TopTop
Begin typing your search above and press return to search.

ഉമ്മന്‍ചാണ്ടിയുടെ കുട്ടനാടന്‍ അധിക പ്രസംഗം അഥവാ ചക്ക വീണു മുയല്‍ ചത്ത കഥ

ഉമ്മന്‍ചാണ്ടിയുടെ കുട്ടനാടന്‍ അധിക പ്രസംഗം അഥവാ ചക്ക വീണു മുയല്‍ ചത്ത കഥ

കെ എ ആന്റണി

പണ്ടാരോ ഒരു ചക്കയിട്ടപ്പോള്‍ ഏതോ ഒരു മുയല്‍ ചത്ത കഥയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുട്ടനാട്ടിലെ പ്രസംഗം കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ കടുത്ത മത്സരം കാഴ്ച വയ്ക്കുന്ന മണ്ഡലങ്ങളിലെല്ലാം ബിജെപിയും യുഡിഎഫും തമ്മിലാണ് പ്രധാനമത്സരമെന്നും എല്‍ഡിഎഫും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ്. ഉമ്മന്‍ചാണ്ടിയുടെ കുട്ടനാടന്‍ പ്രസംഗത്തിന്റെ കാതല്‍.

ഹതഭാഗ്യനായ മുയലിനേയും അതിനെ കൊന്ന പാവം ചക്കയേയും പെട്ടെന്ന് ഓര്‍മ്മ വരാന്‍ കാരണം ഇതേ കാര്യം തന്നെയാണ് ഉമ്മന്‍ചാണ്ടി അരുവിക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത് എന്നതുകൊണ്ടാണ്. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കാര്‍ത്തികേയ പുത്രന്‍ ശബരീനാഥിന് ജയിച്ചു കയറാന്‍ സഹതാപ തരംഗം തന്നെ ധാരാളമായിരുന്നു. എന്നിട്ടും ഉമ്മന്‍ചാണ്ടി എന്തിന് ബിജെപിയെ മുഖ്യശത്രുവാക്കി പൊലിപ്പിച്ചു കാണിച്ചുവെന്ന് ചിന്തിച്ച് വശംകെട്ടുപോയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ ഗുട്ടന്‍സ് അന്ന് എല്‍ഡിഎഫിനോ അതിന് നേതൃത്വം നല്‍കുന്ന സിപിഐഎം നേതാക്കള്‍ക്കോ മനസ്സിലായില്ലെന്നതും മറ്റൊരു വസ്തുത.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയില്ലെങ്കിലും അവരുടെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ അരുവിക്കരയിലെ വോട്ട് മൂന്നിലേറെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. വ്യക്തിഗത വോട്ടുകള്‍ക്ക് അപ്പുറം ഉമ്മന്‍ചാണ്ടി പ്രസംഗത്തിന്റെ ചെറിയൊരു ഇഫക്ട് കൂടിയുണ്ടായിരുന്നു ഈ അപ്രതീക്ഷിത വോട്ട് വര്‍ദ്ധനയില്‍. ഇതിനുള്ള നന്ദിയും പ്രത്യുപകാരവും ഭരണതുടര്‍ച്ച പ്രതീക്ഷിച്ച് കളത്തിലിറങ്ങിയിട്ടുള്ള ഉമ്മന്‍ചാണ്ടി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും ബിഡിജെഎസില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്.

ബിജെപി അമിത പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കി മറ്റു മണ്ഡലങ്ങളില്‍ ജയം ഇരന്നു വാങ്ങാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ബിഡിജെഎസിന്റെ കാര്യത്തില്‍ ഒതുക്കി നിര്‍ത്തിയിട്ടുള്ള കേസുകള്‍ ഒരു പാമ്പായി ഉപയോഗിച്ച് ആ പിന്തുണയും ഉറപ്പു വരുത്താമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നുണ്ട്. പരാജയം സംഭവിച്ചാല്‍ പേറേണ്ടി വരുന്ന കുരിശുകള്‍ അനവധിയാണ്. സോളാര്‍, ബാര്‍ കോഴ, തുടങ്ങി വ്യക്തിപരവും പാര്‍ട്ടിപരവുമായ കേസുകള്‍ അനവധി. എല്‍ഡിഎഫ് ജയിച്ച് വിഎസ് വന്നാലും പിണറായി വന്നാലും കുരിശു പേറുക തന്നെവേണം. ഇരുവര്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് നിലവില്‍ മുഖ്യശത്രു.നാളിതുവരെ ബിജെപിക്കും ബിഡിജെഎസിനും എതിരെ കമാന്നൊരു അക്ഷരം ഉരിയാടാതെ നടന്നയാളാണ് ഉമ്മന്‍ചാണ്ടി. മനസ്സില്‍ ഒന്ന് ചിന്തിച്ചാല്‍ അത് നടപ്പിലാകും വരെ പോരാടുന്ന കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏക പടനായകന്‍. ഒരേ സമയം യോദ്ധാവും ചക്രവര്‍ത്തിയുമാകാന്‍ പോന്നയാള്‍. ലീഡര്‍ കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള സാദൃശ്യവും ഇത് തന്നെയാണ്.

ഉമ്മന്‍ചാണ്ടി കുട്ടനാട്ടിലിട്ട ചക്ക ചുരുങ്ങിയ പക്ഷം കെ പി സി സി പ്രസിഡന്റ് സുധീരനെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട്. പ്രധാന മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് എന്ന് സുധീരനെ കൊണ്ട് പറയിച്ചതും ഇത് തന്നെയാണ്. കേന്ദ്രത്തില്‍ അഗസ്റ്റ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയടക്കമുള്ള തങ്ങളുടെ നേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തുന്ന മോദിയുടെ പാര്‍ട്ടിയുമായോ ആ പാര്‍ട്ടിക്ക് ശിങ്കാരി മേളം കൊട്ടുന്ന വെള്ളാപ്പള്ളി നടേശനുമായോ ഒരു ബാന്ധവം തല്‍ക്കാലം സുധീരനും ആലോചിക്കാന്‍ പറ്റില്ല. കോപ്റ്റര്‍ ഇടപാടില്‍ അഴിമതി ആദ്യം ഉന്നയിച്ച എകെ ആന്റണി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കേരളത്തില്‍ വന്ന് ബിജെപിയേയും അത് മുന്നോട്ടു വയ്ക്കുന്ന വര്‍ഗീയതയേയും ചെറുത്ത് തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മടങ്ങിയത്. എല്‍ഡിഎഫിനെ ഒരുപാട് ആക്രമിക്കാതെ ബിജെപിയെ കടന്നാക്രമിച്ച ആന്റണിയുടെ ശിഷ്യനെന്ന് നടിച്ച് നടന്നിരുന്ന ഉമ്മന്‍ചാണ്ടിയുടെ കുട്ടനാടന്‍ പ്രയോഗം ജൂലിയസ് സീസറിന്റെ നെഞ്ചിലേക്ക് അവസാനത്തെ വാളിറക്കിയ ബ്രൂട്ടസിന്റേത് പോലെയായി. കെ കരുണാകരനെ പുകച്ച് പുറത്താക്കി ഓടിച്ച ഉമ്മന്‍ചാണ്ടി എകെ ആന്റണിയെ ഡല്‍ഹിയില്‍ നിന്നും തിരിച്ചു കൊണ്ടുവന്നത് വാഴിക്കാനായിരുന്നില്ലെന്നത് വരും വര്‍ഷങ്ങള്‍ തെളിയിച്ചു.

റോമില്‍ നിന്നും പലായനം ചെയ്ത പോംപെയെ പിന്തുടര്‍ന്ന ജൂലിയസ് സീസര്‍ പിന്നീട് വധിക്കപ്പെട്ടത് സ്വന്തം സെനറ്റര്‍മാര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടായിരുന്ന ചിലരും അവരുടെ ബന്ധുക്കളും ചേര്‍ന്നാണ്. കെ കരുണാകരന് ഉണ്ടായിരുന്നതും ഉമ്മന്‍ചാണ്ടിക്ക് മാത്രം സ്വായത്തവുമായ ഒരു പുതിയ തന്ത്രം തന്നെയാണ് കരുണാകരനെ മാറ്റി ആന്റണിയെ വാഴിക്കുമ്പോഴും, പിന്നീട് ഡോക്ടര്‍ ജോണ്‍ മത്തായി സ്മാരക പ്രസംഗത്തില്‍ ആന്റണി പറഞ്ഞ മത ന്യൂനപക്ഷ വിരുദ്ധതയും മുത്തങ്ങ വെടിവയ്പ്പും കാരണങ്ങളാക്കി രാഷ്ട്രീയ വനവാസത്തിന് എന്ന രീതിയില്‍ ഡല്‍ഹിയിലേക്ക് മടക്കിയയച്ചത്.

ഹെലികോപ്റ്റര്‍ ഇടപാടില്‍ കേന്ദ്ര നേതാക്കള്‍ക്ക് എന്തു സംഭവിക്കുന്നുവെന്നതോ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ എന്തു സംഭവിക്കുന്നുവെന്നതോ അല്ല ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ആവേശിച്ചിട്ടുള്ള പ്രധാനപ്രശ്‌നം. കേരളത്തില്‍ തുടര്‍ഭരണം സാധ്യമായില്ലെങ്കില്‍ വരാനിരിക്കുന്ന വന്‍വിപത്തുകളെ അദ്ദേഹം മുന്നില്‍ കാണുന്നുണ്ട്. ഇതു തന്നെയാണ് പണ്ടൊരിക്കല്‍ ലീഡര്‍ ചെയ്തതു പോലുള്ള ചില നീക്കുപോക്കുകള്‍ക്ക് പകരം പ്രലോഭനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി തയ്യാറാകുന്നതിന് പിന്നിലെ ചക്കയും മുയലും കഥ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories