TopTop
Begin typing your search above and press return to search.

ഇനി വേണ്ട പെണ്‍കുട്ടികള്‍ക്ക് ലിംഗഛേദനം

ഇനി വേണ്ട പെണ്‍കുട്ടികള്‍ക്ക് ലിംഗഛേദനം

അഴിമുഖം പ്രതിനിധി

വേഷത്തിലും നടപ്പിലുമെല്ലാം തീര്‍ത്തും ഒരു ആധുനിക ഇന്ത്യന്‍ സ്ത്രീയാണ് ബില്‍ഖീസ്. തീപ്പെട്ടി വീടുകള്‍ നിറഞ്ഞ നഗരത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് അവരുടെ വീട്. വീട്ടില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ പൂക്കള്‍ നിറഞ്ഞ പൂന്തോട്ടം കാണാം. ഇത്തരമൊരു നഗരത്തില്‍ തീര്‍ത്തും അഢംബര കാഴ്ച. മധ്യേന്ത്യയിലെ മതചിട്ടയുള്ള ഒരു ബോറ മുസ്ലിം കുടുംബത്തിലാണ് ബില്‍ഖീസ് ജനിച്ചത്. പത്ത് സഹോദരന്മാര്‍ക്കിടയില്‍ ഒരേ ഒരു പെണ്‍കുട്ടി. കുട്ടിക്കാലത്ത് ലിംഗഛേദനത്തിന് ബില്‍ഖീസ് വിധേയയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെ കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമെ അവര്‍ക്കുള്ളൂ. ബില്‍ഖീസിനെ സംബന്ധിച്ചിടത്തോളം അത് വേദനാജനകമോ ഭീതിപ്പെടുത്തുന്നതോ ആയ ഒരു അനുഭവമല്ലായിരുന്നു. അത് അവരുടെ ലൈംഗിക ജീവിതത്തേയും ബാധിച്ചിട്ടില്ല.

തന്റെ മകളുടെ ലിംഗഛേദനം നടത്തിയതിനെ കുറിച്ചു സംസാരിക്കുമ്പോള്‍ ബില്‍ഖീസ് തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നില്ല. ചെറിയൊരു മുറിക്കല്‍ മാത്രമാണിതെന്നും ഒരു ഹാനിയും ഉണ്ടാക്കുന്നില്ലെന്നും അവര്‍ പറയുന്നു. ഇന്ത്യയിലെ ഷിയാ മുസ്ലിങ്ങള്‍ക്കിടയിലെ സമ്പന്നരായ ഈ ചെറിയൊരു വിഭാഗ ബോറകളുടെ ആചാരത്തെ ഒരു നിസാര സംഗതിയാക്കി അവതരിപ്പിച്ചാണ് മെലിഞ്ഞ 50-കാരിയായ ഈ ഡോക്ടര്‍ ലിംഗഛേദനത്തെ പ്രതിരോധിക്കുന്നത്. എങ്കിലും, പെണ്‍കുട്ടികളുടെ അവകാശലംഘനമെന്നു യുഎന്‍ വിശേഷിപ്പിക്കുന്ന ഈ ആചാരത്തിന് തന്റെ മകളെ വിധേയയാക്കിയതിലുള്ള ഖേദവും കുറ്റവും അവര്‍ സമ്മതിക്കുന്നു.

ദാവൂദി ബോറ മുസ്ലിങ്ങളും പെണ്‍കുട്ടികളുടെ ലിംഗഛേദനവും
പല ന്യൂനപക്ഷങ്ങളെയും സംബന്ധിച്ചിടത്തോളം സമുദായത്തിനകത്ത് സംഭവിക്കുന്നത് അവര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്നവയാണ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ദാവൂദി ബോറ മുസ്ലിങ്ങളെന്ന വളരെ ചെറിയ ഒരു വിഭാഗത്തില്‍പ്പെട്ട 17 ഇന്ത്യന്‍ സ്ത്രീകള്‍ തങ്ങളുടെ സമുദായം പരിരക്ഷിച്ചു പോന്നിരുന്ന ഒരു രഹസ്യം പുറത്തറിയിച്ചു. അധിക്ഷേപങ്ങളും കുത്തുവാക്കുകളും വിവാദവും ചര്‍ച്ചയുമെല്ലാമായി മാറിയ ഒരു ഹര്‍ജിയില്‍ അവര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് പെണ്‍കുട്ടികളുടെ ലിംഗഛേദനം നിയമം മൂലം വിലക്കണമെന്നായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഇവരുടെ ഹര്‍ജി പുറത്താകുന്നതു വരെ രാജ്യത്ത് ഇപ്പോഴും പെണ്‍കുട്ടികളുടെ ലിംഗഛേദനം നടക്കുന്നുണ്ടെന്ന് വലിയൊരു ശതമാനം ഇന്ത്യക്കാര്‍ക്കും അറിയില്ലായിരുന്നു. ഇന്ത്യയില്‍ ഈ ആചാരം കൊണ്ടു നടക്കുന്ന ഒരേ ഒരു വിഭാഗമാണ് ദാവൂദി ബോറകള്‍. ഖട്‌ന എന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന ഈ ആചാരത്തിന് 1400 വര്‍ഷം പഴക്കമുണ്ടെന്ന് ബോറ പുരോഹിതര്‍ പറയുന്നു. ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ യോനിയിലെ അഗ്രചര്‍മം അനസ്‌തേഷ്യ നല്‍കാതെ ക്രൂരവും വൃത്തിയില്ലാത്തതുമായ സാഹചര്യത്തില്‍ മുറിച്ചു മാറ്റുന്നതിനെയാണ് ഇവര്‍ ഖട്‌ന എന്നു വിളിക്കുന്നത്.സമ്പന്നരായ വ്യാപാരികളാണ് പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള ദാവൂദി ബോറ സമുദായം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് പുരോഗമനപരമായ സമീപനം പുലര്‍ത്തുന്നവരായിട്ടാണ് ബോറകള്‍ അറിയപ്പെടുന്നത്. എങ്കിലും പുരുഷന്‍മാര്‍ മാത്രം അടങ്ങുന്ന പുരോഹിത സംഘമാണ് ദക്ഷിണ മുംബയിലെ സമ്പന്ന മേഖലയായ മലബാര്‍ ഹില്ലില്‍ അസ്ഥാനമായ ഈ സമുദായത്തെ നിയന്ത്രിക്കുന്നത്. ഇവിടെ ബോളിവുഡ് താരങ്ങളുടേയും ശതകോടീശ്വരന്മാരായ ബിസിനസ് വമ്പന്‍മാരുടേയും വീടുകള്‍ക്കൊപ്പമാണ് സയ്ദ്‌നാ എന്നറിയപ്പെടുന്ന ഇവരുടെ മതനേതാവിന്റെ വിശാലമായ വീടായ സൈഫീ മഹലും നിലകൊള്ളുന്നത്.

യൗവനത്തിലെത്തിയാല്‍ ബോറാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സയ്ദ്‌നായോട് കൂറ് പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞയെടുക്കണം. ഇതോടെ ഇവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും സയ്ദ്‌നാക്ക് മേലധികാരം ലഭിക്കും. പെണ്‍കുട്ടികളുടെ ലിംഗഛേദനം നടത്താന്‍ മുംബൈ തൊട്ട് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ വരെ സയ്ദ്‌നായുടെ ആശീവാദം തേടിയെത്തുന്നു. ഈ സുദായത്തിന്റെ വേരുകളുള്ള യമനിലും തൊട്ടടുത്ത വടക്കന്‍, വടക്കു കിഴക്കന്‍ ആഫ്രിക്കയിലുമെല്ലാം ഈ ആചാരം നിലവിലുണ്ട്.

യുഎന്‍ കണക്കുകള്‍ പറയുന്നത് ഇന്ന് ജീവിച്ചിരിക്കുന്ന 20 കോടി സ്ത്രീകളും പെണ്‍കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ലിംഗഛേദനത്തിന് വിധേയരായിട്ടുണ്ട് എന്നാണ്. ജനസംഖ്യയില്‍ വര്‍ധനയുണ്ടായ 2014-ല്‍ ഏഴു കോടി പേര്‍ ഇതിനു വിധേയരാക്കപ്പെട്ടു. കാര്യമായ ജനസംഖ്യാ വളര്‍ച്ചയുണ്ടാകുന്നതിനാല്‍ അടുത്ത 15 വര്‍ഷത്തിനകം ഇരകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇനിയുമുണ്ടാകുമെന്ന് യുഎന്‍ പ്രവചിക്കുകയും ചെയ്യുന്നു.

ഈ ലിംഗഛേദനം വളരെ നിസാരമായ ഒരു സ്പര്‍ശനവും മുറിക്കലും മാത്രമാണെന്ന് അനുകൂലികള്‍ പറയുന്നുണ്ടെങ്കിലും പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടുപോയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയവരില്‍ ഒരാളായ മസൂമ റനല്‍വി പറയുന്നു. ഏഴാം വയസ്സില്‍ ലിംഗഛേദനത്തിനു ഇരയായ റനല്‍വിക്കു 30-ാം വയസ്സിലാണ് വായനയിലൂടെ ഈ സംഭവം എന്താണെന്ന് പിടികിട്ടുന്നത്. ഈ ആചാരം വിലക്കുന്ന ഒരു നിയമവും ഇന്ത്യയിലില്ലെന്നും ഇതു നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ദാവൂദി ബോറ നേതാക്കള്‍ക്ക് അയച്ച കത്തുകള്‍ നിരാകരിക്കപ്പെട്ടെന്നും അവര്‍ പറയുന്നു. ലോകത്ത് തങ്ങള്‍ എത്തിയിടത്തെല്ലാം സമുദായ ആചാരങ്ങളേയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ട്. യുഎസില്‍ സാമൂഹിക പ്രവര്‍ത്തകയായ 34-കാരി അലെഫിയ ഓര്‍ത്തെടുക്കുന്നത് ന്യൂയോര്‍ക്കില്‍ വച്ച് തന്റെ മുത്തശ്ശിയുടെ സഹോദരിയുടെ കൈകളാല്‍ ലിംഗഛേദനത്തിന് ഇരയാക്കപ്പെട്ട ദുരനുഭവമാണ്. വളരെ വേദനാജനകവും വികൃതവുമായ അനുഭവമെന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്.

ബോറ പുരോഹിതരുടെ ആഹ്വാനം
ലിംഗഛേദനം നിയമവിരുദ്ധമല്ലാത്ത ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെല്ലാം ഈ ആചാരം തുടരേണ്ടതുണ്ട് എന്ന് ദാവൂദി ബോറകളുടെ ആത്മീയ നേതാവായ സയ്ദ്‌നാ മുഫദ്ദല്‍ സെയ്ഫുദ്ദീന്‍ വ്യക്തമാക്കിയിട്ടുണ്ട്. 51-ാം സയ്ദ്‌നയായിരുന്ന താഹിര്‍ സൈഫുദ്ദീന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഈ ആചാരത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സയ്ദ്‌നാ മുഫദ്ദല്‍ നടത്തിയ പ്രസംഗത്തിന്റെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്ലിപ് മൊബൈല്‍ മെസേജിംഗ് ആപ്പില്‍ വൈറലായിരുന്നു. ഇതോടെ സമുദായത്തിനകത്തും ചര്‍ച്ചയായി.

ഈ ആചാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷമാദ്യം സമുദായംഗങ്ങളായ ഒരു സംഘം സ്ത്രീകള്‍ ബോറകളുടെ ആഗോള തലവനായ മുംബൈയിലെ സയ്ദ്‌നാ മുഹമ്മദ് ബുര്‍ഹാനുദ്ദീനെ സമീപിക്കുകയുണ്ടായി. എന്നാല്‍ ആ അപേക്ഷ തള്ളുകയാണുണ്ടായത്. ഏപ്രിലില്‍ സയ്ദ്‌ന നടത്തിയ ഒരു പ്രഭാഷണത്തില്‍ ലിംഗഛേദനം നടത്തിയിരിക്കണം എന്നു തീര്‍ത്തു പറയുകയും ചെയ്തു. ജൂണില്‍ ഒരു പത്രകുറിപ്പിലൂടെ ഈ വിഷയം അദ്ദേഹത്തിന്റെ ഓഫീസ് വീണ്ടും പുറത്തെടുത്തു. ഈ ആചാരത്തിനു മതപരമായ അംഗീകാരം ഉണ്ടെന്നും അതുകൊണ്ട് തുടരണമെന്നുമായിരുന്നു ആ കുറിപ്പില്‍ വ്യക്തമാക്കിയത്. ഇത്രയുമായതോടെ സ്പീക്ക് ഔട്ട് എന്ന സംഘത്തിലെ 17 സ്ത്രീകള്‍ ലിംഗഛേദനത്തിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. വളരെ രഹസ്യമായിരുന്ന വിഷയത്തെ ഇവര്‍ പരസ്യമാക്കുകയും മതനേതൃത്വത്തെ തള്ളി അവര്‍ രാജ്യത്തിനു മുമ്പാകെ തങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു.സമുദായത്തിനകത്തും പ്രതിഷേധങ്ങള്‍
ബില്‍ഖീസിന്റെ മകള്‍ 22 കാരിയായ സെമീന അമേരിക്കയിലെ ഐവി ലീഗ് യുണിവേഴ്‌സിറ്റികളിലൊന്നില്‍ ബിരുദ വിദ്യാര്‍ത്ഥിയാണിന്ന്. ഏഴാം വയസ്സില്‍ താനും ലിംഗഛേദനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന സത്യത്തോട് സെമീനയും പതിയെ പൊരുത്തപ്പെട്ടു വരികയാണ്. അത് വേദനപ്പിക്കാത്ത ഒരു അനുഭവമായിരുന്നെങ്കിലും അതിന്റെ ഓര്‍മ്മകള്‍ അത്ര സുഖകരമല്ലെന്ന് സെമീന പറയുന്നു. പിന്നീട് ഈ ആചാരത്തെ കുറിച്ച് പഠിച്ചറിഞ്ഞ സെമീന ഇതേചൊല്ലി അമ്മയോട് വഴക്കിടുകയും തനിക്കൊരു മകളുണ്ടായാല്‍ താനൊരിക്കലും ഇതു ചെയ്യില്ലെന്നും ശപഥം ചെയ്തിട്ടുമുണ്ട്.

ഈ ആചാരം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ബില്‍ഖീസും സെമീനയും ഒരേ തട്ടിലാണെങ്കിലും അതെങ്ങനെ ഇല്ലാതാക്കണമെന്നതു സംബന്ധിച്ചു ഇരുവര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയവര്‍ വിഷയത്തെ കൂടുതല്‍ വഷളാക്കിയേക്കാമെന്ന് ബില്‍ഖീസ് ആശങ്കപ്പെടുന്നു. എന്നാല്‍ പതുക്കെയുള്ള നിശബ്ദമായ ഒരു മാറ്റമല്ല സെമീന ആവശ്യപ്പെടുന്നത്. മതനേതൃത്വം ഇതിനെതിരെ രംഗത്തുവരണമെന്നാണ് സെമീനയുടെ പക്ഷം. ഇത്തരമൊരു ആചാരത്തെ കുറിച്ച് കൂടുതല്‍ സംസാരിച്ചതു കൊണ്ട് അത് അവസാനിക്കാന്‍ പോകുന്നില്ലെന്നും ഒരു തീരുമാനത്തിലെത്തുന്നിടത്ത് വിഷയത്തെ എത്തിക്കണമെന്നും സെമീന പറയുന്നു.

സ്ത്രീ ലിംഗഛേദനത്തിനെതിരേ ആഗോള പ്രതിഷേധം
ഈ ആചാരത്തിന് വിലക്കുള്ള ഓസ്‌ട്രേലിയയില്‍ 2015 നവംബറില്‍ ഒരു മതനേതാവുള്‍പ്പെടെ മൂന്ന് ബോറ മുസ്ലിങ്ങളെയാണ് കോടതി ലിംഗഛേദനം നടത്തിയ കുറ്റത്തിന് ശിക്ഷിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് യുകെയിലും കാനഡയിലുമുള്ള ജമാഅത്ത് എന്നറിയപ്പെടുന്ന സമുദായ നേതൃത്വം അതത് രാജ്യങ്ങളിലെ നിയമങ്ങളെ അത് മതനിയമങ്ങളെ മറികടക്കുന്നതാണെങ്കിലും അനുസരിക്കണമെന്ന് നിര്‍ദേശം വിശ്വാസികള്‍ക്കു നല്‍കി. 1995 മുതല്‍ യുഎസിലും ഈ ആചാരത്തിന് വിലക്കുണ്ട്.

ഈ പ്രാകൃത ആചാരം വിലക്കുന്ന ഒരു നിയമം ഇന്ത്യയിലില്ല. എങ്കിലും സ്ത്രീകള്‍ക്കെതിരായ ഏതുതരത്തിലുള്ള വിവേചനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഉടമ്പടിയും ലിംഗസമത്വവും സ്ത്രീകളുടെ ലിംഗഛേദനവും പരാമര്‍ശിക്കുന്ന സഹസ്രാബ്ദ വികസന ലക്ഷ്യം, സുസ്ഥിര വികസന ലക്ഷ്യം തുടങ്ങിയ അന്താരാഷ്ട്ര കരാറുകളിലും ഇന്ത്യ ഒപ്പു വച്ചിട്ടുണ്ട്. കൂടാതെ 2012-ല്‍ യുഎന്‍ പൊതുസഭ ഈ ആചാരത്തെ മനുഷ്യാവകാശ ലംഘനമായി എണ്ണുകയും ലോകത്തൊട്ടാകെ ഇതു നിര്‍ത്തലാക്കാനുള്ള കടുത്ത നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ഐകകണ്ഠേന ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories