TopTop
Begin typing your search above and press return to search.

സൗദിയെ കൂടെ നിര്‍ത്താന്‍ യുഎസിന്റെ പെടാപ്പാട്

സൗദിയെ കൂടെ നിര്‍ത്താന്‍ യുഎസിന്റെ പെടാപ്പാട്

ജോഷ് റോജിന്‍
(ബ്ലൂംബര്‍ഗ് വ്യൂ)

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ യുദ്ധത്തില്‍ കൂടുതല്‍ സഹകരണത്തിന്റെ വഴികള്‍ തേടിയുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്റ്റന്‍ കാര്‍ട്ടര്‍ ഉടന്‍ സൗദി അറേബ്യയിലെത്തും. എന്നാല്‍ പരസ്പരമുള്ള അവിശ്വാസം മൂലം കഴിഞ്ഞ വര്‍ഷം തകരാറിലായ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സുപ്രധാന ബന്ധം പുനഃസ്ഥാപിക്കാന്‍ അദ്ദേഹത്തിനാകുമെന്നതു സംബന്ധിച്ച് ചെറിയ ചില സൂചനകളേ ഉള്ളൂ. ഇതിനായി അദ്ദേഹത്തിന് സൗദിയോടും മേഖലയോടുമുള്ള യുഎസിന്റെ പ്രതിബദ്ധതയുടെ സ്വഭാവം സംബന്ധിച്ച് സൗദിക്ക് വീണ്ടും ഒരു ഉറപ്പു കൊടുക്കേണ്ടതായി വരും.

ഏപ്രില്‍ 20-നാണ് കാര്‍ട്ടര്‍ റിയാദില്‍ പ്രതിരോധ മന്ത്രിയും ഉപകിരീടാവകാശിയുമായ 30-കാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിനെ കാണാനിരിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാഷ്ട്രങ്ങളും യുഎസിനുമിടയിലെ രാഷ്ട്രനേതാക്കളുടെ ഉച്ചകോടിക്കായി പ്രസിഡന്റ് ബരാക് ഒബാമ റിയാദിലെത്തുന്നതിന് തൊട്ടുമുമ്പായാണ് കാര്‍ട്ടര്‍ അവിടെ എത്തുക.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം സിറിയയിലും ഇറാഖിലും ശക്തിപ്പെടുത്തുമെന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വാഷിംഗ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ (സിഎസ്‌ഐഎസ്) നടത്തിയ ഒരു പ്രസംഗത്തില്‍ കാര്‍ട്ടര്‍ പറഞ്ഞിരുന്നു. കഴിയുന്നത്ര വേഗം ഇവരെ പരാജയപ്പെടത്താനാണ് ശ്രമമെന്നും അതിനുള്ള അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് അഞ്ചാം തവണയാണ് കാര്‍ട്ടര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍ ഈ വ്യക്തിഗത കൂടിക്കാഴ്ചകളുടെ എണ്ണമൊന്നും ക്യാമ്പ് ഡേവിസ് ഉച്ചകോടിക്കു ശേഷമുള്ള യുഎസ്-സൗദി ഉന്നത തല ബന്ധം മെച്ചപ്പെടുത്താന്‍ സഹായകമായിട്ടില്ലെന്ന് യുഎസ് ഔദ്യോഗിക വൃത്തങ്ങളും വിദഗ്ധരും പറയുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍ അത്ര രഹസ്യമല്ലാതെ തന്നെ സൗദി നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്.

ഖത്തറിനുള്ള എഫ്-15, കുവൈത്തിനുള്ള എഫ്-18 യുദ്ധവിമാന വില്‍പ്പനയുള്‍പ്പെടെ ക്യാമ്പ് ഡേവിസില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യുഎസ് വാഗ്ദാനം നല്‍കിയ ആയുധ കരാറുകളില്‍ പലതും താല്‍ക്കാലികമായി തടഞ്ഞു വച്ചിരിക്കുകയാണ്. സിറിയ സംബന്ധിച്ച് സൗദിയുമായുള്ള അഭിപ്രായഭിന്നത കൂടുതല്‍ വെളിപ്പെട്ടിരിക്കുകയും വ്യക്തിഗത ബന്ധങ്ങള്‍ മുമ്പത്തെക്കാളെറെ മോശമായിരിക്കുകയുമാണിപ്പോള്‍.

ഫെബ്രുവരിയില്‍ ബ്രസല്‍സില്‍ നടന്ന തീവ്രവാദവിരുദ്ധ സമ്മേളനത്തില്‍ കാര്‍ട്ടറും പ്രിന്‍സ് മുഹമ്മദും കണ്ടുമുട്ടിയതിനു ശേഷം സിറിയയുടെ കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് മുഹമ്മദ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ കാര്‍ട്ടറെ അദ്ദേഹത്തിനു ഫോണില്‍ കിട്ടിയിരുന്നില്ലെന്നും രണ്ടു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് ആറ് ആഴ്ച കഴിഞ്ഞാണ് കാര്‍ട്ടര്‍ മുഹമ്മദിനെ ഫോണില്‍ ബന്ധപ്പെടുന്നത്. ഈ കാലതാമസം അനാവശ്യമായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ സൗദി സര്‍ക്കാര്‍ പ്രതിനിധി തയാറായില്ല. കാര്‍ട്ടറും മുഹമ്മദ് രാജകുമാരനും കൃത്യമായ ഇടവേളകളില്‍ പരസ്പരം കൂടിക്കാഴ്ച നടത്താറുണ്ടെന്നും യുഎസ്-സൗദി പ്രതിരോധ സഹകരണത്തിലെ അടുപ്പം ഇതില്‍ നിന്നും വ്യക്തമാണെന്നും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറയുന്നു.

കാര്‍ട്ടര്‍ പ്രതികരിക്കാത്തത് സൗദി സര്‍ക്കാര്‍ അധിക്ഷേപമായി കണ്ടിട്ടുണ്ടെങ്കില്‍ അത് വ്യക്തമായ അവഗണനകളുടെ നിരയില്‍ ഒന്നു മാത്രമാണ്. അയല്‍പക്കം പങ്കിടുന്നതിന് കാര്യക്ഷമമായ ഒരു വഴി സൗദി അറേബ്യയും ഇറാനും കണ്ടെത്തണമെന്ന് ഈയിടെ അറ്റ്‌ലാന്റിക്കിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നു. ഇറാന്‍ സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളിലും യുഎസ് സൗദിയുടെ പക്ഷം ചേരുകയാണെങ്കില്‍ അത് മധ്യപൂര്‍വേഷ്യയില്‍ അനിവാര്യ സൈനിക ഇടപെടലിലേക്കാണ് നയിക്കുക എന്നും ഒബാമ വിശദീകരിക്കുകയുണ്ടായി.

സൗദി നേതൃത്വത്തെ കുറിച്ചുള്ള ഒബാമയുടെ ആശാവഹമല്ലാത്ത അഭിപ്രായപ്രകടനങ്ങളുടെ തുടക്കം 2002-ലാണ്. മനുഷ്യാവകാശങ്ങളുടെയും സ്ത്രീകളോടുള്ള സമീപനത്തിന്റെയും കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാത്തതിന് ഒബാമ സൗദി നേതൃത്വത്തെ ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവുമൊടുവിലത്തെ ഒബാമയുടെ പ്രതികരണം പ്രത്യേക ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കാരണം മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് തടയിടാനുള്ള സൗദി ശ്രമങ്ങള്‍ക്കുള്ള യുഎസ് പിന്തുണ കുറഞ്ഞു വരുന്നതായാണ് അവര്‍ വിലയിരുത്തുന്നത്. ഇറാന്റെ നീക്കങ്ങളാണ് സൗദി തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നത്.

ഇറാന്റെ ശക്തി വര്‍ധിക്കേണ്ടതുണ്ടെന്നും സൗദിയുടെ ശേഷി കുറയേണ്ടതുണ്ടെന്നുമെന്ന തരത്തിലാണ് അയല്‍പ്പക്കം പങ്കിടുന്നതു സംബന്ധിച്ച ഒബാമയുടെ പരാമര്‍ശം സൗദിയില്‍ വ്യാഖ്യാനിക്കപ്പെട്ടതെന്ന് സിഎസ്‌ഐഎസിലെ മധ്യപൂര്‍വേഷ്യാ വിദഗ്ധനായ ജോന്‍ ആള്‍ട്ടര്‍മാന്‍ പറയുന്നു.

പുറംകാഴ്ചയില്‍ കാര്‍ട്ടറുടേയും ഒബാമയുടേയും റിയാദിലെ കൂടിക്കാഴ്ചകള്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം എങ്ങനെ ശക്തിപ്പെടുത്താം എന്നതു സംബന്ധിച്ചായിരിക്കും. എന്നാല്‍ സിറിയയിലെ സമീപനങ്ങളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഐഎസിനെതിരെ വ്യോമാക്രമണം ശക്തിപ്പെടുത്തുന്ന കാര്യമാണ് യുഎസ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അതേസമയം ബഷാറുല്‍ അസദ് ഭരണകൂടവും സിറിയന്‍ വിമതരും തമ്മിലുള്ള വിശാലമായ വെടിനിര്‍ത്തല്‍ കരാറിനോട് അത് പൊളിയുകയാണെങ്കില്‍ പോലും പ്രതിബദ്ധത കാട്ടേണ്ടതുമുണ്ട്.

സിറിയന്‍ വിമതര്‍ക്ക്, പ്രത്യേകിച്ച് അവിടുത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോയിലെ വിമതര്‍ക്ക് നല്‍കുന്ന ആയുധങ്ങളുടെ ശേഷിയും എണ്ണവും വര്‍ധിപ്പിക്കണമെന്ന് മാസങ്ങളായി സൗദി ഭരണകൂടം യുഎസിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തോളിലേറ്റി ആകാശത്തേക്ക് തൊടുത്തുവിടാവുന്ന വിമാനം തകര്‍ക്കുന്ന മിസൈലുകള്‍ വിമതര്‍ക്കു നല്‍കണമെന്നു പോലും സൗദി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം യുഎസ് ആവര്‍ത്തിച്ച് നിരസിക്കുകയാണുണ്ടായത്.ഒബാമ ഭരണകൂടത്തിന്റെ സിറിയന്‍ നയത്തില്‍ സൗദിക്ക് 2013 മുതല്‍ തന്നെ അവിശ്വാസമുള്ളതായി വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ സീനിയര്‍ ഫെലോ സൈമണ്‍ ഹെന്‍ഡേഴ്‌സണ്‍ പറയുന്നു. അസദിന്റെ രാസായുധ പ്രയോഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ ഒബാമ പരാജയപ്പെട്ടതു മുതലാണിത്. ഈ അവിശ്വാസം പിന്നീട് ഇറാനെതിരായ നീക്കങ്ങള്‍ക്ക് സൗദിക്ക് യുഎസ് നല്‍കിവരുന്ന സഹായങ്ങള്‍ കുറച്ചു കൊണ്ടുവരികയാണെന്ന മൊത്തത്തിലുള്ള ഒരു ആശങ്കയായി വളര്‍ന്നുവെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ നടന്ന ഒബാമയുടെ അന്തിമ ആണവ സുരക്ഷാ ഉച്ചകോടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അയക്കാന്‍ സൗദി അറേബ്യ വിസമ്മതിച്ചതും ഹെന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. 'മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസ്-സൗദി ബന്ധങ്ങളെ പിന്തുണയ്ക്കുന്നയാളാണ്. എന്നാല്‍ വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള സൗദിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ വാഷിംഗ്ടണ്‍ പരാജയപ്പെട്ടെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ബന്ധം അഴിച്ചുപണിയാന്‍ ഇരു രാജ്യങ്ങളും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിടവ് മുമ്പത്തെക്കാളേറെ വലുതാണെന്നാണ് എല്ലാ സൂചനകളും,' ഹെന്‍ഡേഴ്‌സണ്‍ പറയുന്നു.

യുഎസ്-സൗദി ബന്ധം സങ്കീര്‍ണമാണെങ്കിലും യമന്‍ ഉള്‍പ്പെടെ പല മേഖലകളിലും മികച്ച സഹകരണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരസ്പരം ബന്ധം മെച്ചപ്പെടുത്തുന്ന കാര്യം കാര്‍ട്ടര്‍ ഗൗരവത്തിലെടുക്കുകയാണെങ്കില്‍ ആയുധ കരാറുകളിലുപരി മറ്റു പലതുമാണ് അദ്ദേഹം റിയാദിലേക്ക് കൊണ്ടുവരേണ്ടത്.


Next Story

Related Stories