TopTop
Begin typing your search above and press return to search.

ഫിദല്‍ കാസ്ട്രോ; ഒരു വിപ്ലവ നായകനും ഒരു ഏകാധിപതിയും

ഫിദല്‍ കാസ്ട്രോ; ഒരു വിപ്ലവ നായകനും ഒരു ഏകാധിപതിയും

കെവിന്‍ സള്ളിവന്‍, ജെ. വൈ. സ്മിത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ കരീബിയന്‍ ദ്വീപിനെ 20-ആം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്ര, സാമ്പത്തിക ഭിന്നതകളുടെ സൂചകമാക്കി മാറ്റിയ ക്യൂബന്‍ വിപ്ലവത്തിന്റെ നേതാവ്, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും മുന്‍ സോവിയറ്റ് യൂണിയനുമായുള്ള സഖ്യവും മൂലം ലോകത്തെ ഒരു ആണവായുധത്തിന്റെ വക്കിലെത്തിച്ച, ഫിദല്‍ കാസ്ട്രോ, വിട വാങ്ങി.

കാല്‍ നൂറ്റാണ്ടുകാലം നീണ്ട ഫുല്‍ജെന്‍സ്യോ ബാറ്റിസ്റ്റയുടെ അഴിമതി ഭരണത്തിനു കീഴില്‍ ദുരിതത്തിലാഴ്ന്നിരുന്ന ദരിദ്രരായ നാട്ടുകാര്‍ക്ക് രാജ്യത്തിന്റെ സമ്പത്തിന്റെ ന്യായമായ വിഹിതം വാഗ്ദാനം ചെയ്തുകൊണ്ടാണ് 1959-ലെ പുതുവര്‍ഷപ്പിറവിയില്‍ സമ്പന്നനായ ഒരു കരിമ്പിന്‍ തോട്ടമുടമയുടെ മകനായ കാസ്ട്രോ അധികാരം പിടിച്ചെടുത്തത്.

തന്റെ ഒലീവ് നിറമുള്ള തടിയന്‍ കുപ്പായങ്ങളും, സൈനിക ബൂട്ടുകളും, പാറിക്കിടക്കുന്ന താടിക്കിടയിലൂടെ വലിച്ചുതള്ളുന്ന ഭീമന്‍ ചുരുട്ടുകളുമായി ലോകത്തെങ്ങുമുള്ള തീവ്ര ഇടതു രാഷ്ട്രീയത്തിന്റെ ജ്വാലയായി കാസ്ട്രോ മാറി.

അനുഭാവികള്‍ക്ക് ഫിദലെന്നാല്‍ ലോകത്തെ ദരിദ്രര്‍ക്ക് ന്യായമായ വിഹിതം ആവശ്യപ്പെടുകയും അത് കിട്ടാന്‍ ശക്തര്‍ക്ക് നേരെ കൈത്തോക്ക് ചൂണ്ടാന്‍ മടിയില്ലാത്തവനുമായിരുന്നു. ആരാധകര്‍ക്ക്, അയാള്‍ സ്വന്തം ജനതക്ക് വിദ്യാഭ്യാസവും ഭക്ഷണവും, മാറ്റ് രാജ്യങ്ങളിലുള്ള ദരിദ്രര്‍ക്കടക്കം ആരോഗ്യരക്ഷയും, അതും ലോകത്തെ സമ്പന്ന രാജ്യങ്ങളെക്കാള്‍ ന്യായമായി, പ്രത്യേകിച്ചും ‘വടക്കുള്ള ഭീമനെന്ന്’ അദ്ദേഹം വിശേഷിപ്പിച്ച രാജ്യത്തേക്കാള്‍, നല്കിയ ഒരാളായിരുന്നു.

യു.എസ് തീരത്തുനിന്നും കേവലം 90 മൈല്‍ അകലെയുള്ള ഈ ദ്വീപ് രാഷ്ട്രത്തെ ഏതാണ്ട് അഞ്ചു ദശാബ്ദം ഭരിച്ച കാസ്ട്രോ ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ക്കാലം അധികാരം കയ്യാളിയ രാഷ്ട്ര നേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ നാട്ടില്‍ സ്നേഹിക്കപ്പെട്ടപ്പോലെ കാസ്ട്രോ വെറുക്കപ്പെടുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തെ, സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെ, മാധ്യമ സ്വാതന്ത്ര്യത്തെ എല്ലാം നിരോധിച്ചു ആയിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു.

ഏതാണ്ട് 30 വര്‍ഷത്തോളം അയാള്‍ ക്രിസ്തുമസ് ഒരു ഔദ്യോഗിക അവധിയല്ലാതാക്കി. ലാറ്റിന്‍ അമേരിക്കയിലെ വിദൂര മൂലകളിലേക്ക് ക്യൂബന്‍ ഡോക്ടര്‍മാരെയും ക്യൂബയില്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നുകളും അയച്ചപ്പോള്‍ ക്യൂബയിലെ സെന്‍ട്രല്‍ ഹവാനയില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ മരുന്നുകടകള്‍ കാലിയായി കിടന്നു. പലരുടേയും പാര്‍പ്പിടസമുച്ചയങ്ങളില്‍ അടുക്കളകളിലെ ബക്കറ്റായിരുന്നു കക്കൂസായി ഉപയോഗിച്ചിരുന്നത്.അന്തിമയുദ്ധത്തിന്റെ ദൂതനായും, കടുത്ത ശല്യക്കാരനായും, അപകടകാരിയായ ഏകാധിപതിയായും, ലാറ്റിന്‍ അമേരിക്കയില്‍ വിപ്ലവത്തിന്റെ വിത്തിറക്കുന്നവനായും, മനുഷ്യാവകാശ ലംഘകനായും അല്ലെങ്കില്‍ ലോകത്തെല്ലായിടത്തും കമ്മ്യൂണിസം തകര്‍ന്നിട്ടും അപ്രസക്തമായ ഒരു നിഴല്‍രൂപം എന്ന നിലയിലും തന്നെക്കണക്കാക്കിയ തുടര്‍ച്ചയായി വന്ന യു.എസ് പ്രസിഡണ്ടുമാരെ നാടകീയമായ ആസ്വാദ്യതയോടെ കാസ്ട്രോ അപഹസിച്ചു.

ഒരു ശസ്ത്രക്രിയക്ക് ശേഷം സഹോദരന്‍ 75-കാരനായ റൌളിന് 2006 ജൂലായ് 31-നു ഭരണം താത്ക്കാലികമായി കൈമാറിയതോടെയാണ് കാസ്ട്രോയുടെ നീണ്ട ഭരണത്തിന്റെ അവസാനം തുടങ്ങിയത്. കാസ്ട്രോയുടെ 80-ആം പിറന്നാളിന്, ആഗസ്ത് 13-നു ആഴ്ച്ചകള്‍ക്ക് മുമ്പാണ് അധികാരക്കൈമാറ്റം നടന്നത്. പിന്നീട് ഏതാണ്ട് നാല് വര്‍ഷത്തേക്ക് കാസ്ട്രോ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല.

2008 ഫെബ്രുവരി 19-നു അയാള്‍ ഔദ്യോഗികമായി രാജിവെച്ചു. അങ്ങനെ കാസ്ട്രോയുടെ അധികാരകാലത്തിനപ്പുറമുള്ള ആദ്യത്തെ യു.എസ് പ്രസിഡണ്ട് എന്ന സവിശേഷത ജോര്‍ജ് ബുഷിന് ലഭിച്ചു.

ദേശീയ നിയമനിര്‍മ്മാണ സഭ ഏകകണ്ഠമായും ഔദ്യോഗികമായും, ദീര്‍ഘകാലമായി സായുധസേനകളുടെ തലവനായിരുന്ന റൌള്‍ കാസ്ട്രോയെ രാജ്യത്തിന്റെ പുതിയ പ്രസിഡണ്ടാക്കി അംഗീകരിച്ചു. രണ്ടു വര്‍ഷമായി തന്റെ സഹോദരനിലേക്കുള്ള അധികാരക്കൈമാറ്റത്തിന് കാസ്ട്രോ അരങ്ങൊരുക്കിയതിനാല്‍ അതിലൊരു അത്ഭുതവുമില്ലായിരുന്നു.

1960-കള്‍ മുതല്‍ക്ക് കാസ്ട്രോയെ അധികാരഭ്രഷ്ടനാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ യു.എസ്, ക്യൂബക്കെതിരെ കടുത്ത വാണിജ്യ, നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഫിദലിന് ശേഷമുള്ള കാലത്ത് തെരഞ്ഞെടുക്കപ്പെട്ട ആദ്യ യു.എസ് പ്രസിഡണ്ട് ബരാക് ഒബാമ ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി പ്രഖ്യാപിച്ച 2014 വരെ ഇത് തുടര്‍ന്നു. 2016 മാര്‍ച്ചില്‍ ക്യൂബയിലെത്തിയ ഒബാമ പ്രസിഡണ്ട് റൌള്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി.എന്നാല്‍ സഹോദരന്‍ കാസ്ട്രോയെ കാണാന്‍ ശ്രമിച്ചില്ല. പിന്നീട് യു.എസുമായുള്ള സഹകരണത്തെ തള്ളിപ്പറഞ്ഞുകൊണ്ടും ഒബാമയുടെ ശ്രമങ്ങളെ നിഷേധിച്ചുകൊണ്ടും ഫിദല്‍ കാസ്ട്രോ പ്രസംഗം നടത്തി.

‘സാമ്രാജ്യത്വ വാദികളെ’ നുള്ളുകയും അലോസരപ്പെടുത്തുന്നത് കാസ്ട്രോയുടെ ഇഷ്ടപരിപാടിയായിരുന്നു. ഹവാനായിലെ പ്രധാന കടല്‍ത്തീരമായ മലേകോണില്‍ യു.എസ് നയതന്ത്ര കാര്യാലയത്തിന് പുറത്തായി രംഗവേദിയിലെ വെളിച്ചങ്ങളോടും ശബ്ദത്തോടും കൂടി തന്റെ സുദീര്‍ഘമായ പ്രസംഗങ്ങള്‍ക്ക് കാസ്ട്രോ അരങ്ങൊരുക്കി. അവിടെയാണ് നിരവധി അമേരിക്കന്‍ വിരുദ്ധ പ്രകടനങ്ങള്‍ നടത്തിയത്.

ജോണ്‍ എഫ് കെന്നഡിക്കു കാസ്ട്രോയെ സഹിക്കാനാവുമായിരുന്നില്ല. കെന്നഡിയാണ് 1961 ഏപ്രിലില്‍ സി ഐ എ പരിശീലനം നല്കിയ ക്യൂബന്‍ പ്രവാസികളെ വെച്ചു ബേ ഓഫ് പിഗ്സ് ആക്രമണം നടത്തിയത്. കെന്നഡിയുടെ പ്രസിഡണ്ട് കാലത്തെ ഏറ്റവും നാണംകേട്ട തോല്‍വികളിലൊന്നായി മാറി അതെന്ന് ചരിത്രം.

ശീതയുദ്ധകാലത്ത് ക്രെംലിന് യു.എസിന്റെ പടിവാതിലില്‍ ലഭിച്ച ഒരു കമ്മ്യൂണിസ്റ്റ് സേനാനായകനായിരുന്നു കാസ്ട്രോ. നിമിഷങ്ങള്‍ക്കൊണ്ട് വാഷിംഗ്ടണിലും ന്യൂ യോര്‍ക്കിലും എത്താവുന്ന തരത്തില്‍ ക്യൂബന്‍ തീരത്ത് ആണവ മിസൈലുകള്‍ വിന്യസിക്കാന്‍ സോവിയറ്റ് യൂണിയനെ അനുവദിച്ചുകൊണ്ട് 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ ഈ വസ്തുതയുടെ ഭയാനകമായ വശം കാണിച്ചുതന്നു കാസ്ട്രോ. തുടര്‍ന്ന് കെന്നഡിയും സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവും തമ്മിലുണ്ടായ തര്‍ക്കം ലോകത്തെ ഒരു ആണവയുദ്ധത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.

ലോകത്തെ മറ്റ് പല നേതാക്കളെയും പോലെ കാസ്ട്രോ തെരുവുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തന്റെ പേര് നല്‍കുകയോ തനിക്കായി സമാരകങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തില്ല. പകരം വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങള്‍ എഴുതിയ വലിയ ഫലകങ്ങള്‍ സ്ഥാപിച്ചു;“നാം അതിജീവിക്കും”,“വിജയത്തിലേക്ക്, എല്ലാപ്പോഴും,”“മാതൃഭൂമി അല്ലെങ്കില്‍ മരണം”.

കാസ്ട്രോയുടെ ഭരണകാലത്ത് ഹവാന ഒരുതരം മാര്‍ക്സിസ്റ്റ് ഡിസ്നി ലാന്ഡ് ആയി-ആകെ വൃത്തിഹീനമായ ഒന്നിനുമുകളിലെ തിളങ്ങുന്ന, സന്തുഷ്ടമായ ഒരു പുതപ്പ്.ഒരു വാസ്തുശാസ്ത്ര വിസ്മയമായ പഴയ ഹവാന പുതുക്കിപ്പണിയാണ്‍ കാസ്ട്രോ വ്യക്തിപരായി താത്പര്യമെടുത്തു. അവിടെ ഒരു പെട്ടിക്ക് 300 ഡോളര്‍ വിലയുള്ള ക്യൂബന്‍ സിഗാര്‍ ചുരുട്ട് വലിക്കാം, ലോകത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളിലൊന്നും, ഹവാന ക്ലബ് റമ്മും ആസ്വദിക്കാം. പക്ഷേ ഒരു കെട്ടിടത്തിനപ്പുറത്ത് ദരിദ്രരായ ക്യൂബക്കാര്‍ പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ നിയന്ത്രിതമായ ഭക്ഷണ വിതരണത്തെ ആശ്രയിച്ച് കഴിഞ്ഞു. കൌമാരക്കാരികള്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ക്ക് തങ്ങളുടെ ശരീരസേവനം പരസ്യമായി വാഗ്ദാനം ചെയ്തു.

അവസാന വര്‍ഷങ്ങളില്‍ ലാറ്റിന്‍ അമേരിക്കയില്‍ കാസ്ട്രോയുടെ ജനസമ്മതിയില്‍ വലിയ കുതിപ്പുണ്ടായി. അയാളുടെ അമേരിക്കന്‍ വിരുദ്ധതയാല്‍ പ്രചോദിതരായ നിരവധി നേതാക്കള്‍ ലാറ്റിന്‍ അമേരിക്കയില്‍ വിജയിച്ചത് ഇതിനൊരു കാരണമാണ്.

പ്രത്യേകിച്ചും വെനെസ്വേലയിലെ അന്നത്തെ പ്രസിഡണ്ട് ഹ്യൂഗോ ഷാവെസ് കാസ്ട്രോയെ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ വഴികാട്ടിയും രാഷ്ട്രീയ മാര്‍ഗദര്‍ശിയുമായാണ് കണ്ടത്. പൊതുമേഖലയില്‍ അധിഷ്ടിതമായ ക്യൂബന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഷാവേസുമായുള്ള എണ്ണ ധാരണകളാണ് രാജ്യത്തെ പിടിച്ച് നിര്‍ത്തിയത്. ഇത് 2013 മാര്‍ച്ചില്‍ ഷാവെസിന്റെ മരണം വരെ തുടര്‍ന്നു.

നിരവധി ക്യൂബക്കാര്‍ ഫിദലിനോട് കടുത്ത വിശ്വസ്തത പുലര്‍ത്തിയിരുന്നെങ്കിലും-നാട്ടില്‍ അദ്ദേഹത്തെ ഒരിയ്ക്കലും കാസ്ട്രോ എന്നു വിളിച്ചിരുന്നില്ല- പതിനായിരക്കണക്കിന് തന്റെ എതിരാളികളെ തടവിലിട്ട ഒരു നേതാവിനെ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു.

പ്രായമായപ്പോള്‍ തന്റെ പാരമ്പര്യം ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട ഒരാളെപ്പോലെയാണ് കാസ്ട്രോ പ്രവര്‍ത്തിച്ചത്. വിപ്ലവത്തെ അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയിലേക്ക് തിരികെയെത്തിക്കാനും സാമ്പത്തിക പരിഷ്കാരങ്ങളെ തിരിച്ചുവിടാനും, രാഷ്ട്രീയ എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുമുള്ള നീക്കാങ്ങള്‍. ജനാധിപത്യത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കൈമാറി എന്ന ചെറിയ കാര്യങ്ങള്‍ക്കുപോലും ക്യൂബക്കാരെ തടവിലിട്ടു.

എവിടേയും ഉണ്ടായേക്കാവുന്ന പൊലീസ് ചാരന്മാരെ ഭയന്ന് ആരും പരസ്യമായി തങ്ങളുടെ നേതാവിനെ കുറ്റം പറയില്ല. കാസ്ട്രോയെ സൂചിപ്പിക്കാന്‍ അവര്‍ ഒരു സാങ്കല്‍പ്പിക താടി ഉഴിയും. മറ്റ് പലരും കാസ്ട്രോയെ ഒരു അനിവാര്യ ജീവിത യാഥാര്‍ത്ഥ്യമായി സ്വീകരിച്ചിരിക്കുന്നു, ഉഷ്ണമേഖലയിലെ ഈര്‍പ്പം പോലെ-പരാതിപറഞ്ഞിട്ട് എന്തുഗുണം?

ഓരോ വര്‍ഷവും കാസ്ട്രോയുടെ ഭരണത്തിനു കീഴില്‍ നിന്നും പലായനം ചെയ്യുന്ന ക്യൂബക്കാരില്‍ നിന്നാണ് ഏറ്റവും കടുത്ത വിമര്‍ശനങ്ങള്‍ വരുന്നത്. പണമുള്ളവര്‍ ഫ്ലോറിഡയിലേക്ക് സ്പീഡ് ബോട്ടിലും ദരിദ്രര്‍ അപകടസാധ്യതയുള്ള ബോട്ടിലുമായി രക്ഷപ്പെടുന്നു. ചിലര്‍ പഴയ അമേരിക്കന്‍ നിര്‍മ്മിത കാറുകള്‍ ബോട്ടുകളാക്കി മാറ്റാന്‍ ശ്രമിക്കുന്നു.

റൌള്‍ കാസ്ട്രോ അധികാരമേറ്റെടുത്തത് മുതല്‍ ചില സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാലിവ കാമ്പിനേക്കാളേറെ പ്രതീകാത്മകമാണ്. ഭക്ഷണ വിതരണം, അറ്റകുറ്റപ്പണി കഥകള്‍ തുടങ്ങിയ ചില ചെറിയ മേഖലകളില്‍ സ്വകാര്യ സംരഭങ്ങള്‍ക്കായി അനുമതി നല്കി. പക്ഷേ സമ്പദ് രംഗത്തിന്റെ 80 ശതമാനവും സൈനിക നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കയ്യിലാണ്.

അവസാന വര്‍ഷങ്ങളില്‍ കാസ്ട്രോ മങ്ങിത്തുടങ്ങി. ചുരുട്ടും റമ്മും വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍ത്തിയിരുന്നു. താടി നരച്ചു, പൊഴിഞ്ഞുതുടങ്ങി. 2001 ജൂണില്‍ പ്രതിവാര ശനിയാഴ്ച്ച പ്രസംഗത്തിനിടയ്ക്ക് അയാള്‍ കുഴഞ്ഞുവീണു.

2004 ഒക്ടോബറില്‍ വീഴുകയും കയ്യും കാല്‍മുട്ടും ഒടിയുകയും ചെയ്തു. എപ്പോഴും ആരോഗ്യവാനായി പുറത്തേക്ക് കണ്ട കാസ്ട്രോ അനാരോഗ്യവാനായി എന്ന് ക്യൂബക്കാര്‍ മനസിലാക്കിയത് അപ്പോഴായിരുന്നു. അതുമുതല്‍ കാസ്ട്രോയുടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടല്‍ കുറഞ്ഞു.

കാസ്ട്രോ ഉള്‍വലിഞ്ഞതോടെ ഒരു ജൈവ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മിയാമിയിലടക്കമുള്ള അയാളുടെ ശത്രുക്കള്‍. പക്ഷേ ശത്രുക്കള്‍ മരണം പ്രവചിച്ചപ്പോഴൊക്കെ ചിത്രങ്ങള്‍ പുറത്തുവിട്ടും, സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രനേതാക്കളെ കണ്ടും ലേഖനങ്ങള്‍ എഴുതിയും തന്റെ ശത്രുക്കള്‍ക്ക് പിഴച്ചു എന്ന് കാസ്ട്രോ ജനങ്ങളെ ബോധ്യപ്പെടുത്തി.

കാസ്ട്രോ രാജ്യത്തെ തന്റെ മരണത്തിന് സജ്ജമാക്കുകയാണെന്നും ‘വിദഗ്ദമായി തന്റെ വിടവാങ്ങല്‍ കൈകാര്യം ചെയ്യുകയുമാണ്’ എന്നാണ് ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ക്യൂബ വിദഗ്ധന്‍ ഡേവിഡ് സ്കോട് പാമര്‍ 2009-ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.ജൂലായ് 2010-നു കാസ്ട്രോ വീണ്ടും പരസ്യപ്പെട്ടു. പതിവ് ഒലീവ് പട്ടാള വേഷം മാറ്റി ഒരു വൃദ്ധന്റെ ട്രാക് സ്യൂട് ധരിച്ചായിരുന്നു ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. മെലിഞ്ഞു ദുര്‍ബ്ബലനായിരുന്നു. ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഇറാനുമായും കൊറിയന്‍ ഉപഭൂഖണ്ഡത്തിലുമുള്ള യു.എസിന്റെ ആണവ തര്‍ക്കത്തിന്റെ അപകടത്തെക്കുറിച്ചു പറയാനാണ് അയാള്‍ ശ്രമിച്ചത്. അത് ലോകനേതാക്കളെ ഉന്നം വെച്ച, തന്റെ പാരമ്പര്യം മിനുക്കാനുള്ള ഒന്നായിരുന്നു.

കാസ്ട്രോ,“വാക്കുകളിടറുന്ന, കൈവിറയ്ക്കുന്ന വയസ്സനെപ്പോലെ തോന്നിച്ചു,” എന്നാണ് ക്യൂബന്‍ എഴുത്തുകാരി യൊവാനി സാഞ്ചെസ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയത്. ഒരിക്കല്‍ അപരാജിതനായിരുന്ന നേതാവിനെ ക്യൂബക്കാര്‍ അങ്ങനെ കണ്ടതിന്റെ പ്രതികരണം.

“ഞങ്ങളദ്ദേഹത്തെ കഴിഞ്ഞകാലത്തില്‍ നിന്നുള്ള ഒന്നായി ഓര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു, അദ്ദേഹത്തെ മറക്കാനുള്ള മാന്യമായ വഴി,” ആഗസ്ത് 2010-നു അവരെഴുതി. “കഴിഞ്ഞ ആഴ്ച്ചകളില്‍, അദ്ദേഹം ആ വലിച്ചടുപ്പിക്കുന്ന പരിവേഷമില്ലാതെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ വന്നെങ്കിലും അത് സ്ഥിരീകരിച്ചു: ഫിദല്‍ കാസ്ട്രോ, ഭാഗ്യവശാല്‍, ഇനി ഒരിയ്ക്കലും മടങ്ങിവരില്ല.”

ബഹിഷ്കൃതനില്‍ നിന്നും വിപ്ലവകാരിയിലേക്ക്
കിഴക്കന്‍ ക്യൂബയിലെ ഓറിയന്‍റ് പ്രവിശ്യയില്‍, ബിറാന്‍ ഗ്രാമത്തില്‍ തന്റെ കുടുംബത്തിന്റെ തോട്ടമായ ലാസ് മാങ്കാശില്‍ 1926 ആഗസ്റ്റ് 13-നാണ് ഫിദല്‍ അലെജാന്ദ്രോ കാസ്ട്രോ റൂസ് ജനിക്കുന്നത്.

അയാളുടെ അച്ഛന്‍ ആഞ്ചല്‍ കാസ്ട്രോ സ്പെയിനില്‍ ജനിച്ച് സ്പാനിഷ സേനയിലെ ഒരു പട്ടാളക്കാരനായി ക്യൂബയിലേക്ക് പോയതാണ്. യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ റെയില്‍വേയില്‍ അയാള്‍ പണിക്കാരനായി. പിന്നെ അയാള്‍ സ്വന്തമായി ഭൂമി വെട്ടിത്തെളിച്ച്, കരിമ്പിന്‍ തോട്ടം ഉണ്ടാക്കി, അത് പഴക്കമ്പനിക്കു വിറ്റു. കാലക്രമേണ ലാസ് മനാക്കാസില്‍ 26,000 ഏക്കറില്‍ 2,000 ഏക്കര്‍ ആഞ്ചല്‍ കാസ്ട്രോയുടെയായിരുന്നു.

ഫിദല്‍ കാസ്ട്രോയുടെ കുട്ടിക്കാലം പരാധീനതകളൊന്നും ഇല്ലാത്തതായിരുന്നു. എന്നാല്‍ പഠിക്കാന്‍ പോയ ഹവാനായിലെ ജെസ്യൂട് വിദ്യാലയത്തിലെ പല കുട്ടികളോളവും ധനികനല്ലായിരുന്നു അയാള്‍.

കാസ്ട്രോയെ പലപ്പോഴും കര്‍ഷകനെന്ന് വിളിച്ച് കളിയാക്കി. 1986-ല്‍ ഇറങ്ങിയ കാസ്ട്രോയുടെ ജീവചരിത്രത്തില്‍ (ടാട് സുല്‍ക്) അയാളുടെ ഒരു പഴയ സുഹൃത്തിന്റെ വിലയിരുത്തല്‍ കൊടുക്കുന്നുണ്ട്,“ഫിദലിന്റെ മാതാപിതാക്കള്‍ അയാളോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം ധനികരായ കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയത്തിലേക്ക് അത്ര ധനികനല്ലാത്ത ഫിദലിനെ പഠിക്കാന്‍ വിട്ടതാണ്.... അതിലുമേറെയായി ഒരു സാമൂഹ്യമായ പദവിയില്ലാതെ... അതയാളെ സ്വാധീനിച്ചു എന്ന് ഞാന്‍ കരുതുന്നു. സമൂഹം, ജനങ്ങള്‍, ധനികര്‍ എന്നിവരോടെല്ലാം ശത്രുത വളര്‍ത്തി.”കാസ്ട്രോ 1945-ല്‍ ഹവാന സര്‍വകലാശാലയില്‍ ചേര്‍ന്നു. ഒരുപക്ഷേ സാമൂഹ്യ, സാമ്പത്തിക അസമത്വത്തിന്റെ ആദ്യ അനുഭവങ്ങള്‍ അറിഞ്ഞ അയാള്‍ ക്യൂബയുടെ കഴിഞ്ഞകാല വിപ്ലവകാരികളുടെ പാരമ്പര്യത്തിലേക്ക് സ്വയം കണ്ണിചേര്‍ന്നു.

ഒരു യുഎസ് നാവികന്‍ ഹവാന ഹാര്‍ബറില്‍ മുങ്ങിമരിച്ചത് 1898-ല്‍ സ്പാനിഷ്-അമേരിക്കന്‍ യുദ്ധത്തിന് കാരണമായതു മുതല്‍ യു.എസുമായുള്ള രാജ്യത്തിന്റെ ബന്ധം കുഴപ്പങ്ങള്‍ നിറഞ്ഞതായിരുന്നു. യു.എസ് ആധിപത്യത്തെ ചെറുക്കുന്നതാണ് രാജ്യത്തിന്റെ സമൃദ്ധിയേക്കാള്‍ പ്രധാനമെന്ന് കാസ്ട്രോ വിലയിരുത്തി.

Insurrectional Revolutionary Union-ല്‍ ചേര്‍ന്ന അയാള്‍ ഒരു കൈത്തോക്ക് കൊണ്ടുനടക്കാന്‍ തുടങ്ങി. 1947-ല്‍ റാഫേല്‍ ലിയോനിഡാസ് Trujillo-യുടെ ഏകാധിപത്യത്തില്‍ നിന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ മോചിപ്പിക്കാനുള്ള ഒരു പാളിപ്പോയ ശ്രമത്തില്‍ അയാള്‍ ചേര്‍ന്നു. അമേരിക്കന്‍ രാഷ്ട്രങ്ങളുടെ സംഘടനയുടെ പുന:സംഘടനക്കായുള്ള Pan-American യൂണിയന്‍ യോഗത്തിനെതിരെ പ്രതിഷേധിക്കാന്‍ 1948-ല്‍ കൊളംബിയയിലേക്ക് പോയി.

ഹവാനായിലെ സര്‍വകലാശാലയില്‍ നിന്നും 1950-ല്‍ നിയമബിരുദം നേടിയ കാസ്ട്രോ തലസ്ഥാന നഗരത്തില്‍ അഭിഭാഷകനായി തുടങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു പരിഷ്കരണവാദി സമൂഹമായ ഓര്‍ത്തഡോക്സ് കക്ഷിയുടെ ആളായി ക്യൂബന്‍ കോണ്‍ഗ്രസിലേക്ക് മത്സരിച്ചു. എന്നാല്‍ 1952 മാര്‍ച്ച് 10-നു ഒരു അട്ടിമറി നടത്തി 1940-കളില്‍ താന്‍ കൈവശം വെച്ചിരുന്ന പ്രസിഡണ്ട് പദവി ബാറ്റിസ്റ്റ തിരിച്ചെടുത്തപ്പോള്‍ കാസ്ട്രോയുടെ ആദ്യ പ്രചാരണം അവസാനിച്ചു.

ഒരു യുവാവായ കാലത്തും അസാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ആളുകളെ തനിക്കൊപ്പം കൂട്ടാന്‍ കാസ്ട്രോക്ക് കഴിവുണ്ടായിരുന്നു-സാന്റിയാഗോ ഡേ ക്യൂബയിലെ മൊന്‍കാദ സൈനിക താവളം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലെ.

താവളത്തില്‍ നിന്നും പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ അനുയായികള്‍ക്ക് വിതരണം ചെയ്ത് ബാറ്റിസ്റ്റയേ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. താവളത്തില്‍ ആയിരത്തിലേറെ സൈനികര്‍ ഉണ്ടെന്നും തങ്ങള്‍ വെറും 120 പേരെ ഉള്ളൂ എന്നതും കാസ്ട്രോയെ പിന്തിരിപ്പിച്ചില്ല.

1953 ജൂലായ് 26-ലെ ആക്രമണം ഏതാണ്ട് കോമാളിത്തം പോലുള്ള പിടിപ്പുകേടായി അവസാനിച്ചു. കൂടുതല്‍ ആയുധങ്ങളുള്ള സംഘം നഗരത്തിലെവിടെയോ കുടുങ്ങിപ്പോയി. ആയുധപ്പുരയെന്ന് കരുതി കാസ്ട്രോയുടെ ആളുകള്‍ ഇരച്ചുകയറിയത് ഒരു മുടിവെട്ട് കടയിലേക്കായിരുന്നു. ഒരു വെടിപോലും പൊട്ടിക്കാതെ കാസ്ട്രോ പിന്‍വലിയാന്‍ തീരുമാനിച്ചു. അയാളും കൂടെയുള്ള മിക്കവരും പിടിക്കപ്പെട്ടു.

അച്ഛന്റെ സുഹൃത്തായ ഒരു ബിഷപ്പിന്റെ ഇടപെടലിലൂടെ കാസ്ട്രോ ഉടനെയുള്ള വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. അയാളെ വിചാരണക്ക് വിധേയനാക്കി. വിചാരണ നടപടികള്‍ രഹസ്യമായാണ് നടത്തിയതെങ്കിലും സ്വയം കേസ് വാദിച്ച കാസ്ട്രോയുടെ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന് അത് വഴിയൊരുക്കി. തടവറയില്‍ നിന്നും പുറത്തുകടത്തിയ ആ വാക്കുകള്‍ പിന്നെ തലമുറകളോളം ക്യൂബയിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു;“എന്നെ ശിക്ഷിച്ചോളൂ, അതൊരു പ്രശ്നമല്ല. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും.”

കാസ്ട്രോയെ 15 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും ബാറ്റിസ്റ്റയുടെ ഒരു പൊതുമാപ്പിന്റെ ഫലമായി രണ്ടു വര്‍ഷം തികയും മുമ്പേ പുറത്തുവന്നു. അയാള്‍ മെക്സിക്കൊ നഗരത്തിലേക്ക് പോയി. അവിടെ മൊന്‍കാദ ആക്രമണത്തെ അനുസ്മരിക്കുന്ന ജൂലായ് 26 എന്ന സംഘവുമായി പ്രവര്‍ത്തനം തുടര്‍ന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ ആദ്യവട്ടം കൂടല്‍ എന്നത് പിന്നീട് അറിയപ്പെട്ടു.

മൊന്‍കാദ പരാജയവും തുടര്‍ന്നുള്ള സംഭവങ്ങളും കാസ്ട്രോയുടെ ആദ്യവിവാഹത്തിന്റെയും അന്ത്യം കുറിച്ചു. 1948-ലായിരുന്നു അയാള്‍ മിര്‍ത്ത ഡിയാസ്-ബാലാര്‍ഡിനെ വിവാഹം ചെയ്തത്. ബാറ്റിസ്റ്റയും യു.എസ് വ്യാപാര താത്പര്യങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു കുടുംബത്തിലേതായിരുന്നു അവര്‍. 1949-ല്‍ അവര്‍ക്കൊരു മകനുണ്ടായി-ഫിദല്‍ ഫെലിക്സ് കാസ്ട്രോ ഡിയാസ്-ബാലാര്‍ഡ്; ഫിദലിറ്റോ എന്നറിയപ്പെട്ടു. 1955-ല്‍ ആ ബന്ധം പിരിഞ്ഞതിന് ശേഷം മിര്‍ത്ത സ്പെയിനില്‍ താമസമാക്കി, വേറെ കല്യാണം കഴിച്ചു. മകനെ കാസ്ട്രോ ക്യൂബയില്‍ വളര്‍ത്തി.

ഡിസംബര്‍ 2 1956, കാസ്ട്രോയും 81 അനുയായികളും മെക്സിക്കോയില്‍ നിന്നും ‘ഗ്രാന്‍മ’ എന്ന ഒരു പഴയ ചെറുകപ്പലില്‍ കയറി ക്യൂബയിലെത്തി; ആ കപ്പലിന്റെ പേരാണ് പിന്നീട് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പത്രത്തിനിട്ടത്.

കപ്പലിറങ്ങിയവരില്‍ 12 പേരോഴികെ എല്ലാവരെയും ഉടനടി പിടികൂടുകയോ വധിക്കുകയോ ചെയ്തു. കാസ്ട്രോയും സഹോദരന്‍ റൌളും അര്‍ജന്‍റീനയില്‍ നിന്നുള്ള ഡോക്ടര്‍ ഏണസ്റ്റോ ചെ ഗുവാരേയും മലമുകളിലേക്ക് രക്ഷപ്പെടുകയും ജനങ്ങളെ ഒരു ഒളിപ്പോരാളി സേനക്കായി സംഘടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു.

1958 വേനലില്‍ കാസ്ട്രോയുടെ ചേറു സംഘത്തിനെതിരെ ബാറ്റിസ്റ്റ വലിയ ആക്രമണം ആരംഭിച്ചു. അത് പരാജയപ്പെട്ടതോടെ ബാറ്റിസ്റ്റയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. 1958-ലെ പുതുവര്‍ഷദിന തലേന്നുള്ള വിരുന്നില്‍ താന്‍ രാജ്യം വിടുകയാണെന്ന് അയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. 1959 ജനുവരി 1-നു കാസ്ട്രോയും സഖാക്കളും ഹവാനയിലെ തെരുവുകളിലേക്ക് വിജയാഹ്ളാദത്തോടെ കടന്നുവന്നു.

ഭരണത്തിന്റെ ആദ്യ നാളുകളില്‍ പല ബുദ്ധിജീവികളില്‍ നിന്നും അയാള്‍ക്ക് പിന്തുണ ലഭിച്ചു. അവരില്‍ കാസ്ട്രോയുടെ ആരാധനാപുരുഷനും ഏറെക്കാലമായി ക്യൂബന്‍ നിവാസിയുമായ ഏണസ്റ്റ് ഹെമിംങ്വേയും ഉണ്ടായിരുന്നു; എഴുത്തുകാരായ ഴാങ് പോള്‍ സാര്‍ത്രേ, ഗബ്രിയല്‍ ഗാര്‍സിയാ മാര്‍ക്വിസ്; ബോബ് ഡിലാന്‍ തുടങ്ങിയവരെല്ലാം അക്കൂട്ടത്തില്‍പ്പെടും.

അധികാരമേറ്റപ്പോള്‍ ജനാധിപത്യവും പരിഷ്കാരങ്ങളുമാണ് കാസ്ട്രോ വാഗ്ദാനം ചെയ്തത്. താനൊരു കമ്മ്യൂണിസ്റ്റുകാരനല്ല എന്ന് പറഞ്ഞ് വിമര്‍ശകരെ ആശ്വസിപ്പിച്ചു. പരിഭ്രാന്തിയിലായ യു.എസ് ജാഗ്രതയോടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു, കാസ്ട്രോ അത് നിരസിച്ചു.പുതിയ ഭരണം ആയിരക്കണക്കിന് രാഷ്ടീയ എതിരാളികളെ തടവിലാക്കുകയും കൊല്ലുകയും ചെയ്തതോടെ രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങള്‍ കുഴപ്പത്തിലായി. 1.8 ബില്ല്യണ്‍ ഡോളര്‍ വരുന്ന യു.എസ് ആസ്തി നഷ്ടപരിഹാരം നല്‍കാതെ പിടിച്ചെടുത്ത കാസ്ട്രോ ക്യൂബയെ ഒരു മാര്‍ക്സിസം-ലെനിനിസത്തിന്റെ കോട്ടയാക്കി മാറ്റി.

1960 മെയ് മാസം സോവിയറ്റ് യൂണിയനുമായി ക്യൂബ നയതന്ത്രബന്ധം സ്ഥാപിച്ചു. പിന്നീട് എണ്ണയും, ആയുധങ്ങളും സൈനിക സാമഗ്രികളും നല്കിയത് സോവിയറ്റ് യൂണിയനായിരുന്നു. യു.എസ്, ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ ശാലകളും യു.എസ് ഉടമസ്ഥതയിലുള്ള ബാങ്കുകളും സര്‍ക്കാര്‍ ദേശസാത്കരിച്ചു. ഒക്ടോബര്‍ 1960, ഭക്ഷണത്തിനും മരുന്നിന്നുമൊഴികെ മറ്റെല്ലാത്തിനും യു.എസ് ക്യൂബക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു.

1961 ജനുവരി 3-നു യു.എസുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ തകര്‍ന്നു. ഇത് കാസ്ട്രോയുടെ ഏറ്റവും വലിയ വിജയത്തിനുള്ള അരങ്ങൊരുക്കുകയായിരുന്നു. കാസ്ട്രോക്കെതിരെ ജനകീയ കലാപം ഉണ്ടാകും എന്നുകരുതി സി ഐ എ ആസൂത്രണം ചെയ്ത ബേ ഓഫ് പിഗ്സ് ആക്രമണം പരാജയപ്പെട്ടു. സി ഐ എ പരിശീലിപ്പിച്ചയച്ച 1350 അക്രമികളെ ക്യൂബന്‍ സേന പരാജയപ്പെടുത്തി, 1200 പേരെയും പിടികൂടി.

അടുത്ത വര്‍ഷം വാഷിംഗ്ടനും മോസ്കോയുമായി ഒരു ആണവ സംഘര്‍ഷത്തിന്റെ സാധ്യതയ്ക്കും കാസ്ട്രോ വഴിയൊരുക്കി. സോവിയറ്റ് മിസൈലുകള്‍ പിന്‍വലിക്കാമെന്നും ക്യൂബയെ ആയുധ വിന്യാസത്തിനുള്ള ഒരു താവളമാക്കില്ലെന്നന്നുമുള്ള ക്രൂഷ്ചേവിന്റെ ഉറപ്പിലാണ് ആ സംഘര്‍ഷം അയഞ്ഞത്. പകരം ക്യൂബയില്‍ അധിനിവേശം നടത്തില്ലെന്ന ഉറപ്പ് നല്കിയ യു.എസ് തുര്‍ക്കിയില്‍ സ്ഥാപിച്ച മിസൈലുകള്‍ നീക്കം ചെയ്യാമെന്നും സമ്മതിച്ചു.

ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കു ശേഷം സൈന്യത്തെ പിന്‍വലിക്കാമെന്ന യു.എസ് വാഗ്ദാനം കാസ്ട്രോക്ക് വലിയ വിജയമായിരുന്നു. പക്ഷേ വര്‍ഷങ്ങളോളം സി ഐ എയുടെ നിരവദി വധശ്രമങ്ങളുടെ ഭീഷണിയിലാണ് അയാള്‍ കഴിഞ്ഞത്. യു.എ സ് ഭീഷണി ചൂണ്ടിക്കാട്ടിയാണ് അയാള്‍ വന്‍തോതില്‍ സൈനികവത്കരണം നടത്തിയത്. ക്യൂബന്‍ മാതൃകയിലുള്ള വിപ്ലവം ലാറ്റിന്‍ അമേരികയിലെ പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും അയാള്‍ ശ്രമിച്ചു (ബൊളീവിയയില്‍ അത്തരമൊരു മുന്നേറ്റത്തിന് നേതൃത്വം നല്‍കവേയാണ് 1967-ല്‍ ചെ ഗുവേര കൊല്ലപ്പെട്ടത്)

1970-കളുടെ മധ്യത്തില്‍ അംഗോളയിലും എത്യോപ്യയിലും പോരാടാനായി ആയിരക്കണക്കിന് സൈനികരെ കാസ്ട്രോ അയച്ചു. അതിനും പുറമെ പടിഞ്ഞാറന്‍ ആഫ്രിക്ക മുതല്‍ വടക്കന്‍ കൊറിയ വരെയുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് ഡോക്ടര്‍മാരേയും അദ്ധ്യാപകരെയും നല്കി.

1980-കളുടെ ആദ്യം കാസ്ട്രോ ഗ്രനഡയിലെ ഇടതുപക്ഷ സര്‍ക്കാരിന് സാമ്പത്തിക, സൈനിക സഹായങ്ങള്‍ നല്കിയപ്പോള്‍, ദ്വീപില്‍ പണിതുകൊണ്ടിരുന്ന ഒരു വിമാനത്താവളം മധ്യ അമേരിക്കയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് സഹായകരമാകുമെന്ന് യു.എസ് പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ വാദിച്ചു. 1994-ല്‍ ഒരു ആക്രമണത്തിന് റീഗന്‍ ഉത്തരവിട്ടു. 19 യു.എസ് സൈനികരും 24 ക്യൂബക്കാരും കൊല്ലപ്പെട്ടു. യു.എസ്-ക്യൂബ സേനകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഏകസന്ദര്‍ഭം അതായിരുന്നു.

പരിഷ്കാരം, ചെലവ് ചുരുക്കല്‍, അടിച്ചമര്‍ത്തല്‍
കാസ്ട്രോയുടെ ആദ്യ സാമ്പത്തിക നടപടികളിലൊന്ന് 1959-ല്‍ തുടങ്ങിയ വ്യവസായവത്കരണമായിരുന്നു. സ്വന്തമായി ഉരുക്കും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കിയാല്‍ പഞ്ചസാരയിലും പുകയിലയിലുമുള്ള ക്യൂബക്കാരുടെ കാലങ്ങളായുള്ള സാമ്പത്തിക ആശ്രിതത്വം തീരും.

ലോകത്ത് മറ്റെല്ലായിടത്തേതിനെക്കാളും വേഗത്തില്‍ ജീവിതനിലവാരം ഉയരുമെന്ന് അയാള്‍ വാഗ്ദാനം നല്കി. പക്ഷേ പദ്ധതികള്‍ പരാജയപ്പെട്ടു, 1961-ല്‍ ഭക്ഷ്യ നിയന്ത്രണം തുടങ്ങി.

1968-ല്‍ കാസ്ട്രോ ഒരു ‘വിപ്ലവകരമായ കടന്നാക്രമണത്തിന്’ നല്കിയ ഉത്തരവിലൂടെ 50,000 ചെറുകിട സംരഭങ്ങള്‍ ദേശസാത്കരിച്ചു. സമ്പദ് രംഗം ഏതാണ്ട് നിശ്ചലമായി. കരിമ്പ് വിളവെടുപ്പിനെ ബാധിക്കുമെന്ന് പറഞ്ഞ് 1969-ല്‍ ക്രിസ്തുമസ് അവധി നിരോധിച്ചു.

1980-കളില്‍ ക്യൂബയുടെ നല്ലകാലമായിരുന്നു. മോസ്കോവില്‍ നിന്നുള്ള വലിയ സഹായങ്ങളായിരുന്നു കാരണം. അവിടെ നിന്നും കാറുകള്‍, ഭക്ഷണം, ഇന്ധനം, വളം അങ്ങനെ എല്ലാം കിട്ടി. പക്ഷേ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ക്യൂബയെ സംബന്ധിച്ച് അതൊരു ദുരന്തമായിരുന്നു.

1990-ല്‍ കാസ്ട്രോ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഭക്ഷ്യ നിയന്ത്രണം വര്‍ധിപ്പിച്ചു,തൊഴിലാളികളെ കൃഷിയിലേക്ക് തിരിച്ചുവിട്ടതോടെ വ്യാവസായിക സംരംഭങ്ങള്‍ അടച്ചുപൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു.

അതേ സമയം ചില തരം സ്വകാര്യ സംരഭങ്ങള്‍ അനുവദിക്കാനും ക്യൂബയില്‍ യു.എസ് ഡോളര്‍ ഉപയോഗം നിയമവിധേയമാക്കാനും കാസ്ട്രോ നടപടി തുടങ്ങിയിരുന്നു. വണ്ടികളുടെ അറ്റകുറ്റപ്പണി സാധങ്ങളും, ചുരുട്ടുകളും മറ്റും വില്‍ക്കുന്ന കച്ചവടങ്ങള്‍ ഹവാനായിലെ തെരുവുകളില്‍ തകൃതിയായി നടന്നു. സാങ്കേതികമായി നിയമവിരുദ്ധമാണെങ്കിലും സ്വകാര്യ വ്യാപാരങ്ങള്‍ തൊഴില്‍രഹിതരായ ക്യൂബക്കാര്‍ക്ക് ചെറിയ വരുമാനം നല്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ചില ഇളവുകള്‍ക്ക് കാസ്ട്രോ തയ്യാറായ പോലെ തോന്നി. മുതലാളിത്തത്തിന്റെ ചോദ്യം ചെയ്യാനാകാത്ത ഘടകങ്ങള്‍ ക്യൂബന്‍ സംവിധാനത്തില്‍ അനുവദിക്കാന്‍ താന്‍ തയ്യാറാണെന്ന് 1955-ല്‍ അയാള്‍ പറഞ്ഞു.

പക്ഷേ, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം കൈവിടാന്‍ അയാള്‍ തയ്യാറായില്ല. 21-ആം നൂറ്റാണ്ട് തുടങ്ങിയതോടെ മുന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കൂടി പിന്‍വലിക്കാന്‍ തുടങ്ങി. കാറുകളും സൈക്കിളുകളും ടാക്സിയായി ഓടിച്ചവരെ പൊലീസ് പിടികൂടാന്‍ തുടങ്ങി. 1990-കളുടെ തുടക്കത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ തുടങ്ങിയ വീടുകളില്‍ നടത്തുന്ന ചെറിയ ഭക്ഷണശാലകള്‍ വരെ അടപ്പിച്ചു.

കാസ്ട്രോയുടെ കൂടുതല്‍ വിജയകരമായ നേട്ടങ്ങളില്‍ മറ്റ് ചിലത് സാര്‍വത്രിക ആരോഗ്യരക്ഷയും ക്യൂബയില്‍ നിന്നും നിരക്ഷരത ഏതാണ്ട് തുടച്ചുമാറ്റിയതുമാണ്. ഗ്രാമീണ മേഖലകളില്‍ ആയിരക്കണക്കിന് പഠന മുറികള്‍ തുറന്നു, സാക്ഷരത നിരക്ക് 95 ശതമാനത്തിനും മുകളിലായി. ഡോക്ടര്‍മാരുടെയും ആശുപത്രി കിടക്കകളുടെയും പ്രതിശീര്‍ഷ നിരക്ക് യു.എസിനെക്കാളും കൂടുതലായി.

പക്ഷേ കാസ്ട്രോയുടെ ക്യൂബ അടിച്ചമര്‍ത്തലിന്റെയും ഭയത്തിന്റെയും ഇടമായി തുടര്‍ന്നു. എയ്ഡ്സ് രോഗികളെ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ ഒതുക്കി. കലാകാരന്മാരും എഴുത്തുകാരും ഒരു പ്രത്യേക സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിക്കപ്പെട്ടു, കലാപ്രവര്‍ത്തനവും കൃതികളും വിപ്ലവത്തെ പിന്തുണയ്ക്കുന്നതാകണമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടു.

വിമതശബ്ദമെന്ന് കരുതിയ ആര്‍ക്കുമേലും സര്‍ക്കാര്‍ നിരീക്ഷണം നടത്തി. 1965-ല്‍ 20,000 രാഷ്ട്രീയ തടവുകാരുണ്ടെന്ന് കാസ്ട്രോ സമ്മതിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിന്റെ രണ്ടിരട്ടിയാണെന്ന് ചില വിദേശ നിരീക്ഷകര്‍ കരുതിയിരുന്നു. കാസ്ട്രോയുടെ സര്‍ക്കാര്‍ ആയിരക്കണക്കിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയതായും നിരവധി മനുഷ്യാവകാശ സംഘങ്ങളും ചരിത്രകാരന്മാരും പറയുന്നു.

പതിനായിരക്കണക്കിന് ക്യൂബക്കാര്‍ പലായനം ചെയ്തു. ഏറെപ്പേര്‍ യു.എസിലെ ഫ്ലോറിഡയിലെത്തി. മിയാമിയില്‍ കാസ്ട്രോ വിരുദ്ധ ക്യൂബന്‍-അമേരിക്കന്‍ സംഘമുണ്ടാക്കി. ആദ്യം യാത്ര അനുവദനീയമായിരുന്നു, പക്ഷേ കാസ്ട്രോ വേഗം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

1980 ഏപ്രിലില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന ഏത് ക്യൂബക്കാരനും പോകാനായി അയാള്‍ മാരിയെല്‍ തുറമൂഖം തുറന്നിട്ടു. കാസ്ട്രോയുടെ സര്‍ക്കാര്‍ പുഴുക്കളെന്നും അഴുക്കെന്നും വിളിച്ച 1,25,000 പേര്‍ ഒക്ടോബറില്‍ അത് അവസാനിക്കും മുമ്പായി ഈ അവസരം ഉപയോഗപ്പെടുത്തി. നാടുവിടാന്‍ പ്രേരിപ്പിച്ചവരില്‍ കുറ്റവാളികള്‍, എയ്ഡ്സ് രോഗികള്‍, മാനസിക രോഗമുള്ളവര്‍, ക്യൂബന്‍ സര്‍ക്കാര്‍ ആവശ്യമില്ലെന്ന് കരുതുന്ന സാമൂഹ്യവിരുദ്ധര്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു.

1994-ല്‍ ഹവാനായിലെ കലാപങ്ങള്‍ മറ്റൊരു പാലയാനം സൃഷ്ടിക്കും വിധത്തില്‍ ക്യൂബയിലെ സാമ്പത്തിക സ്ഥിതി വഷളായി. താത്ക്കാലികമായി ഉണ്ടാക്കിയ നൌകകളില്‍ ആയിരങ്ങള്‍ രാജ്യത്തെ തീരങ്ങള്‍ക്കപ്പുറം കടന്നു. പലരെയും യു.എസ് തീരസേന കണ്ടു, മറ്റുളവര്‍ കടലില്‍ മുങ്ങിപ്പോയി.

1996-ല്‍ ക്യൂബയുടെ വ്യോമാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ചു മിയാമിയിലെ പ്രവാസി സംഘത്തിന്റെ രണ്ടു ചെറു വിമാനങ്ങളെ ക്യൂബ വെടിവെച്ചിട്ടു. ഹെംസ്-ബര്‍ടന്‍ നിയമവുമായാണ് പ്രസിഡണ്ട് ബില്‍ ക്ലിന്‍റന്‍ തിരിച്ചടിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധത്തെ അതൊന്നുകൂടി മുറുക്കി.

പക്ഷേ മറ്റ് രാജ്യങ്ങളുമായുള്ള കാസ്ട്രോയുടെ ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു. 1995-ല്‍ ഐക്യരാഷ്ട്ര സഭയുടെ 50-ആം വാര്‍ഷിക സമ്മേളനത്തില്‍ ക്യൂബന്‍ നേതാവിന്റെ എല്ലാവരും പ്രതീക്ഷിച്ച പ്രസംഗം വന്നു. യു.എസിനെ പരാമര്‍ശിക്കാതെ,“പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, വൃദ്ധര്‍ എന്നിവരുടെയെല്ലാം മരണത്തിന് കാരണമാകുന്ന, നിശബ്ദമായ അണുബോംബ് പോലുള്ള നിര്‍ദ്ദയമായ ഉപരോധങ്ങളില്ലാത്ത ഒരു ലോകത്തിനായി” ആഹ്വാനം ചെയ്തു.1999-ല്‍ യു.എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അമ്മയും അവരുടെ സുഹൃത്തും മുങ്ങിമരിക്കുകയും അപകടത്തില്‍നിന്നും രക്ഷപ്പെടുത്തുകയും ചെയ്ത എലിയാന്‍ ഗോന്‍സാല്‍വസ് എന്ന കുട്ടിയുടെ ഭാവിയെച്ചൊല്ലി കാസ്ട്രോ യു.എസുമായി ഇടഞ്ഞു. കുട്ടിയെ ക്യൂബയിലെ അച്ഛന്റെ അടുത്തേക്ക് അയക്കണമെന്ന് യു.എസ് കോടതി വിധിച്ചത് കാസ്ട്രോയ്ക്ക് പ്രതീകാത്മകമായ വലിയ വിജയമായി.

കത്തോലിക്ക സഭയുമായുള്ള കാസ്ട്രോയുടെ ബന്ധവും മെച്ചപ്പെട്ടു. 1998-ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ക്രിസ്തമസ് ഔദ്യോഗിക അവധിയായി തിരിച്ചെത്തി. 2012- മാര്‍ച്ചില്‍ ഹവാനായിലെത്തിയ ബെനഡിക്ട് 16-ആമനെയും കാസ്ട്രോ സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ 11, 2011-ലെ യു.എസില്‍ നടന്ന ആക്രമണം യു.എസ്-ക്യൂബ ബന്ധത്തെ വീണ്ടും വഷളാക്കി. ആക്രമണത്തില്‍ ദുഖം രേഖപ്പെടുത്തിയാണ് കാസ്ട്രോ ആദ്യം പ്രതികരിച്ചത്. ക്യൂബന്‍ സംഗീതജ്ഞന്‍മാര്‍ അമേരിക്കന്‍ ജനതയ്ക്ക് രക്തം ദാനം ചെയ്തു. കാസ്ട്രോയുടെ മനുഷ്യകാരുണ്യ വാഗ്ദാനം ബുഷ് ഭരണകൂടം അവഗണിച്ചു.

ബുഷിന്റെ ഭീകരതെക്കെതിരായ യുദ്ധപ്രഖ്യാപനം വന്നപ്പോള്‍,“എവിടെയാണ് കണ്ടെത്തേണ്ടതെന്ന് പിടിയില്ലാത്ത പ്രേതങ്ങള്‍ക്കെതിരായ യുദ്ധമായി ഇത് മാറുമെന്ന്” കാസ്ട്രോ പറഞ്ഞു.

ഭീകരവാദികളെന്ന് കരുതി പിടികൂടുന്നവരെ 1903 മുതല്‍ യു.എസിന്റെ കൈവശമുള്ള ക്യൂബയിലെ ഗ്വാണ്ടനാമോയിലെ യു.എസ് സൈനിക താവളത്തിലാണ് പാര്‍പ്പിക്കുന്നത്. താവളം ക്യൂബയ്ക്ക് മടക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട കാസ്ട്രോ, ഗ്വാണ്ടനാമോയുടെ വാടകയായി എല്ലാ മാസവും യു.എസ് അയക്കുന്ന ചെക് സ്വീകരിക്കാന്‍ വിസമ്മതിച്ചു.

പ്രായമേറിയതോടെ കാസ്ട്രോ കൂടുതല്‍ കര്‍ക്കശക്കാരനായി. 2003-ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിമതര്‍ എന്നിങ്ങനെയുള 75 പേരെ പിടികൂടി. യു എസുമായി ചേര്‍ന്ന് അട്ടിമറി ശ്രമം നടത്തുന്നു എന്ന കുറ്റത്തിന് പിന്നീടിവരെ ശിക്ഷിച്ചു. ആറ് മുതല്‍ 28 വര്‍ഷം തടവിന് വരെ ശിക്ഷിക്കപ്പെട്ട ഇവരെ പിന്നീട് 2010-ലും 2011-നും കത്തോലിക്ക സഭയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു.

“ഇത് സമാധാനത്തിനെതിരായ യുദ്ധമാണ്” എന്ന് പറഞ്ഞ വിമതന്‍ ഒസ്വാള്‍ഡോ പായ 2012 ജൂലായ് 12-നു ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. ക്യൂബന്‍ സര്‍ക്കാരാണ് അതിനു പിന്നിലെന്ന് ബന്ധുക്കളും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.

പതിറ്റാണ്ടുകളോളം പൊതുജീവിതത്തില്‍ നിന്ന ഒരാളെന്ന നിലയ്ക്ക് തന്റെ സ്വകാര്യജീവിതത്തിന്റെ വിശദാംശങ്ങള്‍ കാസ്ട്രോ വാശിയോടെ കാത്തുസൂക്ഷിച്ചു. അയാളുടെ കുടുംബത്തിന്റെ ചിത്രങ്ങളും പേരുകളും വളരെ അപൂര്‍വമായേ മാധ്യമങ്ങളില്‍ വന്നിരുന്നുള്ളൂ; തങ്ങളുടെ നേതാവ് എവിടെയാണ് താമസിക്കുന്നത് എന്നുപോലും മിക്ക ക്യൂബക്കാര്‍ക്കും അറിയില്ലായിരുന്നു.

അയാളുടെ സ്വകാര്യ ജീവിടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പെരുകി. 1980-കള്‍ മുതല്‍ മരണം വരെ. ഡാലിയ സോട്ടോ ഡെല്‍ വല്ലേ-യെ വിവാഹം കഴിച്ചു അവരില്‍ അഞ്ചു കുട്ടികളുമുണ്ട് എന്നാണ് വാര്‍ത്തകള്‍. പക്ഷേ ഒരു ഒളിപ്പോരാളിയായ കാലം മുതല്‍ 1980-ല്‍ മരിക്കും വരെ കൂടെയുണ്ടായിരുന്ന സെലിയ സാഞ്ചെസ് ആയിരുന്നു ഏറ്റവും അടുത്ത പങ്കാളി എന്ന് പലരും പറയുന്നു.

നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും കാസ്ട്രോ തന്റെ സ്ത്രീ സുഹൃത്തുക്കളെക്കുറിച്ച് രഹസ്യാത്മകത പുലര്‍ത്തി. വിപ്ലവകാരിയായ സഖാവും റൌള്‍ കാസ്ട്രോയുടെ ഭാര്യയുമായ വില്‍മ എസ്പിന്‍ കാസ്ട്രോയാണ് ദശാബ്ദങ്ങളോളം പൊതുചടങ്ങുകളില്‍ പ്രഥമ വനിതയുടെ പകരം സ്ഥാനത്തെത്തിയത്.

നാല് സ്ത്രീകളിലായി 11 കുട്ടികളാണ് കാസ്ട്രോക്കുള്ളതെന്ന് കരുതുന്നു. ഒരു മകള്‍, അലീന ഫെര്‍ണാണ്ടെസ് റെവുള്‍റ്റ യു.എസിലേക്ക് ഓടിപ്പോവുകയും അച്ഛന്റെ കടുത്ത വിമര്‍ശകയാവുകയും ചെയ്തു.

“ആളുകള്‍ അയാളൊരു ഏകാധിപതിയാണെന്ന് പറയുമ്പോള്‍ അതല്ല ശരിയായ വാക്കെന്ന് ഞാന്‍ പറയാറുണ്ട്,” അവര്‍ മിയാമി പോസ്റ്റിനോട് പറഞ്ഞു. “ശരിക്കും പറഞ്ഞാല്‍ അയാളൊരു നിഷ്ഠൂര ഭരണാധികാരിയാണ്.”

അതേസമയം കാസ്ട്രോയുടെ മക്കളാരും രാജ്യത്തെ രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

തനിക്ക് ചുറ്റും തന്റെ രാജ്യം നുറുങ്ങി വീഴുമ്പോഴും ഭൂമിയിലാകെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നപ്പോഴും താന്‍ സൃഷ്ടിച്ച വിപ്ലവത്തിന്റെ കടുത്ത വിശ്വാസിയായിത്തന്നെ കാസ്ട്രോ തുടര്‍ന്നു. നല്ലതിനോ ചീത്തയ്ക്കൊ, എപ്പോഴും പറയാറുള്ള പ്രമാണം കാസ്ട്രോ അവസാനം വരേക്കും മുറുകെ പിടിച്ചു: “സോഷ്യലിസം അല്ലെങ്കില്‍ മരണം.”


Next Story

Related Stories