. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കുന്നതിന് കാസ്‌ട്രോ റഷ്യയുമായി സഖ്യമുണ്ടാക്കി. അമേരിക്കക്കെതിരേ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ക്യൂബയില്‍ മിസൈല്‍ താവളങ്ങള്‍ പണിഞ്ഞു, ആയുധങ്ങള്‍ സ്ഥാപിച്ചു. മറ്റൊരു ലോക മഹായുദ്ധത്തിന്റെ വക്കിലേക്കെത്തിയ ഈ സംഭവത്തെ ചരിത്രം ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധി എന്ന് വിളിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ദാര്‍ശനികരില്‍ മുമ്പനായ ജീന്‍പോള്‍ സാര്‍ത്ര് ക്യുബന്‍ വിപ്ലവത്തെക്കുറിച്ച് ഇങ്ങനെ എഴുതി;

'എനിക്കറിയാവുന്ന വിപ്ലവങ്ങളില്‍ ഏറ്റവും മൗലികമായത് ക്യൂബന്‍ വിപ്ലവമാണ്. സംഘാടനത്തിലും പ്രവര്‍ത്തനത്തിലും യുവത്വവും സാഹസികതയും മൗലികതയും ഒത്തുചേര്‍ന്നതായിരുന്നു ക്യൂബന്‍ വിപ്ലവം.''

ഫിഡല്‍ അലക്‌സാണ്ട്രോ കാസ്‌ട്രോ റുസ് എന്ന ക്യൂബന്‍ വിപ്ലവത്തിന്റെ സമരേതിഹാസം ഫിദല്‍ കാസ്‌ട്രോ മരണമില്ലാത്ത വിപ്ലവങ്ങള്‍ ബാക്കിയാക്കി കാലത്തില്‍ നിന്ന് വിടവാങ്ങിയിരിക്കുന്നു. ലോകരാഷ്ട്രീയ ഭൂപടത്തില്‍ ക്യൂബയെ പ്രതിരോധത്തിന്റെ ഒരു രാഷ്ട്രീയസൂചകമാക്കി മാറ്റിയാണ് ഫിഡല്‍ യാത്രയാകുന്നത്. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും പരാജയപ്പെടുത്താനാവാത്ത കമ്യൂണിസ്റ്റ് കരുത്തിന്റെ രാഷ്ട്രീയചിഹ്നമാക്കി ആ രാജ്യത്തെ മാറ്റിയ മഹാന്‍. കരിമ്പിനെയും കൃഷിയെയും മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ പരാജയപ്പെടുത്താന്‍ സാമ്പത്തിക ഉപരോധത്തിനോ മാധ്യമങ്ങളിലൂടെയുള്ള വമ്പന്‍ നുണപ്രചാരണങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ക്യൂബ ഉപരോധങ്ങളുടെ തടവറയിലാണെങ്കിലും ഇവിടെയാരും പട്ടിണികിടക്കുന്നില്ല. കടുത്ത കുറ്റകൃത്യങ്ങളില്ല. അടിക്കടി എതിര്‍പ്പുകളെ അതിജീവിച്ച് മുന്നേറുന്നു. ക്യൂബയുടെ ഈ നിലനില്‍പ്പ് കമ്യൂണിസ്റ്റ് ആശയങ്ങളുടെ ജീവധമനികളില്‍ പ്രധാനപ്പെട്ടതാണ്. മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ അധികാരത്തിലെത്തുന്നതില്‍ ക്യൂബയുടെ ചെറുത്തുനില്‍പ്പ് ശക്തിസ്രോതസ്സായി തീര്‍ന്നിട്ടുണ്ട്.

താന്‍ എന്തുകൊണ്ട് ഒരു വിപ്ലവകാരിയായിത്തീര്‍ന്നു എന്നതിന് കാസ്‌ട്രോ നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്.

'ഞാന്‍ ഒരു ഭൂവുടമയുടെ മകനാണ് എന്നതാണ് എന്നെ വിപ്ലവകാരിയാക്കിയതിന്റെ ഒന്നാമത്തെ കാരണം. മതാധികാരത്തിന്‍ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു എന്നതാണ് രണ്ടാമത്തെ കാരണം. അമേരിക്കന്‍ ഐക്യനാടുകളില്‍ നിര്‍മിച്ച സിനിമയും പ്രസിദ്ധീകരണങ്ങളും മറ്റു ബഹുജനമാധ്യമങ്ങളുമുള്ള ക്യൂബയില്‍ ജീവിക്കാനായി എന്നതാണ് മൂന്നാമത്തെ കാരണം''

സാഹചര്യങ്ങള്‍ക്ക് കീഴടങ്ങുന്ന വ്യക്തിത്വങ്ങള്‍ക്കുപകരം സാമൂഹ്യ സാഹചര്യങ്ങളെ വിമര്‍ശനബോധത്തോടെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്ന വിപ്ലവകാരിയെയാണ് ഈ അഭിപ്രായപ്രകടനത്തിലൂടെ വെളിവാക്കപ്പെടുന്നത്.

'മഹാനായ ഒരു വിപ്ലവകാരിയായിരുന്നു ക്രിസ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സിദ്ധാന്തമാകെ പാവപ്പെട്ടവര്‍ക്കും പതിതര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അധികാരദുര്‍വിനിയോഗത്തിനും അനീതിക്കും മനുഷ്യനെ അധഃപതിപ്പിക്കുന്നതിനെതിരെയും പൊരുതാനുള്ള പ്രേരണാശക്തിയായിരുന്നു ക്രിസ്തുവിന്റെ സിദ്ധാന്തം''. എന്നായിരുന്നു ഫിഡലിന്റെ ക്രിസ്തുവിനെക്കുറിച്ചുള്ള നിരീക്ഷണം .ക്യൂബന്‍ വിപ്ലവം
ഓര്‍ത്തോഡോക്‌സോ പാര്‍ട്ടിയുടെ അക്രമരഹിത നിലപാടുകളിലൂടെ വിജയത്തിലെത്തിച്ചേരാന്‍ കഴിയില്ലെന്നറിയാമായിരുന്ന കാസ്‌ട്രോ സ്വന്തമായി ഒരു വിപ്ലവസംഘടന കെട്ടിപ്പടുക്കാന്‍ ശ്രമമാരംഭിച്ചു. ഫിഡലിന്റെ നേതൃത്വത്തില്‍ ദ മൂവ്‌മെന്റ് എന്ന സംഘടന അങ്ങനെ പിറവിയെടുത്തു പൂര്‍ണ്ണമായും ഒരു സൈനിക സംഘടനയായിരുന്നില്ല ദ മൂവ്‌മെന്റിന്റെ ലക്ഷ്യം പകരം സാധാരണക്കാരായ പൗരന്മാരെക്കൂടി ഉള്‍ക്കൊള്ളിച്ച് തികച്ചും ജനകീയമാവുക എന്നതായിരുന്നു കാസ്‌ട്രോയുടെ ആശയം. അധോലോകത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിലൂടെയായിരുന്നു ഓര്‍ത്തോഡോക്‌സോ പാര്‍ട്ടി തങ്ങളുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ബാറ്റിസ്റ്റ വിരുദ്ധരെ കണ്ടുപിടിച്ച് സായുധപരിശീലനം നല്‍കി യുദ്ധസജ്ജരാക്കുക എന്നതായിരുന്നു കാസ്‌ട്രോയുടെ സംഘടനയുടെ മാര്‍ഗ്ഗം. പത്ത് അംഗങ്ങളുള്ള ഒരു ചെറിയ ചെറിയ സെല്ലുകള്‍ അതായിരുന്നു ദ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനരീതി. ബാറ്റിസ്റ്റ ഭരണത്തില്‍ അതൃപ്തി പൂണ്ട 12 പേര്‍ ചേര്‍ന്നതായിരുന്നു ദ മൂവ്‌മെന്റിന്റെ കേന്ദ്ര നേതൃത്വം. പിന്നീട് ഏതാണ്ട് 1,200 പേര്‍ കൂടി ഈ സംഘത്തിലേക്കു ചേര്‍ന്നു. കൂടുതലും ക്യൂബയുടെ ദരിദ്രഗ്രാമങ്ങളില്‍ നിന്നുള്ളവരായിരുന്നു.

ക്യൂബന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 1952 ജൂണില്‍ നടത്തിയ പട്ടാള അട്ടിമറിയിലൂടെ അധികാരത്തില്‍വന്ന ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റായെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഫിഡലിന്റെ നേതൃത്വത്തില്‍ 1953ല്‍ നടന്ന ശ്രമമാണ് മൊന്‍കാട പട്ടാള ബാരക്ക് ആക്രമണം. ക്യൂബന്‍ വിപ്ലവചരിത്രത്തിലെ ധീരോജ്ജ്വലമായ ഏടായി ഇത് തിളങ്ങി നില്‍ക്കുന്നു. മൊന്‍കാട ബാരക്ക് പിടിച്ചെടുത്ത് അവിടുത്തെ ആയുധങ്ങള്‍ കൈക്കലാക്കുകയായിരുന്നു ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. കൂടാതെ സാന്റിയാഗോ റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്ത് ദ മൂവ്‌മെന്റിന്റെ പ്രകടന പത്രിക അതിലൂടെ പ്രക്ഷേപണം ചെയ്യുക എന്ന ലക്ഷ്യം കൂടി കാസ്‌ട്രോയ്ക്കുണ്ടായിരുന്നു.

പത്തൊമ്പതാംനൂറ്റാണ്ടില്‍ തന്റെ പൂര്‍വ്വികര്‍ സ്പാനിഷ് ബാരക്ക് ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവമാണ് കാസ്‌ട്രോക്ക് പ്രചോദനമായത്. വിദേശാധിപിത്യത്തിനെതിരേ പോരാടിയ മുന്‍ സ്വാതന്ത്ര്യസമരപോരാളിയായിരുന്ന ജോസ് മാര്‍ട്ടിനിയുടെ ചരിത്രമാണ് ഫിഡലിന്റെ മുന്നിലുണ്ടായിരുന്നത്. ഫിഡല്‍ സ്വയം താന്‍ മാര്‍ട്ടിനിയുടെ പിന്‍ഗാമിയാണെന്ന് വിശ്വസിച്ചു. 165 പേരടങ്ങുന്ന ഒരു സംഘത്തെയാണ് കാസ്‌ട്രോ മൊന്‍കാട നീക്കത്തിനായി ഒരുക്കിയത്. 138 പേരുടെ ഒരു സംഘം സാന്റിയാഗോയിലും, 27 പേര്‍ ബയാമോയിലും തമ്പടിച്ചു. ഫിഡലൊഴികെ എല്ലാവരും കുടുംബം എന്ന ബാദ്ധ്യത ഇല്ലാത്ത ചെറുപ്പക്കാരായിരുന്നു. അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്‌ട്രോയക്കു നിര്‍ബന്ധമുണ്ടായിരുന്നു. എന്തുവന്നാലും ലക്ഷ്യം പൂര്‍ത്തീകരിച്ചേ പിന്‍മാറാവൂ എന്നതായിരുന്നു കാസ്‌ട്രോ തന്റെ സംഘാംഗങ്ങള്‍ക്കു കൊടുത്തിരുന്ന കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ വിചാരിച്ച പോലെയുള്ള മുന്നേറ്റം നടത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ബാരക്കിനടുത്തെത്തിയപ്പോഴേക്ക് തന്നെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതുമൂലം സംഘത്തിന് കനത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. ഒരു പിന്‍വാങ്ങലിനു സമയം കിട്ടുന്നതിനു മുമ്പേ നാലു യുവാക്കള്‍ മരിച്ചു വീണു. വിമതസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ സൈന്യത്തിലെ മരണസംഖ്യ 19 ആയിരുന്നു .

'അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നമ്മളെ കാത്തിരിക്കുന്നത് വിജയമാകാം, പരാജയമാകാം. ഫലം എന്തുതന്നെയായാലും ഇത് നമുക്ക് ആഹ്ലാദം നല്‍കുന്ന ഒന്നായിരിക്കുമെന്ന് എനിക്കുറപ്പാണ്. നാം വിജയിക്കുകയാണെങ്കില്‍ വളരെ അടുത്തു തന്നെ മാര്‍ട്ടിനിയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇനി അതല്ല പരാജയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ നിരാശരാവേണ്ട, ആയിരങ്ങള്‍ ക്യൂബക്കു വേണ്ടി മരിക്കുവാന്‍ തയ്യാറായി നമ്മുടെ പുറകെ വരും. അവര്‍ നാം പിടിച്ച കൊടി ഉയര്‍ത്തിപിടിച്ചു മുന്നോട്ടു പോകും' ആക്രമണത്തിനു മുന്പ് ഫിഡല്‍ നടത്തിയ ഹ്രസ്വ പ്രസംഗം ഇപ്പോഴും ചരിത്രത്തില്‍ ആവേശമായി നിലനില്‍ക്കുന്നു.

ഫിഡ ഇല്ലാത്ത ഇടതുപക്ഷ ലോകം
'ആവേശകരമായ സമരപ്പിറ്റേന്ന് സമചിത്തതയുള്ള ആലോചനകള്‍ക്കുള്ളതാണ്' എന്നു പറഞ്ഞത് കാസ്‌ട്രോ ആണ്. കഴിഞ്ഞ ദശാബ്ദത്തില്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടന്നത് ലാറ്റിന്‍ അമേരിക്കയിലാണ് എന്നത് ഫിഡലില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജ്ജം നിമിത്തമായിരുന്നു എന്ന് സൂക്ഷ്മ രാഷ്ട്രീയ നിരീക്ഷണത്തില്‍ മനസ്സിലാകും. പക്ഷെ, ബ്രസീലിലേയും അര്‍ജന്റീനയിലെയും മിതസോഷ്യല്‍ ഡെമോക്രാറ്റിക് ഭരണകൂടങ്ങളോ, വെനസ്വലയിലെയും ബൊളീവിയയിലെയും തീവ്രഭരണകൂടങ്ങളോ പരമ്പരാഗത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളല്ല നയിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. ക്യുബയും ഘടനാപരമായ മാറ്റങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. 20 ആം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മിക്കവയും സോവിയറ്റ് മാതൃകയെ പിന്‍തുടര്‍ന്നപ്പോള്‍ ആധുനിക കാലത്തെ ഇടതു ഉണര്‍ച്ചകള്‍ സോവിയറ്റ് മാതൃകയില്‍ നിന്ന് പലപ്പോഴും വേറിട്ട് സഞ്ചരിക്കുന്നു.

ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്ക പറഞ്ഞ വാചകമുണ്ട്, 'ഒന്നുകില്‍ ലാദന്റെ പക്ഷം അല്ലെങ്കില്‍ അമേരിക്കന്‍ പക്ഷം.' കാസ്‌ട്രോ ഒഴികെയുള്ള നേതാക്കള്‍ അത് ശരിവച്ചു അമേരിക്കയോടൊപ്പം ചേര്‍ന്നു. അമേരിക്കയോടൊപ്പം നിന്നില്ലെങ്കില്‍ തങ്ങള്‍ ഭീകര പക്ഷത്തെന്നു കരുതിയാലോ എന്ന ചിന്തയാവണം അവരെ അലട്ടിയിരിക്കുക. അന്ന് കാസ്‌ട്രോ പറഞ്ഞത് രണ്ടു കൂട്ടരുടെയും പക്ഷത്തില്ല താന്‍ എന്ന്... രണ്ടു പക്ഷത്തെയും വിശ്വസിക്കാന്‍ കൊള്ളില്ല. ആ സത്യം ലോകം ചെവിക്കൊണ്ടില്ല.. ലോകത്തിന്റെ നെഞ്ചില്‍ അത്തരം സത്യങ്ങള്‍ക്ക് ഇടമില്ല. ലാദനും അമേരിക്കയും തമ്മിലെന്ത്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍. ലാദനെ പാല് കൊടുത്ത് ഊട്ടിയതും മുപ്പതു ഡോളര്‍ വില വച്ച് അമേരിക്ക അഫ്ഘാന്‍ മുജാഹിദീന് മൈനുകള്‍ വിറ്റതും ചരിത്രത്തില്‍ അടയാളപ്പെടില്ല. പിന്നീട്, കുഴിച്ചിട്ട മൈനുകള്‍ പൊട്ടി എത്രയോ മനുഷ്യര്‍ മരിച്ചു, എത്രയോ പേര്‍ക്ക് അംഗ വൈകല്യം നേരിട്ടു. ഭീകര പ്രവര്‍ത്തനം പോലെ തന്നെയാണ് ഭീകരതയെ സഹായിക്കലും എന്ന് എന്തേ നാം അറിയാതെ പോകുന്നു!

മുല്ലപ്പൂ വിപ്ലവം നടന്ന ഇടങ്ങളിലേക്ക് നോക്കുക. അതിന്റെ ഗുണ ഭോക്താക്കള്‍ മതമൗലികവാദികളും സാമ്രാജ്യത്വവുമാണ്. ഏതൊരു ഭീകരതയുടെയും പരിസരത്തു സാമ്രാജ്യത്വ നിഴലുണ്ട്. അവര്‍ക്ക് എളുപ്പം ഭീകരരുമായി കൈകോര്‍ക്കാം.'ഞങ്ങളുടെ രാജ്യത്തിന്റെ വാതിലുകള്‍ എല്ലാ താല്‍പ്പര്യങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നേരെ എപ്പോഴും തുറന്നുവച്ചിരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും നുണ പറയില്ല'' എന്നായിരുന്നു പ്രശസ്തമായ വിചാരണക്കൊടുവില്‍ ഫിദല്‍ പറഞ്ഞ വാക്കുകള്‍ . ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ എല്ലാ രാഷ്ട്രത്തലവന്‍മാരുമായി അടുത്ത ബന്ധമുള്ള മറ്റൊരാള്‍ ഫിഡലിനെപ്പോലെ ലോകത്തുണ്ടായിട്ടില്ല. എന്നാല്‍ മാവോയെയും ഹോചിമിനെയും നേരില്‍ പരിചയപ്പെടാന്‍ കഴിയാഞ്ഞതിന്റെ വിഷമവും ഫിഡലിനുണ്ട്. ഐസന്‍ഹോവര്‍ മുതല്‍ ജോര്‍ജ് ബുഷ് രണ്ടാമന്‍വരെ ചുരുങ്ങിയത് പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട അനുഭവസമ്പത്തും മറ്റൊരാള്‍ക്കുമുണ്ടാവില്ല. കാസ്‌ട്രോയില്ലാത്ത ഒരു പ്രഭാതം വിടരുന്നതിനെക്കുറിച്ച് ആഗ്രഹിക്കുന്ന ജൂനിയര്‍ ബുഷിന് ഇടതുപക്ഷ രാഷ്ട്രീയത്തെ പുല്‍കിയ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുംവിധം മാറിയ ഫിഡലിനെ കണ്ട് അധികാരത്തിന്റെ പടിയിറങ്ങേണ്ട ഗതികേടിലാണ്. 600 തവണ ഫിഡലിനെ കൊലപ്പെടുത്താന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ കാസ്‌ട്രോ അയവിറക്കുന്നുണ്ട്. റൊണാള്‍ഡ് റീഗന്‍ രൂപംനല്‍കിയ ജനാധിപത്യം സ്ഥാപിക്കാനുള്ള സംഘടന 2005ല്‍ മാത്രം 24ലക്ഷം ഡോളറാണ് ക്യൂബയിലെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ചത്്. അമേരിക്കയുടെ മറ്റൊരു സംഘടനയായ യുഎസ് എയ്ഡ് ക്യൂബന്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് 1996നുശേഷംമാത്രം നല്‍കിയത് ആറര കോടി ഡോളറാണ്.

അസാധാരണ സൗഹൃദങ്ങളുടെ ഉടമയാണ് ഫിഡല്‍. 'ആകാശത്തെ കൈകൊണ്ട് തൊട്ടതുപോലെ' എന്നാണ് അദ്ദേഹത്തെ ആദ്യമായി സ്പര്‍ശിച്ച നിമിഷത്തെ ഓര്‍ത്തെടുത്ത് പ്രശസ്ത ഫുട്‌ബോളര്‍ ഡീഗോ മാറഡോണ പറഞ്ഞത്. എണസ്‌റ്റോ ഹെമിങ്‌വേ കാസ്‌ട്രോയുടെ അടുത്ത സുഹൃത്തായിരുന്നു. 'മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി' എന്ന പ്രശസ്തമായ ഹെമിങ്‌വേ പുസ്തകം പലതവണ വായിച്ചിട്ടും മതിയായില്ലത്രേ. ക്യൂബന്‍ വിപ്ലവത്തിനായുള്ള പ്രവര്‍ത്തനത്തില്‍ തന്റെ ജീവിതത്തിന്റെ അഭേദ്യഭാഗമായിരുന്നു ഈ പുസ്തകം എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'യാഥാര്‍ഥ്യത്തിന്റെ വിശ്വസനീയമായ അവതരണം, വായിച്ചാല്‍ മനസ്സിലുറച്ചുപോകുംവിധം ശക്തമായ രചനാരീതി'' ഫിഡല്‍ ആധികാരികമായി പുസ്തകത്തെ വിലയിരുത്തുന്നു. ഗറില്ല പോരാട്ടത്തിന്റെ വഴികളില്‍ ശത്രുവിന്റെ ആധിപത്യമേഖലകളിലെ പ്രവര്‍ത്തനത്തിന്റെ രൂപരേഖ ഈ പുസ്തകത്തില്‍നിന്ന് വിപ്ലവകാരികള്‍ പകര്‍ത്തിയെടുക്കുന്നുണ്ട്. മാജിക്കല്‍ റിയലിസത്തിന്റെ അമ്പരപ്പിക്കുന്ന ആഖ്യാനരീതി പിന്തുടരുന്ന ഇന്നത്തെ ലോകസാഹിത്യത്തിലെ അതുല്യപ്രതിഭയായ ഗാര്‍സ്യ മാര്‍ക്കേസും ഫിഡലിന്റെ എല്ലാ തിരിക്കുകള്‍ക്കിടയിലും കടന്നുചെല്ലാവുന്ന സൗഹൃദത്തിന്റെ ഉടമയാണ്. കേള്‍വിക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അസാമാന്യമായ വൈഭവം ഫിഡലിന്റെ പ്രസംഗങ്ങള്‍ക്കുണ്ടെന്ന് മാര്‍ക്കേസ് സാക്ഷ്യപ്പെടുത്തുന്നു. പതിഞ്ഞ ശബ്ദത്തിലുള്ള ചെറിയ തുടക്കത്തില്‍നിന്ന് എപ്പോഴോ പ്രത്യക്ഷപ്പെടുന്ന ഒരു സ്ഫുലിംഗത്തിലൂടെ സദസ്സിനെ മുഴുവനും കൈയിലെടുക്കാന്‍ കഴിയുന്ന രീതിയാണത്. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ വാഗ്മികളിലൊരാളാണ് ഫിഡല്‍ കാസ്‌ട്രോ.

ലളിതജീവിതത്തിന്റെ അത്രമേല്‍ അസാധാരണനായ മാതൃകയായിരുന്നു ഫിഡല്‍. എത്രയാണ് അങ്ങയുടെ ശമ്പളം എന്ന ചോദ്യത്തിന് ഫിഡല്‍ ഇങ്ങനെ മറുപടി പറയുന്നു:'20 പെസയ്ക്ക് ഒരു ഡോളര്‍ എന്ന നിരക്കില്‍ എന്റെ ശമ്പളം മാസം 30 ഡോളറാണ്. പക്ഷേ, ഞാന്‍ പട്ടിണി കിടന്നു മരിക്കുന്നില്ല. പാര്‍ട്ടിക്കുള്ള ലെവിയും വാടകയിനത്തില്‍ പത്തുശതമാനവും കൃത്യമായി നല്‍കുന്നു. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച് എന്ന ഫോര്‍മുലയാണ് ഞങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. എന്റെ സ്വന്തം ആവശ്യങ്ങള്‍ പരിമിതമാണ്. അതുകൊണ്ട് ശമ്പളവര്‍ധന ആവശ്യമേയല്ല. പ്രസിഡന്റെന്ന നിലയിലുള്ള ചെലവുകളെല്ലാം ഓഫീസ് വഹിക്കുകയും ചെയ്യുന്നു.''

താന്‍ ഒരു സോഷ്യലിസ്റ്റ്, മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് ആണെന്നായിരുന്നു കാസ്‌ട്രോ അവകാശപ്പെട്ടിരുന്നത്. വാണിജ്യവും, വ്യവസായവും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ നിന്നും മാറ്റി സ്‌റ്റേറ്റിന്റെ കീഴിലാക്കുക വഴി സോഷ്യലിസത്തിലേക്കുള്ള പാത അദ്ദേഹം തുറന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇത്തരം വ്യവസായങ്ങളെല്ലാം ദേശീയവല്‍ക്കരിച്ചു. പാവപ്പെട്ടവനും, പണക്കാരനും തമ്മിലുള്ള ചേരിതിരിവ് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കാസ്‌ട്രോ കിണഞ്ഞു ശ്രമിച്ചു. വര്‍ഗ്ഗ സമരം എന്ന വിപ്ലവത്തിലൂടെ ബൂര്‍ഷ്വാസിയെ നീക്കം ചെയ്ത് പ്രോലിറ്റേറിയന്‍ എന്നു വിളിക്കപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗം അധികാരത്തിലെത്തും എന്ന മാര്‍ക്‌സിന്റെ വാക്കുകള്‍ കാസ്‌ട്രോ ക്യൂബയിലൂടെ നടപ്പിലാക്കി ലോകത്തിനു കാണിച്ചുകൊടുത്തു. ചരിത്രത്തില്‍ ഇന്ന് ഇടതുപക്ഷലോകത്തിനു ഫിഡലിനോളം ഊര്‍ജ്ജം പ്രവഹിപ്പിക്കുന്ന ഇതിഹാസ പുരുഷന്മാരെ അനെകമെണ്ണമൊന്നും കണ്ടെടുക്കാനില്ല ..!

ലോക പോലീസായ അമേരിക്കയെ വിറപ്പിച്ച ക്യൂബയെ ഭരിക്കാന്‍, ആറ് തവണയാണ് രാജ്യം കാസ്‌ട്രോയെ തെരഞ്ഞെടുത്തത്. ഒടുവില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ക്യൂബയ്ക്ക് അമേരിക്കയുടെ പാരിതോഷികം ആവശ്യമില്ലെന്ന് വിളിച്ച് പറഞ്ഞ ആ പോരാട്ട വീര്യത്തിന്, മരണസമയത്തെ നവതിയിലും കുറവു വന്നിട്ടുണ്ടായിരുന്നില്ല എന്നതൊക്കെ എക്കാലത്തെയും ചരിത്രേതിഹാസങ്ങളിലെ അത്യപൂര്‍വ്വത തന്നെയായിരിക്കും ...!

(ഹൈക്കോടതിയില്‍ അഭിഭാഷകനും എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories