TopTop
Begin typing your search above and press return to search.

ഫിദല്‍, വിട; ചരിത്രത്തിലെ അപൂര്‍വം മൌലികതയായിരുന്നു താങ്കള്‍

ഫിദല്‍, വിട; ചരിത്രത്തിലെ അപൂര്‍വം മൌലികതയായിരുന്നു താങ്കള്‍

ടീം അഴിമുഖം

“ഒരാളെ മഹാനായ മനുഷ്യന്‍ എന്നു വിളിക്കുകയെന്നാല്‍, മനുഷ്യ താത്പര്യങ്ങളുടെ കേന്ദ്രത്തെ ഭൌതികമായി ബാധിക്കുന്ന അല്ലെങ്കില്‍ തൃപ്തിപ്പെടുത്തുന്ന ഒരു വലിയ അടി, സാധാരണ മനുഷ്യരുടെ ശേഷികള്‍ക്കപ്പുറത്തുള്ള ഒന്ന് അയാള്‍ അറിഞ്ഞുകൊണ്ട് മുന്നോട്ടുവെച്ചു എന്ന്, അവകാശപ്പെടുകയാണ്സ്ഥിരമായും, വിപ്ലവകരമായും ഗണ്യമായ വിഭാഗം മനുഷ്യരുടെ ജീവിതത്തെയും മൂല്യങ്ങളെയും മാറ്റിമറിക്കുക എന്നാണ്... മഹാനായ മനുഷ്യന്റെ ഗുണവിശേഷങ്ങളിലൊന്ന് അയാളുടെ സജീവമായ ഇടപെടല്‍ അസാധ്യമെന്ന് തോന്നിയിരുന്ന ഒന്നിനെ സാധ്യമാക്കുന്നു എന്നാണ്”- ഇസയ്യ ബെര്‍ലിന്‍

ഈ നിര്‍വ്വചനത്തിന്റെ രീതിയില്‍ നോക്കിയാല്‍ ക്യൂബന്‍ നേതാവ് ഒരു പ്രതിഭാസമായിരുന്നു. ഒരു രാജ്യത്തിന്റെ നേതാവ്, ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താവ് എന്നതരം തലങ്ങളെ അദ്ദേഹം ഉല്ലംഘിച്ചു. അദ്ദേഹം ജനങ്ങളെ പ്രചോദിതരാക്കി, സംഭവങ്ങളെ രൂപപ്പെടുത്തി, ഒരു വിഗ്രഹമായി നിലനിന്നു.

“ഭരണകൂടം സത്യത്തെ അടിച്ചമര്‍ത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എനിക്കറിയാം. എന്നെ മറിവിയില്‍ കുഴിച്ചിടാന്‍ ഗൂഢാലോചന ഉണ്ടാകുമെന്നും എനിക്കറിയാം. പക്ഷേ എന്റെ ശബ്ദം അടക്കിനിര്‍ത്താനാകില്ല. ഞാന്‍ ഏറ്റവും ഏകനായാലും അതെന്റെ നെഞ്ചില്‍നിന്നും ഉയര്‍ന്നുകൊണ്ടേയിരിക്കും, അലസരായ ഭീരുക്കള്‍ നിഷേധിക്കുന്ന അഗ്നി അതിനെന്റെ ഹൃദയം നല്കും...എന്നെ കുറ്റക്കാരനെന്ന് വിളിച്ചോളൂ. അതൊരു പ്രശ്നമേയല്ല. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും.”

ഫിദല്‍ കാസ്ട്രോ 1959-ല്‍ എഴുതി.

താന്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ചരിത്രത്തിലെ മൌലികതകളില്‍ ഒന്നായിരുന്നു കാസ്ട്രോ. ആത്മസ്ഥൈര്യമാണ് അദ്ദേഹം പ്രസരിപ്പിച്ചത്. ആരാധനയും ബഹുമാനവും ഉണര്‍ത്തുന്ന ഒരു വീര പ്രതിഭ. ചിലരില്‍ ഭയവും ദേഷ്യവുമാണ് ഉണ്ടാക്കിയത്. ഉയര്‍ന്ന വിദ്യുത് തരംഗങ്ങളുള്ള ഒരു നക്ഷത്രമായിരുന്നു കാസ്ട്രോ.

വെള്ളിയാഴ്ച്ച തന്റെ 90-ആം വയസില്‍ അന്തരിച്ച മുന്‍ ക്യൂബന്‍ പ്രസിഡണ്ട് പറഞ്ഞിരുന്നത് താനൊരിക്കലും രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കില്ല എന്നാണ്.

എന്നാല്‍ 2006 ജൂലായില്‍ കുടലിന് നടത്തിയ ഒരു അടിയന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് അദ്ദേഹം സഹോദരന്‍ റൌള്‍ കാസ്ട്രോയ്ക്ക് അധികാരം കൈമാറി. 2014-ല്‍ ലോകത്തെ ഞെട്ടിച്ച്, യു.എസ് പ്രസിഡണ്ട് ബരാക് ഒബാമയുമായി സൌഹൃദം പങ്കുവെച്ചുകൊണ്ട് റൌള്‍ വാഷിംഗ്ടനുമായി തന്റെ സഹോദരന്‍ തുടര്‍ന്ന ശത്രുതയുടെ വഴി അവസാനിപ്പിച്ചു.

ഒലീവ് നിറത്തിലുള്ള തന്റെ വേഷങ്ങള്‍ക്കും, ആരോഗ്യകാരണങ്ങളാല്‍ വളരെ വിമ്മിട്ടത്തോടെ വേണ്ടെന്നുവെച്ച ചുരുട്ടിനും, പിന്നെ ആ പാറിപ്പറക്കുന്ന താടിക്കും പേരുകേട്ട കാസ്ട്രോ വിദേശത്ത് വാഷിംഗ്ടനെ വെല്ലുവിളിക്കുമ്പോഴും നാട്ടില്‍ വിമത ശബ്ദങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

ക്യൂബന്‍ ജനത ദാരിദ്ര്യത്തില്‍ കഴിഞ്ഞാലും, ഒരിക്കല്‍ അദ്ദേഹം നയിച്ച ആ വിപ്ലവത്തിന്റെ ശോഭ നഷ്ടപ്പെട്ടാലും ഒടുവില്‍ ആ രാഷ്ട്രീയ മനക്കരുത്തിന്റെ കളിയില്‍ അദ്ദേഹം തന്നെ ജയിച്ചു.

നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിച്ചുകൊണ്ട് ഒബാമ സമ്മതിച്ചത്, പതിറ്റാണ്ടുകള്‍ നീണ്ട യു.എസ് നിയന്ത്രണങ്ങള്‍ ഈ ഭരണത്തെ താഴെയിറക്കുന്നതില്‍ പരാജയപ്പെട്ടെന്നും-ജനാധിപത്യവും പടിഞ്ഞാറന്‍ ശൈലിയിലെ സാമ്പത്തിക പരിഷ്കാരങ്ങളും കൊണ്ടുവരാനുള്ള ഒരു ശ്രമം- ഇനി ക്യൂബയിലെ ജനതയെ സഹായിക്കാന്‍ മറ്റുവഴികള്‍ നോക്കാന്‍ സമയമായി എന്നുമാണ്.

മഹത്തായ അതിജീവനം, തീപ്പൊരി, ആഞ്ഞടിക്കുന്ന പ്രഭാഷകന്‍, അരനൂറ്റാണ്ടുകാലം അധികാരത്തിലിരിക്കവേ ശത്രുക്കള്‍ക്ക് തനിക്കെതിരെ നടത്തിയ എല്ലാത്തിനെയും അദ്ദേഹം അതിജീവിച്ചു; വധശ്രമങ്ങള്‍, യു.എസ് പിന്തുണയുള്ള അധിനിവേശ ശ്രമം, കടുത്ത യു.എസ് സാമ്പത്തിക ഉപരോധം.1926 ആഗസ്ത് 13-നു സമ്പന്നമായ ഒരു സ്പാനിഷ് കുടിയേറ്റ കുടുംബത്തില്‍, ഭൂവുടമയായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും മകനായി ജനിച്ച ഫിദല്‍ പഠിക്കാന്‍ മിടുക്കാനായിരുന്നു. ബേസ്ബോള്‍ കമ്പക്കാരനായിരുന്ന ഫിദലിന് യു.എസിലെ വമ്പന്‍ ലീഗില്‍ കളിക്കുക എന്നതായിരുന്നു സ്വപ്നം.

മുന്‍ വിദേശകാര്യ മന്ത്രി കെ. നട്വര്‍ സിങ് 1982 അവസാനം കാസ്ട്രോയെ കണ്ടു. ഏഴാം ചേരിചേരാ ഉച്ചകോടി 1983 മാര്‍ച്ച് ആദ്യവാരം, ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുകയായിരുന്നു. “നിയുക്ത സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും മാര്‍ഗനിര്‍ദേശവും പ്രചോദനവും സ്വീകരിക്കാനായിരുന്നു ഞാന്‍ ഹവാനായിലേക്ക് പോയത്. വളരെ പെട്ടന്നായിരുന്നു ഞാന്‍ വിളിക്കപ്പെട്ടത്. ഔദ്യോഗിക കാര്യങ്ങള്‍ സംസാരിച്ച് കഴിഞ്ഞപ്പോള്‍, അദ്ദേഹം എന്നോടു ചോദിച്ചു, ആരാണീ ഗൂര്‍ഖകള്‍, അവരെന്താണ് ഫാക്ലാണ്ടില്‍ ചെയ്യുന്നത് എന്ന്.

ഞാന്‍ ഗൂര്‍ഖകളുടെ ചരിത്രവും അവരുടെ ധീരതയും ബ്രിട്ടീഷ് ബന്ധവും ചുരുക്കി വിവരിച്ചു. എന്താണെ ഗൂര്‍ഖകളെക്കുറിച്ച് ചിന്തിക്കാന്‍ എന്ന് ഞാന്‍ ചോദിച്ചു. “ഞാനൊരു പുസ്തകം വായിക്കുകയാണ്,‘അന്നപൂര്‍ണ’ അതില്‍ അവരെ ഇടക്കിടെ പരാമര്‍ശിക്കുന്നുണ്ട്.”

സിങ് പിന്നീട് ഇതിനെക്കുറിച്ച് എഴുതി. 1983-ലെ ചേരിചേരാ ഉച്ചകോടിയില്‍ ഇന്ദിര ഗാന്ധിയോടൊപ്പം കാസ്ട്രോയായിരുന്നു താരം. അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡണ്ട് കാര്‍ലോസ് റാഫേല്‍ റോഡ്രീഗസും വന്നിരുന്നു.

അധികാരത്തിലേറിയ കാസ്ട്രോ സോവിയറ്റ് യൂണിയനുമായി സഖ്യത്തിലായി. 1989-ല്‍ സോവിയറ്റ് യൂണിയന്‍ തകരും വരെ കാസ്ട്രോയുടെ കമ്മ്യൂണിസത്തെ ശീതയുദ്ധകാലത്തെ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കയ്യയച്ച് സഹായിച്ചുകൊണ്ടിരുന്നു. സ്പാനിഷ്-അമേരിക്ക യുദ്ധകാലത്തോളമുള്ള യു.എസിന്റെ ക്യൂബക്ക് മേലുള്ള മേധാവിത്തം അവസാനിപ്പിച്ച 1959-ലെ വിപ്ലവത്തിനുശേഷം 11 യു.എസ് പ്രസിഡണ്ടുമാര്‍ വന്നുപോയി. അവരെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍, കാസ്ട്രോയുടെ സര്‍ക്കാരിനെതിരെ കടുത്ത സമ്മര്‍ദം ചെലുത്തി.

ക്യൂബക്കാര്‍ക്കിടയില്‍ ‘ഫിദല്‍’ അല്ലെങ്കില്‍ ‘El commandante’ എന്ന് വിളിക്കപ്പെടുന്ന കാസ്ട്രോ 1961-ല്‍ യു.എസുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചു, ഒരു ബില്ല്യണ്‍ ഡോളര്‍ വരുന്ന യു.എസ് കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടി.ഏപ്രില്‍ 1961-ല്‍ സി ഐ എ പരിശീലനം നല്കിയ 1300 ക്യൂബന്‍ പ്രവാസികള്‍ ബേ ഓഫ് പിഗ്സില്‍ നടത്തിയ അധിനിവേശ ശ്രമത്തെ കാസ്ട്രോയുടെ ക്യൂബ ചെറുത്തുതോല്‍പ്പിച്ചു.

പക്ഷേ ഈ ദ്വീപില്‍ നിന്നും ആളും അര്‍ത്ഥവും പുറത്തെക്കൊഴുകി. നിരവധിപേര്‍ ഫ്ലോറിഡയില്‍ കുടിയേറി; അവിടെ കാസ്ട്രോക്കെതിരായ ശക്തമായ സംഘമുണ്ടായി.

കാസ്ട്രോ തന്റെ സ്വകാര്യജീവിതം ഏറെക്കുറെ സ്വകാര്യമായി തന്നെ സൂക്ഷിച്ചു. പക്ഷേ ഈയടുത്ത കാലത്ത് കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വന്നു.

1948-ല്‍ അദ്ദേഹം മിര്‍ത്ത ഡയസ് ബാലാര്‍ടിനെ വിവാഹം കഴിച്ചു. അവരുടെ മകനാണ് ഫിദേലിറ്റോ. പിന്നീടവര്‍ വിവാഹമോചിതരായി.

1952-ല്‍ ഒരു ഡോക്ടറുടെ ഭാര്യയായ നാറ്റി റെവെല്‍റ്റയെ കാസ്ട്രോ കണ്ടു. പിന്നീടവരില്‍ 1956-ല്‍ ഒരു കുഞ്ഞുണ്ടായി- അലീന.

1957-ല്‍ ഒന്നിച്ച സെലിയ സാഞ്ചസ് 1980-ല്‍ അവര്‍ മരിക്കും വരെ കാസ്ട്രോക്കൊപ്പം ഉണ്ടായിരുന്നു.

1980-കളില്‍ കാസ്ട്രോ ഡാലിയ സോട്ടോ ഡെല്‍ വാല്ലേയെ വിവാഹം കഴിച്ചു. അഞ്ചു കുട്ടികളുണ്ടായി-ഏഞ്ചല്‍, അന്റോണിയോ, അലെജാണ്ട്രോ, അലെക്സിസ്, അലെക്സ്.

2006-ല്‍ അധികാരമൊഴിഞ്ഞു ശസ്ത്രക്രിയക്കു ശേഷം സാവധാനം ആരോഗ്യം വീണ്ടെടുത്ത കാസ്ട്രോ തന്റെ വിപ്ലവത്തെ 21-ആം നൂറ്റാണ്ടിലേക്ക് നടത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത്ര നല്ല അവസ്ഥയിലല്ലെങ്കിലും ക്യൂബയത് സാധിച്ചു.


Next Story

Related Stories