TopTop
Begin typing your search above and press return to search.

അതിര്‍ത്തികളില്ലാത്ത ഫില്‍മിസ്ഥാന്‍

അതിര്‍ത്തികളില്ലാത്ത ഫില്‍മിസ്ഥാന്‍

അമല്‍ ലാല്‍

അതിര്‍ത്തികളില്‍ കള്ളി വരച്ചു കളിക്കുന്നോരോട് ഇളിച്ചു കാട്ടി വരകള്‍ മായിച്ച് കളഞ്ഞ ഒരു സിനിമ; അതാണ് ഫില്‍മിസ്ഥാന്‍! നിതിന്‍ കക്കര്‍ എന്ന പുതുമുഖ സംവിധായകന്‍റെതാണ് ഈ ആദ്യ പരീക്ഷണം.

ഹിന്ദുസ്ഥാനും പാകിസ്ഥാനും രണ്ടാവുകയും മനസ്സുകളെ രണ്ടാക്കുകയും ചെയ്തപ്പോള്‍ സിനിമയിലൂടെ വേലികളില്ലാ ഫില്‍മിസ്ഥാന്‍ പണിയുകയാണ് സംവിധായകനും സംഘവും. ആകാശത്തിനും കടലിനും വേലികള്‍ ഒന്നും കണ്ടില്ലെന്നിരിക്കെ എന്തിനാണ് അങ്ങ് അതിര്‍ത്തികളില്‍ നമ്മള്‍ വേലി കെട്ടുന്നതും സംരക്ഷണത്തിനു തോക്കെടുക്കുന്നതും എന്നത് ഒരു പഴയ ചോദ്യമാണ്. ഏകലോക സങ്കല്‍പ്പത്തിന്റെ ചോദ്യം- ടാഗോറിനെ പോലെയുള്ളവര്‍ നിരന്തരം ചോദിച്ച ചോദ്യം. വസുധൈവ കുടുംബകവും ലോകാ സമസ്താ സുഖിനോ ഭവന്തുവും ഉരുവിട്ടത് ഈ ഭൂമികയില്‍ തന്നെയാവുമ്പോള്‍ അതിര്‍ത്തികള്‍ക്ക് അപ്പുറത്തുള്ള ഈ മനുഷ്യത്വത്തിന്റെ ചോദ്യം പ്രസക്തമാവുന്നു. അധികാരങ്ങള്‍ കള്ളികളില്‍ ആണേന്നിരിക്കെ ജനങ്ങളുടെ മനസ്സ് രണ്ടാക്കുന്ന അധികാര കേന്ദ്രങ്ങളുടെ കള്ളക്കളിയെ ചോദ്യം ചെയ്യുന്നു ഈ സിനിമ.

1997-ല്‍ 'ബോര്‍ഡറി'ലും 99-ല്‍ 'സര്‍ഫറോഷി'ലും ഇങ്ങ് കേരളത്തില്‍ 2000-ത്തിനു ശേഷം മേജര്‍ രവി വരെയും അതിദേശീയതയ്ക്ക് ഓശാന പാടിയ ഇന്ത്യന്‍ സിനിമകളോട് കൂടിയാണ് ഫില്‍മിസ്ഥാന്റെ കലഹം.


തീവ്രദേശീയബോധത്തിന്റെയും വികാരതള്ളലിന്റെയും രോമാഞ്ചത്തിന്റെയും ഭാഗമായി ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ഒരു സിനിമയെടുക്കുമ്പോള്‍ ഒരു ശത്രുവിനെ പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, അവരെ ഇല്ലാതാക്കുക്കയും നിലംപരിശാക്കുകയും വേണം നമ്മുടെ അസംഖ്യം വരുന്ന രാജ്യസ്‌നേഹികളായ കാണികള്‍ക്ക്. ഇടയ്ക്കും തലയ്ക്കും ദേശീയത ഉണര്‍ത്തുന്ന ഗാനങ്ങളും നായകന്റെ പോരാട്ടവും അന്യദേശക്കാരന്റെ ചതിയും അതിനെ മറികടക്കലും തുടങ്ങി അവസാനം സ്വന്തം രാജ്യത്തിന്റെ കൊടിയിലും ദേശീയഗാനത്തിലും അവസാനിക്കേണ്ടതുണ്ട് ഒരു സാധാരണ 'ബോര്‍ഡര്‍' സിനിമ. എന്നാല്‍ നിതിന്‍ കക്കര്‍ ആര്‍ജവവത്തോടെ ദേശീയതയ്ക്കും രാജ്യസ്‌നേഹത്തിനും പുതിയ മാനങ്ങള്‍ വരച്ചു കാട്ടുകയും തിരുത്താവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ചിരിച്ചു തള്ളേണ്ടുന്ന ഒന്നാവുന്നില്ല ഫില്‍മിസ്ഥാന്‍.

സിനിമയിലഭിനയിക്കാന്‍ മോഹം മൂത്ത് നടക്കുന്ന സണ്ണി അറോറയാണ് കേന്ദ്ര കഥാപാത്രം. ഋത്വിക് റോഷനും ആമിര്‍ ഖാനും നടന്ന വഴിയെന്നു കണ്ടു അസിസ്റ്റന്‍റ് ഡയറക്ടര്‍ ജോലിയിലേക്ക് കുടിയേറുന്നു. രാജസ്ഥാനിലെ പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് പോകുന്ന അമേരിക്കന്‍ സിനിമാസംഘത്തിന്റെ സഹായിയാവുന്ന സണ്ണി അറോറ പിന്നീട് പാകിസ്ഥാന്‍ തീവ്രവാദസംഘത്തിന്റെ് പിടിയിലാവുന്നു.


പാകിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ തടവ്. ആ വീട്ടുടമയുടെ മകന്റെ ബോളിവുഡ് കമ്പം, വ്യാജ സിഡികളില്‍ അഭയം പ്രാപിച്ചു ഹിന്ദിസിനിമകളോട് ഇഷ്ടം കൂടുന്ന പാകിസ്ഥാന്‍ ഗ്രാമം തുടങ്ങി ഇന്ത്യ-പാക് ബന്ധങ്ങളുടെ കഥകള്‍ പറഞ്ഞ മുന്‍കാല സിനിമകളില്‍ നിന്ന്‍ വേറിട്ടാണ് ഫില്‍മിസ്ഥാന്റ്റെ സഞ്ചാരം.


സിനിമാസ്‌നേഹിയായ സണ്ണിയും പാകിസ്ഥാനിലെ വീട്ടുടമയുടെ മകനും സിനിമയെന്ന ഒറ്റവികാരത്തില്‍ മനസ്സ് കോര്‍ക്കുന്നു. സിനിമയെന്ന വികാരത്തില്‍ വേലികള്‍ പൊട്ടിച്ചെറിയാം എന്ന് നിതിന്‍ കക്കര്‍ പറയുമ്പോള്‍ ഫിലിമിസ്ഥാന്‍ വേലികളില്ലാത്ത ഒരു ഭൂമിയാവുന്നു. കൊതിപ്പിയ്ക്കുന്ന ഒരു ഭൂപടം മനുഷ്യസ്‌നേഹം കൊണ്ട് വരച്ചു തീര്‍ക്കുന്നു സംവിധായകന്‍.

അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള ജനങ്ങളോട് ശത്രുത പ്രഖ്യാപിക്കാതെ നാം ഒന്നല്ലേ, നമ്മള്‍ ഒന്നല്ലേ എന്ന് പാടി സാമ്യങ്ങള്‍ തിരയുന്നു ഈ സിനിമ. ഒരേ തരത്തില്‍ രൂപവും ജീവിതരീതികളും രുചികളും പങ്കുവയ്ക്കുമ്പോള്‍ ഒരു പക്ഷെ ഉത്തരേന്ത്യക്കാരന് പാകിസ്ഥാനിലെ ജനങ്ങള്‍ അപരിചിതനാവുന്നില്ല. താന്‍ പാകിസ്ഥാനില്‍ ആണെന്നറിയുന്ന കഥാനായകന്റെ ആദ്യ പ്രതികരണം തിന്നു കൊണ്ടിരിക്കുന്ന ചപ്പാത്തി ഒന്നുകൂടി രുചിച്ചു നോക്കി വ്യത്യാസം ഒന്നും ഇല്ലല്ലോ എന്നുള്ളതാണ്!

രുചിയിലും കാലാവസ്ഥയിലും പാട്ടുകളുടെ ഈണങ്ങളില്‍ വരെ സമാനതകള്‍ തിരയുമ്പോള്‍ ബൌദ്ധികമായ അതിര്‍ത്തികളെ നിഷ്പ്രഭമാക്കുന്നു വെള്ളിത്തിരയിലെ പുതിയ വെളിച്ചം. രണ്ടു വശങ്ങളില്‍ ഇനിയും അംഗീകരിക്കാനാകാത്ത ഒരു വിഭജനത്തിന്റെ മുറിവ് ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കുന്നതിനെക്കുറിച്ച് കൂടിയാണ് 'ഫില്‍മിസ്ഥാന്‍' കഥ പറയുന്നത്. വിഭജനത്തിന്റെ മുറിപ്പാട് തന്റെ് പച്ചമരുന്നുകള്‍ക്ക് പോലും ഇല്ലാതാക്കാന്‍ കഴിയാത്ത നാട്ടുവൈദ്യന്റെ കഥാപാത്രം ഒരു സീനില്‍ ഒതുങ്ങുന്നതാണെങ്കിലും സിനിമയുടെ ഹൃദയഭാഗമാണ്. പൂര്‍വ വിഭജന കാലത്തെ പറ്റിയുള്ള സുഖമുള്ള ഓര്‍മകളില്‍ ആണയാള്‍. കൊല്ലങ്ങള്‍ക്കു മുന്‍പേ ഇട്ടെറിഞ്ഞു പോന്ന ഉറ്റവരെക്കുറിച്ചുള്ള ആകുലതകള്‍ കൂടിയാണ് ഫില്‍മിസ്ഥാന്‍.

ഇമ്രാന്‍ ഖാനും കപില്‍ ദേവും സച്ചിനും ഇന്‍സമാമും ഒന്നിക്കുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പറ്റി നാമൊക്കെ എപ്പോഴോ കണ്ട സ്വപ്നം സിനിമയും പങ്ക് വയ്ക്കുമ്പോള്‍ സാധാരണക്കാരനില്‍ സാധരണക്കാരനെ സിനിമ ഉന്നം വയ്ക്കുന്നത് നമുക്ക് കാണാം.

ബോളിവുഡ് മുഖ്യധാര ആവശ്യപ്പെടുന്ന ആകാരസൗന്ദര്യമുള്ള അഭിനേതാവല്ല ശരിബ് ഹാഷ്മി. ആകാരസൗന്ദര്യത്തേക്കാള്‍ തന്റെ കഥാപാത്രം സാധാരണക്കാരനാവണം എന്നും ദേശീയതയുടെ ചരിത്രഭാരമില്ലാത്ത ഒരാളാവാണം എന്നും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ജീവിതത്തെ ചിരിച്ചും അനുകരിച്ചും നേരിടാന്‍ കഴിയേണ്ട ഒരാളുമാവണം തന്റെ നായകന്‍ എന്ന സംവിധായകന്റെ നിലപാട് കൂടിയാണ് ശാരിബ് ഹാഷ്മിയുടെ നായകകഥാപാത്രം. സ്വന്തം കഥാപത്രത്തോട് പൂര്‍ണരീതിയില്‍ സത്യസന്ധത പുലര്‍ത്തുമ്പോള്‍ അതിര്‍ത്തികള്‍ താണ്ടി ശരിബ് ഹാഷ്മി മനസ്സില്‍ കുടിയേറുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള രക്ഷപെടല്‍ സീനുകളിലെ ചില അസ്വാഭാവികതകള്‍ ചെറിയ രീതിയില്‍ കല്ല് കടിയാവുന്നു എങ്കിലും ലളിതമായ കഥ പറച്ചിലില്‍ ക്ഷമിച്ചു കൊടുക്കാന്‍ കഴിയുന്നത് മാത്രമേ ഉള്ളൂ അതെല്ലാം. ലളിതമായിരിക്കാന്‍ തന്നെയാണ് പ്രയാസം. അത്തരത്തില്‍ മനുഷ്യ മനസ്സിലൂടെ ലളിതമായി കഥ പറയുകയും. സൗഹൃദത്തെയും ഓര്‍മകളെയും സിനിമയെയും കോര്‍ത്തിണക്കി വേലികളെ മറികടക്കുക്കയും ചെയ്തിടത്ത് വിജയിച്ചിരിക്കുന്നു നിതിന്‍ കക്കര്‍. തീര്‍ത്തും പരീക്ഷണം നിറഞ്ഞതും അപടകസാധ്യയുള്ളതുമായ വഴിയിലൂടെയുമാണ് വെട്ടിയൊതുക്കി വെട്ടിയോതുക്കി ഫില്‍മിസ്ഥാന്‍ മുന്നോട്ട് പോവുന്നത്. അതിദേശീയതയെ തള്ളിപ്പറയുകയും പാകിസ്ഥാനിലെ ജനങ്ങളെ സ്‌നേഹത്തോടെ നോക്കുകയും ചെയ്യുമ്പോള്‍ ഒരു ദേശവിരുദ്ധന്‍ പ്രതിശ്ചായയെ പേടിക്കേണ്ടതുണ്ട് സംവിധായകന്. പക്ഷെ അസംഖ്യം വരുന്ന ഫിലിംഫെസ്റ്റിവല്‍ കാലത്തെ കയ്യടികള്‍ നിതിന്‍ കക്കറെ വിജയിച്ച പോരാളിയാക്കുന്നു.

2012-ലെ തിരുവനന്തപുരത്തു നടന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മികച്ച പുതുമുഖ സംവിധായകാനുള്ള അവാര്‍ഡും ജനപ്രിയ ചിത്രത്തിനുള്ള രണ്ടാം സ്ഥാനവും കിട്ടിയിരുന്നു ഫില്‍മിസ്ഥാന്.


ചലചിത്രോത്സവത്തില്‍ നിന്നും രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സിനിമ തീയ്യറ്ററില്‍ എത്തിക്കുമ്പോള്‍ മലയാളി വീണ്ടും ഇരട്ടത്താപ്പുകൊണ്ട് പല്ലിളിക്കുന്നു. ഫിലിം ഫെസ്റ്റിവലിനുണ്ടായിരുന്ന ആരവങ്ങളോ ആളുകളോ അതിന്റെ പകുതിയെങ്കിലുമോ തീയേറ്ററില്‍ കയറി ഇരുന്നെങ്കില്‍ കേരളത്തില്‍ നിന്ന് തന്നെ നല്ലൊരു സംഖ്യ ഈ മനോഹരശ്രമത്തിനു നേടിയെടുക്കാമായിരുന്നു! ക്രിട്ടിക്കലി കൊട്ടിയാഘോഷിക്കപ്പെട്ടു തീയ്യറ്ററില്‍ വരുന്ന സിനിമകളോട് മലയാളി പ്രക്ഷകന്റെ പ്രതികരണം എന്നും ഇങ്ങനെ തന്നെയാവാറുണ്ട്.

2012 ഇല്‍ നിന്ന് 2014 എത്തുമ്പോള്‍ പലഭാഗങ്ങളിലും കത്രിക വച്ച മുറിപ്പാടുകള്‍ സിനിമയില്‍ കണ്ടു. എത്ര ചിന്തിച്ചിട്ടും എന്തിനാണ് വെട്ടിമാറ്റിയത് എന്ന അറിയാത്ത നല്ല സീനുകളെ ആലോചിച്ചു നിതിന്‍ കക്കറിനോടും സംഘത്തോടും ചെറിയ പരിഭവം ബാക്കിയാക്കുന്നു.

എന്തായാലും പുതിയ സാമൂഹിക സാഹചര്യത്തില്‍ Patriotism is the last refuge of a scoundrel എന്ന പ്രശസ്ത വരികള്‍ മനസ്സില്‍ വച്ച് ഈ സിനിമ വീണ്ടും കാണുമ്പോള്‍ മനസിലെ അതിര്‍ത്തികള്‍ മാഞ്ഞു പോകുന്നു.

പാകിസ്ഥാനിലും ജനങ്ങളുണ്ട്, നമ്മളെ പോലെയുള്ള ജനങ്ങള്‍; ഉള്ളില്‍ സ്‌നേഹവും , ലാളനയും കരുതലും സിനിമയും പുസ്തകവും സംഗീതവും സൂക്ഷിക്കുന്നവര്‍; അങ്ങനെ ചിന്തകള്‍ അതിര്‍ത്തികളെ മായ്ച്ചു കളയുമ്പോള്‍ സിനിമയിലെ തന്നെ ചില സംഭാഷണങ്ങള്‍ ഉദ്ധരിച്ചു നിര്‍ത്തുന്നു.


പാകിസ്ഥാന്‍ ഗ്രാമത്തിലെ ഒരു കുട്ടി ഇങ്ങനെ പറയുന്നു ''താങ്കള്‍ ഇന്ത്യക്കാരനാണെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യക്കാരൊന്നും ഇത്ര നല്ലവരാകില്ല.'' അതിനു സണ്ണിയുടെ മറുപടിയും പ്രസക്തം: ''അവിടെ നിന്നാലോചിച്ചപ്പോള്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത് പാകിസ്ഥാനില്‍ ഉള്ളവരും മോശക്കരായിരുന്നു'.

സണ്ണി ഇന്ത്യയില്‍ വന്ന്‍ എല്ലാവരോടും പറയട്ടെ, പാകിസ്ഥാനിലും നല്ലവരുണ്ടെന്ന്. ആ പാകിസ്ഥാനി കുട്ടി വളര്‍ന്ന് വലുതാവുമ്പോള്‍ അവനും പറയട്ടെ ഇന്ത്യക്കാര്‍ ഒന്നും അത്ര മോശക്കാര്‍ അല്ലെന്ന്!

(അമല്‍ ലാല്‍ - പാലക്കാട് ജില്ലയില്‍ ചാലിശേരിയാണ് വീട്. തൃശൂര്‍ കേരളവര്‍മ്മയില്‍ ബി.എ ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി. Godot Films എന്ന സ്വതന്ത്ര ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ Creative head ആയി പ്രവര്‍ത്തിക്കുന്നു. ''അക്വേറിയം മീനുകള്‍ക്ക് പറയാനുള്ളത്'' എന്ന ഷോര്‍ട്ട് ഡോക്യു-ഫിക്ഷന്‍റെ സംവിധായകരില്‍ ഒരാള്‍ കൂടി ആയിരുന്നു.)

ബാംഗ്ലൂര്‍ ഡെയ്സിനോട് സ്നേഹം,

ആഴങ്ങളിലെ തങ്കമീനുകള്‍; നിലപാടുറപ്പുകളുടെ സിനിമ


Next Story

Related Stories