TopTop
Begin typing your search above and press return to search.

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ഒരു ആമിര്‍ ഖാന്‍ പടമാകേണ്ടതില്ല; വിസ്മയം തീര്‍ക്കുന്ന ഒരമ്മയും മകളും

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ഒരു ആമിര്‍  ഖാന്‍ പടമാകേണ്ടതില്ല; വിസ്മയം തീര്‍ക്കുന്ന ഒരമ്മയും മകളും

ആമിര്‍ ഖാന്‍ എന്ന താരത്തിന്റെ ബ്രാന്‍ഡ് വാല്യൂ വളരെ വലുതാണ്. വര്‍ഷത്തിലൊരു സിനിമയും ആ സിനിമകള്‍ക്കു കിട്ടുന്ന മാസ് റീച്ചും എക്കാലത്തും ബോളിവുഡ് സിനിമാ വ്യവസായത്തെ ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിയ പടങ്ങളില്‍ ഒന്നായ 'ദ0 ഗല്‍' തരംഗം ആയി മാറുന്നതിന് മുന്നേ 'സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ' ടീസര്‍ റിലീസായിരുന്നു. 'ദംഗല്‍ ഗേള്‍' എന്നറിയപ്പെട്ട സൈറ വസീമാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാറാവുന്നത് എന്നും ആമിര്‍ ഖാന് കാമിയോ അപ്പിയറന്‍സ് മാത്രമാണുള്ളത് എന്നും അറിഞ്ഞു. അദ്വൈത് ചന്ദന്‍ ആണ് ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്ന് നിര്‍മിച്ച സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സംവിധായകന്‍. അമിര്‍ ഖാന്റെ മുന്‍ മാനേജറാണ് ഇദ്ദേഹം.

ഇന്‍സിയ (സൈറ) വഡോദരയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമാണ്. ഒരു ഗായികയാവുക എന്ന സ്വപ്നവുമായി നടക്കുന്ന പത്താം ക്ലാസുകാരിയാണവള്‍. അവളുടെ അബ്ബ ഫാറൂഖ് മാലിക്ക് ( രാജ് അര്‍ജുന്‍ ) യാഥാസ്ഥിക മതാധിഷ്ഠിത പുരുഷ സങ്കല്‍പ്പങ്ങളില്‍ കുരുങ്ങി ജീവിക്കുന്ന ഒരാളാണ്. മകളുടെ ഓരോ ആവിഷ്‌കാരവും ഭയത്തോടെയും വെറുപ്പോടെയുമാണ് അയാള്‍ കാണുന്നത്. പക്ഷെ ഇന്‍സിയയുടെ സ്വപ്നങ്ങള്‍ക്ക് നിശബ്ദ പിന്തുണയുമായി അവളുടെ അമ്മി, നജ്മ (മെഹര്‍) ഉണ്ട്. നിരന്തര ഗാര്‍ഹിക പീഡനത്തിന്റെ ഇരയായ അവര്‍ മക്കള്‍ക്കൊപ്പം ഒരു സമാന്തര ലോകമുണ്ടാക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. അമ്മി ആരുമറിയാതെ വാങ്ങിക്കൊടുത്ത ലാപ്പ് ടോപ്പിന്റെയും ഇന്റര്‍നെറ്റ് കണക്ഷന്റേയും സഹായത്തോടെ യൂട്യൂബില്‍ ബൂര്‍ഖയിട്ട് സ്വന്തം ഐഡന്റിറ്റി മറിച്ച് അവള്‍ പാട്ടുകള്‍ പാടുന്നു. ഇത് വൈറലാവുന്നു. വിചിത്ര സ്വഭാവിയായ സംഗീത സംവിധായകന്‍ ശക്തി കുമാര്‍ (അമീര്‍ ഖാന്‍ ) അവളെ സിനിമയില്‍ പാടാന്‍ ക്ഷണിക്കുന്നു. ഇതേസമയം തന്നെ വിദേശത്തേക്ക് താമസം മാറുന്നതിനെ കുറിച്ചും ഇന്‍സിയയുടെ വിവാഹത്തേ കുറിച്ചും അവളുടെ അബ്ബ ആലോചിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവ വികാസങ്ങളാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍

ഒരര്‍ത്ഥത്തില്‍ സ്വപ്നങ്ങള്‍ക്കു പിറകെ പോകുന്ന വെല്ലുവിളികള്‍ക്കൊടുവില്‍ വിജയിക്കുന്ന മറ്റൊരു മായാജാല ക്കഥ മാത്രമാണ് 'സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍'. ഈ അടുത്തായി പോപ്പുലര്‍ ബോളിവുഡ് സിനിമകളില്‍ സംസാരിച്ച പെണ്‍ഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങളെ അതേ താളത്തില്‍ കൊണ്ടു പോകുന്നുമുണ്ട്. സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെ ഭംഗിയുള്ളതാക്കുന്നത് അമ്മിയും ഇന്‍സിയയും തമ്മിലുള്ള ബന്ധമാണ്. എല്ലാ വ്യവസ്ഥകള്‍ക്കകത്തു നില്‍ക്കുമ്പോഴും വളരെ ആഴമുള്ള ഒരു സൗഹൃദം ഇവര്‍ തമ്മിലുണ്ട്. ഒട്ടും കൃത്രിമത്വവും മഹത്വവത്കരണങ്ങളുമില്ലാതെ അവരുടെ മനസിലാക്കലുക്കളും തിരിച്ചറിവുകളും സിനിമ അവതരിപ്പിച്ചിട്ടുണ്ട്. തികച്ചും യാഥാസ്ഥിതിക ഇന്ത്യന്‍ പശ്ചാത്തലത്തിലെ റിയാലിറ്റികളില്‍ ഊന്നിയാണ് ഈ ബന്ധം ചിത്രീകരിച്ചിട്ടുള്ളത്. പുരുഷന്‍ നയിക്കുന്ന ഒരു കുടുംബഘടനക്കുള്ളില്‍ നിന്ന് ഇത്തരമൊരു സൗഹൃദം വളര്‍ത്തിയെടുക്കുന്ന കാഴ്ച വളരെ അപൂര്‍വ്വമാണ്. ബാക്കിയെല്ലാ ബോളിവുഡ് ഫെയറി ടെയില്‍ അവസ്ഥകളിലും ഈ ബന്ധം സിനിമ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നു. ചിലയിടങ്ങളില്‍ പ്രത്യക്ഷമായിത്തന്നെ സൗദി അറേബ്യന്‍ സിനിമ 'വാജ് ദ' യെ ഓര്‍മിപ്പിക്കുന്നു.

ആമീര്‍ ഖാന്റെ താര സാന്നിദ്ധ്യം ഒരു ബോളിവുഡ് സിനിമ എന്ന രീതിയില്‍ സീക്രട്ട് സൂപ്പര്‍ സ്റ്റാറിനു ഗുണം ചെയ്‌തെങ്കിലും തിരക്കഥയുടെ സുഗമമായ ഒഴുക്കിനെ അത് തടസപ്പെടുത്തി. ശക്തി കുമാര്‍ എന്ന സംഗീത സംവിധായകന്‍ ഇന്‍സിയയെ വെള്ളിവെളിച്ചത്തേക്ക് എത്തിക്കുന്ന പല ഘടകങ്ങളില്‍ ഒന്നു മാത്രമാണ്. ആമിര്‍ ഖാന്‍ ആയതു കൊണ്ടു തന്നെ ഒരാവശ്യവുമില്ലാത്ത ഫോക്കസ് ആ കഥാപാത്രത്തിന്റെ അനിവാര്യതയായി. ഇത് സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്കിനെ നെഗറ്റീവ് ആയി ബാധിച്ചു. പല ബോളിവുഡ് സംവിധായകരുടെയും സ്പൂഫ് ആയ, പേര് ന്യൂമറോളജി അനുസരിച്ചു മാറ്റുന്ന പ്രശസ്തി പ്രതിഭയെ നശിപ്പിച്ച പഴയ പാട്ടുകളുടെ നിഴലില്‍ റീമിക്‌സുകള്‍ കൊണ്ട് അതിജീവിക്കുന്ന ആ കഥാപാത്രം ഒരാവശ്യവുമില്ലാത്ത ഘട്ടത്തില്‍ വന്ന് തിരക്കഥക്കും മുകളില്‍ നിന്നു സിനിമയെ പുറകോട്ടടിച്ചു. ഒരു പാട് സാധ്യതകളുണ്ടായിരുന്നെങ്കിലും തക്ക സമയത്തു സിനിമകളില്‍ വരാറുള്ള രക്ഷക നന്മ മര റോളുകളില്‍ ആ കഥാപാത്രം മുഴച്ചു നിന്നു. വളരെ ഏകപക്ഷീയമായ അദ്ദേഹത്തിന്റെ സ്‌ക്രീന്‍ സ്‌പേസ് സിനിമയുടെ മുന്നോട്ടു പോക്കിനെ ഒരൊറ്റ ദിശയില്‍ ചുരുക്കി

സൈറ വസീമിന്റെയും സിനിമയില്‍ അഭിനയിച്ച എല്ലാ താരങ്ങളുടെയും വളരെ സ്വാഭാവികമായ പ്രകടനം കൈയ്യടി നേടുന്നുണ്ട്. അമ്മിയായ മെഹര്‍ ആണ് പലപ്പോഴും അപ്രതീക്ഷിതമായി കാണികളെ ഞെട്ടിക്കുന്നത്. ഒരു പാട് സൂക്ഷ്മമായ രംഗങ്ങളില്‍ വല്ലാത്തൊരു അനായാസത കൊണ്ട് ഇവര്‍ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. പേടിയോടെ മാറി നില്‍ക്കുന്ന ഭാര്യയും മകളെ തിരിച്ചറിയുന്ന അമ്മയുമെല്ലാമായി ഇവര്‍ സ്വാഭാവികതയോടെ മാറുന്നുണ്ട്. കൗതുകവും, ആശങ്കകളുമെല്ലാം ഒരു പോലെ ഉള്‍ക്കൊള്ളുന്നുണ്ട്. നിരവധി ടി.വി സോപ്പുകളിലൂടെയും അപൂര്‍വ്വം സിനിമകളിലൂടെയും പ്രേക്ഷകര്‍ക്കു സുപരിചിതയായ അവരെ ഒരു നടിയെന്ന നിലയില്‍ അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. സംഗീത പ്രാധാന്യമുള്ള സിനിമയിലെ പാട്ടുകളോ പശ്ചാത്തല സംഗീതമോ സ്പര്‍ശിക്കുന്നില്ല. ഒന്നാം പകുതിയിലെ ലാഗ് ചിലയിടത്ത് മുഷിപ്പിക്കുന്നുമുണ്ട്.

ഒരു ബോളിവുഡ് സിനിമയുടെ എല്ലാ സങ്കേതങ്ങളുമുപയോഗിച്ചുള്ള ഒരു ഫെയറി ടെയില്‍ തന്നെയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാറും. അത്ഭുതലോകത്തേക്ക് ആലീസ് നടത്തുന്ന യാത്രകളെ കുറിച്ച് ചിലപ്പോഴൊക്കെ യുക്തികളെ വലിച്ചെറിഞ്ഞ് അതിശയോക്തികളെ കൂടെക്കൂട്ടി പറയുന്നു. സ്വപ്നങ്ങള്‍ പ്രിയപ്പെട്ട ഇടങ്ങളില്‍ നിന്നു തന്നെ ഇല്ലാതായിപ്പോയവര്‍ക്ക്, പക്ഷെ ചിലയിടങ്ങളില്ലെങ്കിലും ഈ സിനിമ സ്പര്‍ശിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories